Posts

Showing posts from March 29, 2020

#ദിനസരികള്‍ 1084 “അപായപ്പെട്ട രാഷ്ട്ര ശരീരം” – ഐജാസ് അഹമ്മദ് സംസാരിക്കുന്നു

            ‘ ഇന്ത്യയുടെ രാഷ്ട്ര ശരീരം അപായപ്പെട്ടു കഴിഞ്ഞിരിക്കുന്നു ’ എന്ന പേരില്‍ ദേശാഭിമാനി വാരിക ഐജാസ് അഹമ്മദുമായുള്ള ഒരഭിമുഖം ഫെബ്രുവരി 16 , 2020 പ്രസിദ്ധീകരിച്ചിട്ടുണ്ട് ( 2019 ആഗസ്റ്റ് രണ്ടിന് A conversation with Aijaz Ahmad: ‘The state is taken over from within’ എന്ന പേരില്‍ ഫ്രണ്ട് ലൈന്‍ പ്രസിദ്ധീകരിച്ച അഭിമുഖമാണ് ദേശാഭിമാനി വാരിക മൊഴിമാറ്റിയിരിക്കുന്നത്.) ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് ഏതൊരു മതേതര മനസ്സിനുമുള്ള ആശങ്കകളാണ് ഐജാസ് അഹമ്മദും ഇവിടെ പങ്കുവെയ്ക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ചിന്തകള്‍ ഇടതുപക്ഷത്തോട് ഐക്യപ്പെടുന്ന ഒന്നാണ് എന്നതുകൊണ്ടുതന്നെ വിട്ടു വീഴ്ചയില്ലായ്മയും സത്യത്തോടുള്ള പ്രതിബദ്ധതയും കൂടുകയും കര്‍ക്കശവും തീക്ഷ്ണവുമായി മാറുകയും ചെയ്യുമെന്ന് നമുക്കറിയാം. ഈ അഭിമുഖവും അത്തരത്തില്‍ സത്യത്തോട് കണിശതയോടെ മുഖാമുഖം നില്ക്കുന്ന നിസ്വാര്‍ത്ഥനായ ഒരു ചിന്തകനെ നമുക്ക് കാണിച്ചു തരുന്നു.           രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍...

#ദിനസരികള്‍ 1083 സഹോദരന് അയ്യപ്പനും മോഡിയുടെ സ്തുതി പാഠകരും

കോടി സൂര്യനുദിച്ചാലും ഒഴിയാത്തൊരു കൂരിരുൾ തുരന്നു സത്യം കാണിക്കും സയൻസിന്നു തൊഴുന്നു ഞാൻ.        വെളിച്ചം മിന്നൽ ചൂടൊച്ച ഇവയ്ക്കുള്ളിൽ മറഞ്ഞിടും അത്ഭുതങ്ങൾ വെളിക്കാക്കും സയൻസിന്നു തൊഴുന്നു ഞാൻ.        ഇരുട്ടുകൊണ്ടു കച്ചോടം നടത്തുന്ന പുരോഹിതർ കെടുത്തീട്ടും കെടാതാളും സയൻസിന്നു തൊഴുന്നു ഞാൻ.       കീഴടക്കി പ്രകൃതിയെ മാനുഷന്നുപകർത്രിയായ്‌ കൊടുപ്പാൻ വൈഭവം പോന്ന സയൻസിന്നു തൊഴുന്നു ഞാൻ.        കൃഷി കൈത്തൊഴിൽ കച്ചോടം രാജ്യഭാരമതാദിയെ പിഴയ്ക്കാതെ നയിക്കുന്ന സയൻസിന്നു തൊഴുന്നു ഞാൻ.        ബുക്കുകൾക്കും പൂർവ്വികർക്കും മർത്ത്യരെ ദാസരാക്കിടും സമ്പ്രദായം തകർക്കുന്ന സയൻസിന്നു തൊഴുന്നു ഞാൻ.        അപൗരുഷേയ വാദത്താൽ അജ്ഞ വഞ്ചന ചെയ്തിടും മതങ്ങളെ തുരത്തുന്ന സയൻസിന്നു തൊഴുന്നു ഞാൻ.        സ്വബുദ്ധിവൈഭവത്തെത്താൻ ഉണർത്തി നരജാതിയെ ...

