Saturday, May 20, 2017

#ദിനസരികള്‍ 38


ലൈംഗികകുറ്റകൃത്യങ്ങള്‍ക്ക് ലിംഗച്ഛേദം അനുകരണീയമായ ഒരു മാതൃകയാണ് , എന്നു മാത്രവുമല്ല ,തന്റെ നേരെ ഉണ്ടായ അനീതിക്ക് പരിഹാരമായ ശിക്ഷ എന്തെന്ന് ഇരതന്നെ വിധിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നത് ഇത്തരം കുറ്റങ്ങള്‍ക്ക് നിര്‍ബന്ധവുമാക്കണം. ജനാധിപത്യ സമൂഹങ്ങളിലെ നിയമവാഴ്ചയും നടപടിക്രമങ്ങളും മറന്നുകൊണ്ടല്ല ഇതുപറയുന്നത്. അതൊക്കെ അംഗീകരിക്കുമ്പോള്‍ത്തന്നെ ചൂഷണം ചെയ്യപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന നീതിയുടെ അളവിലുണ്ടായിരിക്കുന്ന കുറവ് , അമാനവികമെങ്കിലും , ഇത്തരം ശിക്ഷണ നടപടികളെ ന്യായീകരിക്കുവാന്‍ നമുക്ക് സാധ്യത നല്കുന്നു.അതുകൊണ്ട് ഇരയായ ആ പെണ്‍കുട്ടിയോട് ഐക്യപ്പെടുകയും , ഇത്തരം ദുരനുഭവങ്ങളുണ്ടാകുന്ന ഏതൊരാളോടും ഇതേ രീതി അവലംബിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു
            മഹത്തായ പാരമ്പര്യങ്ങളെ അടയാളപ്പെടുത്തുന്ന ചില വേഷങ്ങള്‍ കാണുമ്പോള്‍ നമുക്ക് അവയോട് ബഹുമാനം തോന്നാറുണ്ട്.കാഷായം അത്തരത്തിലുള്ള ഒന്നാണ്.ഇഹലോകത്തിന്റെ സർവ്വസുഖങ്ങളും ത്യജിച്ച നിഷ്കാമകർമ്മികളായിട്ടുള്ള സന്യാസിവര്യന്മാർ അണിഞ്ഞിരുന്ന ആ വേഷത്തോട് സര്‍വ്വര്‍ക്കും പ്രിയം തോന്നുക സ്വാഭാവികം തന്നെ.സന്യാസം എന്നു വെച്ചാല്‍ കാമ്യാനാം കര്‍മ്മണം ന്യാസം സന്യാസം എന്നാണ് ഗീതാകാരന്‍ നിര്‍വചിക്കുന്നത്.അങ്ങനെ വ്യക്തിപരമായ എല്ലാ സുഖങ്ങളേയും ത്യജിച്ച എത്രയേ സന്യാസിശ്രേഷ്ഠന്മാര്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ആ പാരമ്പര്യമുണ്ടാക്കിയെടുത്ത മൂല്യബോധത്തിന്റെ തണലുകളെ പിന്‍പറ്റി കാഷായ വേഷധാരികളായ കള്ളനാണയങ്ങള്‍ സമൂഹത്തില്‍ എല്ലാക്കാലത്തും ഇത്തിള്‍ക്കണ്ണികളായി പറ്റിക്കൂടിയിട്ടുണ്ട്.ഇത്തരം പ്രച്ഛന്നവേഷക്കാരെ തിരിച്ചറിയുക എന്നത് ക്ഷിപ്രസാധ്യമല്ലെങ്കിലും കരുതിയിരിക്കുക എന്നതൊരു കര്‍ത്തവ്യമാണെന്ന് മനസ്സിലാക്കണം
            മതം മാത്രമല്ല , നമ്മുടെ മറ്റു സാമൂഹ്യസ്ഥാപനങ്ങളുടേയും അവസ്ഥ ഇതുതന്നെയാണ്. മതത്തില്‍ തൊണ്ണൂറ്റൊമ്പതുശതമാനവും ഇത്തരം കള്ളന്മാരാണെങ്കില്‍ രാഷ്ട്രീയത്തില്‍ തൊണ്ണൂറ്റൊമ്പതേ പോയന്റ് ഒമ്പതുശതമാനമാണെന്ന വ്യത്യാസം മാത്രമേയുള്ളു. വര്‍ദ്ധിച്ചുവരുന്ന ഇത്തരം കള്ളനാണയങ്ങളുടെ എണ്ണം കാരണം രാഷ്ടീയത്തിലും മതത്തിലും അവിശ്വസിക്കുന്ന ഒരു സമൂഹമായി നമ്മുടെ ജനത മാറുന്നു എന്നതാണ് സത്യം. അത് നമ്മെ നയിക്കുന്നത് അരാജകത്വത്തിലേക്കായിരിക്കും
                        ജടിലോ മുണ്ഡി ലുഞ്ചിത കേശ
                        കാഷായാംബര ബഹുകൃത വേഷ
                        പശ്യന്നപി ച ന പശ്യതി ഗേഹേ

                        ഉദരനിമിത്തം ബഹുകൃത വേഷ എന്ന് ശ്രീശങ്കരന്‍ കടന്നു പറഞ്ഞത് ഇക്കൂട്ടരെ മുന്നില്‍ക്കണ്ടുകൊണ്ടുതന്നെയാണ്.വയറ്റുപ്പിഴപ്പിന് വേണ്ടിയുള്ള ഈ വേഷം കെട്ടല്‍ കണ്ട് വിശ്വസിച്ച് ഇത്തരക്കാരെ വീട്ടില്‍ക്കയറ്റിയിരുത്തരുത് എന്നാണ് അവസാനമായി നമുക്കുള്ള ഗുണപാഠം.

