Saturday, May 6, 2017

#ദിനസരികള്‍ 24


ഉള്ളുപൊള്ളയായ ഒരു സമൂഹം എങ്ങനെയൊക്കെയാണ് ജീവിച്ചുപോകുക ? ചലനാത്മകവും പുരോഗമനോന്മുഖവുമെന്ന് ദ്യോതിപ്പിക്കുന്നതിനുവേണ്ടി അന്തസ്സാരശൂന്യമായ വിവാദങ്ങളുടെ തോളിലേറുകയും താല്ക്കാലിക മുതലെടുപ്പുകള്‍മാത്രം ലക്ഷ്യം വെച്ച് നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പരിവേഷത്താല്‍ ലാലസിക്കുകയും ചെയ്യുക എന്നത് ഒരു ലക്ഷണമാണ്. അത്തരമൊരു മുതലെടുപ്പ് മാത്രം ലക്ഷ്യം വെച്ച് നടത്തിയ എത്രയോ നീക്കങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ഭാവിയിലെ തിരിച്ചടികളെക്കാള്‍ ഇന്നുണ്ടാകുന്ന ക്ഷണികമായ നേട്ടം - അത് അധികാരക്കസേരയിലേക്കുള്ള കുതിപ്പിനെ സഹായിക്കുന്നതാണെങ്കിലും മറ്റേതെങ്കിലും ലാഭത്തെ നേടിത്തരുന്നതാണെങ്കിലും ഉന്നം വെച്ചു നടപ്പാക്കുന്ന പരിഷ്കാരങ്ങളുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് നാം ബോധവാന്മാരാകുമ്പോഴേക്കും തിരിച്ചു വരാന്‍ വിഷമകരമായ വിധത്തിലുള്ള അകലത്തേക്ക് എത്തിയിട്ടുണ്ടാകും. മദ്യനിരോധനം അത്തരത്തിലുള്ള ഒരു എടുത്തു ചാട്ടമായിരുന്നു. ആ എടുത്തുചാട്ടം ഉണ്ടാക്കിയ ഫലമെന്താണെന്ന് അറിയണമെങ്കില്‍ മയക്കുമരുന്നിന്റെ ലഭ്യതയിലും ഉപഭോഗത്തിലും ഉണ്ടായിരിക്കുന്ന വര്‍ദ്ധനവ് മനസ്സിലാക്കണം. മദ്യത്തിന്റെ ലഭ്യതക്കുറവ് ലഹരിയുടെ മറ്റ് ഉറവിടങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രേരകമായി. കേരളം മയക്കുമരുന്നിന്റെ പടുകുഴിയിലേക്ക് നിപതിക്കുകയാണെന്ന് വ്യക്തമാക്കുകയാണ്  “ നീരാളിപ്പിടുത്തത്തിലേക്ക് വഴുതിവീഴരുത് എന്ന മുഖപ്രസംഗത്തിലൂടെ , മാതൃഭൂമി.      മുഖപ്രസംഗം അടിസ്ഥാനപ്പെടുത്തുന്നത് കൊച്ചി കേന്ദ്രീകരിച്ചുളള  മയക്കുമരുന്നുപയോഗത്തിന്റെ വര്‍ദ്ധനവിനെക്കുറിച്ചാണെങ്കിലും കേരളത്തിന്റെ ഏതു നഗരവും ലഹരിക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തില്‍ മാത്രമാണ് എന്നതാണ് വസ്തുത. വൈറ്റ്നറും പശയുമൊക്കെ ലഹരി വസ്തുക്കള്‍ക്ക് പകരമായി മാറുന്ന കാഴ്ചയും നാം കണ്ടു കഴിഞ്ഞു. എല്‍ എസ് ഡിയും ബ്രൌണ്‍ഷുഗറും കൊക്കെയ്നുമൊക്കെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് കൈയ്യെത്തുന്ന ദൂരത്തു ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. ലിംഗഭേദമെന്യേ ലഹരിക്ക് അടിമകളാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു. ലൈംഗിക ചൂഷണങ്ങള്‍ ഈ വിപത്തിന്റെ സ്വാഭാവിക ഉപോത്പന്നമാകുന്നു. കേരളത്തിലെ ലഹരിവിപണനത്തിന്റേ കേന്ദ്രമായി കൊച്ചി മാറുന്നു എന്ന് എക്സൈസ് കമ്മീഷണര്‍ പറയുന്നത് ശ്രദ്ധിക്കുക.കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളുടെ ഇടപാടുകളില്‍ കോളേജു കുമാരന്മാരാണ് പിടിക്കപ്പെട്ടത് എന്ന വാര്‍ത്ത ഒറ്റപ്പെട്ടതല്ല.
            സൂചനകള്‍ , കേരളത്തിന്റെ പുതുതലമുറകളിലേക്ക് ലഹരി നഖങ്ങളാഴ്ത്തുന്നു എന്നുതന്നെയാണ്. മദ്യലഭ്യതക്കുറവ് ഈ വ്യാപനത്തിന് ഒരു പ്രധാന കാരണമാകുന്നു. മദ്യം തൊട്ടടുത്ത കടയില്‍ ലഭ്യമാകുമെങ്കില്‍ മയക്കുമരുന്നിന്റെ ലഭ്യത ചങ്ങലകളിലൂടെയാണ് സാധ്യമാകുന്നത്. തനിക്ക് ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ മറ്റൊരാളെ ഈ ചങ്ങലയിലേക്ക് ചേര്‍‌ത്തേ മതിയാകൂ. ആ ചങ്ങല അനന്തമാകുന്നതോടെ ലഭ്യത കൂടുതല്‍ ഉറപ്പുവരും എന്നുള്ളതുകൊണ്ട് ഓരോരുത്തരും പുതിയ പുതിയ ആളുകളെ ചങ്ങലകളിലക്ക് ചേര്‍ക്കാന്‍ ഉത്സാഹിക്കുന്നു.
            അതുകൊണ്ട് ദീര്‍ഘവീക്ഷണമില്ലാത്ത എടുത്തുചാട്ടങ്ങളെക്കാള്‍ , മദ്യനിരോധനം ഒരു ഫാഷനായി ഉന്നയിക്കുന്നതിനെക്കാള്‍, ഒരു ലഹരിവിരുദ്ധ മനോഭാവം പൊതുസമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ബോധമുള്ളവര്‍ ശ്രമിക്കേണ്ടത്.

