#ദിനസരികള്‍ 353
കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ദുഖവെള്ളി സന്ദേശം അതീവ ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെങ്കിലും നാഴികക്ക് നാല്പതുവട്ടം ജനാധിപത്യത്തിന്റേയും നിയമവാഴ്ചയുടേയും പ്രധാന്യത്തെപ്പറ്റി പ്രഘോഷിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ പ്രസ്തുത വിഷയത്തില്‍ വേണ്ടത്ര ഉള്‍ക്കാഴ്ചയോടെ പ്രതികരിച്ചുവോ എന്നത് സംശയമാണ്.എന്തുകൊണ്ടാണ് അത്തരമൊരു മൌനത്തിലേക്ക് അവര്‍ വഴിയൊഴിഞ്ഞത് എന്നതിനെക്കാള്‍ എങ്ങനെയാണ് ആലഞ്ചേരിയുടെ നിലപാട് അപകടകരമാകുന്നത് എന്ന് പരിശോധിക്കുന്നതാണ് ഉചിതമെന്ന് കരുതുന്നു. രാഷ്ട്രനീതിയേയും ദൈവനീതിയേയും തൂക്കി നോക്കുമ്പോള്‍ വിശ്വാസികള്‍ പ്രാമുഖ്യം നല്കേണ്ടത് ദൈവ നീതിക്കാണെന്ന പ്രസ്താവനയില്‍ ഒരു വിശ്വാസിയെ സംബന്ധിച്ച് അസ്വാഭാവികമായി ഒന്നുമുണ്ടാവില്ലെന്നു മാത്രമല്ല , നല്ല വഴിയെ നടക്കാന്‍ കല്പിച്ച ദൈവത്തിന്റെ നിര്‍ദ്ദേശങ്ങളെ പിന്തുടരുന്നത് അവന് കൂടുതല്‍ ആശ്വാസപ്രദമായിരിക്കുകയും ചെയ്യും.എന്നാല്‍ അതൊരു വിശ്വാസിയെ സംബന്ധിച്ചും അവന്റെ ദൈവത്തിന്റെ നിയമത്തെ സംബന്ധിച്ചുമാണ്. ആ നി...