Friday, May 19, 2017

#ദിനസരികള്‍ 37


ഈശ്വരനുണ്ടോ എന്ന ചോദ്യത്തിന്റെ ഉത്തരം എപ്പോഴും ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്നിങ്ങനെ രണ്ടു തരത്തില്‍ മാത്രമാണ് നാം കേട്ടിരിക്കുന്നത്.ഉണ്ട് എന്നു പറഞ്ഞാല്‍ ഈശ്വരനെ ഉണ്ടാക്കിയെടുക്കുവാനും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ലാതാക്കാനുമുള്ള വ്യത്യസ്തങ്ങളായ അനുബന്ധവാദങ്ങളുടെ ഒരു പടയണിതന്നെ ഇരുവാദക്കാരും ഉന്നയിക്കുന്നുവെന്നു മാത്രം.ഈ വാദപ്രതിവാദങ്ങള്‍ക്ക് മനുഷ്യ‍ന്‍ ഈശ്വരനെ കണ്ടെത്തിയ ചരിത്രാതീതകാലം മുതലുള്ള പഴക്കമുണ്ട്. ഇതുവരെ ഒന്ന് മറ്റൊന്നിനെ ജയിച്ചിട്ടില്ലെന്ന് സാരം.പരസ്പരമുള്ള വാലുവിഴുങ്ങിക്കളി ഇനിയും തുടരുകതന്നെ ചെയ്യും.
മനുഷ്യന്റെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഈശ്വരനെ പ്രതിഷ്ഠിക്കാനുള്ള ഒരിടമില്ല എന്നത് സത്യസന്ധമായ വസ്തുതയാണ്.വെറുതെ നിരീശ്വരവാദം പറയുകയാണെന്ന് കരുതണ്ട.നമ്മുടെ കൊച്ചു കൊച്ചു ദൌര്‍ബല്യങ്ങളില്‍ ആശ്വാസമായി മാറാനുള്ള ഒരു സാധ്യത മാത്രമാണ് ദൈവം. അതിനുമപ്പുറത്തുള്ള അഭൌതികമായ എന്തെങ്കിലും സഹായം ചെയ്യാന്‍ ദൈവത്തിന് കഴിയുമെന്ന് നാം വിചാരിക്കുന്നുവെങ്കില്‍ അത് ഒരു പ്രതീക്ഷമാത്രമാണ്. അത്തരം പ്രതീക്ഷയില്‍ മുഴുകി ജീവിക്കുന്നവരുമുണ്ട് എന്നത് മറ്റൊരു കാര്യം. ആ പ്രതീക്ഷയെ ഊതി വീര്‍പ്പിച്ചാണ് ഇവിടെ മതങ്ങള്‍ വിജയക്കൊടി നാട്ടുന്നത്.
സൃഷ്ടിവാദമൊക്കെ എന്നേ പൊളിഞ്ഞെങ്കിലും ദൈവത്തിന്റെ അസ്തിത്വവും അപ്രമാദിത്വവും നിലനിറുത്തേണ്ടത് വിശ്വാസികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായതിനാല്‍ സൃഷ്ടിയും സ്രഷ്ടാവും എന്ന സങ്കല്പത്തിനെ കൈവെടിയാന്‍ അവര്‍ക്ക് കഴിയില്ലെന്നത് വസ്തുതയാണ്.ഭയമാണ് ദൈവത്തെ ആരാധിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എല്ലാത്തരത്തിലുമുള്ള ഭയം നമ്മെ ദുര്‍ബലപ്പെടുത്തുന്നു. ആ ദൌര്‍ബല്യം , ബലവാനായ , സംരക്ഷകനായ ഒരാളെ പകരം തേടുന്നു. ആ സ്ഥാനത്തേക്ക് ദൈവം വരുന്നു. ഇല്ല എന്നു വാദിക്കുന്നവര്‍ വൈകാരികമായ ഈ കാഴ്ചപ്പാടിന്റെ മുമ്പിലാണ് പരാജയപ്പെട്ടുപോകുന്നത്. ചുള്ളിക്കാടിന്റെ മാനസാന്തരം എന്ന കവിതയില്‍ വൈകാരികമായ ഒരു മുഹൂര്‍ത്തത്തില്‍
മൃഗവാസനതന്‍ ബലത്തിലാ
ഗുരുവാക്യം തൃണവല്‍ഗണിച്ച ഞാന്‍
നരഹത്യയിലെത്തിയന്തരാ
നരകത്തില്‍‌പ്പൊരിയുന്നു ദൈവമേ -എന്ന് ദൈവം വന്നു കേറുന്നത് ശ്രദ്ധിക്കുക.
ഈ ഇല്ല ഉണ്ട് വാദങ്ങളുടെ ഇടയിലാണ് ശങ്കരന്‍ തന്റെ അദ്വൈത ദര്‍ശനവുമായി വന്നു കേറുന്നത്.ആ വാദത്തിലാകട്ടെ , സൃഷ്ടിയും സ്രഷ്ടാവുമില്ല. പരനും അപരനുമില്ല. ആദിയും അന്തവുമില്ല.എല്ലാം മായക്കാഴ്ചകളുടെ ഭ്രമാത്കത മാത്രം.വേര്‍തിരിവുകളില്ല. വ്യത്യാസങ്ങളില്ല.ഇതേ ശങ്കരന്റെ ബ്രഹ്മസൂത്ര വ്യാഖ്യാനത്തിലെ അപശൂദ്രാധികരണം പ്രക്ഷിപ്തമെന്നും , ചണ്ഡാലനോട് മാറി നില്ക്കാന്‍ പറഞ്ഞത് കെട്ടുകഥയെന്നും കരുതുക
അങ്ങനെയെങ്കില്‍ ഞാനും നീയും “ദൈവ”മാകുന്ന ഒരു മാവേലിക്കാലമുണ്ടെങ്കില്‍ അത് രസകരമല്ലേ ?