            

Friday, May 5, 2017

#ദിനസരികള്‍ 23


വിവാഹങ്ങള്‍ക്ക് ഹരിത പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നടപടികള്‍ സ്വാഗതാര്‍ഹമാണ്. വിശേഷ അവസരങ്ങളില്‍  പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് തടയുകയും പ്രകൃതിസൌഹൃദമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലുടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.മതപരമായ ചടങ്ങുകളെക്കൂടി ഹരിത പ്രോട്ടോക്കോളിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതിലൂടെ പ്ലാസ്റ്റിക് മുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തില്‍ നമുക്ക് അടുക്കുവാന്‍ കഴിയും. ശുചിത്വ മിഷന്റെ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ കല്യാണമണ്ഡപങ്ങളിലും മറ്റു വേദികളിലും പരിശോധന നടത്തി നിര്‍‌ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തികളെ കണ്ടെത്തി പിഴയിടുക എന്ന രീതിയാണ് നടപ്പാക്കുക.ഇതിനുമുമ്പ് ആറ്റുകാല്‍ പൊങ്കാലയടക്കമുള്ള മതപരമായ ചടങ്ങുകളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പിലാക്കി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ശുചിത്വമിഷന്‍ , തങ്ങളുടെ ദൌത്യം കൂടുതല്‍ മേഖലകളിലക്ക് വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്.
            അതോടൊപ്പം ആഡംബര വിവാഹങ്ങളിലെ ധൂര്‍ത്ത് തിരുത്തുവാനുള്ള പക്വത കൂടി നാം പരിശീലിക്കണം. വിവാഹങ്ങളെ ഉത്സവമാക്കുന്ന ധനാഡ്യരുടെ പ്രകടനങ്ങളെ നിയന്ത്രിക്കുകയും ആഡംബരപ്രദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പണം ക്രിയാത്മകമായി ചിലവഴിക്കുന്നതിനുവേണ്ടി പ്രേരിപ്പിക്കുകയും ചെയ്യണം. മഞ്ഞലോഹത്തില്‍ പണിത ഒരു താലിച്ചരടെങ്കിലും വാങ്ങിക്കുവാന്‍ തങ്ങള്‍ക്കു ചുറ്റും അഹോരാത്രം പണിപ്പെടുന്നവരുണ്ടെന്ന് കാണാതെ പോകുന്നത് മനുഷ്യത്വപരമല്ല.സാമ്പത്തികപരാധീനത മൂലം മംഗല്യഭാഗ്യം അനുഭവിക്കുവാന്‍ കഴിയാതെ പോയ / പോകുന്ന നിരവധി യുവതികള്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന് കാണാതെ പോകരുത്.നിങ്ങളുടെ ധാരാളിത്തത്തില്‍ നിന്ന് ഒരല്പം മാറ്റിവെച്ചാല്‍ അതുപോലെയുള്ള ഒന്നോ രണ്ടോ പേരുടെ ജീവിതത്തെ സഹായിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കുക.

