#ദിനസരികള്‍ 1258 അടിതന്നെ ശരി
തങ്ങളെക്കുറിച്ച് അപവാദം പറഞ്ഞുവെന്നതിന്റെ പേരില്‍ ഒരു സംഘം സ്ത്രീകള്‍ ഒരാളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടു.പിന്നാലെ ആ പ്രവര്‍ത്തിയെ അപലപിച്ചും ന്യായീകരിച്ചുമൊക്കെ ധാരാളം അഭിപ്രായങ്ങള്‍ പലരും പ്രകടിപ്പിക്കുന്നതും കണ്ടു. ചിലര്‍ അടിച്ചത് മോശമായി എന്നു പറയുമ്പോള്‍ മറ്റു ചിലര്‍ അടി കുറഞ്ഞുപോയത് മോശമായി എന്നാണ് പറയുന്നത്. നിയമവാഴ്ച നിലനില്ക്കുന്ന ഒരു സമൂഹത്തില്‍ അടിയെ പ്രോത്സാഹിപ്പിക്കുന്നത് അരാജകത്വത്തിന് വളം വെയ്ക്കുന്നതിനു തുല്യമാണെന്നാണ് അടിച്ചത് മോശമായി എന്നു പറയുന്നവരുടെ വാദം.ഇങ്ങനെ എല്ലാവരും നിയമം കൈയ്യിലെടുത്തു കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന തരത്തില്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ അവസ്ഥയെന്താകുമെന്നും അവര്‍ ഖേദിക്കുന്നു. ഇടപെടേണ്ടതും നടപടിയെടുക്കേണ്ടതും നിയമമാണ്, അല്ലാതെ വ്യക്തികളല്ല. അതുകൊണ്ടുതന്നെ പോലീസിനേയും നിയമത്തേയും വിശ്വാസത്തിലെടുത്തുകൊണ്ട് അത്തരം അപവാദപ്രചാരണം നടത്തിയ ആള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുമ...