Saturday, July 15, 2017

#ദിനസരികള്‍ 94

     
മാര്‍ക്സ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ സാമ്രാജ്യത്വം അതിന്റെ ഉച്ചകോടിയിലെത്തിയിരുന്നില്ല.വിപ്ലവം എന്നത് ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയാണെന്ന് തൊഴിലാളികള്‍ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. എന്നാല്‍ ലെനിനാകട്ടെ സാമ്രാജ്യത്വകാലഘട്ടത്തിലും സമൂലമായ ഒരു പരിവര്‍ത്തനത്തിന് വേണ്ടി തൊഴിലാളികള്‍ സര്‍വാത്മനാ സജ്ജരാകുകയും 1917ലെ ഒക്ടോബര്‍ വിപ്ലവമുയര്‍ത്തിയ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ഘട്ടത്തിലുമാണ് പ്രവര്‍ത്തനം സംഘടിപ്പിച്ചത്. വിപ്ലവത്തിലേക്ക് കുതിക്കുകയും വിപ്ലവാനന്തര വെല്ലുവിളികളെ നേരിടുകയും ചെയ്ത ഒരു അനുഭവസമ്പത്തിന്റെ പശ്ചാത്തലം കൂടി  ലെനിനുണ്ട്. അതുകൊണ്ടാണ് ലെനിനിസം എന്നു പറയുന്നത് , തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിന്റെ പൊതുവായ അടവും നയവുമാകുമ്പോള്‍ത്തന്നെ തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യത്തിന്റെ നടത്തിപ്പുരീതി കൂടിയാകുന്നത്. ( Leninism is the theory and tactics of the proletarian revolution in general, the theory and tactics of the dictatorship of the proletariat in particular )

            ഇതെല്ലാം മനസ്സില്‍ വെച്ചാവണം മാര്‍ക്സിസത്തിന്റെ പിന്നീടുള്ള വികാസമാണ് ലെനിനിസം എന്ന് സ്റ്റാലിന്‍ പറയുന്നത്. പിന്നീട് എന്ന പ്രയോഗത്തിന്  ഒരുപാട് അര്‍ത്ഥതലങ്ങളുണ്ടെന്ന് നാം മനസ്സിലാക്കണം.അത് ഒരു തൊഴിലാളിവര്‍ഗ്ഗ വിപ്ലവത്തിലൂടെ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലേക്ക് വന്നുകയറുന്ന മാര്‍ക്സിയന്‍ സാമൂഹികമുന്നേറ്റങ്ങളെയാകമാനം സൂചിപ്പിക്കുന്നു. ഇക്കാലങ്ങളിലേയും സാമ്രാജ്യത്വഘട്ടങ്ങളിലേയും മാര്‍ക്സിസമാണ് ലെനിനിസം എന്ന് അസന്ദിഗ്ദമായി സ്റ്റാലിന്‍ പറയുന്നുണ്ട്. ലെനിനിസത്തിന്റെ സമരോത്സുകമായ വിപ്ലവാത്മകത്വം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.രണ്ടുകാരണങ്ങള്‍ ഈ സവിശേഷതക്ക് നിദാനമായി സ്റ്റാലിന്‍ പറയുന്നു ഒന്ന് , തൊഴിലാളി വിപ്ലവത്തില്‍ നിന്നും ഉരുവംകൊണ്ടുതുകൊണ്ട് അതിന്റേതായ പ്രത്യേകതകള്‍ സ്വഭാവികമായും ലെനിനിസത്തിലും കാണും എന്നുള്ളത് തീര്‍ച്ചയാണ്.രണ്ടാമത്തേത്  , രണ്ടാം ഇന്‍ര്‍നാഷണലിന്റെ അവസരവാദപരമായ സമീപനങ്ങളോടുള്ള പോരാട്ടമാണ്.മുതലാളിത്തത്തോടുള്ള സന്ധിയില്ലാത്ത സമരം എക്കാലത്തേയും അനിവാര്യതയാണ് എന്ന കാര്യത്തില്‍ ലെനിനിസത്തിന് സംശയമേതുമില്ല എന്നുമാത്രവുമല്ല , ആ പോരാട്ടമാണ് ലെനിനിസത്തെ ജീവിപ്പിച്ചു നിറുത്തുന്നത് എന്നു കൂടി പറയേണ്ടിരിക്കുന്നു.അതുകൊണ്ട് ലെനിനിസത്തില്‍ , നാം കണ്ടതുപോലെ സമരോത്സുകതയും വിപ്ലവാത്മകതയും മുന്നിട്ടു നില്ക്കുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണെന്ന് വന്നുകൂടുന്നു. ഈ രണ്ടു ധാരകളേയും സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടല്ലാതെ ഒരു കാലത്തും സാമ്രാജ്യത്വത്തിനെതിരെ ഇടതുപക്ഷത്തിന് സജീവമായ ഒരു മുന്നേറ്റം നടത്താന്‍ കഴിയില്ല.വിപ്ലവാത്മകതയിലോ സമരോത്സുകതയിലോ അയവുവരുത്തുന്ന പക്ഷം ഇടതുപക്ഷത്ത് കാലുകള്‍ വെക്കുകയും വലതുപക്ഷത്ത് ഇരിക്കുകയും ചെയ്യുന്ന ഒരു അവസരവാദപ്രസ്ഥാനമായി നാം മാറും.അതുകൊണ്ട് അവസരവാദത്തോടുള്ള നിഷ്കരുണമായ നിലപാടുകളാണ് ലെനിനിസത്തിന്റെ അന്തസത്ത എന്ന കാര്യം നാം മറക്കാതിരിക്കുക.

