#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്



            മകനെ , നീ നാട്ടുപൌരനാകാതൊരു
          മനുഷ്യനായ്ത്തന്നെ വളരൂ
          മകനെ , നീ വെറും മാന്യനാകാതിന്നു
          മനുഷ്യന്റെ പച്ചയായ്ത്തീരൂ - എന്ന് മകനോട് എന്ന കവിതയില്‍ കടമ്മനിട്ട ഉപദേശിക്കുന്നുണ്ട്. പച്ചമനുഷ്യനായി , മണ്ണില്‍ കാല്‍കുത്തി നില്ക്കുക എന്നാണ് കവി പറയുന്നത്. നാട്യങ്ങളുടെ പുറംപൂച്ചുകളില്‍ നിന്നും പുറത്തു കടക്കുവാനും അലങ്കാര സമൃദ്ധമായ പൊള്ളവാക്കുകള്‍കൊണ്ടല്ല,  മനുഷ്യനോട് മനുഷ്യന്‍ ഹൃദയം കൊണ്ട് സംവദിക്കുന്ന നിമിഷങ്ങളെ പരുവപ്പെടുത്തിയെടുക്കാനാണ് കവി ആവശ്യപ്പെടുന്നത്. എന്നാല്‍ സ്വാഭാവികവും സത്യസന്ധവുമായ രീതികള്‍ അട്ടിമറിയ്ക്കപ്പെടുകയും പുഞ്ചിരി കുലീനമാം കള്ളമായി മാറുകയും ചെയ്യുന്ന ഒരു വ്യവസ്ഥ അവസാനമില്ലാതെ തുടരുന്നതില്‍ കലികൊണ്ട കവിതന്നെ മറ്റൊരു കാലത്ത് ഉഗ്രരൂപിയായി പ്രത്യക്ഷപ്പെട്ട് ഉലകിന്റെ മുഖമാകെ താറടിക്കാന്‍ മുതിരുന്ന ഒരു സാഹചര്യത്തേയും നാം കാണുന്നു :-
          ഓടയിലോടുമഴുക്കിന്റെ ചാലില്‍ നി
          ന്നീമണിമേട ഞാന്‍ താറടിക്കും
          നഗ്നചിത്രങ്ങള്‍ കരിയിലെഴുതിയീ
          മുഗ്ദഭാവങ്ങളെ മായ്ച്ചു വെയ്ക്കും
          വര്‍ണപ്പകിട്ടുകള്‍ കണ്ണാടിയിട്ടൊരീ
          ചില്ലുശില്പങ്ങള്‍ ഞാന്‍ തച്ചുടയ്ക്കും പ്രതിഷേധത്തിന്റെ ഈ കൊടുമ്പിരിക്കൊള്ളലില്‍ ഗതികെട്ട ഒരു മനുഷ്യാത്മാവിന്റെ പരിദേവനവുമുണ്ട്. കേവലം എതിര്‍പ്പിനു വേണ്ടിയുള്ള ഒരെതിര്‍പ്പല്ല അത്. നേരെ നടക്കുവാനുള്ള വഴികളെല്ലാംതന്നെ പരിചയപ്പെടുത്തിക്കൊടുത്തതിനുശേഷവും ഇരുളോരങ്ങളാണ് തങ്ങള്‍ക്ക് പഥ്യമെന്ന് പ്രഖ്യാപിച്ചവരോട് ഇനിയെന്തു ചെയ്യാനാണ് എന്ന നിരാശയില്‍ നിന്നാണ് ഒരു കുടം താറും ഒരു കുറ്റിച്ചൂലുമായി കവി തെരുവിലേക്ക് ഇറങ്ങുന്നത്. നേരെയാവില്ല എന്നുറപ്പിച്ചവരുടെ നേര് , നേരെ കാണുന്നതല്ല എന്നാണ് കരിപൂശുന്നതിലൂടെ കവി പ്രഖ്യാപിക്കുന്നത്.നിങ്ങളെത്ര വെളുക്കനെ ചിരിച്ചു പിടിച്ചാലും ഉള്ളിലെ കറുപ്പിന്റെ കൂര്‍ത്തമുനകള്‍ പുറത്തേക്കും കടന്നിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് , ആവില്ല നിങ്ങള്‍ക്കടക്കുവാനെന്റെയീ ഭാവങ്ങളീ മന്നിന്‍ ഭാവമത്രേ എന്ന അടിവരയുണ്ടാകുന്നത്.
          പക്ഷേ എത്ര പാടിയിട്ടെന്ത് ? എത്രയൊക്കെ കരിമഷിയില്‍ കുളിപ്പിച്ചാലുമെന്ത് ? ഇപ്പോഴും മണിമേടകള്‍‌ക്കൊരു മാറ്റവുമില്ല.എങ്കിലും കവി പ്രതീക്ഷയെ കളയാതെ കടയുന്നുണ്ട്, ആ കടച്ചിലില്‍ നിന്നും ഏതെങ്കിലും കാലത്ത് ഒരു അമൃത കുംഭം പുറപ്പെട്ടുപോരുമെന്ന് വിശ്വസിക്കുന്നുമുണ്ട്.
          എല്ലാക്കടയിലുമെല്ലാവിളിക്കുമണയുവാന്‍
          കാത്തുകൊണ്ടേതെങ്കിലും കടത്തിണ്ണയില്‍
          തന്‍‌തൊലി മാത്രമുരിഞ്ഞു പുതച്ചൊന്നുറങ്ങുവാന്‍
          ദുസ്വപ്നമെങ്കിലും കണ്ടൊന്നു ഞെട്ടുവാന്‍
          ഞെട്ടിയുണരുമ്പോഴേക്കും പുതിയൊരു
          സ്വപ്നം വിടരുമെന്നാശിച്ചു നില്പൂ ഞാന്‍ - ആ നില്പിലുമൊരു ആശ്വാസമുണ്ട്, അത്രമാത്രം!
         


മനോജ് പട്ടേട്ട് || 23 July 2020, 07.30 AM ||



Comments

Popular posts from this blog

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1