#ദിനസരികള്‍ 928 ആനന്ദം
എഴുത്തച്ഛന്‍ പുരസ്കാരം ആനന്ദിനാണ് എന്ന വാര്‍ത്ത ഏറെ സന്തോഷിപ്പിക്കുന്നു. കൃത്യമായും എത്തേണ്ട കൈകളിലാണ് ഇത്തവണ അതെത്തി നില്ക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല. വര്‍ത്തമാനകാലത്ത് ആനന്ദിനെപ്പോലെ സ്ഥിതപ്രജ്ഞനായ മറ്റൊരാളെ ഈ പുരസ്കാരം സമ്മാനിക്കുവാന്‍ നമുക്ക് കണ്ടെത്തുക വയ്യ. എന്താണ് ആനന്ദ് എന്നൊരു ചോദ്യമുന്നയിക്കപ്പെട്ടാല്‍ ഒരു വായനക്കാരനെന്ന നിലയില്‍ എന്തുത്തരമാണ് നല്കാനാകുക എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ചരിത്രത്തെ പ്രശ്നവത്കരിച്ചുകൊണ്ട് മനുഷ്യനെന്ന മൂല്യത്തോട് എങ്ങനെ പെരുമാറണം എന്ന് നിശ്ചയിച്ചെടുക്കുകയാണ് ആനന്ദ് പലപ്പോഴും ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. ’ ഇന്‍സ്റ്റന്‍റ് ’ ചോദ്യങ്ങള്‍ക്ക് ‘ ഇന്‍സ്റ്റന്‍ന്റ് ’ ഉത്തരം എന്ന നടപ്പുകാല രീതിയിലല്ല അദ്ദേഹം പുലര്‍ന്നു പോകുന്നത്.മറിച്ച് അത് രൂപപ്പെട്ടുപോന്ന കാലത്തേയും നിലനിറുത്തിപ്പോന്ന വ്യവസ്ഥയേയും ഇന്നെത്തിനില്ക്കുന്ന അവസ്ഥയേയും പരിഗണിച്ചുകൊണ്ടാണ്. അതുകൊണ്ടാണ് ഭൂതകാലത്തിന്റെ ഏതോ അടരുകളില്‍ നിന്നുമിറങ...