#ദിനസരികള്‍ 164
ഭ്രാന്ത് സുഖമുള്ള അവസ്ഥയാണോ ? ഭ്രാന്തിനു പുറത്തു ജീവിക്കുന്നവര്‍ക്ക് എന്തായാലും അതത്ര സുഖമുള്ള കാര്യമല്ല.അകത്തുള്ളവര്‍ക്കാണെങ്കില്‍ അതില്പരം സുഖമുള്ള മറ്റൊന്നില്ല എന്ന് പറയുന്നവരുണ്ട്. കണ്ടും കേട്ടും അറിഞ്ഞതില്‍ നിന്ന് ഭ്രാന്ത് അഥവാ ഉന്മാദം മറ്റു രോഗങ്ങളെപ്പോലെയല്ല എന്ന കാര്യം നമുക്കു തീര്‍ച്ചയാണ്. ഭ്രാന്തിനോടുള്ള സമീപനം തന്നെ വ്യത്യസ്ഥമാണ്. കെട്ടിയിടുകയും ഒറ്റക്കു താമസിപ്പിക്കുകയും തല്ലിശരിയാക്കുകയും കല്യാണം കഴിപ്പിക്കുകയുമൊക്കെ ഭ്രാന്തിനുള്ള മരുന്നുകളാണെന്ന് നാം പലപ്പോഴായി കരുതിയിരുന്നു.ഭ്രാന്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്നുതന്നെ ഒറ്റപ്പെടുത്തി മാറ്റിനിറുത്തുന്നത് ഏതായാലും ഇപ്പോഴും ഒരു പൊതുസ്വഭാവമാണ്. ഉന്മാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ അപ്രവചനീയതയാണ് ഭ്രാന്തില്ലാത്തവരില്‍ ഭയപ്പാടുണ്ടാക്കുന്നതിന് പ്രധാന കാരണമാകുന്നത്.അതുകൊണ്ടാണ് അത്തരക്കാരെ പരമാവധി മാറ്റിനിറുത്തുക എന്നത് സ്വാഭാവികമായിരിക്കുന്നത്. ഇത് സാധാരണ ഭ്രാന്തന്മാരുടെ കാര്യമാണ്.എന്നാല്‍ അസാധാരണന്മാരായ ചില ഉന്മാദികളുണ്ട്. നാം അവരെ വിളിക്കുക കലാകാരന്മാരെന്നും...