Saturday, September 16, 2017

#ദിനസരികള്‍ 157


കമ്യൂണിസത്തിന് മതാത്മകതയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതില്‍ സമകാലികരായ എതിരാളികള്‍ ആത്മരതിയുടേതായ സുഖം അനുഭവിക്കുന്നുണ്ട് എന്ന് തോന്നാറുണ്ട്.കടുത്ത വിമര്‍ശനമാണെന്ന തെറ്റിദ്ധരിച്ചുകൊണ്ട് പല ലളിതബുദ്ധികളും ആക്ഷേപകരമായ ആ പരാമര്‍ശത്തെ വീണ്ടും വീണ്ടും ഉന്നയിക്കാറുമുണ്ട്. മതവും കമ്യൂണിസവും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും അങ്ങനെ പ്രവര്‍ത്തിക്കുവാന്‍‌ അടിസ്ഥാനമാക്കുന്ന സങ്കല്പനങ്ങളെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കാതെ താല്കാലികമായ ആശ്വാസത്തിന് ഒരു തെറി തുപ്പുന്ന ലാഘവത്തോടെയാണ് പലരും ഈ ആക്ഷേപം പുറത്തെടുക്കാറുള്ളത്. പക്ഷേ പരിണതപ്രജ്ഞനെന്ന് കരുതപ്പെടുന്ന ആനന്ദിനെപ്പോലെയുളള ഒരാള്‍ അത്തരമൊരു ആക്ഷേപത്തെ ആവര്‍ത്തിക്കുമ്പോള്‍ ഗര്‍ഹണീയമെന്നല്ലാതെ മറ്റെന്താണ് പറയുക? മതാധിഷ്ടിതകൌടില്യങ്ങളുടെ കെട്ടിയേറ്റങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ ജാഗ്രത പാലിക്കേണ്ട ഘട്ടത്തില്‍ മതേതരത്വമെന്ന മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാമുഹികപ്രസ്ഥാനങ്ങളെ , എന്തൊക്കെ വീഴ്ചകളുണ്ടെങ്കിലും സംശയത്തിന്റെ കള്ളികളിലേക്ക് വലിച്ചിടുക എന്നത് ഫാസിസത്തിന്റെ തേരോട്ടങ്ങള്‍ക്ക് ശക്തിപകരുവാനല്ലേ സഹായിക്കുക ?
            പ്രോട്ടോഫാസിസത്തിന്റെ കാലത്ത് മതരഹിതമൂല്യങ്ങളെ ആകമാനം സംശയത്തിന്റെ കണ്ണുകളില്‍ പെടുത്തി ഒറ്റപ്പെടുത്തിയെടുക്കുവാനുള്ള സംഘടിതശ്രമങ്ങള്‍ ഇന്ത്യയൊട്ടാകെ നടന്നിരുന്നു.അതിന്റെ ഫലമായി എല്ലാം കണക്കാണ് എന്ന ഒരു ചിന്ത സമുഹത്തിലാകമാനം വ്യാപരിപ്പിക്കുവാന്‍ തല്പരകക്ഷികള്‍ക്ക് കഴിഞ്ഞു.എല്ലാം കണക്കാണെങ്കില്‍പ്പിന്നെ ഞങ്ങളായാലെന്ത് ? എന്ന ചോദ്യമുയര്‍ത്തുകയാണ് ഈ പ്രചണ്ഡമായ പ്രചാരണഘോഷങ്ങളുടെ രണ്ടാംഘട്ടം. ആ രണ്ടാംഘട്ടം പ്രോട്ടോഫാസിസത്തിന്റെ അഥവാ ഉര്‍ - ഫാസിസത്തിന്റെ അവസാനവും ഫാസിസത്തിന്റെ തുടക്കവുമാണ്.ഇവിടെനിന്നാണ് ഫാസിസം അതിന്റെ തനതായ വലകള്‍ നെയ്തുതുടങ്ങുന്നത്.സ്വച്ഛവും സ്വതന്ത്രവുമായ ഒരു സമൂഹത്തില്‍ സംശയങ്ങള്‍ ഉണ്ടാക്കുകയും ആ സംശയങ്ങളെപ്രതി ചേരിതിരിക്കുകയും ചെയ്തുകൊണ്ടാണ് ഫാസിസം ഞങ്ങളാണ് കൂട്ടത്തില്‍ കേമന്‍ എന്നു സ്ഥാപിക്കുന്നത്.അങ്ങനെ സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുന്നത് എന്തൊക്കെ ഘടകങ്ങളെ കൂട്ടുപിടിച്ചാണെന്ന് ഉമ്പര്‍‌ട്ടോ എക്കോ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇതൊന്നും ആനന്ദിന് അറിയാതിരിക്കില്ല എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