            മറ്റൊരു സുപ്രധാന കാര്യം വിവാഹങ്ങളോടും മറ്റ് സല്ക്കാരങ്ങളോടും ബന്ധപ്പെട്ട് ബാക്കി വരുന്ന ഭക്ഷണത്തിന്റെ കാര്യമാണ്.നിരവധി വിഭവങ്ങളോടെ കൊണ്ടാടപ്പെടുന്ന ഇത്തരം സദ്യവട്ടങ്ങള്‍ ഇപ്പോള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍‌പ്പോലും സാധാരണമാണ്. വിഭവങ്ങളുടെ സമൃദ്ധിയും ആഡംബരത്തിന്റെ വിളംബരവുമാണ് സോഷ്യല്‍ സ്റ്റാറ്റസിന്റെ മാനദണ്ഡങ്ങളെന്ന് ധരിച്ചു വച്ചിരിക്കുന്ന വിഡ്ഢികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്നു എന്നതാണ് വസ്തുത.വിശപ്പിന്റെ വിലയറിയാത്തവരും സഹജീവികളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കാത്തവരുമൊക്കെ നടത്തുന്ന ഇത്തരം ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്ക്കുവാനുള്ള ഒരു തീരുമാനം കൂടി സുമനസ്സുകളുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ ഈ ആഡംബരകോമാളിത്തങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും തടയിടാന്‍ നമുക്ക് കഴിഞ്ഞേക്കാം.

