Saturday, June 3, 2017

#ദിനസരികള്‍ 52


മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന കോണ്‍‌ക്ലേവില്‍ പങ്കെടുത്തുകൊണ്ട് ബാഹുബലി എന്ന സിനിമയുടെ പൊള്ളത്തരത്തെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അര്‍ത്ഥശൂന്യമായ ആഡംബരപ്രദര്‍ശനം മാത്രമാണ് ഈ സിനിമ എന്നും അതില്‍ക്കൂടുതല്‍ ഒന്നുമില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇത്തരം സിനിമകളുടെ ആവര്‍ത്തനം സാംസ്കാരികമായ നാശത്തിലേക്കായിരിക്കും സമൂഹത്തെ നയിക്കുക എന്ന ഗുരുതരമായ ആക്ഷേപം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.പഴയ പാതാളഭൈരവിയുടെ ഡിജിറ്റല്‍ ആവിഷ്കാരം മാത്രമാണ് ഇന്നത്തെ ബാഹുബലി.സാങ്കേതികമായുണ്ടായ മുന്നേറ്റങ്ങളുടെ സാധ്യതകള്‍ ബാഹുബലിയില്‍ കൂടുതലായി ഉപയോഗിച്ചു എന്നത് മാറ്റി വെച്ചാല്‍ മറ്റൊരു മേന്മയും പാതാളഭൈരവിയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമക്കില്ല. പത്തോ അതിലേറെയോ നല്ല സിനിമ പിടിക്കാന്‍ കഴിയുമായിരുന്ന തുക കൊണ്ട് ബാഹുബലി എന്ന ഒറ്റ സിനിമ പിടിച്ചത് കലാമൂല്യമുള്ള സിനിമകളെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. കോടികളുടെ പടം എന്ന പരിവേഷം ഒരിക്കലും നല്ല സിനിമ എന്നതിന് പകരമാവില്ല എന്നും അദ്ദേഹം പറയുന്നു.
            അടൂര്‍ പറഞ്ഞതിനോട് പരിപൂര്‍ണമായും യോജിക്കുകയാണ്. ലോകമെങ്ങുമുള്ള പ്രേക്ഷകരെ വിലകൊടുത്തു വാങ്ങുകയാണ് ശരിക്കും ബാഹുബലി ചെയ്തത്.കോടികള്‍ വിനിയോഗിച്ചുള്ള വിപണനതന്ത്രങ്ങളുടെ മാസ്മരികതയില്‍ പെട്ട് കാണികള്‍ ഒഴുകിയെത്തിയപ്പോള്‍ സാമ്പത്തികമായി സിനിമ വിജയിച്ചു എന്നതു ശരിയായിരിക്കാം. അതിനനപ്പുറം , മൂല്യവത്തായ മറ്റൊരു ഈടുവെപ്പും ഈ സിനിമ അവശേഷിപ്പിച്ചിട്ടില്ല. കേവലമൊരു ബലൂണ്‍ കാഴ്ചയിലുണ്ടാക്കുന്ന കൌതുകമെന്നതുപോലെ, കണ്ടു കഴിഞ്ഞാലുടനെ പൊട്ടിത്തക രുന്ന കുമിള. ഓര്‍ത്തുവെക്കാനോ ഓര്‍‌ത്തെടുക്കാനോ കൊള്ളാവുന്ന ഒരു നിമിഷം പോലും ആ സിനിമയില്‍ ഇല്ലതന്നെ.സാങ്കേതികവിദ്യ ഇത്രയും വികാസം പ്രാപിക്കാതിരുന്ന പഴയകാലങ്ങളില്‍‌പ്പോലും കുറച്ചുകൂടി യുക്തിഭദ്രമായ സിനിമ ഇവിടെയുള്ളവര്‍ നിര്‍മിച്ചിട്ടുണ്ട് എന്ന കാര്യം നാം വിസ്മരിക്കരുത്
            ലോകസിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ചുവെന്ന് നമ്മുടെ മാധ്യമങ്ങള്‍ വായ്ത്താരിയിട്ട ഈ സിനിമയുടെ സ്ഥാനം പ്രസ്തുത ചരിത്രത്തില്‍ എവിടെയായിരിക്കും എന്ന് കൌതുകപ്പെടുന്നത് ഒരു സിനിമാ പ്രേമിയെ സംബന്ധിച്ച് വേണ്ടതുതന്നെ.അങ്ങനെ സ്ഥാനം നിശ്ചയിക്കുമ്പോള്‍ താരതമ്യം ചെയ്യേണ്ടിവരിക സ്വാഭാവികമാണ്. ക്ലാസിക്കുകളെന്ന്  ലോകം വിധിയെഴുതിയ ഒട്ടേറെ സിനിമകളുണ്ട്. 1959 ലെ ബെന്‍ഹര്‍ മുതല്‍ ഗ്ലാഡിയേറ്ററും അലക്സാണ്ടറും ട്രോയിയും സ്പാര്‍ട്ടക്കസും ലിസ്റ്റ് നീളമുള്ളതാണ് അടക്കം ഏതു സിനിമയെ വേണമെങ്കിലും താരതമ്യത്തിന് സ്വീകരിക്കാവുന്നതാണ്. ഈ മാറ്റുരക്കലിന് ശേഷം ഈ സിനിമയ്ക്ക് ലോകചരിത്രത്തില്‍ ഒരിടമുണ്ടാകുമെങ്കില്‍ ചവറ്റുകുട്ടയിലായിരിക്കും എന്നുമാത്രം.