Friday, July 14, 2017

#ദിനസരികള്‍ 93


1878 ല്‍ ജനിച്ച ജോസഫ് സ്റ്റാലിന്‍ 1922 മുതല്‍ 1953 ല്‍ മരിക്കുന്നതുവരെ സോവിയറ്റു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യമുഖമായിരുന്നു. ഉരുക്കുമനുഷ്യന്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെട്ട സ്റ്റാലിന് , രണ്ടാംലോകമഹായുദ്ധത്തില്‍ നാസികളുടെ മുന്നേറ്റത്തിന് തടയിടാന്‍‌ കഴിഞ്ഞതോടെ സോവിയറ്റ് യൂണിയനെ ലോകത്തിലെതന്നെ പ്രധാനശക്തിയാക്കി മാറ്റാന്‍ കഴിഞ്ഞു. ജനകീയമുന്നേറ്റങ്ങള്‍ക്ക് വിഘാതമായി നില്ക്കുന്നവരെ നേരിടുന്നതില്‍ സ്റ്റാലിന് സവിശേഷമായ ഒരു രീതിയുണ്ടായിരുന്നു. സ്റ്റാലിനിസം എന്ന് പിന്നീട് അറിയപ്പെട്ട ആ രീതി സോവിയറ്റ് യൂണിയനെ അജയ്യ ശക്തിയായി അക്കാലങ്ങളില്‍ നിലനിറുത്താന്‍ സഹായകമായി.സ്റ്റാലിന്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതികളാണ് സോവിയറ്റ് യൂണിയനെ ഒരു കാര്‍ഷിക പ്രാധാന്യ സമൂഹത്തില്‍ നിന്ന് വ്യവസായവത്കരണത്തിലൂടെ ലോകശക്തിയാക്കി മാറ്റിയത്. റഷ്യയുടെ മുഖം മാറ്റിയെടുക്കുന്നതില്‍ സ്റ്റാലിന്റെ പങ്ക് അനിഷേധ്യമായിരുന്നു എങ്കിലും 1936 കളിലെ ഗ്രേറ്റ് പര്‍ജ്ജ് പോലെയുള്ള നീക്കങ്ങള്‍ മൂലം സ്റ്റാലിന് കടുത്ത വിമര്‍ശനങ്ങള്‍ കേള്‍‌ക്കേണ്ടിവന്നു. ലെനിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അവരോധിക്കപ്പെട്ട സ്റ്റാലിന്‍ , ലെനിനിസത്തെക്കുറച്ച് തന്റെ അനുയായികളില്‍ അവബോധമുണ്ടാക്കുന്നതിനായി എഴുതിയ പുസ്തകമാണ് The Foundations of Leninism. പ്രവര്‍ത്തനരംഗത്ത് ലെനിനിസ്റ്റ് സംഘടന തത്വങ്ങള്‍ എങ്ങനെ നടപ്പിലാക്കാമെന്നും ആ രീതിയുടെ പ്രാധാന്യമെന്തെന്നും വിവരിക്കുന്ന  പ്രസ്തുത പുസ്തകം , I.The Historical Roots of Leninism, II.Method,III.Theory, IV.The Dictatorship of the Proletariat, V.The Peasant Question,VI. The National Question,VII.Strategy and Tactics,VIII.The Party, IX.   Style in Work എന്നിങ്ങനെ ഒമ്പതുഭാഗങ്ങളായി വിഭജിച്ചാണ് വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്.

            അവതാരികയില്‍ത്തന്നെ ലെനിനിസം എന്ന വിശാലമായ ഒരു വിഷയം ഒരു പുസ്തകത്തിലേക്ക് ഒതുക്കുവാന്‍ അസാധ്യമാണ് എന്നും വിശദമായി പ്രതിപാദിക്കണമെങ്കില്‍ ഒരു പരമ്പര തന്നെ ആവശ്യമായി വരുമെന്നും സ്റ്റാലിന്‍ പറയുന്നുണ്ട്. എന്നിട്ടും ഈ പുസ്തകത്തിന്റെ പ്രസക്തി , ലെനിനിസമെന്ന പ്രായോഗികപദ്ധതിയുടെ വിവിധ വശങ്ങളിലേക്കുള്ള ചൂണ്ടുപലകയാകുന്നു എന്നതാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.മാര്‍ക്സിസ്റ്റായ ലെനിനെ മാര്‍ക്സില്‍ നിന്നും അടര്‍ത്തിമാറ്റി നിറുത്തിക്കൊണ്ടുള്ള ഒരു പഠനമല്ല ലെനിന്‍ നടത്തുന്നത് , മറിച്ച് ലെനിനെ മാര്‍ക്സിയന്‍ സങ്കല്പനങ്ങളുടെ വെളിച്ചത്തില്‍ വായിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. To expound Leninism means to expound the distinctive and new in the works of Lenin that Lenin contributed to the general treasury of Marxism and that is naturally connected with his name” എന്ന് അദ്ദേഹം പറയുന്നത് ഈ അടിസ്ഥാനത്തിലാണ്. (തുടരും )