Thursday, May 18, 2017

#ദിനസരികള്‍ 36


സി കെ വിനീതിനെ പിരിച്ചു വിട്ടു.നല്ല കാര്യം. പിരിച്ചു വിടല്‍ താമസിച്ചു പോയെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. നേരത്തെ പിരിച്ചു വിടണമായിരുന്നു.പിരിച്ചു വിടലില്‍ നിറുത്തരുതെന്നുകൂടി എനിക്ക് അഭിപ്രായമുണ്ട്. മറ്റെന്തെങ്കിലും നടപടികള്‍ എടുക്കാന്‍ കഴിയുമെങ്കില്‍ - ചുമ്മാ നാടുകടത്തുകയോ അങ്ങനെ എന്തെങ്കിലും അതുകൂടി - ചെയ്യണം എന്ന് ഞാന്‍ ഏജീസ് ഓഫീസിനോട് അപേക്ഷിക്കുകയാണ്. വെറുതെ പന്തുതട്ടി നടന്ന പയ്യനാണ്.എങ്ങനെയെങ്കിലും ജീവിച്ചു പോകട്ടെ എന്നു കരുതിയാണ് വിളിച്ചു ജോലി കൊടുത്തത്. ആ മഹാമനസ്കതയെ മാനിക്കാതെ അച്ചടക്ക ലംഘനം കാണിക്കുക എന്നത് ക്ഷമിക്കാനാവുമോ? നാലുകൈയ്യടിയും പത്രങ്ങളില്‍ പടം അച്ചടിച്ചുവരുന്നതുമാണോ വലുത് അതോ ജീവിക്കാനുള്ള ജോലിയാണോ വലുത് എന്ന് വിനീതിന് ഇനി മനസ്സിലായിക്കോളും. ജനങ്ങളുടെ അഭിമാനമായി മാറിയാല്‍ വയറിന്റെ വിശപ്പില്ലാതാകുമോ എന്നറിയാമല്ലോ. ധിക്കാരത്തിന് ഇതുതന്നെയാണ് മറുപടി.
            മന്ത്രി മൊയ്തീന്‍ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടു കത്തെഴുതിയത്രേ ! മന്ത്രിയല്ല രാജാവെഴുതിയാലും ഞങ്ങ ള്‍ക്കൊന്നുമില്ല. ഞങ്ങള് പറയുന്നതാണ് ശരി.അതാണ് തീരുമാനം. വിനീത വിധേയനായ വിനീതിനെയാണ് ഞങ്ങള്‍ക്കാവശ്യം.ജോലിയില്‍ പ്രവേശിക്കണമെന്നും മുഴുവന്‍ സമയം ഉണ്ടാവണമെന്നും പറഞ്ഞിരുന്നു. കളിക്കാനായി പുറത്ത് പോകുവാന്‍ പാടില്ല, ജോലിക്കായി മുഴുവന്‍ സമയവും ഉണ്ടാകണമെന്നുമാണ് അറിയിച്ചത്. എന്റെ പ്രൊബേഷന്‍ കലാവധി പൂര്‍ത്തിയായിവരുന്നു. പക്ഷെ ഡിക്ലയര്‍ ചെയ്തിട്ടില്ല. പരീക്ഷയൊക്കെ പാസ്സായിട്ടുണ്ട്. ജോലിയേക്കാള്‍ പ്രധാനം ഫുട്‌ബോള്‍ തന്നെയാണ്. ഫുട്ബോള്‍ മതിയാക്കി ജോലി ചെയ്യാന്‍ ഒന്നും താത്പര്യമില്ല.എന്നാണ് വിനീത് അഴിമുഖത്തോട് പറഞ്ഞത് . ഇതിനപ്പറം വേറെന്ത് ധിക്കാരമാണ് വിനീത് കാണിക്കുവാനുള്ളത്? അന്നദാതാക്കളോടില്ലാത്ത ബഹുമാനമാണോ കാല്‍പ്പന്തുകളിയോട് ?
            1.311 ബില്യണ്‍ ജനതയുണ്ട് ഇന്ത്യയില്‍.ലോകത്തുതന്നെ രണ്ടാംസ്ഥാനത്താണ്. ഇത്ര നാളും സ്പോര്‍ട്സൊക്കെ ഞങ്ങളിങ്ങനെത്തന്നെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്. ഇനിയും അങ്ങനെയൊക്കെ മതി.എന്നുമാത്രവുമല്ല . ഒരു ദ്രാവിഡനായ കേരളക്കാരന്‍ വന്ന് ഇന്ത്യയുടെ അഭിമാനമുയര്‍ത്തണ്ട. അതു തീരുമാനിക്കാന്‍ സി എ ജിയായ ശശികാന്ത് ശര്‍മസാറൊക്കെ ഇവിടെയുണ്ട്.സ്പോര്‍ട്സ് ക്വോട്ടയില്‍ ആണ് നിയമനം കിട്ടിയതെന്നുവെച്ച് കളി തുടരാമെന്ന് കരുതിയാല്‍ കളിമാറും.കളിയെ സംരക്ഷിക്കാന്‍ വേണ്ടിയിട്ടൊന്നുമല്ല ഞങ്ങള് ജോലി തന്നത്.അത് ഔദാര്യം മാത്രമായിരുന്നെന്ന് ഇനിയെങ്കിലും വിനീത് മനസ്സിലാക്കണം.കൂടിവന്നാല്‍ രണ്ടുകോളം വാര്‍ത്ത. അതിനപ്പുറമുള്ള പ്രാധാന്യമൊന്നും ഇതിനുണ്ടാവില്ലെന്ന് അറിയാം.അപ്പോ ശരി. കളി നടക്കട്ടെ. പക്ഷേ ശര്‍മസാറിനോട് കളിക്കരുത്. കളി പഠിപ്പിക്കും.