ഒരു പതിനായിരം തവണ  ഗ്ലാഡിയേറ്റര്‍ എന്ന സിനിമ എങ്കിലും ബാഹുബലിയുടെ സംവിധായകനായ എസ് രാജമൌലിയെ ഇരുത്തിക്കാണിക്കണം. എന്നാലും അദ്ദേഹം പഠിക്കുമെന്ന് തോന്നുന്നില്ല. കാരണം അദ്ദേഹത്തിന് ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയുകയുള്ളു. ഇത് പരമാവധിയാണ്.

Friday, June 2, 2017

#ദിനസരികള്‍ 51


പി.ബി ഷെല്ലിയുടെ ഒസിമാന്‍ഡിയസ് എന്ന കവിത പഠിച്ചത് അതിവിദൂരമായ ഭൂതകാലങ്ങളിലെപ്പോഴോ ആണ്. എങ്കിലും ആ കവിത ഉണ്ടാക്കിയ മുഴക്കം ഇന്നും എന്റെ കാതുകളിലുണ്ട്. മാത്രവുമല്ല തത്തുല്യമായ മറ്റൊരു മുഴക്കത്തെ ഇതുവരെ കണ്ടത്തുവാന്‍ കഴിഞ്ഞിട്ടുമില്ല എന്നുകൂടി എടുത്തുപറയേണ്ടതുണ്ട്. എന്തുകൊണ്ടായിരിക്കും ഈ കവിത ഇത്രമാത്രം എനിക്ക് പ്രിയപ്പെട്ടതായിരിക്കുന്നത് എന്ന് ഞാന്‍ ചിന്തിച്ചു നോക്കിയിട്ടുണ്ട്.
            അനശ്വരതയെ തേടുക എന്നത് മനുഷ്യര്‍ ഈ ഭൂമുഖത്ത് ആവിര്‍ഭവിച്ച അന്നുമുതല്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നത്തെ പരിഷ്കൃതമനസ്സുകള്‍ ചിന്തിക്കുന്നതുപോലും മരണമെന്ന അനിവാര്യതയെ എങ്ങനെ ഉല്ലംഘിക്കാം എന്നുതന്നെയാണ്.അതിനു സഹായകമായ രീതിയില്‍ നാം ശാസ്ത്രങ്ങളെ പരിപോഷിപ്പിക്കുന്നു , ശസ്ത്രങ്ങളെ പ്രയോഗിക്കുന്നു. എന്നിട്ടും ഒരു പരിധിക്കപ്പുറം കാലുകുത്തുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. മരണത്തെ അതിജീവിക്കുക അസാധ്യമാണെന്ന തിരിച്ചറിവ് മരണാനന്തര ജീവിതത്തെക്കുറിച്ച് ആലോചിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിച്ചു. അതോടെ മതങ്ങള്‍ ഉടലെടുത്തു. അവ്യക്തമായ മരണാനന്തരങ്ങളെക്കുറിച്ച്  അവരവരുടേതായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചുകൊണ്ട് മതങ്ങള്‍ മനുഷ്യനെ കക്ഷിചേര്‍ക്കുവാന്‍ തുടങ്ങി. സെമിറ്റിക്  മത സങ്കല്പങ്ങള്‍ നിലനില്ക്കുന്നതുതന്നെ നിത്യജീവന്‍ പ്രദാനം ചെയ്തുകൊണ്ടാണ്. മനീഷികളും മഹാശാസ്ത്രകാരന്മാരുമടക്കം ഒരു ജനത ഒന്നാകെ നിത്യജീവന് വേണ്ടി മതങ്ങളുടെ പിന്നില്‍ വരിനിന്നു.എല്ലാവരുടേയും താല്പര്യങ്ങള്‍ക്ക് പിന്നില്‍ മരിക്കാതിരിക്കുക എന്ന അദമ്യമായ ആഗ്രഹം മുഴച്ചുനിന്നു. മരണഭയം നമ്മെ യുക്തിബോധമില്ലാത്തവരും മതവൈതാളികരുമാക്കിത്തീര്‍ത്തു.ഇതൊന്നും മതത്തിന് വേണ്ടിയല്ല മറിച്ച് പരലോകത്ത് വിരാമമില്ലാത്ത ജീവിതത്തിന്റെ പേരിലാണ് എന്നതത്രേ വസ്തുത.
            ബര്‍ഗ്മാന്റെ സെവന്ത് സീലില്‍ മരണത്തെ അകറ്റി നിറുത്തുവാനുള്ള മറ്റൊരു പ്രയത്നത്തെ നാം കാണുന്നു. കഥാനായകന്‍ അന്തോണിയസ് ബ്ലോക്ക് മരണവുമായി ഉണ്ടാക്കിയ സന്ധിതന്നെ കളികഴിയുന്നതുവരെ തന്നെ സ്പര്‍ശിക്കരുത് എന്നാണ്. അവിടേയും അനിവാര്യമായത് സംഭവിക്കുന്നു എന്നുമാത്രം. നമ്മുടെ മലയാളത്തിലുമുണ്ട് മരണത്തോട് സംവദിക്കുന്ന രചനകള്‍ . അവയില്‍ എടുത്തുപറയാന്‍ തോന്നുന്നത് വയലാറിന്റെ എനിക്കു മരണമില്ല എന്ന കവിതയാണ്.പക്ഷേ ഈ കവിത കേവലമായ മരണത്തോടുള്ള യുദ്ധപ്രഖ്യാപനമല്ല മറിച്ച് , മരണാതീതമായ മാനവികത്വത്തിന് നിദാനമായിരിക്കുന്ന ധാരണകളെ ആവിഷ്കരിക്കുന്ന രചനയാണ്. കാലമുണ്ടായിരിക്കുന്നിടത്തോളം ഞാന്‍തന്നെയാണ് അധിനായകന്‍ എന്ന പ്രഖ്യാപനം മരണമേ നീ നിന്റെ പത്തി മടക്കിക്കോളു എന്ന പ്രഘോഷിക്കല്‍ കൂടിയാണ്. കവി ആവിഷ്കരിക്കുന്ന അധിനായകനായ മാനവനെ നമ്മുടെ സാഹിത്യഭണ്ഡാരങ്ങളില്‍ യഥേഷ്ടം കണ്ടെത്താം.
            ഒസിമാന്‍ഡിയസിലാകട്ടെ ഭീമാകാരങ്ങളായ തന്റെതന്നെ പ്രതിമകളെ സ്ഥാപിച്ചുകൊണ്ട് താന്‍ കാലാതിവര്‍ത്തിയാണ് എന്ന് പ്രഖ്യാപിക്കുന്ന ഒസിമാന്‍ഡിയസ് എന്ന രാജാവിനെ നാം കാണുന്നു.ഇത് മരണത്തിനെ വെല്ലുവിളിക്കുന്ന മറ്റൊരു രീതിയാണ്. ഞാന്‍ മരിച്ചാലും എന്റെ പ്രതിമകള്‍ , ഞാന്‍ പണികഴിപ്പിച്ച മണിഹര്‍മ്യങ്ങള്‍ , വഴിത്താരകള്‍ , കോട്ടകൊത്തളങ്ങള്‍ , വിശാലമായ രാജ്യാതിര്‍ത്തികള്‍ ഒക്കെ എന്നെ കീര്‍ത്തിച്ചു കൊണ്ട് ഇവിടെ അവശേഷിക്കും എന്ന സങ്കല്പം രാജാവ് നെഞ്ചേറ്റുന്നു. പക്ഷേ കാലത്തിന്റെ പ്രവാഹത്തില്‍ അപ്രതിരോധ്യമെന്ന് കരുതിയിരുന്നവ ധൂളീസദൃശം നുറുങ്ങിപ്പോകുന്നു.കല്ലേപ്പിളര്‍ക്കുന്ന കല്പനകളാ‍ല്‍ നാടകങ്ങളെ അടക്കിഭരിച്ച തിരുമുഖങ്ങള്‍ മണ്ണടിഞ്ഞിരിക്കുന്നു. ഒന്നും അവശേഷിക്കുന്നില്ല, ഒന്നും.അധിനായകനാകാന്‍ ആഗ്രഹിച്ച ഒസിമാന്‍ഡിയസ് എന്ന രാജാവിന് ചുറ്റും കലങ്ങിമറിഞ്ഞുകിടക്കുന്ന മരുഭൂമിയുടെ അന്തമില്ലാത്ത മഹാരാശി മാത്രം. ഒന്നും സ്ഥായിയല്ല എങ്കിലും ചിരസ്ഥായികളാകാനുള്ള ശ്രമം നാം ഇനിയും തുടരുക.കവികള്‍ ,മനുഷ്യാ നീ മണ്ണാകുന്നു , നീ മണ്ണിലേക്കുതന്നെ മടങ്ങും എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടുമിരിക്കട്ടെ.