Thursday, July 13, 2017

#ദിനസരികള്‍ 92


ഇന്നത്തെ ഫോക്കസ് മനോരമയില്‍ രമേഷ് എഴുത്തച്ഛന്‍ എഴുതിയ മീന്‍‌തൊട്ടു കൂട്ടാം എന്ന ലേഖനം , വയനാട്ടിലെ സമൃദ്ധമായ മത്സ്യസമ്പത്തുകളെക്കുറിച്ച് മനോഹരമായി പ്രതിപാദിക്കുന്നു.എന്നുമാത്രവുമല്ല , വയനാട്ടില്‍ ജനിച്ചുവളര്‍ന്ന് ജീവിക്കുന്ന എന്നെപ്പോലെയുള്ളവര്‍ ചുറ്റുപാടുകളില്‍ പുലര്‍ന്നുപോരുന്ന ഇതര ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരല്ല എന്ന് ഈ ലേഖനം ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറ എന്ന് വയനാടിനെ പുറത്തുനിന്നുള്ള പ്രകൃതിസ്നേഹികള്‍ പുകഴ്ത്തിപ്പറയുമ്പോള്‍ ശരിയാണ് എന്ന് വെറുതെ തലയാട്ടുകയല്ലാതെ , ഈ പ്രകൃതിയെക്കുറിച്ച് പഠിക്കുവാനോ ചെറിയതരത്തിലെങ്കിലും എന്തെങ്കിലും ധാരണ ഉണ്ടാക്കിയെടുക്കുവാനോ പുതിയ തലമുറ തയ്യാറാകുന്നില്ല എന്നത് വയനാടിന്റെ ശാപമാണ്. വികസനപ്ര വര്‍ത്തനങ്ങളെക്കുറിച്ചുണ്ടാകുന്ന ചര്‍ച്ചകളില്‍ നമ്മുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ച് നാം അജ്ഞരാണ്. പ്രകൃതിയെക്കുറിച്ചുള്ള ഈ ധാരണക്കുറവ്, സമീപഭാവിയില്‍ത്തന്നെ വയനാടിന്റെ ജൈവവ്യവസ്ഥിതിക്കും അതുവഴി മനുഷ്യജീവിതത്തിനും വലിയ വെല്ലുവിളിയായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.
            രമേഷ് എഴുതുന്നു പുഴമീന്‍ കറിയെക്കാള്‍ രുചിയാണ് പുഴമീന്‍ കഥകള്‍
ക്ക്. കടലില്ലാത്ത വയനാട്ടിലെ മീന്‍ കൌതുകങ്ങളുടെ ആഴവും പരപ്പും കേള്‍‌ക്കേണ്ടതുതന്നെണ്.പല അരുവികള്‍ ചേര്‍‌ന്നൊഴുകുന്ന ചെറുപുഴകളും പ്രധാനനദിയായ കബനിയുമെല്ലാം വൈവിധ്യമാര്‍ന്ന മത്സ്യങ്ങളുടെ താവളമാണ്. പല പലകാരണങ്ങളാല്‍ മത്സ്യങ്ങളുടെ അളവ് കുറഞ്ഞെങ്കിലും വൈവിധ്യത്തില്‍‌ കാര്യമായ കുറവില്ല.കേരളത്തില്‍ മാത്രമല്ല , ലോകത്തു അപൂര്‍വ്വമായ നിരവധി മത്സ്യഇനങ്ങള്‍ വയനാട്ടിലുണ്ട്. ഏകദേശം തൊണ്ണൂറോളം മത്സ്യങ്ങള്‍ ഇവിടെയുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഇത്രയധികം വൈവിധ്യപൂര്‍ണമായ മത്സ്യങ്ങള്‍ അധിവസിക്കുന്ന നമ്മുടെ തോടുകളേയും പുഴകളേയും അനുദിനം മലിനപ്പെടുത്താന്‍ നാം കാട്ടുന്ന വ്യഗ്രത ഒന്നു വേറെത്തന്നെയാണ്. അശാസ്ത്രീയമായി മണലുവാരിയും പുഴയുടെ കൈവഴികള്‍ നികത്തിയും മലിനജലം പുഴയിലേക്കൊഴുക്കിയുമൊക്കെ നാം നമ്മുടെ പ്രകൃതിസ്നേഹം വെളിപ്പെടുത്തുന്നു.

            ശുദ്ധജലമത്സ്യങ്ങളില്‍ ഒട്ടുമിക്കതും വയനാട്ടില്‍ കണ്ടുവരുന്നു. പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് ഇവ ഓരോ സ്ഥലത്തും അറിയപ്പെടുന്നത്. വയനാട്ടിലെ പ്രധാന ജലസ്രോതസ്സായ കബനിയെതന്നെയാണ് പ്രധാനമായും ഈ മത്സ്യസമ്പത്തിന്റെ ഭൂരിഭാഗവും ആശ്രയിക്കുന്നത്.മഴയുടെ അളവിലുണ്ടാകുന്ന വ്യതിയാനം വയനാട്ടിലെ ജൈവസമ്പത്തിനെന്ന പോലെ മത്സ്യമേഖലക്കും ഭീഷണി തന്നെയാണ്.അതോടൊപ്പം മനുഷ്യന്റെ ആര്‍ത്തിയും കൂടിയാകുമ്പോള്‍ പരിപൂര്‍ണമായ നാശത്തിലേക്കാണ് ഇവ കൂപ്പുകുത്തുന്നത് എന്ന് വ്യക്തമാണ്.പ്രാദേശികഭരണകൂടങ്ങള്‍ക്ക് ജനകീയ കൂട്ടായ്മയിലൂടെ ഈ മേഖലയില്‍ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാകും.ഈ വൈകിയ വേളയില്‍ ഇനിയെങ്കിലും നാം അതിനു തയ്യാറായി മുന്നിട്ടിറങ്ങണമെന്ന് രമേഷ് എഴുത്തച്ഛന്റെ ഈ ലേഖനം നമ്മോടു പറയുന്നു.

