#ദിനസരികള്‍ 263
നേരെ ചോദിക്കട്ടെ , നിങ്ങള്‍ വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാര്‍ എന്ന കവിത വായിച്ചിട്ടുണ്ടോ ? ഇല്ല എന്നാണെങ്കില്‍ മലയാള കവിത നാളിതുവരെ അനുഭവിപ്പിച്ചതില്‍ ഏറ്റവും ഉദാത്തമായ , മഹനീയമായ ഒരാവിഷ്കാരത്തെ നിങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ട് എന്നുറപ്പിക്കാം. എന്തുകൊണ്ടാണെന്നോ ? ഏതു തലം വരെയാണോ ഒരു കവിതക്ക് കയറി നില്ക്കാനാകുക ആ തലത്തിലാണ് ഓണപ്പാട്ടുകാരുടെ നില്പ്. ഏതു ഭാവത്തെയാണോ ഒരു ഭാഷകൊണ്ട് അടയാളപ്പെടുത്താനാകുക ആ ഭാവത്തിന്റെ പരകോടിയെയാണ് ഓണപ്പാട്ടുകാര്‍ പാടിത്തരുന്നത്. ഗതകാലചരിത്രത്തിന്റെ ഈടുവെയ്പുകളിലൂടെ വര്‍ത്തമാനത്തിന്റെ അടരുകളിലേക്ക് ഒരു തൂവല്‍ കൂടി പൊഴിച്ചിട്ടുകൊണ്ട് , വരുംകാലത്തിന്റെ സുപ്രഭാതങ്ങളെ സ്വാഗതം ചെയ്യുവാന്‍ തുനിഞ്ഞിറങ്ങിയ ഈ പാട്ടുകാരുടെ മുന്നില്‍ കസേര വലിച്ചിട്ടിരിക്കാന്‍ കെല്പുള്ള ഒരു കവിത ഇനിയും മലയാളത്തില്‍ പിറക്കേണ്ടിയിരിക്കുന്നു എന്നു പറയുന്നത് ഒട്ടും അതിശയോക്തിയാവില്ല. ഏതേതു ഭാഷയില്‍ , ഏതേതു സംസ്കാരങ്ങളില്‍ , ഏതേതു ദേശങ്ങളില്‍ അധിവസിച്ചാലും മാനവസത്ത , വെച്ചുകെട്ടലുകളുടെ ടിപ്പണികളൊഴിവാക്കിയെടു ത്താല്...