            ഈ കവിതയെ മലയാളത്തിലേക്ക് ആശയാനുവാദം ചെയ്യാനുള്ള എന്റെ ശ്രമം താഴെ
                                          അതിപുരാതനദേശാന്തരങ്ങളില്‍ -
കുതുകിയാമൊരാള്‍ ചൊല്ലി മരുഭൂവില്‍
പകുതിമുങ്ങിക്കിടക്കുന്നതുണ്ടൊരു -
നൃപതിതന്റെ ചിതറിയ വിഗ്രഹം .
കൊടിയ മുദ്രകള്‍ പേറുന്നൊരാനനം,
കുടില ബുദ്ധികള്‍ കല്പിച്ച ചുണ്ടുകള്‍,
കരുതിവെച്ചിരിക്കുന്നു നമുക്കായി-
സ്ഥപതി , ഹൃത്തില്‍ കുറിച്ചു പകര്‍ന്നപോല്‍
അരികിലേതോ സ്ഫടികക്കഷണത്തില്‍
എഴുതിവെച്ചിരിക്കുന്നു മഹാബലി :-
ചക്രവര്‍ത്തി ഞാന്‍ , ഞാനൊസിമാന്‍ഡിയസ്
ശക്തമാമെന്റെ സാമ്രാജ്യം കാണുക

ചുറ്റു , മെത്രയോ ദൂരം പരന്നെഴും
അറ്റമില്ലാമണല്‍ക്കൂന മാത്രമേ !