Wednesday, July 12, 2017

#ദിനസരികള്‍ 91


ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം എന്ന ബ്രെഹ്തിയന്‍ വചനത്തെ , സ്വന്തം ചോരകൊണ്ട് കുറിച്ചിട്ട വിദ്യാര്‍ത്ഥി സംഘടനയാണ് എസ് എഫ് ഐ. സമരപോരാട്ടങ്ങളുടെ കനല്‍ വഴികള്‍ ആ പ്രസ്ഥാനത്തിന് അന്യമായിരുന്നില്ല. നിലപാടുകളുടെ സത്യസന്ധതയും സമരോത്സുകമായ മുദ്രാവാക്യങ്ങളും സമരഭൂമികകളിലെ സമാനതകളില്ലാത്ത പ്രസ്ഥാനമായി എസ് എഫ് ഐയെ പരിവര്‍ത്തിപ്പിച്ചു. ആ തീക്ഷ്ണസമരങ്ങളുടെ ശലാകകളില്‍ അടിപതറി വെന്തെരിഞ്ഞ എത്രയോ ജനാധിപത്യവിരുദ്ധശക്തികളെ നാം കണ്ടുകഴിഞ്ഞു ? വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിന്റെ സഫലമായ ആ മുന്നേറ്റങ്ങള്‍ക്ക് കേരളത്തിലെ ജനത നന്ദി പറയുക തന്നെ വേണം.
            ഇങ്ങനെയൊക്കെയാണെങ്കിലും കാമ്പസുകളില്‍ നിന്ന് രാഷ്ട്രീയത്തെ തുടച്ചുമാറ്റുക എന്ന ആവശ്യത്തിന് ചൂട്ടുപിടിച്ച് മുന്നിട്ടിറങ്ങിയ മാനേജുമെന്റുകള്‍ക്ക് സ്തുതിപാഠകരായി നമ്മുടെ മാധ്യമങ്ങളടക്കം രംഗത്തുവന്നപ്പോള്‍ കാമ്പസുകളിലെ രാഷ്ട്രീയപ്രവര്‍ത്തനം അനിവാര്യമായ ഒരു സാമൂഹ്യമുന്നേറ്റത്തിന്റെ ഭാഗമാണെന്ന വസ്തുത നാം മറന്നു. കച്ചവടം മാത്രം ലക്ഷ്യം വെച്ച് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളുടെ ഇച്ഛക്കനുസരിച്ച് നാം നമ്മുടെ കാലുകളെ വെട്ടിമുറിച്ചു.പഠിക്കാന്‍ പോകുന്നവര്‍ പഠിച്ചാല്‍ മതി എന്ന ധാരണ പരത്താനും പകര്‍ത്താനും പ്രബുദ്ധരായ കേരളജനത മുന്നിട്ടിറങ്ങി എന്ന വസ്തുത , നവോത്ഥാനന്തര കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ജീവിതത്തില്‍ തീരാകളങ്കമായി മാറി. ചോദ്യം ചെയ്യുക എന്ന പ്രവണത തീരെ ഇഷ്ടപ്പെടാത്ത മാനേജുമെന്റുകള്‍ വിദ്യാര്‍ത്ഥികള്‍‌ക്കെതിരെ നടത്തുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുവാന്‍ കഴിയാതെയായതോടെ കേരളത്തില്‍ ജിഷ്ണുപ്രണോയിമാരുണ്ടായി. വിദ്യാര്‍ത്ഥികളുടെ ചോരയൂറ്റിക്കുടിച്ച് കൃഷ്ണപ്രസാദുമാരുണ്ടായി. കോളേജുകളില്‍ ഇടിമുറികളുണ്ടായി.