Wednesday, May 17, 2017

#ദിനസരികള്‍ 35


എം കൃഷ്ണന്‍ നായര്‍ എന്ന നിരൂപകനോട് എതിര്‍പ്പും വെറുപ്പും ഉള്ളവരെ എനിക്കറിയാം. അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരേയും അറിയാം. വാരഫലത്തിന്റെ ഓരോ ലക്കത്തിനുമായി കാത്തിരുന്ന എഴുത്തുകാരടക്കമുള്ളവരുടെ ഒരു സഞ്ചയം കേരളത്തിലുണ്ടായിരുന്നു. വിമര്‍ശമാണെങ്കില്‍പ്പോലും തങ്ങളുടെ പേര് ആ പംക്തിയില്‍ ഒന്നച്ചടിച്ചു വന്നിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരെഴുത്തുകാരനും വാരഫലക്കാലത്ത് മലയാളക്കരയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എം പി ശങ്കുണ്ണിനായരെപ്പോലും സംസ്കാരശൂന്യന്‍ എന്ന് ഭര്‍ത്സിക്കുവാന്‍ ധൈര്യം കാണിച്ച കൃഷ്ണന്‍ നായര്‍ , അദ്ദേഹത്തിന് ശരിയെന്ന് തോന്നിയ കാര്യങ്ങളില്‍ ഉറക്കെ വിളിച്ചു പറയാന്‍ മടികാണിച്ചിരുന്നില്ല.
            പ്രോഷിതപതികകളെപ്പോലെ നല്ല കൃതികള്‍ക്കുവേണ്ടി കാത്തിരുന്ന കൃഷ്ണന്‍ നായര്‍ , തന്റെ മുന്നിലെത്തിയിരുന്ന ഓരോ വരികളേയും നിശിതമായി വിലയിരുത്തിയിരുന്നു. അല്പപ്രാണികളുടെ ആയുസ്സെടുക്കുന്ന അത്തരം ഇടപെടലുകള്‍ മലയാളഭാഷക്ക് ഗുണമായേ ഭവിച്ചിട്ടുള്ളു എന്ന സത്യം കാണാതിരുന്നുകൂട.മലയാള വിമര്‍ശനത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം രസകരമായിരുന്നു.ഒരു വിമാനത്തിനകത്ത് കേരളത്തിലെ നവീന നിരൂപകന്മാരാകെ ഉണ്ടെങ്കില്‍ ആ വിമാനം റാഞ്ചുന്ന സംഘത്തിന്റെ നേതാവായിരിക്കും ഞാന്‍ .ആരെന്തു സന്ധിസംഭാഷണത്തിന് വന്നാലും ഞാന്‍ വഴങ്ങുകയില്ല. ആ വിമാനം തകര്‍ത്ത് ഞാനും മരിക്കും. മലയാളത്തിലെ വിമര്‍ശകന്മാരോടുള്ള അദ്ദേഹത്തിന്റെ സമീപനം ഇതായിരുന്നു.                                                            കാലമതിന്റെ കനത്ത കരംകൊണ്ടു
                        ലീലയായൊന്നു പിടിച്ചു കുലുക്കിയാല്‍
                        പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ
                        പാദപപ്പൂക്കളാം താരങ്ങള്‍ കൂടിയും എന്നത് സത്യമാണെങ്കിലും നിലനില്ക്കുന്ന കാലത്തോളം തേജോപുഞ്ജങ്ങളാകണം ഓരോ കൃതികളും എന്ന സങ്കല്പമാണ് കൃഷ്ണന്‍ നായരുടെ ചിന്തയുടെ ആണിക്കല്ല്.    ഒരു സമയത്തും അക്കാര്യത്തിലൊരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല.വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നുവോ എന്ന് പ്രകോപനമുണ്ടാക്കി അനുവാചകനെ അടിച്ചുണര്‍ത്താന്‍ വാരഫലക്കാരന്‍ ബദ്ധശ്രദ്ധനായിരുന്നു. മോശം കൃതികളെ നല്ലതെന്ന് ആരു പറഞ്ഞാലും അവര്‍ സമൂഹത്തെക്കൂടി ദുഷിപ്പിക്കുമെന്ന് അദ്ദേഹം കരുതുന്നു.സാഹിത്യവിദ്യാര്‍ത്ഥികള്‍ വളരെ ഉന്നതമായ ആശയങ്ങളെ പിന്‍ പറ്റണമെന്നും അതിന്റെ വെളിച്ചത്തില്‍ വേണം കൃതികളെ വിലയിരുത്താനെന്നും അദ്ദേഹം ഉപദേശിക്കുന്നു.നമ്മുടെ സാഹിത്യവിദ്യാര്‍ത്ഥികളെപ്പറ്റി ഡേവിഡ് കോപ്പര്‍ഫീല്‍ഡ് വായിക്കാതെ കമ്യൂവിന്റെ പ്ലേഗ് വായിക്കുന്നുവെന്ന് അഭിനയിക്കുന്നവര്‍ എന്ന് അദ്ദേഹം കളിയാക്കുന്നുമുണ്ട്.