            

Thursday, June 1, 2017

#ദിനസരികള്‍ 50


1908 ല്‍ തുടങ്ങിയ യോഗക്ഷേമസഭയും 1885 ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഇ എം എസിനെ കൌമാരകാലത്തുതന്നെ സ്വാധീനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ആദ്യം ഇടപെട്ടതും അദ്ദേഹത്തിന്റെ ജീവിതത്തിന് ദിശാബോധം നല്കിയതും തനിക്ക് നേരിട്ടറിയാവുന്നതും അനുഭവത്തിലിരിക്കുന്നതുമായ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കരണപ്രസ്ഥാനമായ യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളുമായാണ് എന്ന് പി ഗോവിന്ദപ്പിള്ള എഴുതിയ ഇ എം എസിന്റെ ജീവചരിത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1927 ല്‍ മദിരാശിയില്‍ ചേര്‍ന്ന അഖിലേന്ത്യാ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടത്തുകൊണ്ട് നെഹ്റു അവതരിപ്പിച്ച പൂര്‍ണസ്വരാജ് എന്ന പ്രമേയം കേവലം പതിനെട്ടു വയസ്സുകാരന്‍ മാത്രമായിരുന്ന ഇ എം എസിനെ ഹരം കൊള്ളിച്ചു. അതോടെ ഗാന്ധിഭക്തിയില്‍ നിന്നും നെഹ്റുഭക്തിയിലേക്ക് ഇ എം എസ് മാറി എന്ന് പി ജി എഴുതുന്നു
ഇ.എം എസിന്റെ കൌമാര യൌവന കാലത്ത് കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നതിന്റെ ഒരു നഖചിത്രമാണ് നാം കണ്ടത്. ദേശീയതലത്തിലാകട്ടെ അന്ന് നിലവിലിരുന്ന ഒട്ടുമിക്ക പ്രസ്ഥാനങ്ങളുടേയും അലയൊലികള്‍ കേരളത്തിലുമെത്തിയിരുന്നു. “…….. ചില പേരുകളും സംഭവങ്ങളും പൊട്ടും പൊടിയുമായി ആ കൌമാരമനസ്സിലേക്ക് അരിച്ചിറങ്ങിക്കൊണ്ടിരുന്നു. ഹോംറൂള്‍ , ജാലിയന്‍ വാലാബാഗ് , ഗോഖലേ , ഗാന്ധി ഇങ്ങനെ പോകുന്നു അവഎന്ന് ജീവചരിത്രത്തില്‍ പി ജി എഴുതുന്നു. 1915 ല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയപ്രസ്ഥാനം പുതിയ സമരമുഖങ്ങള്‍ തേടി 1920 ല്‍ ആരംഭിച്ച നിസ്സഹകരണപ്രസ്ഥാനം ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്ന മലാബാറില്‍ വീശിയടിക്കാന്‍ തുടങ്ങിയിരുന്നു. 1919 ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷുകാരുടെ പൈശാചികമായ അടിച്ചമര്‍ത്തലുകളുടെ ഉദാഹരണമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇങ്ങനെ ദേശീയതലത്തിലുണ്ടായ നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളും ഇ എം എസിന്റെ ആദ്യകാല ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും സ്വാധീനിച്ചു.യോഗക്ഷേമസഭയിലെ സമുദായോദ്ധാരകനും , കോണ്‍ഗ്രസും പിന്നെ ഗാന്ധിയനും നെഹ്രു ശിഷ്യനും കോണ്‍ഗ്രസിലെ ഇടതുപക്ഷവുമൊക്കെയായി പ്രവര്‍ത്തിച്ചു പോന്ന ഇ എം എസ് ആത്യന്തികമായി ശരിയുടെ പക്ഷത്തേക്ക് എത്തുകയും ഒരു പൂര്‍ണ കമ്യൂണിസ്റ്റായി മാറുകയും ചെയ്തു.

            സാമുദായിക വിപ്ലവവും നമ്പൂതിരി സമുദായവും എന്ന പേരില്‍ ഇ എം എസ് എഴുതിയ ലേഖനം പ്രസിദ്ധീകരിക്കുന്നത് 1927 ലെ യോഗക്ഷേമസഭയിലാണ്.  എഴുത്തിന്റെ കാലഘട്ടം ആരംഭിക്കുന്നതുവരെയുള്ള ഇ.എം.എസിന്റെ ജീവിതത്തിലെ പ്രധാന സ്വാധീനങ്ങളെക്കുറിച്ചുള്ള ഒരു സിംഹാവലോകനമാണ് നാം നടത്തിയത്. പില്ക്കാലത്തെ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ രേഖപ്പെടുത്തപ്പെട്ട ലേഖനങ്ങളിലൂടെ നമുക്ക് ലഭ്യമാണ്. നൂറു സഞ്ചികകളിലൂടെ സംഭരിക്കപ്പെട്ട , സമകാലികതയോടുള്ള സംവാദമായ ആ വാങ്മയങ്ങളിലുടെയുള്ള യാത്ര കേരളം എങ്ങനെ ഇന്നു കാണുന്ന കേരളമായി എന്ന അന്വേഷണത്തിന് മറുപടിയാകും.(അവസാനിച്ചു )