            കലാലയരാഷ്ട്രീയം നിരോധിച്ചതിനെ ഒരു കാലത്ത് സ്വാഗതം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിന്നീട് പരസ്യമായി പശ്ചാത്തപിക്കേണ്ടിവന്നത് നാം മറന്നുകൂടാ. താല്കാലികലാഭത്തിനപ്പുറം ജനഹിതത്തെ കടന്നുകാണാത്ത കോണ്‍ഗ്രസ് നേതൃത്വത്തിന് എക്കാലത്തും അമളികള്‍ പിണയുക എന്നത് സ്വാഭാവികമാണല്ലോ.പക്ഷേ ആ അമളികള്‍ക്ക് കേരളജനത വലിയ വിലയാണ് കൊടുക്കേണ്ടിവന്നത്. വിദ്യാഭ്യാസരംഗം യാതൊരു സാമൂഹികപ്രതിബദ്ധതയുമില്ലാത്ത മാനേജുമെന്റുകളുടെ കൈകളിലേക്ക് കൂപ്പുകുത്തി. കാമ്പസുകളില്‍ അരാജകത്വം നടമാടി. മയക്കുമരുന്നു മാഫിയകള്‍ ശക്തിപ്രാപിച്ചു. ജാതിമതസംഘടനകളുടെ കരാളഹസ്തങ്ങള്‍ നിരപരാധികളായ കുട്ടികളെ തേടിയെത്തി.വിധ്വംസകപ്രവര്‍ത്തനങ്ങളുടെ ഭൂമികയായി നമ്മുടെ കോളേജുകള്‍ മാറി.
            ഇവിടെയാണ് കാമ്പസുകളില്‍ സംഘടനാപ്രവര്‍ത്തനം അനുവദിക്കണമെന്ന എസ് എഫ് ഐയുടെ ആവശ്യത്തിന്റെ സാമൂഹികപ്രസക്തി നാം തിരിച്ചറിയേണ്ടത്. കലാലയങ്ങളിലെ സംഘടനകളുടെ സ്വാതന്ത്ര്യം എല്ലാ സാമൂഹികവിരുദ്ധപ്രവണതകളേയും മാനേജുമെന്റുകളുടെ വിധ്വംസകപ്രവര്‍ത്ത നങ്ങളേയും തടയാന്‍ ഉതകുന്നതാണ്. വിദ്യാര്‍ത്ഥിസമൂഹത്തിലെയടക്കം നിരുത്തവാദപ്രവണതകളെ എതിര്‍ക്കുക എന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത എസ് എഫ് ഐ പോലെ പുരോഗമനസ്വഭാവമുള്ള പ്രസ്ഥാനങ്ങളാകുമ്പോള്‍ സാമൂഹികപ്രതിബദ്ധത കൂടും എന്ന കാര്യത്തില്‍ സന്ദേഹത്തിന് അവകാശമില്ലതന്നെ.അതുകൊണ്ട് സംഘടനാ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള എസ് എഫ് ഐയുടെ സമരം ഇന്നലെയുടെ ദുഷ്പ്രവണതകളില്‍ നിന്ന് വിദ്യാര്‍ത്ഥിസമൂഹത്തെ മോചിപ്പിച്ചെടുക്കാനും ഒരു നല്ല നാളെ കെട്ടിപ്പടുക്കാനുമുള്ള ശ്രമമാണെന്ന ബോധം പൊതുസമൂഹത്തിലും പ്രത്യേകിച്ച് രക്ഷിതാക്കളിലും ഉണ്ടാകണം.ആ സമരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് ജനാധിപത്യപരമായ നമ്മുടെ കടമയാണെന്ന് നാം തിരിച്ചറിയണം. കോളേജുകള്‍ അടച്ചിടുകയും ഗുണ്ടകളെ ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കി കള്ളക്കേസുകളില്‍ കുടുക്കി വിദ്യാര്‍ത്ഥികളെ ജയിലിലടക്കുകയും ചെയ്യുന്ന മാനേജുമെന്റുകളുടെ ഭീഷണികള്‍ക്കു മുന്നില്‍ നാം ഇന്ന് മുട്ടുമടക്കിയാല്‍ പിന്നെ ഒരിക്കലും നമുക്ക് നിവര്‍ന്നു നില്ക്കുവാന്‍ കഴിയില്ല എന്ന വസ്തതു നാം മനസ്സിലാക്കണം.

