#ദിനസരികള് 1302 കര്‍ഷക സമരം -നാം മറക്കരുത്
കര്‍ഷക സമരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മുടെ വര്‍ത്തമാനപ്പത്രങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടേയും പ്രധാനപ്പെട്ട ഇടങ്ങളില്‍ നിന്നും പതിയെപ്പതിയെ പിന്‍വലിയ്ക്കപ്പെടുന്നുണ്ടോ ? ആ സമരത്തിന്റെ പ്രാധാന്യം കുറയ്ക്കാനും എങ്ങനെയെങ്കിലും അവസാനിപ്പിച്ചെടുക്കാനുമുള്ള കേന്ദ്രസര്‍ക്കാറിന്റെ പരിശ്രമങ്ങള്‍ക്ക് വശംവദരായി ഉള്‍പ്പേജുകളിലെ കലപിലകള്‍ക്കിടയിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് ഈ മാധ്യമങ്ങള്‍ ഏതെങ്കിലും വിധത്തില്‍ കര്‍ഷക സമരത്തെ അവഗണിക്കുവാനുമുള്ള ശ്രമം നടത്തുന്നുണ്ടോ ? എങ്കില്‍ രാജ്യം കണ്ട ഏറ്റവും വലിയ കര്‍ഷക മുന്നേറ്റത്തെ തമസ്കരിച്ച് അവസാനിപ്പിച്ചെടുക്കാനുള്ള കുത്സിത നീക്കത്തില്‍ അറിഞ്ഞോ അറിയാതെയോ നമ്മളും കൂടി പങ്കാളികളാകുന്നുവെന്നതാണ് വസ്തുത. രാജ്യത്തെ കൂടുതല്‍ക്കൂടുതല്‍ വിഭജിച്ച് നിറുത്തി തമ്മിലടിപ്പിച്ച് അധികാരത്തില്‍ പിടിച്ചു നില്ക്കാനുള്ള നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതിനു വേണ്ടിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ പൌരത്വഭേദഗതി നിയമം ക...