Wednesday, May 31, 2017

#ദിനസരികള്‍ 49


ഈ കാലഘട്ടത്തിലാണ് പില്ക്കാലത്ത് നിരവധി വിവാദങ്ങള്‍ക്ക് ഹേതുവായിത്തീര്‍ന്ന 1921 ലെ മലബാര്‍ കലാപം ഉടലെടുക്കുന്നത്. ജന്മികളുടെ കീഴില്‍ കുടിയാന്മാരായി ജീവിച്ചു പോന്നിരുന്ന മുസ്ലിംവിഭാഗത്തിന്റെ അസന്തുഷ്ടിയും അധികാരിവര്‍ഗ്ഗം അവരോട് സ്വീകരിച്ചു പോന്നിരുന്ന നയസമീപനങ്ങളും ഈ കലാപത്തിന് കാരണമായിത്തീര്‍ന്നു. ഏറനാട് , വള്ളുവനാട് , പൊന്നാനി എന്നീ താലൂക്കുകളിലാകമാനം പടര്‍ന്നു പിടിച്ച ഈ കലാപത്തിന് ,ആലി മുസ്ലിയാര്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവര്‍ നേതൃത്വം നല്കി. ഹിന്ദുക്കളുമായി ഒരു അനൈക്യവുമില്ലെന്നും സമരം ബ്രിട്ടീഷ് ഭരണത്തിനെതിരെയാണെന്നും സമരക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിരുന്നെങ്കിലും ബ്രിട്ടീഷുകാരുടെ തന്ത്രപരമായ സമീപനം മലബാര്‍ കലാപത്തില്‍ വര്‍ഗ്ഗീയതയുടെ നിറം കലര്‍ത്താന്‍ കഴിഞ്ഞു. ജനങ്ങളെ ജാതിയുടെ പേരില്‍ പരസ്പരം വിഘടിപ്പിക്കാന്‍ കഴിഞ്ഞതോടെ അധികാരികള്‍ക്ക് പരാജയപ്പെടുത്താനും എളുപ്പമായി.നിരവധി നേതാക്കന്മാരേയും അനുയായികളേയും നാടുകടത്തുകയോ ജീവപര്യന്തം തടവിലിടുകയോ ചെയ്തു.1291 നവമ്പര്‍ പത്തിന് അറുപതോളം പേരുടെ മരണത്തിന് ഇടയാക്കിയ വാഗണ്‍ ട്രാജഡി ഇന്ത്യയാകെത്തന്നെയും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇ എം എസിനും കുടുംബത്തിനും കലാപത്തില്‍ നിന്ന് രക്ഷനേടാന്‍ മാറിത്താമസിക്കേണ്ടി വന്നിട്ടുണ്ടു മലബാര്‍ കലാപം ഇ എം എസിന്റെ കൌമാര കാലത്തെ ശക്തമായി സ്വാധീനിച്ച ഒന്നാണ്.
വാദിക്കാനും ജയിക്കാനുമല്ല ,അറിയാനും അറിയിക്കാനുമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി 1924 ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളനം പ്രത്യേകം പ്രസ്താവ്യമാണ്. അതേവര്‍ഷം തന്നെ നടന്ന വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞത് മതാന്ധതക്കും മതാഭാസത്തിനുമെതിരെ നടക്കുന്ന സമരമാണിത് എന്നാണ്. നാരായണഗുരുവും കെ കേളപ്പനും പഞ്ചാബില്‍ നിന്നുള്ള അകാലികളും ഇ വി രാമസ്വാമി നായ്ക്കരുമടക്കമുള്ള നിരവധി ഉത്പതിഷ്ണുക്കള്‍ ഈ മഹത്തായ സമരത്തില്‍ പങ്കാളികളായി.1924 മാര്‍‍ച്ച് മുപ്പതിന് ആരംഭിച്ച സമരം 1925 നവംബര്‍ 23 ന് കിഴക്കേ നട ഒഴികെയുള്ള പാതകള്‍ തുറന്നുകൊടുക്കാനുള്ള രാജകീയ വിളംബരത്തോടെയാണ് പരിസമാപിച്ചത്.1936 ലെ ക്ഷേത്ര പ്രവേശനവിളംബരത്തിലേക്കുള്ള പല വഴികളില്‍ പ്രധാനപ്പെട്ടതായിരുന്നു വൈക്കം സത്യാഗ്രഹം എന്നത് പ്രത്യേകം രേഖപ്പെടുത്തേണ്ടതുണ്ട്. (അവസാനിക്കുന്നില്ല)