Thursday, May 4, 2017

#ദിനസരികള്‍ 22


മാണി ഇടത്തോ വലത്തോ ? കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പുറത്തേറി മാണി നടത്തിയ എഴുന്നള്ളത്ത് കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷിതമാക്കിയിരിക്കുന്നു. വലതുപക്ഷവും ഇടതുപക്ഷത്തിലെ ചിലകക്ഷികളും മാണിയുടെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു. വിശ്വാസവഞ്ചകനെന്നും രാഷ്ട്രീയസദാചാരമില്ലാത്തവനെന്നുമൊക്കെയാണ് യു ഡി എഫിന്റെ നേതൃത്വം ഇപ്പോള്‍ മാണിയെ വിശേഷിപ്പിക്കുന്നത്. മാണിക്കെതിരെ ആക്ഷേപമുയര്‍ന്ന കാലത്ത് മാണിയെ കോട്ട കെട്ടി സംരക്ഷിച്ച അതേ യു ഡി എഫ് നേതൃത്വം തന്നെ മാണിയുടെ കൈവശം നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നു സമ്മതിച്ചിരിക്കുന്നു.എല്‍ ഡി എഫ് അക്കാലത്ത് ഉന്നയിച്ച ആരോപണം ശരിയാണെന്ന് പ്രത്യക്ഷമായിത്തന്നെ യു ഡി എഫ് സമ്മതിച്ചു എന്നറിയുന്നത് സന്തോഷം തന്നെ
            മാണിയാകട്ടെ , അക്ഷോഭ്യനാണ്.കോട്ടയത്തെ കൂട്ടുകെട്ട് പ്രാദേശികമായി എടുത്ത ഒരു തീരുമാനം മാത്രമാണെന്നും താന്‍ എല്‍ ഡി എഫിലേക്ക് പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മാണി പ്രഖ്യാപിച്ചു. ഒരു മുന്നണിയോടും അസ്പൃശ്യത ഇല്ല എന്നും ഒറ്റക്ക് നില്ക്കാന്‍ കെല്പുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നും കൂട്ടിച്ചേര്‍ത്തുകൊണ്ട് കെ എം മാണി നിലപാട് വ്യക്തമാക്കി. എല്‍ ഡി എഫിലെ പ്രധാനപാര്‍ട്ടിയായ സി പി ഐ എം കോട്ടയത്തെ പ്രാദേശികനേതൃത്വത്തിന്റെ നിലപാടിന് യാതൊരു വിധത്തിലുള്ള അമിതപ്രാധാന്യവും നല്കിയിട്ടില്ല. മാണി എല്‍ ഡി എഫിലേക്കു വരുന്നു എന്ന തരത്തിലുള്ള ഒരു സൂചനയും നേതൃത്വം നല്കിയിട്ടുമില്ല. അക്കാര്യമൊക്കെ ചര്‍ച്ച ചെയ്യേണ്ടതും തീരുമാനമെടുക്കേണ്ടതും ഒറ്റക്കൊറ്റക്കല്ല , മറിച്ച് എല്‍ ഡി എഫില്‍  കൂട്ടായി ചര്‍ച്ച ചെയ്തുകൊണ്ടാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവാദങ്ങളില്‍ നിന്ന് പാര്‍ട്ടി വിട്ടുനില്ക്കുകയാണ് ചെയ്തത്.
            ഈ സാഹചര്യത്തിലാണ് എല്‍ ഡി എഫിലെ രണ്ടാംകക്ഷിയായ സി പി ഐ ചന്ദ്രഹാസം ചുഴറ്റി മുന്നോട്ടു വന്നത്. എല്ലാവിധ രാഷ്ട്രീയ ധാര്‍മികതയുടേയും  സ്വയംപ്രഖ്യാപിത കാവല്‍ക്കാരായ സിപിഐ , അവരുടെ മുഖപത്രമായ ജനയുഗത്തില്‍ സി പി ഐ എമ്മിനെ പേരെടുത്തുപറഞ്ഞാണ് വിമര്‍ശിക്കുന്നത്. വിഷയം എല്‍ ഡി എഫില്‍ ഉന്നയിക്കുകയോ സി പി എമ്മിന്റെ പ്രതികരണമെന്തെന്ന് അന്വേഷിക്കുകയോ ചെയ്യാതെയുള്ള ഈ വിമര്‍ശനം  കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന സിപി ഐയുടെ സ്ഥിരം നയത്തിന്റെ ഭാഗമാണ്. എല്‍ ഡി എഫ് എന്നു പറഞ്ഞാല്‍ ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ പരസ്പരം സഹകരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ കൂട്ടായ്മയാണ്. വ്യത്യസ്ഥ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ടെങ്കിലും പൊതുപരിപാടി അംഗീകരിക്കുകയാണെങ്കില്‍ എല്‍ ഡി എഫില്‍ അംഗമാകുന്നതിന് തടസ്സമെന്താണ് ? കേസ്സും ആരോപണങ്ങളും ആക്ഷേപങ്ങളുമൊക്കെ അന്വേഷണം നേരിടട്ടെ. ചെയ്ത തെറ്റുകള്‍ക്ക് മാണി ശിക്ഷ അനുഭവിക്കട്ടെ അതൊന്നും വേണ്ടെന്നോ മാണി തെറ്റു ചെയ്തിട്ടില്ലെന്നോ ഇവിടെ ആരും പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഉത്തരം താങ്ങുന്നവര്‍ ചന്ദ്രഹാസം ഇളക്കുന്നതെന്തിന് ? അപ്പോള്‍ കാരണം മറ്റൊന്നുമല്ല , അപ്രസക്തരായിക്കൊണ്ടിരിക്കുന്നവര്‍ കൂടുതല്‍ അപ്രസക്തരാകും എന്ന ഭയം മാത്രമാണ് ജനയുഗത്തിന്റെ ലേഖനത്തിന് പിന്നിലെന്ന് വ്യക്തം.
            ഒരു തമാശ : - അഴിമതിക്കാരായ മാണിക്കാരുമായി കൂട്ടുകൂടുന്നതിനാണ് കുഴപ്പം. ഇന്ത്യയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയിട്ടുള്ള കോണ്‍ഗ്രസുമായിട്ടുള്ള ദേശീയതലത്തിലെ കൂട്ടുകെട്ട് ഓര്‍മിപ്പിക്കരുത്
            മറ്റൊരു തമാശ :- ഇന്ത്യയിലെ ഏറ്റവും ഭീകരമായ കറുത്ത ദിനങ്ങളില്‍ അനുഭവിച്ച സുഖം ഇന്നും അസുഖമായിട്ടില്ല
ഒരു തമാശ കൂടി :- പി കെ വിയെ കള്ളനാക്കിക്കൊണ്ട് വെളിയം നടത്തിയ ഇടപാട് ഇപ്പോഴും മൂന്നാറില്‍ പൂര്‍ത്തിയാക്കിയിട്ടില്ല.