            ഇന്നത്തെ ഒരു കോളേജല്ല നമ്മുടെ പ്രശ്നം. നാളെയുടെ ലോകത്തെ വാര്‍ത്തെടുക്കുന്ന ഒരു പുതുതലമുറയെയാണ് എന്ന് ചിന്തിക്കുന്നതിനാണ് നാം ശീലിക്കേണ്ടത്.

Tuesday, July 11, 2017

#ദിനസരികള്‍ 90


യാത്രയിലാണ്. നീയും ഞാനും അവനും അവളും പൂവും പുല്ലും പുഴുവും അനാദിയായ കാലത്തിലൂടെ , അജ്ഞാതതീരങ്ങളിലേക്കുള്ള യാത്രയിലാണ്.എപ്പോള്‍ തുടങ്ങി ? റിയില്ല. എപ്പോള്‍ ഒടുങ്ങും ? അതുമറിയില്ല. ഞാന്‍ നിന്റേയും നീ എന്റേയും കൈപിടിച്ചിരിക്കുന്നു. പരസ്പരം ഒരിക്കലും വേര്‍പിരിയാത്ത പോലെ . പക്ഷേ വെറുതെയാണ്. അടുത്തുതന്നെ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ഒരു ചുഴിയിലേക്ക് നിപതിക്കവേ നാം രണ്ടാവുന്നു. പിരിഞ്ഞ് രണ്ടുതീരങ്ങളിലേക്ക് കൂപ്പുകുത്തുന്നു. അനാദിയായ തീരങ്ങളിലേക്കുള്ള ഒഴുക്കിലെ തരികളാകുന്നു. അല്പകാലത്തിന് ശേഷം ഒരിക്കലും മറക്കില്ലെന്ന് , പിരിയില്ലെന്ന് അഭിമാനിച്ചവര്‍ , അഹങ്കരിച്ചവര്‍ പരസ്പരം മറന്നേപോകുന്നു.
            വാസനാബന്ധങ്ങളുടെ തീക്ഷ്ണത.ഉടലുവീഴുവോളം തുടരുന്ന ജാഗ്രത.വീണാല്‍ കഴിഞ്ഞു. തിലകംചാര്‍ത്തി , ചീകിയുമഴകായി പലനാള്‍ പോറ്റിയ പുണ്യശിരസ്സുകള്‍ ധൂളികളായി പൊടിഞ്ഞമരുന്നത് നാം എത്രയോ കണ്ടു. ഇനിയും എത്രയോ കാണാനിരിക്കുന്നു. എങ്കിലും ചൂടിയ കിരീടങ്ങള്‍ ഒരിക്കലും താഴെ വെക്കേണ്ടിവരില്ലെന്നും വെഞ്ചാമരങ്ങളും പട്ടുചാവട്ടകളും ചക്രവര്‍ത്തിപ്പട്ടങ്ങളും തനിക്കെന്നും അധീനമായിരിക്കുമെന്നും നാം ഊറ്റംകൊള്ളുന്നു. പഴുത്തിലകളുടെ ചിരിയുടെ ഗഹനത , പച്ചിലകള്‍ മനസ്സിലാക്കിവരുമ്പോഴേക്കും അവയും പൊഴിയാനായിട്ടുണ്ടാകും.
            എന്താണീ ജിവിതം ? അവ്യക്തമായൊരു
            സുന്ദരമായ വഴകിലുക്കം
            സംഗീതതുന്ദിലം നൈമിഷികോജ്ജ്വലം
            പിന്നെയോ ശൂന്യം പരമശൂന്യം - എന്ന കാഴ്ചപ്പാട് നമ്മുടെ ഈയല്‍ജീവിതങ്ങളുടെ ക്ഷണികത വെളിപ്പെടുത്തുന്നു. ഇത്തരമൊരു ക്ഷണികതയാണല്ലോ ജീവിതം എന്ന് വ്യസനിയാകാത്തവരുണ്ടാകുമോ? എത്രമാത്രം അര്‍ത്ഥപൂര്‍ണമാക്കാം എന്ന ചിന്തയാണ് നൈമിഷകമായ ജീവിതത്തിന് ഗതിവിഗതികളെ നിര്‍ണയിച്ചുകൊടുക്കുന്നത്. ഏതിരുട്ടിലും നാം കണ്ടെത്തുന്ന തേജോപുഞ്ജങ്ങള്‍ , കൈത്തിരികള്‍ , കാലടിപ്പാടുകള്‍ ഒക്കെ നമുക്ക് വഴികാട്ടികളാകുകയും പിന്നില്‍ തുടര്‍ന്നു വരുന്നവര്‍ക്ക് ഒരു പുല്ക്കണ വഴി അടയാളമായി നിക്ഷേപിക്കാന്‍ നമുക്ക് പ്രേരണയാകുകയും ചെയ്യുന്നു.അതില്‍പ്പരം ഒരാനന്ദമുണ്ടോ ? ഉണ്ടാവേണ്ടതുണ്ടോ ? എല്ലാ അറിവുകളേയും അവസാനിപ്പിച്ചുകൊണ്ട് , എല്ലാ അഹങ്കാരങ്ങളേയും അവസാനിപ്പിച്ചു കൊണ്ട് അവസാനം നാമൊക്ക അവശേഷിപ്പിച്ചു പോകുന്ന ഒരു പുല്ക്കണ മാത്രം ബാക്കിയാകുന്നു.മത്തടിച്ചു മദിച്ചാടി പുത്തന്‍കൂറ്റുകാരോട്   
           ഒരു മണ്ണടുപ്പാണീ മന്നിടം ; അതിനുള്ളില്‍
തിരുകിത്തീപൂട്ടിയ വിറകാണെല്ലാമെല്ലാം  - എന്ന് പറയാതിരിക്കുന്നതെങ്ങനെ ?