            അഭിപ്രായഭേദങ്ങള്‍ നിരവധിയുണ്ടെങ്കിലും എം കൃഷ്ണന്‍ നായരെപ്പോലെ മലയാള സാഹിത്യത്തെ സജീവമായി  നിലനിറുത്തുവാന്‍ പ്രയത്നിച്ച ഒരാളുടെ അഭാവം നമ്മുടെ സാഹിത്യലോകത്ത് നിലവിലുണ്ട് ; വൈറസ് കവിതകളെക്കൊണ്ട് നമ്മുടെ സമൂഹത്തെ ദുഷിപ്പിക്കുന്ന കവികളുടെ പെരുപ്പം അനുഭവിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ചും.

Tuesday, May 16, 2017

#ദിനസരികള്‍ 34


കൊല്ലരുത് എന്ന ആഹ്വാനത്തിന് യുഗങ്ങളോളം പഴക്കമുണ്ട്. ക്രൌഞ്ചമിഥുനങ്ങളിലൊന്നിനെ അമ്പെയ്തുവീഴ്ത്തിയ കാട്ടാളനോട് ആദികവിയുടെ അനുശാസനം മാ നിഷാ ദ എന്നായിരുന്നു. അന്നുമുതല്‍ ഇന്നുവരെ പരിണത പ്രജ്ഞരായവര്‍ കൊന്നൊടുക്കുന്നതിനെതിരെ നിരന്തരം പ്രതികരിച്ചു കൊണ്ടേയിരിക്കുന്നു. വ്യക്തികളെ കൊന്നൊടുക്കുന്നതിലൂടെ ആശയങ്ങളെ അവസാനിപ്പിക്കാം എന്നു കരുതുന്നത് മൌഢ്യമാണ്. അങ്ങനെയായിരുന്നെങ്കില്‍ ലോകത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്നുണ്ടാവുമായിരുന്നില്ല. എത്രയോ ലക്ഷം പേരാണ് കമ്യൂണിസ്റ്റായിപ്പോയി എന്ന കുറ്റത്തിന് കൊല്ലപ്പെട്ടിരിക്കുന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്.താന്‍ വിശ്വസിക്കുന്ന ആശയത്തിന് വിജയിക്കുവാന്‍ കഴിയില്ല എന്ന ബോധത്തില്‍ നിന്നാണ് എതിരാളിയെ അല്ലെങ്കില്‍ എതിര്‍ ആശയങ്ങളെ കൊന്നൊടുക്കിക്കൊണ്ട് ഇല്ലാതാക്കാമെന്ന ചിന്ത ഉണ്ടാകുന്നത്. ആശയങ്ങള്‍ക്കുവേണ്ടി ആയുധമെടുക്കേണ്ടി വന്നാല്‍ ആ ആശയം ദുര്‍ബലമാണെന്നു വേണം കരുതാന്‍.
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോർത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.
എന്നാണ് മാനവികതയെ പ്രണയിച്ച ശ്രീനാരായണന്‍ പറയുന്നത്.
            കല്‍ബുര്‍ഗിയുടേയും ഗോവിന്ദ് പന്‍സാരേയുടേയും ധബോല്‍ക്കറുടേയുമൊക്കെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അത്തരം ദുര്‍ബലമായ ആശയങ്ങളെ ചുമക്കുന്നവരാണ്.  കഴമ്പില്ലാത്ത അത്തരം ആശയങ്ങളെ, ഭയപ്പെടുത്തിയും കൊന്നൊടുക്കിയും അടിച്ചേല്പിക്കാം എന്ന ഫാസിസ്റ്റ് മനോഭാവമാണ് ഈ കൊലയാളികള്‍ പ്രകടിപ്പിക്കുന്നത് .വിഭിന്നങ്ങളായ ആശയങ്ങളെ ഭയരഹിതമായി പ്രകടിപ്പിക്കാനും അതിനുവേണ്ടി പ്രവര്‍ത്തിക്കുവാനുമുള്ള അവകാശം ജനാധിപത്യസമൂഹങ്ങളില്‍ ശക്തമായി വേരുറപ്പിക്കപ്പെടേണ്ടതുണ്ട്.സൌരയൂഥത്തില്‍ സൂര്യനാണ് കേന്ദ്രബിന്ദു എന്ന ആശയത്തെ പ്രഖ്യാപിച്ച ബ്രൂണോയെ അന്നത്തെ കത്തോലിക്ക സഭ ചുട്ടുകൊല്ലുകയായിരുന്നു. സഭയുടെ അന്നത്തെ നിലപാട് പരിപൂര്‍ണമായും തെറ്റാണെന്ന് ഇന്ന് നമുക്കറിയാം. ഒറ്റയാനായ ബ്രൂണോ ശരിയും ഒരു വലിയ സമൂഹം ഒന്നടങ്കം തെറ്റുകാരുമായി മാറിയ ആ സംഭവത്തില്‍ നിന്ന് കൊന്നു തീര്‍ക്കുന്നതിനെ പിന്താങ്ങുന്ന ഫാസിസ്റ്റുകള്‍ പലതും പഠിക്കേണ്ടതായിട്ടുണ്ട്. കൊന്നൊടുക്കിയാല്‍ തീരുമായിരുന്നെങ്കില്‍ ബ്രൂണോയോടൊപ്പം അദ്ദേഹത്തിന്റെ ആശയങ്ങളും അവസാനിക്കണമായിരുന്നു. അതുകൊണ്ട് വ്യക്തികളെ ഇല്ലാതാക്കിക്കൊണ്ട് ആശയങ്ങളെ അവസാനിപ്പിക്കാം എന്ന ചിന്ത മനുഷ്യന് അഭികാമ്യമല്ലതന്നെ.

