#ദിനസരികള്‍ 943 ഇന്ത്യന് ഭരണഘടനയുടെ ചരിത്രവഴികള്


         ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം 1600 ഡിസംബര്‍ മുപ്പത്തിയൊന്നിന് രൂപീകരിക്കപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധപ്പെട്ടു നില്ക്കുന്ന ഒന്നാണ്. എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അനുമതിയോടെ വ്യാപാരം നടത്തുക എന്ന ഉദ്ദേശത്തോടെ ഇന്ത്യയിലെത്തിയ പ്രസ്തുത കമ്പനി, പതിയെപ്പതിയെ നമ്മുടെ രാജ്യത്തിന്റെതന്നെ ഭരണപരമായ അവകാശങ്ങളെ കൈയ്യടക്കുകയായിരുന്നു. 1757 ലെ പ്ലാസി യുദ്ധത്തില്‍ ബംഗാള്‍ ഭരണാധികാരിയായ സിറാജ് ഉദ് ദൌള പരാജയപ്പെട്ടതോടെ വ്യാപാരികളായി വന്നവരുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് തീപിടിച്ചു.അതോടുകൂടി ഇന്ത്യയില്‍ ഏകദേശം രണ്ടു നൂറ്റാണ്ടുകാലം നീണ്ടുനിന്ന കോളനി ഭരണത്തിന് തുടക്കമായി. എതിര്‍ത്തു നിന്ന ചെറുചെറു നാട്ടുരാജ്യങ്ങളെ തന്ത്രപരമായി കീഴടക്കിയും തമ്മിലടിപ്പിച്ചും അവകാശികളില്ലാതെയാകുന്ന രാജ്യങ്ങളെ കമ്പനിയിലേക്ക് മുതല്‍ കൂട്ടിയും ആ ഭരണം 1947 ആഗസ്ത് 15ാ തീയതി വരെ തുടര്‍ന്നു.ആ ഭരണത്തിന് സഹായകമായ രീതിയില്‍ പല ഘട്ടങ്ങളായി ഇന്ത്യയില്‍ കമ്പനിയും ബ്രിട്ടീഷ് പാര്‍‌ലമെന്റും നടപ്പിലാക്കിയിരുന്ന നിയമങ്ങള്‍ ഇന്ത്യയുടെ നിയമ മനസ്സിനെ പരുവപ്പെടുത്താനും ഒരു അവബോധം സൃഷ്ടിച്ചെടുക്കാനും സഹായകമായി. അത്തരം നിയമങ്ങളുടെ ഗുണവും ദോഷവും കൂടി ഉള്‍‌ക്കൊണ്ടാണ് നാം നമ്മുടെ ഭരണ ഘടന നിര്‍മ്മിച്ചത്. ഭരണഘടനയുടെ ചരിത്രത്തില്‍ ആ നിയമങ്ങള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്.
       ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ഭരണത്തെ കൂടുതല്‍ എളുപ്പത്തിലാക്കുന്നതിനായി ബ്രിട്ടീഷ് പാര്‍ലമെന്റ് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിയമങ്ങള്‍ പലപ്പോഴും ഏകപക്ഷീയമായി നിര്‍മ്മിച്ചുകൊടുത്തു. അവയില്‍ ചിലതെല്ലാം കമ്പനിയുടെ മനസാക്ഷിയില്ലാത്ത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ളതായിരുന്നു.സൈനിക ശേഷികൊണ്ടും തന്ത്രംകൊണ്ടും അവയെല്ലാം തന്നെ അവര്‍ ഇന്ത്യന്‍ മണ്ണില്‍ നടപ്പിലാക്കിയെടുത്തു.