#ദിനസരികള്‍ 1082

          അസാധാരണമായ ചില സാഹചര്യങ്ങളില്‍ നമ്മുടെ ഉള്ളിലിരുപ്പ് പുറത്ത് വരും. അപ്പോള്‍ നമ്മുടെ ശരിയായ മുഖം എന്താണെന്ന് ലോകം കാണും.അതുവരെ ആളുകളെ പറഞ്ഞു വിശ്വസിപ്പിച്ചു പോന്നതിന് കടകവിരുദ്ധമായ ഒരു മുഖത്തെ കണ്ട് അവര്‍ ഞെട്ടും.നാറിപ്പുഴുത്തു അഴുകിയൊലിച്ചിറങ്ങുന്ന ഈ അധമനെയാണല്ലോ നാളിതുവരെ നാം പാടിപ്പുകഴ്ത്തിയതെന്നോര്‍ത്ത് അന്ന് അവര്‍ ലജ്ജിക്കും. കേരളത്തിലെ ജനതയ്ക്ക് പെട്ടെന്ന് മനസ്സിലാകുന്ന ഒരുദാഹരണം പഴയ ഡി ജി പി സെന്‍കുമാറാണ്. സംസ്ഥാന പോലീസ് മേധാവിയായിരുന്ന അയാളെ റിട്ടയര്‍മെന്റു സമയം വരെ ആരെല്ലാമാണ് പിന്തുണച്ച് എന്നു നോക്കുക. അയാള്‍ ലോകത്തെ സമര്‍ത്ഥമായി അക്കാലങ്ങളില്‍ പറ്റിച്ചു. തന്റെ യഥാര്‍ത്ഥ മുഖം മറച്ചു വെച്ചുകൊണ്ട് മറ്റൊരാളായി ജീവിച്ചു. ഇപ്പോള്‍ അയാള്‍ എന്താണെന്ന് നമുക്ക് മനസ്സിലാകുന്നു. ഇത്രയും നീചനായ ഒരുവനെയാണല്ലോ നാം പോലീസ് മേധാവിയായി അംഗീകരിച്ചാദരിച്ചതെന്നോര്‍ത്ത് തലയ്ക്കടിക്കുന്നു.           ടി പി സെന്‍കുമാറിനെപ്പോലെയാണ് നമ്മുടെ ചില മാധ്യമങ്ങളും. അവസരം വരുമ്പോള്‍...

#ദിനസരികള്‍ 1081 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - എ ഷോർട്ട് ഹിസ്റ്ററി ഓഫ് നിയർലി എവരിതിങ് – 3

1. തുടക്കം           നാം ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെക്കുറിച്ച് അറിഞ്ഞിട്ടേ ഇനി കാര്യമുള്ളു എന്ന വാശിയോടെ ഗോദയിലേക്ക് ഇറങ്ങുക. എന്താണ് ഈ പ്രപഞ്ചം ? എങ്ങനെയാണ് അതുണ്ടായി വന്നത് ? അതിനുമുമ്പ് എന്തായിരുന്നു ? എപ്പോഴാണ് തുടക്കം ? എങ്ങനെയാണ് ഒടുക്കം ? എന്താണ് ഇതിനു ശേഷമുള്ളത് ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണല്ലോ നമ്മുടെ കൈവശമുള്ളത്. ആ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടിയേ തീരൂ. അതുകൊണ്ടുതന്നെ ശരാശരിക്കാരനായ ഏതൊരു അന്വേഷകനേയും പോലെ നമ്മളും വിഖ്യാതരായ ശാസ്ത്രജ്ഞര്‍ എഴുതിയിരിക്കുന്ന പുസ്തകങ്ങളെയായിരിക്കും പ്രാഥമികമായും സമീപിക്കുക. ഇനിയാണ് തമാശ തുടങ്ങുക. ഒന്നുമറിയാത്ത നിങ്ങളെക്കാള്‍ ഒട്ടും സമര്‍ത്ഥന്മാരല്ല ആ വിഖ്യാതരായ ശാസ്ത്രജ്ഞന്മാര്‍ എന്നു തിരിച്ചറിയാന്‍ നമുക്ക് അധികം സമയമൊന്നും വേണ്ടിവരില്ല. എന്നാല്‍ നമുക്ക് അറിയില്ല എന്ന് നമ്മള്‍ പച്ചയായി പറയും ശാസ്ത്രജ്ഞന്മാരാകട്ടെ തങ്ങള്‍ക്ക് എന്തുകൊണ്ട് അറിയില്ല എന്ന് ശാസ്ത്രീയമായി പറയും. ഇതേയുള്ളു വ്യത്യാസം.           ഈ തമാശ മനസ്സിലാക്കാ...

