#ദിനസരികള്‍ 769
ചോദ്യോത്തരങ്ങള്‍ ചോദ്യം : രണ്ടായിരത്തി പത്തൊമ്പതിലെ ലോകസഭ ഇലക്ഷന്‍ കഴിഞ്ഞിരിക്കുന്നു. എന്താണ് കേരളത്തില്‍ സംഭവിക്കുന്നത് ? ഉത്തരം : ക്ഷേത്രപ്രവേശനങ്ങളെയാണ് നാം ആഘോഷിക്കാറുള്ളത്. അല്ലാതെ ക്ഷേത്രത്തില്‍ നിന്നും പിന്തിരിഞ്ഞു നടക്കുന്നതിനെയല്ല. നവോത്ഥാന മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് നാം നടത്തിയ ക്ഷേത്ര പ്രവേശനങ്ങളെ ജനത വലിയ ആഘോഷമാക്കി മാറ്റി. ബ്രാഹ്മണനൊപ്പം അവന്റെ ആരാധാനാലയങ്ങളില്‍ പ്രവേശനം കിട്ടുക എന്ന ജന്മാഭിലാഷം സാധിക്കപ്പെട്ടതിന്റെ നിര്‍വൃതിയില്‍ നാം കോള്‍മയിര്‍ക്കൊണ്ടു.മാടനേയും മറുതയേയുമൊക്കെ ആരാധിച്ചിരുന്ന അവര്‍ണ പാരമ്പര്യങ്ങള്‍ സവര്‍ണ ദൈവങ്ങള്‍ക്കുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചുവീണു. ഒരു സാമൂഹ്യ മുന്നേറ്റത്തിന്റെ പരിണതികളില്‍ ഇത്തരമൊരു വ്യായാമം നല്ലതുതന്നെയാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസങ്ങള്‍ ഒരു പരിധിവരെ അതുകൊണ്ട് ഇല്ലാതെയാകുകയാണെങ്കിലോ ? അതുകൊണ്ട് ക്ഷേത്ര പ്രവേശനം നാം സ്വാഗതം ചെയ്യുക എന്നാല്‍ ദളിതനെ കൊണ്ടുപോയി ബ്രാഹ്മണന്റെ കാല്‍ച്ചുവട്ടിലേക്ക് നടയ...