Monday, July 10, 2017

#ദിനസരികള്‍ 89


നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളം പ്രതീക്ഷിച്ചിരുന്നപോലെ ദിലീപ് എന്ന നായകന്‍ പ്രതിനായകനായി അറസ്റ്റുചെയ്യപ്പെട്ടു.താന്‍ വിശുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ദിലീപിന്റെ അമിതാവേശം സംശയത്തിന്റെ കണ്ണുകളില്‍ നിന്നും അയാളെ മുക്തനാക്കിയിരുന്നില്ല എന്നുമാത്രവുമല്ല കേരളത്തിലെ ജനങ്ങള്‍ക്ക് ദിലീപിന്റെ പുനര്‍വിവാഹവും അതിലേക്കു നയിച്ച നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളേയും അത്ര പെട്ടെന്ന് ഉള്‍‌ക്കൊളളാനും കഴിഞ്ഞിട്ടില്ല.ആയതിനാല്‍ ദിലീപ് എന്ന നടന്‍ അത്ര നിഷ്കളങ്കനല്ല എന്ന ധാരണയാണ് ജനങ്ങളിലുള്ളത്. ഈ പശ്ചാത്തലത്തില്‍ ദിലീപിന്റെ അറസ്റ്റ് കൂടിയാകുമ്പോള്‍ നാടന്‍ ശൈലിയില്‍ അയാള്‍ക്കങ്ങനെ വേണം എന്നു ചിന്തിക്കുന്നവരായി ജനങ്ങളില്‍ ഭൂരിപക്ഷവും മാറിയാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.എന്തായാലും കുറ്റവാളി അറസ്റ്റുചെയ്യപ്പെട്ടല്ലോ. ഇനി വേണ്ടത് കോടതയില്‍ നിന്നും ഊരിപ്പോകാതെ നോക്കലാണ്. ശക്തമായ തെളിവുകളുടെ സഹായത്തോടെ ഇനിയൊരിക്കലും മലയാളസിനിമയില്‍ ഇത്തരം പ്രവണതകള്‍ ആവര്‍ത്തിക്കപ്പെടാത്ത തരത്തിലുള്ള ശിക്ഷകൂടി വാങ്ങിക്കൊടുക്കാന്‍ നമ്മുടെ പോലീസിന് കഴിഞ്ഞാല്‍ അത് അവരുടെ കിരീടത്തിലെ എക്കാലത്തേയും മികച്ച ഒരു പൊന്‍തൂവലാകും.
            കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ദിലീപ് പ്രധാനപ്രതിയായി അറസ്റ്റുചെയ്യപ്പെടുന്നതോടെ അന്വേഷണം അവസാനിപ്പിച്ചുകൂടയെന്നുമാത്രവുമല്ല മലയാള സിനിമയില്‍ നിലനില്ക്കുന്ന പല അനാശാസ്യപ്രവണതകളേയും ഈ കേസ് തുറന്നുകാട്ടുന്നതിനാല്‍ അവയെക്കുറിച്ചൊക്കെ സമഗ്രമായ അന്വേഷണം പോലീസ് നടത്തേണ്ടതുമാണ്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ , മാഫിയാ കൊട്ടേഷന്‍ ബന്ധങ്ങള്‍ മയക്കുമരുന്നു വ്യാപാരങ്ങള്‍ , ലൈംഗികചൂഷണങ്ങള്‍ , വ്യക്തിഹത്യ  തുടങ്ങി എല്ലാ സാമൂഹ്യവിരുദ്ധസ്വഭാവങ്ങളും സിനിമാമേഖലയില്‍ കൊടികുത്തി വാഴുകയാണ്. ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ സിനിമാവ്യവസായംതന്നെ ഒരു അധോലോകപ്രവര്‍ത്തനമാണോയെന്ന് സംശയച്ചുപോയാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.സുനിക്ക് ദിലീപ് കൊടുക്കാമെന്നേറ്റിരുന്നത് അമ്പതുലക്ഷം രൂപയും തന്റെ ഡേറ്റുമാണത്രേ ! എന്നുവെച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് തുമ്പില്ലാതെ പോയിരുന്നുവെങ്കില്‍ ഈ പള്‍സര്‍ സുനി എന്ന കൊട്ടേഷന്‍കാരന്‍ മലയാളസിനിമയില്‍ നാളെയൊരു നിര്‍മാതാവോ സംവിധായകനോ ഒക്കെയായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും പരിലാളനകള്‍ ഏറ്റുവാങ്ങിയേനേ എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ഇപ്പോള്‍ ഈ മേഖലയില്‍ നില്ക്കുന്നവരില്‍തന്നെ എത്ര പേര്‍ ഇങ്ങനെയൊക്കെ വന്നതല്ലെന്ന് പറയാന്‍ കഴിയും ? താരസംഘടനയായ അമ്മയുടെ പ്രസിഡന്റുതന്നെ , സിനിമയിലെ അവസരങ്ങള്‍ക്കുവേണ്ടി കിടക്കവിരിച്ചുകൊടുക്കുന്ന നടിമാരുണ്ട് എന്ന് സമ്മതിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
            അതുകൊണ്ട് തിരശീലയിലെ വെള്ളിവെളിച്ചത്തില്‍ തുള്ളിക്കളിക്കുന്ന സൌന്ദര്യധാമങ്ങളുടെ ചായംപൂശിയ മുഖങ്ങള്‍ക്കുപിന്നിലെ ഇരുണ്ട ജീവിതങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ പോലീസ് തയ്യാറാകണം. മലയാള സിനിമാലോകത്തെ രക്ഷിച്ചെടുക്കുവാനുള്ള ഒരവസരമായി നടി ആക്രമിക്കപ്പെട്ട കേസ് മാറണം.


            