Tuesday, May 30, 2017

#ദിനസരികള്‍ 48


1910ല്‍, കാള്‍ മാർക്സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ അവതരിപ്പിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടു. കേരളപഞ്ചിക എന്ന പത്രത്തിന്റെ പത്രാധിപരായിരിക്കെ നായര്‍ സ്ത്രികള്‍ മാറുമറയ്ക്കാതെ ഉത്സവങ്ങളില്‍ എഴുന്നള്ളത്തുകള്‍ക്ക് അകമ്പടി സേവിക്കണമെന്ന നിര്‍‌ദ്ദേശത്തെ നഖശിഖാന്തം രാമകൃഷ്ണപിള്ള എതിര്‍ത്തിരുന്നു. ഭയകൌടില്യലോഭങ്ങള്‍ വളര്‍ത്തി ല്ലൊരു നാടിനെ എന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ഒരു പത്രത്തിന്റെ പത്രാധിപര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അധികാരികളെ വെകിളി പിടിപ്പിച്ചതിന്റെ ഫലമായാണ് ആ നാടുകടത്തല്‍ ഉണ്ടായത്.
പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്റെ പി ആര്‍ ഡി എസ് അഥവാ പ്രത്യക്ഷ രക്ഷാ ദൈവസഭ ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതാണ്. അധസ്ഥിത ജനതയുടെ വിദ്യാഭ്യാസ അവകാശം , ജനപ്രതിനിധി സഭകളിലും ഉദ്യോഗങ്ങളിലും മറ്റും അര്‍ഹമായ പ്രാതിനിധ്യം , സര്‍‌വ്വോപരി അയിത്ത നിരോധനം  തൊട്ടുള്ള പൌരാവകാശങ്ങള്‍ എന്നിവയെല്ലാം ശ്രീനാരായണഗുരു സ്ഥാപിച്ച എസ് എന്‍ ഡി പി , അയ്യങ്കാളി സ്ഥാപിച്ച സാധുജനപരിപാലന സംഘം തുടങ്ങിയവയോടൊപ്പം പി ആര്‍ ഡി എസ് സ്ഥാപകന്റേയും ലക്ഷ്യങ്ങളായിരുന്നു എന്ന് പി ഗോവിന്ദപ്പിള്ള അദ്ദേഹത്തിന്റെ കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
1914 ല്‍ രൂപം കൊണ്ട നായര്‍ സര്‍വ്വീസ് സൊസൈറ്റി , നായര്‍ സമുദായത്തിനകത്ത് നിലനിന്നിരുന്ന അപരിഷ്കൃതാശയങ്ങളെ തള്ളിക്കളയുന്നതിനു മുന്‍‌കൈയ്യെടുത്തു.മിശ്രഭോജനം പ്രോത്സാഹിപ്പിച്ച സൊസൈറ്റി , വൈക്കം സത്യാഗ്രഹം പോലെയുള്ള സമരങ്ങളിലും പങ്കെടുത്തു. ക്ഷേത്ര വഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പല സമരങ്ങളും പില്‍ക്കാലത്ത് ഉണ്ടായിട്ടുണ്ടെങ്കിലും 1917 ലെ കോഴിക്കോട്ടെ തളിക്ഷേത്രത്തിന് സമീപമുള്ള വഴിയില്‍ക്കൂടെ മിതവാദിയുടെ പത്രാധിപര്‍ സി കൃഷ്ണന്‍ എന്ന തീയ്യയുവാവും രാമയ്യര്‍ എന്ന ബ്രാഹ്മണനും ചേര്‍ന്ന് നടന്നു പോയതോടെ കേരളം അതുവരെ പരിചയിക്കാത്ത ഒരു മാറ്റത്തിന് തുടക്കം കുറിച്ചു. ഈ സമരങ്ങളില്‍ നിന്നെല്ലാം പ്രചോദനമുള്‍‌ക്കൊണ്ട് കേരളമാകമാനം ചെറുതും വലുതുമായ സമരങ്ങളുടെ ഒരു വേലിയേറ്റം തന്നെ നടന്നു.ഒന്നാം ലോകമഹായുദ്ധത്തിലേക്ക്  രാജ്യങ്ങള്‍ കൂപ്പുകുത്തിയതോടെ യുദ്ധത്തിന്റെ അലയൊലികള്‍ കേരളത്തിലുമെത്തി.ആനി ബസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച് മലബാര്‍ ഹോംറൂള്‍ എന്നൊരു സംഘം കെ പി കേശവമേനോന്റേയും കെ മാധവന്‍ നായരുടേയുമൊക്കെ നേതൃത്ത്വത്തില്‍ ഇവിടെ വേരുപിടിച്ചു. സ്വരാജിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഹോംറൂള്‍ പ്രസ്ഥാനം സഹായിച്ചു. കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിരുന്നു വെങ്കിലും മലബാറിലെ മഞ്ചേരിയില്‍ വെച്ച് 1920 ല്‍ രാഷ്ട്രീയസമ്മേളനത്തോടെ കൂടുതല്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിച്ചേരാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ജന്മിമാരെ പ്രീണിപ്പിച്ചു കൊണ്ടുനടക്കുന്ന സ്വഭാവം കോണ്‍ഗ്രസിനുണ്ടായിരുന്നെങ്കിലും കേരളത്തിന് ഒരു രാഷ്ട്രീയ ബോധം ഉണ്ടാക്കിക്കൊടുക്കുവാന്‍ സമ്മേളനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞു എന്നത് വസ്തുതയാണ്.( അവസാനിക്കുന്നില്ല )


