#ദിനസരികള്‍ 1056 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - 3 - ഭാരതീയ സാഹിത്യ ദര്‍ശനം -3
സാഹിത്യവും സാഹിത്യമീമാംസയും എന്ന അധ്യായം കവി കവിത സഹിത്യം എന്നിവ എന്താണെന്ന് നിര്‍വചിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.ഇന്ന് നാം മനസ്സിലാക്കിപ്പോരുന്ന അര്‍ത്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാത്തരത്തിലുള്ള സാഹിത്യത്തിന്റേയും രചയിതാക്കളെ പൊതുവേ പറയുന്ന പേരായിട്ടാണ് ‘ കവി ’ പ്രാചീന ഭാരതത്തില്‍ നിലനിന്നുപോന്നത്.അതായത് “ കവിത മാത്രമല്ല, നാടകവും കഥയും കാവ്യംതന്നെ.കുമാരസംഭവം മേഘസന്ദേശം, മുതലായവ കാവ്യങ്ങള്‍ മാത്രമല്ല, സ്വപ്നാ വാസവദത്തം , ശാകുന്തളം തുടങ്ങിയ നാടകങ്ങളും പഞ്ചതന്ത്രം കാദംബരി തുടങ്ങിയ ഗദ്യനിബന്ധങ്ങളും കാവ്യമെന്നാണ് വ്യവഹരിക്കപ്പെട്ടത് ” എന്ന ചൂണ്ടിക്കാണിക്കല്‍ കവിയേയും കവികൃത്യത്തേയും എത്ര വിശാലമായിട്ടാണ് അന്നുള്ളവര്‍ കണ്ടിരുന്നതെന്നതിന്റെ നിദര്‍ശനമാണ്. പില്ക്കാലത്ത് “ ഭാവപ്രധാനവും വര്‍ണനാത്മകവുമായ സവിശേഷത പുലര്‍ത്തുന്ന കൃതികളാണ് കാവ്യമെന്ന് ” നാം കരുതുവാന്‍ തുടങ്ങി. അത്തരത്തിലുള്ള കവിക്കാകട്ടെ സര്‍വ്വോത്തമസ്ഥാനം നല്കി ആദരിക്കാന്‍ നാം ഒരു കാലത്തും വിമുഖത കാണിച്ചിട്ടില്ല. സര്‍വ്വാദരണീയനായ സ്രഷ്ടാവാണ് കവിയെന്ന് നാം അഭിമാനിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് നാനൃഷി കവി...