            അതുകൊണ്ട് സംശയങ്ങളെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് പ്രവണതകളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയേയുള്ളു എന്ന് ആക്ഷേപങ്ങളെ അന്ധമായി ഉന്നയിക്കുന്നവര്‍ മനസ്സിലാക്കണം.അടിത്തറയുള്ള വിമര്‍ശനങ്ങളെ നേരിടുന്നതിന് ഇടതുപക്ഷത്തിന് ശേഷിയും ശേമുഷിയുമുണ്ട്. വിമര്‍ശനങ്ങളെന്നു തെറ്റിദ്ധരിച്ചുകൊണ്ടു ഉന്നയിക്കുന്ന ആക്ഷേപങ്ങളെന്ന അടുക്കളക്കുശുമ്പുകളെ തള്ളിക്കളയാതിരിക്കുന്നതെങ്ങനെ ?”ജയ് ശ്രീറാം എന്നോ അല്ലാഹു അക്ബര്‍ എന്നോ സത് ശ്രീ അകാല്‍ എന്നോ ഹല്ലേലുയോ എന്നോ ഒക്കെപ്പോലെയുള്ള ഒരു മുദ്രാവാക്യമല്ല ഈങ്കുലാബ് സിന്ദാബാദ് എന്ന് ആനന്ദ് മനസ്സിലാക്കണം.അതിനു കഴിഞ്ഞില്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ ഫാസിസംവിരിച്ച വലയില്‍ ചെന്നു വീണുകൊടുക്കുന്നതിന് തുല്യമാകും. (ലേഖനം മലയാളം വാരികയില്‍, സെപ്തം 18 2017 )

Friday, September 15, 2017

#ദിനസരികള്‍ 156


തങ്ങള്‍ സമാധാനമല്ല യുദ്ധമാണ് ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങള്‍ ലോകരാഷ്ട്രങ്ങളെ ആശങ്കപ്പെടുത്തുകയും മറ്റൊരു മഹായുദ്ധത്തിനുള്ള സാധ്യതയെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതാണ്.കഴിഞ്ഞ ദിവസം പെസഫിക്ക് സമുദ്രത്തിലേക്ക് വിക്ഷേപിക്കപ്പെട്ട കൊറിയന്‍ മിസൈല്‍ 700 കിമി ഉയരത്തില്‍ പറന്ന് 1200 കിമി സഞ്ചരിച്ചാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. സുനാന്‍ വിമാനത്താവളത്തില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കേവലമൊരു പരീക്ഷണം എന്നതിലുപരി ലോകത്തോടുള്ള വെല്ലുവിളിയായിരുന്നു. കൊറിയയുടെ സഖ്യകക്ഷിയായ ചൈന പോലും ശക്തമായ ഭാഷയിലാണ് ഈ നീക്കത്തിനെതിരെ പ്രതികരിച്ചത്.ഒരു ആണവ ശക്തി എന്ന നിലയില്‍ ലോകജനതയോടു കാണിക്കേണ്ടുന്ന ഉത്തരവാദിത്തത്തിന്റെ നഗ്നമായ ഈ ലംഘനം ഒരു കാരണവശാലും ന്യായീകരിക്കപ്പെടേണ്ടതല്ല.
            ഉത്തരകൊറിയയുടെ നേതാക്കളുടെ ചിന്താഗതി വിചിത്രമാണ്. പ്രകോപനപരവും ഇതരരാജ്യങ്ങളുടെ പരമാധികാരത്തിനുമുകളിലുള്ള കടന്നുകയറ്റവും എത്രനാള്‍ തുടര്‍ന്നുപോകുവാന്‍ അനുവദിക്കപ്പെടുമെന്ന് നിശ്ചയമില്ല. ഇനി കാത്തിരിക്കില്ല എന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പ്രഖ്യാപിച്ചുകഴിഞ്ഞു.കൊറിയയുമായി ഒരു യുദ്ധം ആസന്നമാണെന്നാണ് അമേരിക്കയുടെ നിലപാട്. ആ രാജ്യമാകെത്തന്നെയും ഉ.കൊറിയയുടെ മിസൈല്‍ പരിധിയില്‍ വന്നു കഴിഞ്ഞു.തങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്ന സജീവമായ ഈ ഭീഷണി അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചുകഴിഞ്ഞാല്‍ നാം കാണാന്‍ പോകുന്നത് മൂന്നാംലോകമഹായുദ്ധമായിരിക്കും.പക്ഷേ ആരു വിജയിക്കും എന്നു എന്ന പ്രവചനം ശരിയായിരിക്കുമോയെന്ന് പരിശോധിക്കാന്‍ മനുഷ്യകുലം ഇവിടെ അവശേഷിക്കയില്ലെന്നു മാത്രം.

             ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും സ്വയം നിയന്ത്രിത ആയുധങ്ങളുമായിരിക്കും ഇനിയുള്ള യുദ്ധത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുകയെന്ന കാര്യം സുവ്യക്തമാണ്.ആദ്യം ആര് എത്ര വേഗതയോടെ ആയുധങ്ങളെ ഉപയോഗിക്കുന്നുവോ അവര്‍ മേല്‍ക്കൈ നേടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ പഴയകാലയുദ്ധങ്ങളുടെ മുറകളൊന്നും തന്നെ പാലിക്കപ്പെടില്ല. അവസാനത്തേക്കു കരുതിവെച്ച ആയുധങ്ങള്‍ ആദ്യമേതന്നെ ഉപയോഗിക്കപ്പെട്ടേക്കാം.ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഭംഗിവാക്കൊക്കെ ഒരു യുദ്ധസാഹചര്യത്തില്‍ അവഗണിക്കപ്പെടും എന്ന കാര്യം തീര്‍ച്ച.ഉ.കൊറിയ അത്തരമൊരു ആണവരാഷ്ട്രമാണെന്നതുകൊണ്ടാണ് കാര്യങ്ങള്‍ ഇപ്പോഴും ഒരു യുദ്ധത്തിലേക്ക് കലാശിക്കാതെ പോകുന്നത്. അത് പക്ഷേ ഇതരരാഷ്ട്രങ്ങളുടെ ദൌര്‍ബല്യമാണെന്ന് തെറ്റിദ്ധരിച്ച് കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്നതില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ ലോകമഹായുദ്ധത്തിന്റെ കാരണക്കാര്‍  ഉ.കൊറിയയായിമാറും.യുദ്ധമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ നിന്ന് ഉ.കൊറിയ പിന്മാറുകതന്നെ വേണം.

Thursday, September 14, 2017

#ദിനസരികള്‍ 155


പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം” എന്നെഴുതിയപ്പോള്‍ കല്പനാവൈഭവമെന്ന വിസ്മയത്തിന്റെ ഏതേതു വിതാനങ്ങളിലായിരിക്കും കവിയുടെ തൂലിക തൊട്ടുനിന്നിട്ടുണ്ടാകുക എന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത പ്രകര്‍ഷത്തിന്റെ പ്രവാഹങ്ങളിലേക്ക് തന്നെ പിന്‍പറ്റുന്നവരെ നയിക്കുന്ന, സൃഷ്ടിയുടെ മാസ്മരികമായ നിമിഷങ്ങളുടെ  അസാമാന്യശോഭയിലാണ് കവിയും കവിതയും അനശ്വരതയിലേക്ക് ഉയരുന്നത്. ലോകമാകെ പ്രസരിച്ചിരിക്കുന്ന പ്രഭാപടലങ്ങള്‍തന്നെയാണ് ഒരു തുള്ളിയേയും തിളക്കമുറ്റതാക്കുന്നത് എന്ന ബോധം സഹജീവികളോടും പ്രകൃതിയോടുതന്നെയും സൌമനസ്യത്തോടെ ഇടപെടുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു.സഹാനുഭൂതി എന്ന വികാരം ഔദാര്യമല്ലെന്നും കൊടുക്കുകയും കൊള്ളുകയും ചെയ്യേണ്ട ഒരു പാരസ്പര്യമാണെന്നുമുള്ള ബോധത്തിന്റെ രൂപീകരണത്തിന് കവി സൃഷ്ടിക്കുന്ന ഇത്തരം നിമിഷങ്ങള്‍ കാരണമാകുമെങ്കില്‍ അത്തരമൊരു   നിമിഷത്തെയാണ് പൂര്‍‌ണം എന്ന കവിതയിലൂടെ സച്ചിദാനന്ദന്‍ നമുക്ക് സൃഷ്ടിച്ചുതന്നിരിക്കുന്നത്.(മാതൃഭൂമി ആഴ്ചപ്പതിപ്പ് , 2017 സെപ്‌റ്റംബര്‍ 16)
            ഉള്ളുലയ്ക്കുന്ന ഒരന്തരീക്ഷത്തെ ഇക്കവിതയിലെ ആദ്യവരികളിലേക്കുതന്നെ  ആവാഹിച്ചെടുക്കാന്‍ സച്ചിദാനന്ദന്‍ കാണിച്ച വൈഭവം അസാമാന്യമാണെന്ന് പറയാത വയ്യ.വിശ്വത്തോളം വ്യാപിച്ചു നില്ക്കുന്ന സൌമനസ്യത്തിന്റെ അസാധാരണമായ ഒരു ബോധത്തില്‍ നിന്നുകൊണ്ടായിരിക്കണം സച്ചിദാനന്ദന്‍ ഈ കവിത എഴുതിയത്.നോക്കുക
            പൂര്‍ണമാക്കരുതൊരു
            ചുവരും വിടവുകള്‍
            വേണമേയുറുമ്പിനും
            പാറ്റക്കും ചിതലിനും
            പൂര്‍ണമാക്കരുതൊരു
കതകും , കടക്കണം
ഗൌളികള്‍ , കിളികളും
പൂക്കള്‍ തന്‍ മണങ്ങളും
ഭൂമിയുടെ അവകാശികളായി ബഷീര്‍ പ്രഖ്യാപിച്ച പാറ്റയും പഴുതാരയുമടക്കമുള്ള ജീവിവര്‍ഗങ്ങള്‍ ഇവിടെ നമുക്കൊപ്പം ജീവിക്കുന്നതിനെ ചോദ്യം ചെയ്തുകൂട എന്നും സംസ്കാരമുള്ള ഇരുകാലിമൃഗങ്ങള്‍ അവയെ സൌമനസ്യത്തോടെ ഉള്‍‍ക്കൊള്ളണമെന്നുമുളള ചിന്ത മാത്രമല്ല ഈ കവിതയെ വ്യത്യസ്തമാക്കുന്നത്. മറിച്ച് സ്വയം പൂര്‍ണമല്ലാത്ത ഓരോന്നിനും മറ്റൊന്നിനോട് കൂടിച്ചേരുമ്പോഴാണ് പൂര്‍ണത കൈവരുന്നത് എന്ന് ഈ കവിത നമ്മെ ബോധിപ്പിക്കുന്നു. അതുകൊണ്ടാണ്
            പൂര്‍ണമല്ലൊരു പൂവും
            പുഴയും കുരുവിയും
            ചേര്‍ത്തിടാമൊരിതള്‍
            ഒരല്പം നീര്‍ ഒരു തൂവല്‍ - എന്ന് കവി പറഞ്ഞുവെക്കുന്നത്.സ്വയംപൂര്‍ണമായിട്ട് ഒന്നുമില്ലെന്നും ഒന്നിനോടൊന്നുകൂടി ചേരുക എന്നത് പ്രകൃതിസഹജമാണെന്നും അതുനിഷേധിക്കുക വഴി നാം കിരാതത്വത്തെ പൂണുകയാണെന്നുമുള്ള ഈ കവിദര്‍ശനത്തെ മനുഷ്യകുലം പിന്‍പറ്റേണ്ടത് സമകാലികമായ അനിവാര്യതയാണ്.