            കല്‍ബുര്‍ഗിയുടേയും പന്‍സാരേയുടേയും ധബോല്‍ക്കറുടേയുമൊക്കെ പാത പിന്തുടര്‍ന്ന എച്ച് ഫറൂഖിനെ അനുസ്മരിക്കുന്ന എം എന്‍ കാരശേരിയുടെ ലേഖനമാണ് ഈ ചിന്തകള്‍ക്ക് പ്രേരിപ്പിച്ചത്. പ്രസ്തുത ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത്  ആധുനിക മനശ്ശാസ്ത്രത്തിന്റെ പിതാവ് സിഗ്മണ്ട് ഫ്രോയിഡിനെ ഉദ്ധരിച്ചുകൊണ്ടാണ് അഭിപ്രായഭേദം ഉണ്ടായപ്പോള്‍ കല്ലെടുക്കുന്നതിന് പകരം വാക്കെടുത്തപ്പോള്‍ മനുഷ്യന്റെ സംസ്കാരം ജനിച്ചു.നമ്മള്‍ സംസ്കാരസമ്പന്നരാണോ എന്ന് സ്വയം പരിശോധിക്കേണ്ട സമയം സമാഗതമായിരിക്കുന്നു.

Monday, May 15, 2017

#ദിനസരികള്‍ 33


മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് വീണ്ടും ഒരു വൈറസ് ആക്രണം ലോകമാകെ ഭീതി പരത്തുന്നു. എത്രയോ ലക്ഷം കമ്പ്യൂട്ടറുകളെ ബാധിച്ചു കഴിഞ്ഞിരിക്കുന്ന ഈ വിനാശകാരി ഇനിയും എന്തെന്ത് നാശങ്ങളാണ് വരുത്തിക്കൂട്ടുക എന്നത് അപ്രവചനീയമാണ്. ബാധിച്ചു കഴിഞ്ഞാല്‍ മോചനദ്രവ്യം ആവശ്യപ്പെടുകയാണ് ഈ വൈറസിന്റെ സ്രഷ്ടാക്കളുടെ രീതി.കോടിക്കണക്കിന് രൂപ ഇങ്ങനെ ഇവരുടെ അക്കൌണ്ടുകളിലേക്ക് എത്തിക്കഴിഞ്ഞു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കമ്പ്യൂട്ടറിലെ വിവരങ്ങള്‍ ഡിക്രിപ്റ്റ് ചെയ്തുകൊണ്ടാണ് വാനേക്രൈ എന്ന ഈ റാന്‍സം വെയര്‍ വിലപേശുന്നത്. ആശുപത്രികള്‍ , മള്‍ട്ടിനാഷണല്‍ കമ്പനികള്‍ , ഗവണ്‍‌മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും  വൈറസിന്റെ ആക്രമണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇപ്പോഴും പടരുന്നതുകൊണ്ട് ഇതുണ്ടാക്കിയ നഷ്ടം എത്ര ഭീകരമാണെന്ന് പൂര്‍ണമായും വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല.എത്രയും പെട്ടെന്ന് ഈ വൈറസിന്റെ ആക്രമണത്തില്‍ നിന്ന് ലോകം മുക്തമാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