#ദിനസരികള്‍ 1080 ഗണശത്രു അഥവാ ജനശത്രു

സത്യജിത് റേ ഗണശത്രു എന്ന സിനിമയുടെ ഇതിവൃത്തം കണ്ടെത്തിയിരിക്കുന്നത് ഹെന്‍റിക് ഇബ്സന്‍ 1882 ല്‍ പ്രസിദ്ധീകരിച്ച An Enemy of the People എന്ന നാടകത്തില്‍ നിന്നാണ്. ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ്, കൃത്യമായി പറഞ്ഞാല്‍ 1989 ല്‍ , റേ ഗണശത്രു സംവിധാനം ചെയ്യുന്നത്. പരമ്പരാഗത ധാരണകളേയും വിശ്വാസപ്രമാണങ്ങളേയും ശാസ്ത്രീയമായ കാഴ്ചപ്പാടുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ വസ്തുതാപരമായി തിരുത്തുവാന്‍ ശ്രമിക്കുന്ന അശോക് ഗുപ്ത എന്ന ഡോക്ടര്‍ നേരിടുന്ന വെല്ലുവിളികളാണ് റേ ഗണശത്രുവിലൂടെ ആവിഷ്കരിക്കപ്പെടുന്നത്. ലോകമാകെ പടരുന്ന മാരകമായ ഒരു പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ഭയം തീണ്ടിയിരിക്കുന്ന ഇക്കാലത്ത് ഈ സിനിമ നമുക്ക് ചില സന്ദേശങ്ങള്‍ നല്കുന്നുണ്ട്.           അതിവേഗം ഒരു മഹാനഗരമായി മാറുവാന്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്ന ബംഗാളിലെ ചാന്ദിപ്പുര്‍ എന്ന ചെറുപട്ടണത്തിലാണ് കഥ നടക്കുന്നത്. അവിടെ ഒരു ക്ഷേത്രമുണ്ട്.ആയിരക്കണക്കിനു ജനങ്ങളാണ് ഓരോ ദിവസവും അവിടേക്ക് എത്തുന്നത്. അധികാരികള്‍ക്ക് വലിയ തോതിലുള്ള വരുമാനമാണ് ആ ക്ഷേത്രത്തിലൂടെ ലഭിക്കുന്നതെന്ന് പ്രത്യേക...