Wednesday, September 13, 2017

#ദിനസരികള്‍ 154


ഞാനൊരു കമ്യൂണിസ്റ്റാണോ ? അല്ല. മാര്‍ക്സിസ്റ്റാണോ ? അല്ല.സോഷ്യലിസ്റ്റ് ? അതുമല്ല.ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട് മേല്‍പ്രസ്ഥാവിച്ച മഹത്തായ തത്വചിന്തകള്‍ മുന്നോട്ടുവക്കുന്ന ഗുണങ്ങളില്‍ ഭൂരിപക്ഷവും എന്നില്‍ കണ്ടെത്താന്‍ കഴിയില്ല.ആ ചിന്തകള്‍ വിഭാവനം ചെയ്യുന്ന മാനവികതയില്‍ നിന്ന് , സാമൂഹിക സാമ്പത്തിക സാംസ്കാരിക സരണികളില്‍ നിന്ന് ഏറെ ദൂരെയാണ് എന്റെ കാലടികള്‍ കുത്തിനില്ക്കുന്നത്.മനുഷ്യദുഖത്തിന്റെ മൂലകാരണങ്ങളെ തേടിപ്പിടിച്ച് ഉന്മൂലനം ചെയ്യുന്നതിനും വര്‍ഗ്ഗരഹിത സമൂഹത്തിന്റെ പക്ഷപാതരഹിതമായ മുദ്രാവാക്യങ്ങളെ അര്‍ഹിക്കുന്ന വിധത്തില്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നതിനും  സ്വജീവിതത്തെ നിരാകരിച്ച് അപരജീവിതങ്ങളുടെ സന്തോഷങ്ങളില്‍ അഭിരമിക്കുന്നതിനും എനിക്ക്  കഴിയാറുണ്ടോ? അങ്ങനെ ജീവിക്കുകയും പരസുഖത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത മനുഷ്യപ്രേമികളായ മഹാരഥന്മാരുണ്ടാക്കിവെച്ച വഴിത്താരകളിലൂടെ സസുഖം നടന്നുപോകുക എന്നതല്ലാതെ വഴിവെട്ടിയവന്റെ കഷ്ടനഷ്ടങ്ങളെക്കുറിച്ചോ ഈ വഴി വരാന്‍ പോകുന്ന തലമുറക്കുകൂടി അവകാശപ്പെട്ടതാണ് എന്നല്ല, മുഴുവന്‍ മനുഷ്യകുലത്തിനും അവകാശപ്പെട്ടതാണ് എന്നോ ഞാന്‍ ആലോചിക്കാറേയില്ല. എന്നുവെച്ചാല്‍ ഞാന്‍ എന്നെ എന്നിലേക്ക് എത്രമാത്രം വലിച്ചടുപ്പിക്കാന്‍ കഴിയുമോ അത്രത്തോളം അടുപ്പിച്ചുവെച്ചിരിക്കുന്നു.എന്റെ ശബ്ദത്തോളം സുഖദമായ മറ്റൊരു ശബ്ദം ഇനിയും കണ്ടെത്തിയിട്ടില്ല എന്നാണെന്റെ വിചാരം!
            ആനന്ദ് ഏതോ ലേഖനത്തില്‍ പറഞ്ഞതുപോലെ ചായപ്പണികളുടേയും നൃത്തസംഗീതങ്ങളുടേയും സന്ധ്യ അവസാനമില്ലാതെ നീണ്ടുപോകണമെന്നില്ല. മിനുക്കുകള്‍ മാത്രമല്ല , കത്തിയും കരിയും അരങ്ങത്തുവരാനുണ്ട്.സുഖങ്ങളുടെ ശീതളച്ഛായകളില്‍ നിന്ന് മിന്നുന്ന വെയിലിലേക്ക് ഉണര്‍‌ന്നെഴുന്നേല്ക്കുമ്പോള്‍ മാത്രമായിരിക്കും എനിക്കു കൂടെ വന്നവരൊക്കെ വഴിപിരിഞ്ഞുകഴിഞ്ഞു എന്ന് ഞാന്‍ മനസ്സിലാക്കുക.അപ്പോഴേക്കും നമുക്കുള്ള അവസാനകാഹളം മുഴങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.