Sunday, July 9, 2017

#ദിനസരികള്‍ 88


ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ ഉള്ളതുപറഞ്ഞാല്‍ എന്ന പംക്തിയില്‍ ശതമന്യു എഴുതിയ കാക്കിക്കുള്ളിലെ കാവിഹൃദയം എന്ന കുറിപ്പ് സാക്ഷരകേരളത്തില്‍ ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയ സമകാലികസംഭവങ്ങളോടുള്ള കൃത്യമായ പ്രതികരണമാകയാല്‍ വളരെ പ്രസക്തമാണ്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തിലാകെ സമരപരിപാടികള്‍ സംഘടിപ്പിച്ച പ്രതിപക്ഷകക്ഷികളുടെ നേതാവ് കെ സുധാകരന്‍തന്നെ നെഹ്റു ഗ്രൂപ്പ് ചെയര്‍മാനും ജിഷ്ണു പ്രണോയിക്കേസില്‍ പ്രതിയുമായ കൃഷ്ണദാസിനെ രക്ഷിക്കാന്‍ ഇറങ്ങിയതും പ്രതിപക്ഷകക്ഷികളുടെ കണ്ണിലെ കൃഷ്ണമണിയായിരുന്ന സെന്‍ കുമാര്‍ എന്ന മുന്‍ ഡി ജി പിയുടെ തനിനിറം പുറത്തുവന്നതും അതോടൊപ്പം ശ്രീനിവാസന്റേയും ജോയിമാത്യുവിന്റേയും പുറംപൂച്ചൂകളേയും ശതമന്യൂ തുറന്നു കാണിക്കുന്നുണ്ട്.
ഇടതുപക്ഷത്തിനെതിരെ , സൂക്ഷ്മമായി പറഞ്ഞാല്‍ സി പി ഐ എമ്മിനെതിരെ ഏതെങ്കിലും തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നവരെ പാടിപ്പുകഴ്ത്തി നിഷ്കളങ്കരും സത്യസന്ധരുമാക്കി മാറ്റുന്ന മാധ്യമവൈതാളികത്വത്തിന്റെ കെട്ട സ്വഭാവം സെന്‍കുമാറിന്റെ വിഷയത്തില്‍ നാം കണ്ടതാണ്. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ അധികാരസ്ഥാനത്ത് തിരിച്ചെത്തിയ സെന്‍കുമാറിനെ മുഖ്യമന്ത്രിയുടെ പ്രതിയോഗിയായിപ്പോലും വാഴ്ത്തിപ്പാടിയ മാധ്യമങ്ങള്‍ നമുക്കുണ്ട്.എന്തുകൊണ്ടാണ് സെന്‍കുമാറിനെതിരെ പിണറായി സര്‍ക്കാര്‍ നടപടിയെടുത്തത് എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസങ്ങളില്‍ സെന്‍ കുമാര്‍ നടത്തിയ പ്രസ്ഥാവനകള്‍ മറുപടിയാകും. എന്നുമാത്രവുമല്ല , നിയമസഭയില്‍ സെന്‍കുമാറിന്റെ സംഘിസ്വഭാവം രമേശ് ചെന്നിത്തലയോട് പണ്ടേ തുറന്നു പറഞ്ഞ പിണറായി വിജയന്റെ നിലപാടുകളുടെ സത്യസന്ധതയേക്കാള്‍ മാധ്യമങ്ങള്‍ മുഖവിലക്കെടുത്തത് ചെന്നിത്തലയുടെ അടിസ്ഥാനരഹിതമായ രോദനങ്ങളായിരുന്നു എന്നത് മാധ്യമചരിത്രത്തിലെ തമാശയായി അവശേഷിക്കും.
ജിഷ്ണുപ്രണോയിയുടെ കേസില്‍ ഒരേ സമയത്ത് ഇരയുടെ പക്ഷത്തു നില്ക്കുന്നു എന്ന് തോന്നിപ്പിക്കുകയും വേട്ടക്കാരനൊപ്പം കൂത്താടുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ നേതാവ് കെ സുധാകരനെ നോക്കുക.കോണ്‍ഗ്രസുകാരനായ പ്രതിയെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ സുധാകരന്റെ സ്ഥാനത്ത് ഏതെങ്കിലും താഴേത്തട്ടിലുള്ള ഇടതുപക്ഷ അനുഭാവിയെ ഒന്ന് സങ്കല്പിച്ചു നോക്കുക.എങ്കില്‍ മാധ്യമങ്ങള്‍ കേരളം കത്തിക്കുമായിരുന്നില്ലേ ? ജിഷ്ണുവിന്റെ അമ്മയെമുന്നില്‍ നിറുത്തി രാഷ്ട്രീയ നാടകത്തിന് വേദിയൊരുക്കിയ കോണ്‍ഗ്രസ് നേതക്കാന്മാരുടെ ഉള്ളലിരുപ്പ് വെളിപ്പെട്ട സുധാകരന്‍ സംഭവത്തിന് ശേഷവും സ്വച്ഛശാന്തമായ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തിന് നല്ല നമസ്കാരം പറയാതെ വയ്യ.

ശതമന്യു പറയുന്ന മറ്റു രണ്ടു പുംഗവന്മാരെക്കൂടി കാണുക. ഒന്ന് നമ്മുടെ ശ്രീനിവാസനാണ്.നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ചും സിനിമാരംഗത്തെ ചൂഷണത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് എത്രയോ കാലമായി സിനിമയില്‍ ഉള്ള തന്നെ ആരും ഇതുവരെ ചൂഷണം ചെയ്തിട്ടില്ല എന്ന കലാകോവിദനായ ശ്രീനിവാസന്റെ മറുപടി , തന്റെ ഉള്ളിലെ പുഴുത്ത നാറിയ ചിന്താഗതി വ്യക്തമാക്കുന്നതാണ്. കുറഞ്ഞ നാളുകള്‍‌കൊണ്ട് വിപ്ലവമുന്നേറ്റങ്ങളുടെ അമരക്കാരനും സ്വയമൊരു മിശിഹയെന്ന് വിശേഷിപ്പിക്കുന്നവനുമായ ജോയി മാത്യുവിന്റെ അമ്മയിലെ മൌനവും ശതമന്യു വിചാരണചെയ്യുന്നുണ്ട്. സമരോത്സുകരെന്ന് സ്വയം നടിക്കുന്ന ഇത്തരം വിശുദ്ധവിഷങ്ങളെ ഇനിയെങ്കിലും തിരിച്ചറിയുകയും അകറ്റിനിറുത്തുകയും ചെയ്യുന്നില്ലെങ്കില്‍ വരാനിരിക്കുന്ന തലമുറകളോട് നാം ചെയ്യുന്നത് കൊടിയ പാതകമായിരിക്കും.