#ദിനസരികള്‍ 1079 പോലീസും പൊതുജനങ്ങളും

പോലീസും പൊതുജനങ്ങളും           കേരള പോലീസിലെ ചിലരുടെ പെരുമാറ്റരീതികള്‍ വ്യാപകമായ വിമര്‍ശനത്തിന് വിധേയമാകുകയാണല്ലോ. ജനാധിപത്യത്തിനു ചേരാത്ത വിധത്തിലുള്ള പെരുമാറ്റം കൊണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ പോലും ഇക്കാലത്ത് വിവാദങ്ങളില്‍ പെടുന്നു. പോലീസിനെക്കുറിച്ചും നിയമത്തെക്കുറിച്ചും ജനങ്ങളില്‍ ശരിയായ ധാരണയുണ്ടാക്കുന്നതിനു പകരം ഭയമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശം കൊടുക്കുന്ന ചില ഉദ്യോഗസ്ഥരേയും ഇക്കാലത്ത് നാം തെരുവുകളില്‍ കണ്ടു. ഒന്നോ രണ്ടോ പേരാണ് പോലീസിനെ ഇങ്ങനെ മൊത്തത്തില്‍ പറയിപ്പിക്കുന്നതെന്നാണ് വസ്തുത.അത്തരത്തില്‍ പോലീസിന്റെ രണ്ടുതരത്തിലുള്ള സമീപനരീതികള്‍ വ്യക്തമാക്കുന്ന ഒരനുഭവ കഥ ഞാന്‍ കഥ പറയാം. ഇക്കഴിഞ്ഞ ദിവസം നടന്നതാണ്.           രണ്ടു ദിവസം മുമ്പ് ഉച്ചയ്ക്ക് എനിക്കൊരു ഫോണ്‍ വന്നു. അറിയാവുന്ന ആളാണ്. എടുത്തു. അദ്ദേഹത്തിന്റെ പെങ്ങള്‍ കല്പറ്റയിലെ ഒരാശു ശുപത്രിയില്‍ ചികിത്സയിലാണ്.അത്യാസന്ന നിലയിലാണ്. ഡോക്ടര്‍മാര്‍ വേണ്ടപ്പെട്ടവരെയൊക്കെ വിവരമറിയിച്ചോളാന്‍ പറഞ്ഞിരിക്കുന്നു. ക...

#ദിനസരികള്‍ 1078 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - ഇന്ത്യ എന്ന വിസ്മയം -2

ഇന്ത്യയും പ്രാചീന സംസ്കൃതിയും എന്ന ആമുഖം ആരംഭിക്കുന്നത് ഇന്ത്യയുടെ ഭൌമശാസ്ത്രപരമായ പ്രത്യേകതകളെ സൂചിപ്പിച്ചുകൊണ്ടാണ്. പ്രകൃതിതന്നെ കോട്ടകെട്ടിയ വടക്കനതിര്‍ത്തികള്‍ ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് ഇന്ത്യയെ വേറിട്ടു നിറുത്തുന്നുവെങ്കിലും അതൊരിക്കലും കടന്നു കയറാനാകത്ത വിധത്തില്‍ ദുര്‍ഗ്ഗടങ്ങളായില്ല. “ എല്ലാ കാലത്തും കുടിയേറ്റക്കാരും കച്ചവടക്കാരും ഒറ്റപ്പെട്ട ഉന്നത മലമ്പാതകള്‍ വഴി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നു.ഇതേ വഴികളിലൂടെ ഇന്ത്യക്കാര്‍ അവരുടെ സംസ്കൃതിയും വ്യാപാരവും അതിര്‍ത്തിക്ക് അപ്പുറത്തേക്ക് കടത്തുകയും ചെയ്തു.ഇന്ത്യ ഒരിക്കലും പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നില്ല “ എന്ന് ബാഷാം വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം പര്‍വ്വതങ്ങളുടെ പ്രാധാന്യം ഇന്ത്യയെ ഒറ്റപ്പെടുത്തുന്നതിലല്ല മറിച്ച്, ഇന്ത്യയുടെ സംസ്കൃതി തിടംവച്ചുപോന്ന തടങ്ങളെ കാത്തുപോന്ന നദികളുടെ പ്രഭവസ്ഥാനമെന്ന നിലയിലാണെന്നു കൂടി അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.ഇന്ന് ഭൂരിഭാഗവും പാകിസ്താനിലായിരിക്കുന്ന സിന്ധു നദീതടങ്ങള്‍ ഇന്ത്യന്‍ നാഗരികതകളുടെ കളിത്തൊട്ടിലായിരുന്നുവെന്ന് വിഖ്യാതമാണല്ലോ.        ...