#ദിനസരികള്‍ 1195 - ഹഗ്ഗിയ സോഫിയ - ഏറ്റെടുക്കലുകള്‍ക്കപ്പുറം







            ഇസ്താംബൂളിലെ ഹഗ്ഗിയ സോഫിയ മുസ്ലിംമതവിശ്വാസികള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തു. ഇന്നലെ നടന്ന പ്രാര്‍ത്ഥനയില്‍ ഏകദേശം മൂന്നു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുകയും തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍‌ദോഗന്‍ നേരിട്ട് നേതൃത്വം നല്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
          ബൈസാന്റിയന്‍ കാലഘട്ടത്തോളം നീണ്ടു നില്ക്കുന്ന സുദീര്‍ഘമായ ഒരു ചരിത്രമാണ് ഈ ക്രൈസ്തവ ആരാധനാലയത്തിനുള്ളത്. പൌരസ്ത്യ റോമാസാമ്രാജ്യം അതിന്റെ പാരമ്യതയില്‍ എത്തി നിന്നിരുന്ന കാലത്താണ് ദേവാലയം പണികഴിപ്പിക്കപ്പെടുന്നത്. പിന്നീട് പലതവണ ദേവാലയത്തിനു നേരെ ആക്രമണങ്ങള്‍ നടന്നുവെങ്കിലും 550 ല്‍ കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിപ്പണിത ദേവാലയമാണ് ഇന്നുള്ളത്. പില്ക്കാലത്ത് പ്രസ്തുത ക്രൈസ്തവ ദേവാലയം മുല്സിം പള്ളിയാക്കി മാറ്റപ്പെട്ടു. ദീര്‍ഘകാലം ആ സ്ഥിതിവിശേഷം തുടര്‍ന്നെങ്കിലും അത്താത്തുര്‍ക്ക് എന്നറിയപ്പെടുന്ന കമാല്‍ പാഷയുടെ ഭരണകാലത്ത് , കൃത്യമായി പറഞ്ഞാല്‍ 1935 ല്‍, ആ ദേവാലയം ഒരു മ്യൂസിയമാക്കി മാറ്റി. ചരിത്രത്തോട് നീതി പുലര്‍ത്തിയെന്ന് അഭിമാനിക്കാവുന്ന ഒരു തീരുമാനമായിരുന്നു അത്.മറ്റൊരു മതത്തിന്റെ വിശ്വാസികള്‍ തങ്ങളുടെ ആരാധനയ്ക്കായി പണികഴിപ്പിച്ച ഇടം കൈയ്യടക്കുകയെന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന ചിന്തയുടെ ഫലമായിരുന്നു ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ കമാല്‍ പാഷയെ പ്രേരിപ്പിച്ചത്.
          മഹത്തായ ആ മതേതര പാരമ്പര്യത്തെ ആവോളം പിന്‍പറ്റിക്കൊണ്ടാണ് ഇന്നത്തെ പ്രസിഡന്റ് എര്‍‌ദോഗന്‍ തുര്‍ക്കിയിലെ അധികാര കേന്ദ്രങ്ങളിലേക്ക് വരുന്നത്. എ കെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് എത്തിയ അദ്ദേഹത്തിന്റെ ഒരു പ്രസ്താവന , തുര്‍ക്കിയുടെ മഹത്തായ മതേതര പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണ് എന്നായിരുന്നു. എന്നാല്‍ ഇന്നാകട്ടെ അദ്ദേഹം എല്ലാ യാഥാസ്ഥിതികതയോടും സമരസപ്പെട്ടു കഴിഞ്ഞിരിക്കുന്നു. തുര്‍ക്കിയിലെ പരമോന്നത കോടതിയുടെ വിധിയുണ്ട് എന്ന പേരിലാണ് രാജ്യത്തിന്റെ പ്രസിഡന്റു തന്നെ മുന്നിട്ടിറങ്ങി ലോക പൈതൃക പട്ടികയില്‍ പെട്ടിരിക്കുന്ന ഒരിടം ഏറ്റെടുക്കുന്നത്. അധികാരം നിലനിറുത്തുന്നതിനു വേണ്ടി മതതാല്പര്യങ്ങളുടെ സങ്കുചിത വളയങ്ങളിലേക്ക് തന്റെ കഴുത്തു കുടുക്കിക്കൊടുക്കുന്ന എര്‍‌ദോഗാന്‍ തുര്‍ക്കിയുടെ പാരമ്പര്യങ്ങളുടെ കടയ്ക്കലാണ് കത്തിവെയ്ക്കുന്നത്.
          സോഫിയ ഏറ്റെടുത്തതിനക്കുറിച്ച് പാമുക് പറഞ്ഞത് തുര്‍ക്കിയുടെ മതേതര പാരമ്പര്യങ്ങളുടെ അവസാനം എന്നാണ്. മാത്രവുമല്ല ഈ ഏറ്റെടുക്കല്‍ തുര്‍ക്കിയുടെ സ്ഥാപകന്‍ കൂടിയായ കമാല്‍ പാഷയുടെ ചിന്തകള്‍ക്ക് നേര്‍വിപരീതമാണെന്നും അദ്ദേഹം ആരോപിക്കുന്നു. എര്‍‌ദോഗാന്റെ പദ്ധതികള്‍ കാണുമ്പോള്‍ പതിയെപ്പതിയെ ഒരു മതാധിഷ്ഠിത രാജ്യത്തിലേക്കാണ് തുര്‍ക്കിയെ അദ്ദേഹവും കൂട്ടരും ആനയിക്കുന്നതെന്ന് വ്യക്തമാണ്.
          എന്തുതന്നെയായാലും ഇത്തരത്തിലുള്ള ഏറ്റെടുക്കലുകള്‍ മതങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹത്തേയും വിശ്വാസത്തേയും ദുര്‍ബലപ്പെടുത്തുന്നു.കേവലം സങ്കുചിതമായ താല്പര്യങ്ങള്‍ക്കു വേണ്ടി വിലകുറഞ്ഞ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതിലൂടെ താല്ക്കാലികമായി ചില വ്യക്തികള്‍ക്ക് ലാഭമുണ്ടായേക്കാം. രാജ്യത്തിന്റെ അന്തസ്സും അഭിമാനവും പരിഗണിക്കുമ്പോള്‍ ലോകത്തിന്റെ മുന്നില്‍ തലകുനിച്ച് നാണം കെട്ടു നില്ക്കേണ്ടിവരും  എന്ന കാര്യം വിസ്മരിച്ചു കൂടാ.അയോധ്യയിലെ ബാബറി മസ്ജിദ് തല്ലിത്തകര്‍ത്തപ്പോള്‍‌ ഇന്ത്യ ലോകത്തിന്റെ മുന്നില്‍ തലകുനിച്ചു നിന്നതുപോലെ
 .
മനോജ് പട്ടേട്ട് || 26 July 2020, 07.30 AM ||






Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1