            പറഞ്ഞുവരുന്നത് , വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയും സ്വയം നവീകരിക്കപ്പെടുകയും ചെയ്യേണ്ടുന്നതിന്റെ ആവശ്യകത മറ്റേതുകാലത്തേക്കാളും ഇക്കാലങ്ങളില്‍ അനുപേക്ഷണീയമായ അനിവാര്യതയാണ് എന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട് എന്നാണ്.പറയുന്ന ഇസത്തിന്റെ പരിപൂര്‍ണമായ ആവിഷ്കാരം അസാധ്യമാണെങ്കിലും അല്പസ്വല്പം നീതിപുലര്‍ത്തിപ്പോകുക എന്നത് മാതൃകകളുടെ അസാന്നിധ്യത്താല്‍ അതിപ്രധാനമായ ഒരു വസ്തുതയാണ്. വഴി ഒന്നേയുള്ളു. നവീകരിക്കുക. പിന്നേയും പിന്നേയും നവീകരിക്കുക.നടക്കാന്‍ പഠിക്കുന്ന കുഞ്ഞുങ്ങളെന്ന പോലെ വീഴുക എഴുന്നേല്ക്കുക നടക്കുക. വീണ്ടും വീണ്ടും വീഴട്ടെ. ആത്യന്തികമായി നടക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനാണ് വീഴ്ചകള്‍ ഉപകരിക്കുന്നതെങ്കില്‍ എത്രതവണ വീണാലെന്ത് ? ചോര പൊടിഞ്ഞാലെന്ത് ?അനുദിനം സ്വയം നവീകരിക്കപ്പെടുകയും വീഴ്ചകള്‍ പറ്റിയാലും മാര്‍ക്സിസവും കമ്യൂണിസവുമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെ മഹാവീഥിയിലേക്ക് ചെന്നെത്തിപ്പെടുക എന്ന ആത്യന്തികലക്ഷ്യം സാധിക്കപ്പെടുകയും ചെയ്യുമെങ്കില്‍ വേറെന്തു ധന്യത ?അതുതന്നെയാകട്ടെ ലക്ഷ്യവും. 

Tuesday, September 12, 2017

#ദിനസരികള്‍ 153ജി മധുസൂദനന്‍ എഴുതിയ ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ , ,അദ്ദേഹംതന്നെ എഡിറ്റുചെയ്ത ഹരിതനിരൂപണം മലയാളത്തില്‍ എന്നീ പുസ്തകങ്ങള്‍  ഹരിതനിരൂപണം , പാരിസ്ഥിതിക വിമര്‍ശനം എന്നൊക്കെ അറിയപ്പെടുന്ന Ecocriticism എന്ന വിമര്‍ശനപദ്ധതി , നമ്മുടെ ഭാവുകത്വപരിസരങ്ങളെ വിലയിരുത്തുന്ന വിധം ചര്‍ച്ച ചെയ്യുന്ന രണ്ടു പ്രധാനപ്പെട്ട പുസ്തകങ്ങളാണ്.ആദ്യത്തേ പുസ്തകം ഹരിതനിരുപണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പുറങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടാമത്തെ പുസ്തകം മലയാളകൃതികളെ ഈ വിമര്‍ശനരീതിയുമായി ഇണക്കിവെച്ച് എങ്ങനെ ചര്‍ച്ച ചെയ്യാം എന്ന് ഉദാഹരണസമേതം വിശദമാക്കുന്നു.