പി എസ് . മറവി ഒരു കുറ്റമൊന്നുമല്ല. പക്ഷേ ആരെങ്കിലും ഓര്‍മിപ്പിക്കുമ്പോള്‍ അവരെ പുച്ഛിക്കരുതെന്ന് മാത്രം.

Wednesday, May 3, 2017

#ദിനസരികള്‍ 21


            വക്രീകരണങ്ങള്‍ക്ക് സാക്ഷ്യം പറയുക എന്ന ഗതികേടിനെ തന്റെ സര്‍ഗാത്മകതകൊണ്ടു വെല്ലുവിളിച്ച മലയാള കവികളില്‍ പ്രധാനിയാണ് എന്‍ എന്‍ കക്കാട്.കവിവഴികള്‍ എല്ലായ്പ്പോഴും ഭാവാത്മകമായ ഒരു പ്രണയഗാനം പോലെ മധുരതരമായിരിക്കണം എന്ന വാശിയൊന്നും കക്കാടിനില്ല , മറിച്ച് അത് അങ്ങനെയല്ല എന്ന ഉറച്ച ധാരണയുണ്ട് താനും. ആ ധാരണയില്‍ നിന്നുകൊണ്ടാണ് തന്റെ സാമൂഹ്യവിമര്‍ശനങ്ങള്‍ക്ക് കവി തിരി കൊളുത്തുന്നത്. കക്കാട് എഴുതുന്നു :- അമ്പത്തി ഏഴാമത്തെ വയസ്സില്‍ ഇന്നും ഞാന്‍ തൊട്ടുനോക്കി.നട്ടെല്ല് അവിടെത്തന്നെയുണ്ട്.സ്ഥാനമാനങ്ങള്‍‌ക്കോ പ്രശസ്തിക്കോ വേണ്ടി ഒരു കണ്ടപ്പനും ഞാനതൂരിക്കൊടുത്തിട്ടില്ല.ഈ പ്രഖ്യാപനം സാര്‍ത്ഥകമായ ഒരു കാവ്യജീവിതത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത കര്‍മപദ്ധതികളുടെ പ്രഘോഷണമാണ്. താന്‍ ജീവിക്കുന്ന കാലഘട്ടത്തിന് തന്നില്‍നിന്ന് ലഭിക്കേണ്ടതെന്ത് എന്ന ചോദ്യത്തിന്  നേരിയതെങ്കിലും നേരിന്റെ വെട്ടം ഉയര്‍ത്തിപ്പിടിക്കുക എന്ന ഉത്തരമാണ് കവി നല്കുന്നത് . ഈ ബോധത്തില്‍ നിന്നാണ് കക്കാടിന്റെ എഴുത്ത് ഉറവപൊട്ടുന്നത്. വിശക്കുന്നവനോട് താദാത്മ്യപ്പെടാനുള്ള ഈ ബോധം കവി ജീവിതാവസാനം വരെ നിലനിര്‍ത്തിപ്പോന്നിട്ടുണ്ട്. അഥവാ ആ ബോധത്തില്‍ നിന്നുകൊണ്ടു സ്വാംശീകരിച്ചെടുത്ത ശക്തിയായിരിക്കണം പില്ക്കാലത്ത് കടുത്ത ഭാഷയില്‍ നമ്മുടെ സാമൂഹികപരിതോവസ്ഥകളേയും അത് സൃഷ്ടിക്കുന്ന അധികാരകേന്ദ്രങ്ങളുടേയും കൊള്ളരുതായ്മകളെ നഖശിഖാന്തം വിമര്‍ശിക്കുന്ന നട്ടെല്ലുള്ള ഒരു കവിയെ സൃഷ്ടിച്ചത്.
                        ഒരു പിടിയരിപോലുമാ മാളിക
                        പ്പുരയിലേക്ക് കടക്കാതെ മുറ്റുമേ
                        ദിവസമഞ്ചാറു പോയി പനിപിടി
                        ച്ചവശനായിക്കിടക്കുയാണച്ഛന്‍
                        പുലരി വന്നു വിളിച്ചു പതിവുപോല്‍
                        തലയുയര്‍ത്തിയില്ലാരും തളര്‍ച്ചയാല്‍
                        ഇരുളു ചൂഴ്ന്നിടുമോരോ മുറിയിലും