 ലോകമാകെ ഈ ആക്രമണത്തിന്റെ ഭീതിയില്‍ വിറങ്ങലിച്ചു നില്ക്കുമ്പോള്‍ പതിവുപോലെ ലിനക്സിന്റെ സുവിശേഷകന്മാര്‍ രംഗത്തിറങ്ങിയിരിക്കുന്നു.ഒന്ന് ചത്താണ് മറ്റൊന്നിന് വളമാകുന്നത് എന്ന പ്രകൃതിരഹസ്യം ഏറ്റവും നന്നായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നവരാണ് ഈ ലിനക്സ് പ്രഘോഷണന്മാര്‍ . ലിനക്സ് സിസ്റ്റത്തില്‍ വൈറസ് ബാധിക്കുന്നില്ല , സെക്യൂരിറ്റിയുടെ കാര്യത്തില്‍ പ്രഥമപരിഗണന , ഓപ്പണ്‍ സോഴ്സായതിനാല്‍ ആര്‍ക്കും ഇടപെടാം അങ്ങനെയങ്ങനെ ആരേയും ലിനക്സിന്റെ കടുത്ത ആരാധകരാക്കുന്ന വിശേഷണങ്ങളുടെ കുത്തൊഴുക്കാണ് ഇവിടെ നടക്കുന്നത്.ലോകത്താകമാനം ഏകദേശം എണ്‍പതു ശതമാനത്തോളം വിന്‍ഡോസ് സിസ്റ്റങ്ങള്‍ ഉപയോഗിക്കപ്പെടുന്നു. ബാക്കിവരുന്ന ഇരുപതു ശതമാനമാണ് ഇതര ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ എല്ലാം കൂടി ഉപയോഗിക്കുന്നത്. സ്വാഭാവികമായും വൈറസ് ആക്രമണങ്ങള്‍ ഭൂരിപക്ഷം വരുന്നവയെയാണ് ലക്ഷ്യം വെക്കുക. അതുകൊണ്ടാണ് താരതമ്യേന വിന്‍‌ഡോസ് ബാധ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ലിനക്സിലെ യൂസര്‍ പ്രിവിലേജിന്റെ പ്രത്യേകതകള്‍ കാരണം വൈറസ് വ്യാപനം അത്ര എളുപ്പമല്ല എന്നത് സത്യമാണെങ്കിലും മൈക്രോസോഫ്റ്റ് അനുഭവിക്കുന്ന എല്ലാ സുരക്ഷാഭീഷണികളും ഏറിയും കുറഞ്ഞും ലിനക്സും അനുഭവിക്കുന്നുണ്ട്.

ലിനക്സിനോടുള്ള മമത , അതിന്റെ കുത്തകവിരുദ്ധ സമീപനം ഒന്നുമാത്രമണ്. ലിനക്സിന്റെ പരിവേഷങ്ങള്‍ക്ക് പരമാവധി പ്രചാരണങ്ങള്‍ ലഭിച്ചു കഴിഞ്ഞു. സൈദ്ധാന്തികമായി നല്ല അടിത്തറ നിര്‍മിക്കപ്പെട്ടു.ഇനി വേണ്ടത് വിന്‍‌ഡോസിലെ സോഫ്റ്റ്വെയറുകളോട് കിടപിടിക്കുന്ന തരത്തിലുള്ള സോഫ്റ്റ് വെയറുകളുടെ ലഭ്യത ഉറപ്പാക്കുകയാണ്.ഈ ലഭ്യതക്കുറവാണ് ഇപ്പോഴും ആളുകളെ ഐ ടി കുത്തകയായ മൈക്രോസോഫ്റ്റിനോട് ചേര്‍ത്തു നിര്‍ത്തുന്നത്. അതുകൊണ്ട് വെറും ഒരു ഫാഷനായി ലിനക്സ് പ്രേമം കൊണ്ടു നടക്കാതെ പ്രായോഗികമായ പ്രചാരണത്തിനുള്ള വഴികള്‍ തേടുകയാണ് ഞാനടക്കമുള്ള ലിനക്സ് പ്രേമികള്‍ ചെയ്യേണ്ടത്. 