            ഇക്കോക്രിട്ടിസിസത്തിന്റെ നിര്‍വ്വചനങ്ങള്‍ നോക്കുക.എല്ലാ പാരിസ്ഥിതിക വിമര്‍ശനവും ഒരടിസ്ഥാന സ്വഭാവം പങ്കുവെക്കുന്നു. മനുഷ്യന്‍ പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുകയും അതിനെ സ്വാധീനിക്കുന്നതുപോലെതന്നെ അതിനാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.പ്രകൃതിയും സംസ്കാരവുമായുള്ള ബന്ധത്തിന്റെ കെട്ടുപാടുകള്‍ ഇക്കോക്രിട്ടിസിസം അന്വേഷിക്കുന്നു.ഒരു സൈദ്ധാന്തികവ്യവഹാരമെന്ന നിലയില്‍ അത് ഒരേ സമയം മനുഷ്യരും ഇതരസത്തകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു.മറ്റൊന്ന് , പ്രപഞ്ചവും മനുഷ്യചേതനയുമായുള്ള ചാര്‍ച്ചയും ഭൂമിശാസ്ത്രവും ഭൂദൃശ്യങ്ങളും സാഹിത്യവുമായുള്ള ബന്ധത്തിന്റെ പഠനങ്ങളും മുതല്‍ ഘടനാവാദാനന്തര സങ്കേതങ്ങളുപയോഗിച്ച് നവീനകലയെക്കുറിച്ച് നടത്തുന്ന പഠനങ്ങള്‍വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയൊരു കുടക്കീഴ് ആയിരിക്കണം ഇക്കോക്രിട്ടിസിസം

            രണ്ടു നിര്‍വചനങ്ങളും പ്രകൃതിയോടുള്ള ഇടപെടലുകള്‍ സാധാരണ ജീവിതത്തെ എന്നപോലെത്തന്നെ സാഹിത്യ സാംസ്കാരികജീവിതത്തേയും  സ്വാധീനിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുന്നുണ്ടെന്നും ഒന്നൊന്നിന്റെ അധികാരി എന്നതിലുപരി സഹവര്‍ത്തിത്വമാണ് മുന്നിട്ടുനില്ക്കേണ്ടതെന്നും അസന്നിഗ്ദമായി വ്യക്തമാക്കുന്നുണ്ട്.ഈ സഹവര്‍ത്തിത്വത്തിന് മനുഷ്യന്‍ പ്രകൃതിയില്‍‌ ഉരുവംകൊണ്ടകാലത്തോളം തന്നെ വേരുകളുണ്ട്. രണ്ടാമത്തെ പുസ്തകമാകട്ടെ മലയാളത്തിലെ പരിസ്ഥിതിനിരുപണത്തിനെ ശക്തപ്പെടുത്തിയ പഠനങ്ങളെ അവതരിപ്പിക്കുന്നു.ആനന്ദും സച്ചിദാനന്ദനും എം എന്‍ വിജയനും എം അച്യുതനും അയ്യപ്പപ്പണിക്കരുമടക്കം മലയാളത്തിലെ തലമുതിര്‍ന്ന ഒരു നിര എഴുത്തുകാരുടെ സംഭാവനകളെ ക്രോഡീകരിച്ചിരിക്കുന്നു.പാരിസ്ഥിതിക സൌന്ദര്യശാസ്ത്രത്തെ ഉപയോഗിച്ചു കഥാ കവിതാ നോവല്‍ പഠനങ്ങളുടെ സമര്‍ത്ഥമായ മാതൃകകളുടെ ഒരു ഖനിയാണ് ഹരിതനിരൂപണം മലയാളത്തില്‍ എന്ന ഈ പുസ്തകം.ഇനിയും ശക്തിപ്പെടേണ്ട ഈ വിമര്‍ശനശാഖക്ക് നമ്മുടെ സാഹിത്യമേഖലയില്‍ ശോഭനമായ ഒരു ഭാവിയുണ്ട്.