Monday, May 29, 2017

#ദിനസരികള്‍ 47


ജാതീയമായ പേക്കൂത്തുകള്‍‌ക്കെതിരെ പോരാടുമ്പോള്‍ത്തന്നെ കേരളത്തിലെ ജനങ്ങള്‍ വൈദേശികമായ ആധിപത്യങ്ങളേയും അംഗീകരിച്ചിരുന്നില്ല. എ കെ ഗോപാലന്‍ , കേരളം ഇന്നലെ ഇന്ന് നാളെ എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. ”കേരളത്തിലെ ജനങ്ങള്‍ ഒരു കാലഘട്ടത്തിലും യാതൊരു വിധ വിദേശാധിപത്യത്തേയും സ്വാഗതം ചെയ്തിട്ടില്ല.ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമെന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന 1857 ലെ ശിപായി ലഹളക്ക് വര്‍ഷങ്ങള്‍ മുമ്പ് തന്നെ കേരളത്തിലെ സാമ്രാജ്യത്ത തള്ളിക്കയറ്റത്തിനെതിരെ പഴശ്ശിരാജയുടേയും വേലുത്തമ്പി ദളവയുടേയും ധീരസമരങ്ങള്‍ അരങ്ങേറിസുവ്യക്തമായ ഈ കാഴ്ചപ്പാടനുസരിച്ച് സമാന്തരമായ രണ്ട് സമരധാരകള്‍ നമ്മുടെ സാമൂഹികജീവിതത്തെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്ന് കാണാം. ഒന്ന് വൈദേശികമായ ആധിപത്യത്തിനെ തിരെയാണെങ്കില്‍ മറ്റൊന്ന് സ്വന്തം സമൂഹത്തിനകത്ത് ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊരു വിഭാഗം നേരിടുന്ന വെല്ലുവിളികള്‍‍‌ക്കെതിരെയാണ്. പഴശ്ശിരാജയുടേയും വേലുത്തമ്പി ദളവയുടേയും കുഞ്ഞാലിമരക്കാരുടേയുമൊക്കെ പോരാട്ടങ്ങള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള നമ്മുടെ സമരങ്ങളെ അടയാളപ്പെടുത്തു മ്പോള്‍ വൈകുണ്ഡസ്വാമികളും അയ്യങ്കാളിയും ശ്രീനാരായണഗുരുവുമൊക്കെ സാമൂഹിക അസമത്ത്വങ്ങള്‍‌ക്കെതിരെയുള്ള പോരാട്ടങ്ങളെ പ്രതിനീധികരിക്കുന്നു.
            പണിയെടുക്കുന്നവന് മണ്ണില്‍ ഒരവകാശവും നല്കാത്ത ജന്മികുടിയാന്‍ സമ്പ്രദായം അതിന്റെ എല്ലാ ഭീകരതയോടും കൂടി നിലനിന്നിരുന്നു.ജന്മിക്ക് കുടിയാന്റെ മേലുള്ള അധികാരം ചോദ്യം ചെയ്യപ്പെടാനാവാത്തതായിരുന്നു. തന്റെ ജീവനോ സ്വത്തിനോ യാതൊരു സുരക്ഷിതത്ത്വവുമില്ലാത്ത സാഹചര്യത്തിലാണ് കുടിയാന്‍ ജീവിച്ചു പോന്നിരുന്നത്. ഏറ്റവും ലളിതമായ ഉദാഹരണത്തിന് ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കാവ്യം കാണുക.അധ്വാനിച്ചുണ്ടാക്കിയ വാഴക്കുല തമ്പ്രാന്റെ തറവാട്ടിലേക്കെത്തിക്കാനുള്ള ആജ്ഞ നിറവേറ്റുന്ന മലയപ്പുലയന്‍ അക്കാലത്തെ ജന്മികുടിയാന്‍ വ്യവസ്ഥയുടെ നേര്‍കാഴ്ചയാണ്. പുലയരും പറയരുമടങ്ങുന്ന ഒരു ജനവിഭാഗമാകെ യാതൊരു വിധ മനുഷ്യാവകാശങ്ങളുമില്ലാ തെയാണ് ജീവിച്ചു പോന്നത്. അതേ പുലയ സമുദായത്തില്‍ 1863 ല്‍ ജനിച്ച അയ്യങ്കാളി , സ്വസമുദായോന്നമനത്തിനായി നടത്തിയ ഇടപെടലുകള്‍ കേരള ത്തിന്റെ നവോത്ഥാന ചരിത്രത്തിലെ ഒളിമങ്ങാത്ത രജതരേഖയായി പരിലസി ക്കുന്നു. 1893 ലെ വില്ലുവണ്ടി സമരം , 1905 ലെ കര്‍ഷകത്തൊഴിലാളി സമരം , മാറു മറയ്ക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരം ,  സാധുജനപരിപാലനസംഘ ത്തിന്റെ നേതൃത്ത്വത്തില്‍ 1907 ലെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം തുടങ്ങി നിരവധി പേര്‍‌കൊണ്ട നീക്കങ്ങളാണ് അന്നത്തെ യാഥാസ്ഥിതിക സവര്‍ണ സമൂഹങ്ങള്‍‌ക്കെതിരെ അയ്യങ്കാളി നടത്തിയത്. ഈ സമരങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ച സ്വാതന്ത്ര്യബോധം അതാത് സമുദായങ്ങളില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്നതായിരുന്നില്ല. ആ സമരങ്ങളുണ്ടാക്കിയ അലയൊലികള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നവോത്ഥാനസമരങ്ങളുടെ വിലയേറിയ ശേഷിപ്പുകളാണ് (അവസാനിക്കുന്നില്ല )


