#ദിനസരികള്‍ 943 ഇന്ത്യന് ഭരണഘടനയുടെ ചരിത്രവഴികള്
ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം 1600 ഡിസംബര്‍ മുപ്പത്തിയൊന്നിന് രൂപീകരിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒന്നാണ്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അനുമതിയോടെ വ്യാപാരം നടത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയിലെത്തിയ പ്രസ്തുത കമ്പനി, പതിയെപ്പതിയെ നമ്മുടെ രാജ്യത്തിന്റെതന്നെ ഭരണപരമായ അവകാശങ്ങളെ കൈയ്യടക്കുകയായിരുന്നു. 1757 ലെ പ്ലാസി യുദ്ധത്തില്‍ ബംഗാള്‍ ഭരണാധികാരിയായ സിറാജ് ഉദ് ദൌള പരാജയപ്പെട്ടതോടെ വ്യാപാരികളായി വന്നവരുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തീപിടിച്ചു.അതോടുകൂടി ഇന്ത്യയില്‍ ഏകദേശം രണ്ടു നൂറ്റാണ്ടുകാലം നീണ്ടുനിന്ന കോളനി ഭരണത്തിന് തുടക്കമായി. എതിര്‍ത്തു നിന്ന ചെറുചെറു നാട്ടുരാജ്യങ്ങളെ തന്ത്രപരമായി കീഴടക്കിയും തമ്മിലടിപ്പിച്ചും അവകാശികളില്ലാതെയാകുന്ന രാജ്യങ്ങളെ കമ്പനിയിലേക്ക് മുതല്‍ കൂട്ടിയും ആ ഭരണം 1947 ആഗസ്ത് 15ാ തീയതി വരെ തുടര്‍ന്നു.ആ ഭരണത്തിന് സഹായകമായ രീതിയില്‍ പല ഘട്ടങ്ങളായി ഇന്ത്യയില്‍ കമ്പനിയും ബ്രിട്ടീഷ് പാര്‍ലമെന്റും നടപ്പിലാക്കിയിരുന്ന നിയമങ്ങള്‍ ഇന്ത്യയുടെ നിയമ മനസ്സിനെ പരുവപ്പെടുത്താനും ഒരു അവബോധം സൃഷ്ടിച്...