Monday, September 11, 2017

#ദിനസരികള്‍ 152


പാറപൊട്ടിച്ചു നന്നേ പരുക്കനായ്
മാറിയോരെന്‍ തഴമ്പാര്‍ന്ന കൈത്തലം
നിന്‍ചുരുള്‍മുടിക്കാട്ടിലലസമായ്
സഞ്ചരിക്കവേ പൂവായതെങ്ങനെ ?
കല്ലുടയും കഠിനശബ്ദങ്ങളെ
ത്തല്ലിവീഴ്ത്തുമെന്‍ കണ്ഠത്തിലോമനേ,
നിന്നൊടൊന്നു ഞാന്‍ മിണ്ടുമ്പോഴേക്കു തേന്‍
നിന്നു തുള്ളിത്തുളുമ്പുന്നതെങ്ങനെ ? കവി തിരുനെല്ലൂര്‍ കരുണാകരന്‍.ആരേയും തരളിതനാക്കാന്‍ കെല്പുള്ള പ്രണയത്തിന്റെ മാസ്മരികതയെ ആവിഷ്കരിക്കുവാന്‍ കവി പ്രയോഗിച്ച വാക്കുകളുടെ ലക്ഷ്യവേധിയായ സൂക്ഷ്മത നോക്കുക.പാറയില്‍ നിന്ന് പൂവിലേക്ക് , കല്ലിന്റെ  കാഠിന്യത്തില്‍ നിന്ന് തേന്‍ തുള്ളിയുടെ രുചിവലയത്തിലേക്ക് എഴുത്തുകാരന്‍ നമ്മെ ആനയിക്കുന്നത് എത്രയോ സ്വാഭാവികമായിട്ടാണ്.ഏച്ചുകെട്ടലുകളോ മുഴച്ചു നില്ക്കുലുകളോ ഇല്ല.പാറയില്‍ നിന്നു വഴുതി പൂവിലേക്ക് വീഴുന്നപോലെ ഒരനുഭവം. ആ അനുഭവമുണ്ടാക്കുന്ന വര്‍ണച്ചാര്‍ത്തില്‍ ഓരോ അനുവാചകനും കാമുകനാകുകയും പ്രണയത്തിന്റെ അലൌകികമായ ആനന്ദത്തിലേക്ക് ഉയിര്‍‌ത്തെഴുന്നേല്ക്കുകയും ചെയ്യുന്നു.
            കുന്നുകളറഞ്ഞറഞ്ഞൊക്കെയും നിരപ്പാക്കി
            മണ്ണുകൊണ്ടകലത്തെക്കായലില്‍ച്ചിറകെട്ടി
            കാരുരുക്കുരുക്കുന്ന വേനലോടടരാടി
            ക്കാത്തു കാത്തവസാനം ഞങ്ങളീ ജയം നേടി എന്നു കേള്‍ക്കുമ്പോള്‍ അധ്വാനത്തിന്റേതായ വൈഷമ്യങ്ങളും വെല്ലുവിളികളും ആത്യന്തികമായി നേടുന്ന വിജയത്തിന്റെ ആഹ്ലാദവുമൊക്കെ ദ്യോതിപ്പിക്കാന്‍‌ ശക്തമാകുന്നില്ലേ ഈ വരികള്‍? പദങ്ങളുടെ തിരഞ്ഞെടുപ്പും അതുണ്ടാക്കുന്ന അര്‍ത്ഥപരിസരങ്ങളും കവി ചിന്തിക്കുന്നത് വായനക്കാരന് പകര്‍ന്നുതരാന്‍ ഉതകുന്നു.
            എഴുത്തുകാരന് തന്റെ ആയുധമായ വാക്കുകളുടെ മുകളിലുള്ള നിയന്ത്രണത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുവാനാണ് അധ്വാനത്തിന്റെ വിയര്‍പ്പുരസത്തെ തന്റെ വരികളിലേക്കാവാഹിക്കുക വഴി കവിതയെ കരുത്തിന്റെ പര്യായമാക്കി മാറ്റിയ വിപ്ലവകവി തിരുനെല്ലൂരിനെ കൂട്ടുപിടിച്ചത്. ആശയങ്ങളുണ്ടായിട്ടു കാര്യമില്ല. അവയെ വ്യക്തമായ ഭാഷയില്‍‌ ആവിഷ്കരിക്കുവാനുള്ള സാമര്‍ത്ഥ്യം കൂടി കവി ആര്‍ജ്ജിക്കണം. ആശയങ്ങളെ അടിത്തറയില്‍ നിന്ന് കെട്ടി ഉയര്‍ത്തുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട നിര്‍മാണസാമഗ്രിയാണ് സാഹിത്യത്തില്‍ (സാഹിത്യത്തിനപ്പുറവും) വാക്കുകളെന്ന കാര്യം വിസ്മരിക്കാനാകുന്നതല്ല.വികാരവിക്ഷോഭത്തിന്റെ കൊടുമുടിയില്‍ ആശാന്‍ പറഞ്ഞപോലെ ഭാഷയും വാക്കുമൊക്കെ അപൂര്‍ണവും ഉദ്ദേശിച്ച അര്‍ത്ഥങ്ങളെ ആവിഷ്കരിക്കുവാന്‍ അസമര്‍ത്ഥവും ആകുന്നുണ്ടെങ്കിലും ഉചിതപദങ്ങളെ ഉചിതമായി സന്നിവേശിപ്പിച്ച് ആശയങ്ങളെ വിനിമയം ചെയ്യുന്നതിന് കാഥികരെ ശക്തരാക്കുന്നത് ഭാഷപ്രയോഗപ്രാവിണ്യം തന്നെയാണ്.Sunday, September 10, 2017