       അവയില്‍ 1773 ലെ റഗുലേറ്റിംഗ് ആക്ടനുസരിച്ച് കമ്പനിയെ ബ്രിട്ടീഷ് പാര്‍ലമെന്റിന് കൂടുതല്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ നിലവില്‍ വന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുകളില്‍ രാജ്ഞിയുടെ ഒരു കണ്ണുകള്‍ തറച്ചു നില്ക്കാന്‍ ഈ ആക്ട് സഹായകമായി. യുദ്ധംമൂലവും മറ്റും സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി സര്‍ക്കാറിനോട് സഹായം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ചില നിയന്ത്രണങ്ങള്‍ ഏര്‍‌പ്പെടുത്താന്‍ പാര്‍‌ലമെന്റ് ഈ നിയമം കൊണ്ടുവന്നത്.ഭരണപരിചയമില്ലാത്ത കമ്പനിയുടെ ഇടപെടലുകള്‍ ഈ വ്യവസ്ഥയോടെ കുറച്ചൊക്കെ നിയന്ത്രിക്കാന്‍ കഴിഞ്ഞു.
       പിന്നീട് 1774 ല്‍ എംഗര്‍ പിറ്റ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കമ്പനിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് പിറ്റ് ഇന്ത്യാ ആക്ട് നിലവില്‍ വരുന്നത്.അതോടെ കമ്പനിയുടെ ഇടപെടലുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. ഇന്ത്യയില്‍ നിന്നും കൂടുതലായി കമ്പനിയുടെ ഭരണത്തിനെതിരെ പ്രതിഷേധമുയര്‍ന്നു തുടങ്ങിയതുകൂടി കണക്കിലെടുത്തുകൊണ്ടാണ് പിറ്റ് ആക്ട് സൃഷ്ടിക്കപ്പെട്ടത്. പിന്നീട് 1813 , 1833, 1853 എന്നീ വര്‍ഷങ്ങളിലെല്ലാം ചാര്‍ട്ടര്‍ നിയമങ്ങളും വ്യവസ്ഥകളുമെല്ലാം കമ്പനിയുടെ ഭരണത്തില്‍ കൂടുതല്‍ കൂടുതലായി ബ്രിട്ടീഷ് പാര്‍‌ലമെന്റിന് ഇടപെടാനുള്ള അവസരം ഒരുക്കുന്നതായിരുന്നു.
       ഈ അന്തരീക്ഷത്തെ വളരെ പെട്ടെന്ന് മാറ്റിയെടുത്തത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരമാണ്. ശിപായി ലഹള എന്ന് അറിയപ്പെടുന്ന ആ മുന്നേറ്റത്തിന് പല വിധത്തിലുള്ള കാരണങ്ങളുണ്ടായിരുന്നു. തങ്ങളുടെ മതത്തെക്കുറിച്ചായിരുന്നു പ്രധാന അങ്കലാപ്പ് ഉണ്ടായിരുന്നത്.  അക്കാലത്ത് കൃസ്തുമതത്തിലേക്ക് മാറേണ്ടിവരുമെന്നെ ആശങ്ക വ്യാപകമായിരുന്നു. അതോടൊപ്പം കമ്പനിയുടെ ചെയ്തികള്‍ ജനതയിലുണ്ടാക്കിയ നീണ്ട കാലത്തെ അസംതൃപ്തികള്‍ മറ്റൊരു കാരണമായിരുന്നു. ഒരവസരം വന്നപ്പോള്‍ അവയെല്ലാംതന്നെ പൊട്ടിത്തെറിക്കുകയും സായുധ കലാപത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്. എന്നാല്‍ പെട്ടെന്ന് അത്തരമൊരു പൊട്ടിപ്പുറപ്പെടലുകാനുള്ള കാരണം തങ്ങളുടെ ആയുധങ്ങള്‍ മിനുസപ്പെടുത്തിയെടുക്കാന്‍ പശുവിന്റേയും പന്നിയുടേയും മറ്റും കൊഴുപ്പുകള്‍ ഉപയോഗിക്കപ്പെടുന്നുവെന്ന സംശയമാണ്.അത് ഹിന്ദുക്കളുടേയും മുസ്ലിംങ്ങളുടേയും മനസ്സില്‍ വെപ്രാളങ്ങളുണ്ടാക്കുകയും കമ്പനിക്കെതിരെ സായുധമായ ഒരു നീക്കം നടത്തുകയും ചെയ്തു. തങ്ങളുടെ തന്നെ സേനയിലെ പടയാളികളുടെ ഭാഗത്തു നിന്നുമുണ്ടാ ഈ നീക്കം അധികാരികളെ കുറച്ചൊന്നുമല്ല അമ്പരിപ്പിച്ചത്.