Sunday, May 14, 2017

#ദിനസരികള്‍ 32


ഉള്ളൂരെഴുതിയ മഹാകാവ്യമാണ് ഉമാകേരളം. പ്രസ്തുതകാവ്യത്തില്‍ വിഭവസമൃദ്ധമായ സദ്യ കണ്ടിട്ട് കവിക്ക് തോന്നുന്നത്
                        അന്നമുണ്ട് കുളമോ? കബന്ധമു
                        ണ്ടുന്നതക്ഷിതിപിയുദ്ധഭൂമിയോ ?
                        എന്നതല്ല , പലഹാരമുണ്ട് നല്‍
            സന്നതാംഗിയുടെ ചാരുകണ്ഠമോ ? എന്നാണ്. ഇവയിലെ ശ്ലേഷങ്ങളെ ആസ്വാദകന്മാര്‍ക്ക് കൈയ്യടിച്ച് പാസ്സാക്കാന്‍ കഴിയുമോ? ഇല്ല എന്നേ സഹൃദയന് ഉത്തരം പറയാന്‍ പറ്റൂ. വിളമ്പി വെച്ചിരിക്കുന്ന ചോറു (അന്നം) കണ്ടാല്‍ കുളമാണെന്ന് കരുതുന്നവനെ കവിയെന്നല്ല ഭ്രാന്തനെന്നാണ് വിളിക്കേണ്ടതെന്ന് വൈയാകരണനായ സി വി വാസുദേവഭട്ടതിരി. കബന്ധം (ജലത്തോടുള്ള ബന്ധം, തലയറ്റ ദേഹം ) ,പലഹാരം (ഇത് ഒറ്റപ്പദമായിട്ടും പല ഹാരം എന്നി് രണ്ടു പദമായും ഗണിച്ച് ഹാരത്തിന് മുത്തുമാല എന്നും അര്‍ത്ഥം കല്പിക്കുന്നു.ഇവയിലെ ശ്ലേഷത്തിന്റെ കല്പനം അനൌചിത്യത്തിന്റെ പരമകാഷ്ഠയില്‍ എത്തി നില്ക്കുന്നു എന്നും അദ്ദേഹം തന്റെ കവനകല എന്ന പുസ്തകത്തില്‍ എഴുതുന്നു
            ഹാ പുഷ്പമേ അധിക തുംഗപദത്തിലെത്ര
            ശോഭിച്ചിരുന്നതൊരു രാജ്ഞി കണക്കയേ നീ
            ശ്രീഭൂവിലസ്ഥിരമസംശയമിന്നു നിന്റെ
            യാ ഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്‍ത്താല്‍ എന്ന
വീണപൂവിന്റെ ആദ്യപദ്യത്തെ ഉദാഹരിച്ചു കൊണ്ട് അദ്ദേഹം എഴുതുന്നു.:- “വീണപൂവ് ആരംഭിക്കുമ്പോള്‍ പൂവിന്റെ വീഴ്ച പലവട്ടം കണ്ടതാണെങ്കിലും നമ്മള്‍ കാണാത്ത അതിന്റെ ഒരു മുഖം കണ്ടു.നമ്മുടെ ശ്രദ്ധ ആ പുതിയ മുഖത്തില്‍ കേന്ദ്രീകൃതമാകുന്നു.ഇവിടെ വീണപൂവിനെ സിംഹാസന ഭ്രഷ്ടയായ രാജ്ഞിയോട് ഉപമിക്കുമ്പോള്‍ ഉപമാലങ്കാരവും സാര്‍ത്ഥകമാകുന്നു.
            മഹാകവികളെന്ന് പ്രഖ്യാതരായിട്ടുള്ളവരുടെ തന്നെ കൃതികളില്‍ നിന്നുള്ള  കവനകലയിലെ ഈ ഉദാഹരണങ്ങളെ ഇവിടെ ചൂണ്ടിക്കാണിക്കുവാന്‍ ഒരു കാരണമുണ്ട്. സാമാന്യബുദ്ധിക്ക് നിരക്കുന്നതും ഭാവാത്മകവുമായ ആശയങ്ങളുടെ അഭാവങ്ങളാല്‍ കവിത പാണ്ഡിത്യപ്രകടനം മാത്രമായി മാറുകയാണെങ്കില്‍ അനുവാചകന്‍ അകന്നുപോകും. ഉള്ളില്‍ കാമ്പില്ലാത്ത വെറും തുള്ളിച്ചകള്‍ക്ക് ഏറെക്കാലം പിടിച്ചുനില്ക്കാന്‍ കഴിയില്ലല്ലോ. വൃത്തബദ്ധമായി രചിക്കപ്പെട്ടിട്ടുള്ള കൃതികളില്‍ അത്തരം ഉദാഹരണങ്ങള്‍ ഏറെയുണ്ട്. പക്ഷേ ഈ ആധുനിക കാലത്തുപോലും സംസ്കൃതവൃത്തങ്ങളെ ഉപയോഗിച്ചുകൊണ്ട് മനോഹരവും മഹനീയവുമായ എത്രയോ കവിതകള്‍ ഉടലെടുത്തിരിക്കുന്നു.           

            കാര്യത്തിലേക്ക് കടക്കട്ടെ. വൃത്തബദ്ധമായി എഴുതിയാല്ആശയങ്ങളെ ശരിയായി പ്രകടിപ്പിക്കാന്കഴിയില്ലെന്നും അത് പഴയ മോഡലാണെന്നുമൊക്കെ പരിതപിക്കുന്നവരെ കാണാറുണ്ട്. വൃത്തമോ അതിന്റെ നിരാസമോ അല്ല കവിതയുടെ അളവുകോലെന്നും കവിതക്കുള്ളിലെ വിതയെയാണ് അനുവാചകന്തേടുക എന്നും അത്തരക്കാര്മനസ്സിലാക്കണം. അതുകൊണ്ട് വരി മുറിച്ചെഴുതിയാലും വൃത്തത്തിലെഴുതിയാലും കവിതയാകണമെങ്കില്‍ അതിലെ രസക്കൂട്ട് കൃത്യമായിരിക്കണമെന്നുമാത്രം .