#ദിനസരികള്‍ 151


കേരളത്തിലെ ചില ആശുപത്രികളുടെ ഗുരുതരമായ വീഴ്ചമൂലം കൊല്ലപ്പെട്ട മുരുകനെന്ന തമിഴ്നാട്ടുകാരനെക്കുറിച്ച് നാം ഒരുപാട് ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കുന്നു. നല്കാന്‍ കഴിയുമായിരുന്നിട്ടും പ്രഥമിക ചികിത്സപോലെ സാങ്കേതികകാരണങ്ങളാ‍ല്‍ നിഷേധിച്ച ഏഴോളം ആശുപത്രികള്‍‌ക്കെതിരെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും ഈ മേഖലയിലെ മനുഷ്യത്വമില്ലായ്മ അവസാനിപ്പിക്കണമെന്നും കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മരണത്തില്‍ മാപ്പുചോദിക്കുകയും കുടുംബത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ കരുതലുകള്‍ ഉണ്ടാകണമെന്ന് നിര്‍‍ദ്ദേശിക്കുകയും ചെയ്ത സംഭവത്തില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുവേണ്ടി സാധ്യമായ എല്ലാ നിയമനടപടികളും ചികിത്സ നിഷേധിച്ച കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുമെന്ന് നിയമസഭയില്‍ ഉറപ്പു നല്കിയിരുന്നു.അതുകൊണ്ടുതന്നെ അന്വേഷണസംഘം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ഈ വിഷയത്തില്‍ കടുത്ത വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മുരുകനെ കൊണ്ടുവരുന്ന സന്ദര്‍ഭത്തില്‍ പ്രസ്തുത മെഡിക്കല്‍ കോളേജില്‍ തൊട്ടടുത്ത ദിവസം നടക്കുന്ന ഓപ്പറേഷനുകള്‍ക്കായി നീക്കിവെച്ച പതിനഞ്ചോളം വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നതായി ആശുപത്രി സൂപ്രണ്ട് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.വെന്റിലേറ്റര്‍ ഒഴിവില്ലാത്തതുകൊണ്ടായിരുന്നു മുരുകന് യഥാസമയം ചികിത്സ ലഭ്യമാക്കാന്‍ കഴിയാതിരുന്നത് എന്നായിരുന്നു അധികൃതരുടെ ആദ്യഘട്ടത്തിലെ വിശദീകരണം.ബന്ധപ്പെട്ട ഡോക്ടര്‍‌മാരെ പോലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവര്‍‌ക്കെതിരെ 304 ,  336 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയുണ്ടായതോടെ അവര്‍ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം തേടുകയുണ്ടായി.

            ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നും ഗുരുതരമായി വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് അന്വേഷണ ഏജന്‍സികള്‍ക്കും പൊതുജനങ്ങള്‍ക്കും ബോധ്യപ്പെട്ടിരിക്കുന്ന ഈ സംഭവത്തില്‍ കുറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടി ഇപ്പോള്‍ കേരള ഗവ മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ രംഗത്തുവന്നിരിക്കുന്നത് ജനങ്ങളേയും നിയമവ്യവസ്ഥകളേയും വെല്ലുവിളിക്കുന്ന നടപടിയാണ്. ഡോക്ടര്‍മാരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് ആണയിടുന്ന പ്രസ്തുത സംഘടനയുടെ സ്വരം ജനാധിപത്യസങ്കല്പങ്ങള്‍ക്ക് നിരക്കാത്തതും ഭരണവ്യവസ്ഥിതിയെ ഭീഷണിപ്പെടുത്തുന്നതുമാണ്. മുരുകന്റെ മരണത്തിന് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ആവശ്യമായ സഹായസഹകരണങ്ങളാണ് ഏതു സംഘടനയുടെ ഭാഗത്തുനിന്നും നാം പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയെ തകിടം മറിക്കുന്ന ഒരു നീക്കവും ഉണ്ടായിക്കൂട.