Sunday, May 28, 2017

#ദിനസരികള്‍ 46


ഇ.എം. എസിന്റെ ജനനം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ , 1909 ജൂണ്‍ 13 ന് ആണ്. മലപ്പുറം ജില്ലയിലെ  ധനാഢ്യമായ ഏലംകുളം മനയില്‍ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റേയും വിഷ്ണുദത്ത അന്തര്‍ജ്ജനത്തിന്റേയും നാലാമത്തെ പുത്രനായാണ് ഇ എം എസ് എന്ന ഏലംകുളം മന ശങ്കരന്‍ നമ്പൂതിരിപ്പാട് ജനിച്ചത്. ഇ.എം.എസ് തന്റെ പതിനെട്ടാമത്തെ വയസ്സില്‍ , 1927 ലാണ് ആദ്യലേഖനം എഴുതി പ്രസിദ്ധീകരിച്ചത്. ആ സമയത്ത് കേരളത്തിന്റെ സാമൂഹിക അവസ്ഥയുടെ ഒരു നഖചിത്രമെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഇ എം എസിന്റെ ജനനത്തിന് കൃത്യം ഒരു നൂറ്റാണ്ടു മുമ്പാണ് കേരളത്തിന്റെ നവോത്ഥാന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അയ്യാ വൈകുണ്ഠസ്വാമികള്‍ ജനിച്ചത്. സാമൂഹിക അസമത്വങ്ങള്‍ക്കും ജാതീയതക്കും മറ്റ് ഉച്ച നീചത്വങ്ങള്‍ക്കുമെതിരെ സ്വാമികള്‍ ഉയര്‍ത്തിയ വെല്ലുവിളി യാഥാസ്ഥിതികരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ആ വെല്ലുവിളികളുടെ കാഹളധ്വനികളുണ്ടാക്കിയ പ്രതികരണങ്ങള്‍ കേരളത്തിന്റെ മഹത്തായ നവോത്ഥാനചരിത്രത്തിന് തന്നെ തുടക്കം കുറിച്ചു എന്നു പറയാം. പിന്നീടു വന്ന ചട്ടമ്പി സ്വാമികളും ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ കേരളത്തിന്റെ മണ്ണിനെ ചവിട്ടിക്കുഴച്ച് എല്ലാ വിധ ഉച്ച നീച്ചത്തങ്ങള്‍‌ക്കെതിരേയും പ്രതികരിക്കാന്‍ പ്രാപ്തമാക്കി.1888 ല്‍ ശ്രീനാരായണന്‍ അരുവിപ്പുറത്ത് ഈഴവശിവനെ പ്രതിഷ്ഠിച്ചതോടെ കേരളത്തിലെ നവോത്ഥാനസമരങ്ങള്‍ ഇന്ത്യയിലാകമാനം മാതൃകയായി.അതൊടൊപ്പം ഉയര്‍ന്നുവന്ന ശ്രീമുലം പ്രജാസഭ പോലെയുള്ള ജനാധിപത്യവേദികള്‍ ജനങ്ങളുടെ അഭിപ്രായരൂപീകരണത്തിന്റെ മികച്ച കേന്ദ്രങ്ങളായി. സമൂഹത്തിലെ ദുരവസ്ഥകള്‍ക്ക് പൂര്‍ണവിരാമമായിട്ടുണ്ടായിരുന്നില്ലെങ്കിലും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചിലരെല്ലാം ചിന്തിച്ചു തുടങ്ങി എന്നതുതന്നെ അക്കാലത്ത് വലിയ സംഭവമായിരുന്നു.1896 ല്‍ തിരുവിതാം കൂര്‍ സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ട ഈഴവമെമ്മോറിയല്‍ ഇത്തരമൊരു അവകാശ പ്രഖ്യാപനത്തിന്റെ സാധ്യത അന്വേഷിക്കലായിരുന്നു. ഫലം നിരാശാജനകമായിരുന്നെങ്കിലും തങ്ങള്‍ക്ക് ലഭിക്കേണ്ടവയെക്കുറിച്ച് ഈഴവസമുഹത്തില്‍ അവബോധമുണ്ടാക്കാന്‍ ഈഴവ മെമ്മോറിയലിന് കഴിഞ്ഞു. എന്നാല്‍ പിന്നീട് എത്രയോ കാലത്തിന് ശേഷം 1947 നടന്ന പാലിയം സമരത്തോടെയാണ് ജനങ്ങളുടെ മാനുഷികമായ അവകാശങ്ങള്‍ ഒരു പരിധി വരെയെങ്കിലും പൂര്‍ണമായി സ്ഥാപിക്കപ്പെട്ടത് എന്ന് തിരിച്ചറിയുമ്പോഴാണ് പത്തൊമ്പതാം നൂറ്റാണ്ടിലേയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലേയും സമരങ്ങളുടെ പ്രസക്തി നമുക്ക് ബോധ്യമാവുക. (അവസാനിക്കുന്നില്ല )