       മെയ് പത്തിന് മീററ്റില്‍ ആരംഭിച്ച പ്രസ്തു മുന്നേറ്റം രാജ്യത്തിന്റെ സിരാകേന്ദ്രത്തിലേക്ക് നയിക്കപ്പെട്ടു.ഏകദേശം അമ്പതോളം വിദേശികള്‍ കൊല്ലപ്പെട്ടു. ഡല്‍ഹി സുല്‍ത്താനേറ്റിലെ ബഹദൂര്‍ഷാ സഫറിനെ തങ്ങളുടെ രാജാവായി അംഗീകരിച്ചുകൊണ്ട് നടത്തിയ ആ നീക്കം പക്ഷേ 1858 ജൂൺ 20-ന് ഗ്വാളിയോറില്‍ ബ്രിട്ടീഷുകാര്‍  അടിച്ചമര്‍ത്തി. മംഗള്‍ പാണ്ഡേ എന്ന സൈനികന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യരക്തസാക്ഷിയുമായി.
       ഈ സമരം പക്ഷേ ഇന്ത്യയുടെ അവകാശങ്ങളെക്കുറിച്ച് കൂടുതലായി ചിന്തിക്കുവാന്‍ നമ്മേയും അവരേയും ഒന്നുപോലെ പ്രേരിപ്പിച്ചു.അതിനെത്തുടര്‍ന്ന് 1858 ല്‍ ബ്രിട്ടീഷ് ഭരണകൂടം പാസ്സാക്കിയ നിയമമനുസരിച്ച് ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നും എല്ലാ അവകാശങ്ങളും രാജ്ഞിയുടെ കൈകളിലേക്കെത്തി. അതോടെ ഇന്ത്യയെ നേരിട്ടു ഭരിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാറായി മാറി.ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍‌ണമായകമായ ഒരു വഴിത്തിരിവായിരുന്നു ഈ നിയമം.
       അധികാരം വികേന്ദ്രീകരിക്കപ്പെട്ട് ഇന്ത്യന്‍ ജനതയെക്കൂടി ഉള്‍‌ക്കൊള്ളുന്ന തരത്തില്‍ മാറ്റിയെടുക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍ബന്ധിതരായി.ആ ചിന്ത കൂടുതല്‍ ശക്തമായതോടെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമം ബ്രിട്ടീഷുകാര്‍ ആവിഷ്കരിച്ചു.1861 ലെ ഇന്ത്യന്‍ കൌണ്‍സില്‍സ് ആക്ട് എന്നായിരുന്നു ആ നിയമത്തിന്റെ പേര്. അതനുസരിച്ച് ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്ത്യക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു.നമ്മുടെ നിയമവ്യവസ്ഥ പരുവപ്പെട്ടു തുടങ്ങിയത് ഒരു പക്ഷേ 1861 ലെ ഇന്ത്യന്‍ കൌണ്‍സില്‍സ് ആക്ട് അനുസരിച്ചാണെന്നു കാണാം. ചരിത്രത്തിലാദ്യമായി  ഇന്ത്യക്കാര്‍ക്ക് ഭരണത്തില്‍ പേരിനെങ്കിലും ഇടപെടാനുള്ള അവസരമാണ് ഈ നിയമം ഉണ്ടാക്കിത്തന്നത്. 1892 ലും 1909 ലും പരിഷ്കരിക്കപ്പെട്ട് വൈസ്രോയിയുടെ കൌണ്‍സിലില്‍ കൂടുതല്‍ പ്രസക്തിയും പ്രാതിനിത്യവും ഉണ്ടായി. ( തുടരും )

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം