#ദിനസരികള്‍ 162
ആദിവാസികളുടെ
സംസ്കാരത്തേയും ജീവിതരീതികളേയും അവയുടെ തനതുഭാവത്തോടെ നിലനിറുത്തണമെന്ന്
ആവശ്യപ്പെടുന്നവരുടെ എണ്ണത്തിന് മുന്‍തൂക്കമുണ്ട്. അന്യം നിന്നു പോകുന്നു അവരുടെ
കലകളേയും വായ്മൊഴികളേയും നമ്മുടെ പാരമ്പര്യ സാംസ്കാരികസമ്പത്തായി കണ്ടുകൊണ്ടു സംരക്ഷിച്ചുപോകണമെന്നാണ്
അവരുടെ വാദം.നൂറ്റാണ്ടുകളായി അടിമവേലക്കു വിനിയോഗിച്ച് ചൂഷണം ചെയ്യപ്പെട്ട ആ വര്‍ഗ്ഗത്തോട്
നമുക്കുള്ള സ്നേഹവും കടപ്പാടും പ്രശംസനീയവും അനുപേക്ഷണീയവുമാണ് എന്ന കാര്യത്തില്‍
ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ല.പക്ഷേ അവരുടെ സംസ്കാരത്തേയും
ജീവിതരീതികളേയും അതേപോലെ സംരക്ഷിച്ചു നിലനിറുത്തിക്കൊണ്ടു പോകണമെന്നും അവയെ
ഇതരസംസ്കാരങ്ങളുമായി കൂടിക്കുഴയാതെ അറകളായി കണക്കാക്കണമെന്നുമുള്ള വാദത്തോട്
അഭിപ്രായ വ്യത്യാസമുണ്ട്.
സാമൂഹ്യപരിണാമത്തിന്റേതായ എത്രയോ ഘട്ടങ്ങള്‍ മനുഷ്യന്‍
പിന്നിട്ടുണ്ട്.
ഇരതേടി വേട്ടയാടി നടന്ന കാലംമുതല്‍ ഇക്കാലംവരെയുള്ള മുന്നേറ്റങ്ങള്‍
മനുഷ്യപുരോഗതിയെ സാരമായി ബാധിക്കുകയും പുരോഗമനത്തിന്റേതായ പടവുകളിലേക്ക്
നയിക്കുകയും ചെയ്തിട്ടുണ്ട്.മരവാസികളായും ഗുഹാ ജീവികളായും ഒറ്റക്കും കൂട്ടായും
കോളനിയായുമൊക്കെ നാം ജീവിച്ചിട്ടുണ്ട്.അന്നന്നത്തെ അപ്പത്തിനുവേണ്ടിയുള്ള
ഓട്ടത്തില്‍ നിന്ന് കരുതലിന്റെ ഘട്ടത്തിലേക്കുള്ള മാറ്റത്തിനുതന്നെ
കാലങ്ങളെടുത്തു.ഇങ്ങനെ പ്രാകൃതജീവിതത്തിന്റേതായ മുഴുവന്‍ ഘട്ടങ്ങളേയും തള്ളുകയും
ചിലതിനെയൊക്കെ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് നാം നാഗരികജീവിതത്തിന്റെ വിവിധ
വശങ്ങളെ പിന്നിട്ടത്.ഒന്നില്‍ നിന്ന് ഒന്നിലേക്ക്. അവയെ പുരോഗമനം എന്നാണ് നാം
വിളിച്ചത്.ആ പുരോഗമനത്തിന്റെ പാതയില്‍ ഒരിക്കല്‍ നാം ഇന്നത്തെ ആദിവാസികളുടെ
ജീവിതവും നയിച്ചിട്ടുണ്ട്. അവര്‍ ഇന്നുപാടുന്ന പാട്ടുകള്‍ , അവരുടെ ആട്ടം , വേഷം,
ഭാഷ , രീതി , ശൈലി എന്നിവയൊക്കെ നമ്മളും ഒരിക്കല്‍ കടന്നുപോന്നിട്ടുണ്ട്.ആ
കടന്നുപോരലിനെ നാം പുരോഗമനം എന്നാണ് വിളിച്ചത്.
ഒരിക്കല്‍ നാം ഉപേക്ഷിച്ചു പോന്ന ജീവിതരീതിയില്‍ തുടരുന്ന
ഒരു വിഭാഗത്തെ എന്തുകൊണ്ടാണ് അതായിത്തന്നെ നിലനിറുത്തണമെന്ന് നാം വാദിക്കുന്നത്
? നമ്മുടെ
രാഷ്ട്രീയവും സാംസ്കാരികവുമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു കൂട്ടമായി അവര്‍
നിലനില്ക്കണമെന്ന ശാഠ്യം ഏതുതരത്തിലാണ് അവരെ സഹായിക്കുക?അതുകൊണ്ട്
സാംസ്കാരികമായ ഒരു പരിച്ഛേദത്തിന്റെ ഈടുവെപ്പായി ആദിവാസിവിഭാഗത്തെ സംരക്ഷിച്ചു
മാറ്റിനിറുത്തുന്നതിന് പകരം അവരെ സ്വതന്ത്രരാക്കുകയാണ് വേണ്ടത്. കോളനിവത്കരണം
അവസാനിപ്പിച്ചുകൊണ്ട് അവരെ പൊതുധാരയിലെ ജീവിതത്തിലേക്ക് പറിച്ചു നടുക.(കോളനിയായി
ജീവിക്കുവാനാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്നും ഒറ്റതിരിഞ്ഞുള്ള
ജീവിതം അവരെ നശിപ്പിക്കുകയേയുള്ളു എന്ന വാദവുമൊക്കെ എന്റെ ചുറ്റും അലയടിക്കുന്നത്
എനിക്കു കേള്‍ക്കാം.) ഈ
പറിച്ചുനടലിന്റെ വിഷമം ഒരു തലമുറ അനുഭവിച്ചേക്കാം. എന്നാല്‍ അടുത്ത തലമുറ മുതല്‍
പൊതുധാരയിലെ ജീവിതം പരിചയിക്കുകയും ഇണങ്ങിച്ചേരുകയും ചെയ്യും എന്നതില്‍ തര്‍ക്കമില്ല.ഇനി
വരാന്‍ പോകുന്ന മുഴുവന്‍ തലമുറകളും അനുഭവിക്കാനിരിക്കുന്ന ദുരിതത്തില്‍ നിന്ന്
മോചനം കിട്ടാന്‍ ഒരു തലമുറ അല്പം വിഷമിക്കുന്നത് ഗുണമേ ചെയ്യൂ എന്നുതന്നെയാണ്
എന്റെ നിലപാട്.അതിന് പക്ഷേ ഇച്ഛാശക്തിയുള്ള ഒരു പൊതുസമൂഹം ഉണ്ടാകണം എന്നുമാത്രം.
Comments