                        ദുരിതമെത്തി പതുങ്ങിനില്ക്കുന്ന പോല്‍
                        ഒരു ഭയാനകമൂകതയോടു ചേര്‍ -
                        ന്നിഴുകി നില്ക്കുന്നു ജാഡ്യമങ്ങെങ്ങുമേ എന്ന അവസ്ഥ പുറത്തു കാണുന്നതുപോലെയല്ല ഉള്ളിലെ ജീവിതങ്ങള്‍ എന്ന് സൂചിപ്പിക്കുന്നുണ്ട്. വൈലോപ്പിള്ളി അരിയില്ലാഞ്ഞിട്ട് എന്ന കവിതയില്‍ സൂചിപ്പിക്കുന്ന സാമൂഹികപശ്ചാത്തലം ഇവിടെ കൂട്ടിവായിക്കണം. മരിച്ചു കിടക്കുന്നവന്റെ ചുറ്റും തൂകാന്‍ ഇത്തിരി ഉണക്കലരി വേണം എന്ന് കരക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ വിധവയുടെ മറുപടി അരിയുണ്ടെന്നാലങ്ങോരന്തരിക്കുകില്ലല്ലോ എന്നായിരുന്നു. ഈ സാമൂഹികസാഹചര്യം സൃഷ്ടിക്കപ്പെട്ടതാണെന്നും അത് പരിഹരിക്കപ്പെടേണ്ടതാണെ ന്നുമുള്ള ഉത്തമബോധ്യത്തില്‍ നിന്നുകൊണ്ടാണ് കക്കാടിന്റെ പിന്നീടങ്ങോട്ടുള്ള കവിയാത്രകള്‍ തുടരുന്നത്.
            വിശക്കുന്നവന്റെ പക്ഷം ചേരുക എന്ന സ്ഥൂലബോധത്തില്നിന്ന് വിശപ്പുണ്ടാകുന്നതിന്റെ കാരണം തേടുക എന്ന സൂക്ഷ്മതലത്തിലേക്ക് എത്തുമ്പോള്കക്കാടിന്റെ കവിത കുറച്ചു കൂടി പരുഷമാകുന്നു. പദങ്ങള്ക്ക് മൂര്ച്ച കൂടുന്നു. ഗ്രാമീണഭാവങ്ങള്ക്കു പകരം ഗ്രാമ്യപദങ്ങള്ഉല്പാദിപ്പിക്കുന്ന അര്ത്ഥപരിസരങ്ങളിലേക്ക് ആ കവിത ചേക്കേറുകയും നമ്മുടെ കപടസദാചാരത്തിന്റെ മുശകളില്‍ പോറലുകള്‍ വീഴ്ത്തുകയും ചെയ്യുന്നു. തെറി പറഞ്ഞ് ആളുകളെ ഞെട്ടിക്കുക എന്ന കവലച്ചട്ടമ്പിയുടെ തന്ത്രമല്ല മറിച്ച് തെറി പറഞ്ഞെങ്കിലും അല്പമാശ്വസിക്കട്ടെ അല്ലാതെന്തു ചെയ്യാന്‍ എന്ന് നിസ്സഹായതയോടെ പരിതപിക്കുന്ന ഒരാളെയാണ് നമുക്കിവിടെ കണ്ടെത്താനാവുക. ചെറ്റകളുടെ പാട്ട് എന്ന കവിത നോക്കുക
                        ചെറ്റകളല്ലോ ഞാനും നീയും
                        വരികരിത്തിരിയിത്തിരി
                        പരദൂഷണലഹരിയില്‍
                        നാണമുരിഞ്ഞൊന്ന് തുടിച്ചു കുളിക്കാം
                        ചെറ്റകളല്ലോ നീയും ആത്മനിരാസത്തിന്റെ നിസ്സഹായതയുടേയും തേട്ടല്‍ ചാലിച്ചെഴുതിയ ഈ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്
                        ആടടാ ചെറ്റേ ആട്
                        മറ്റെന്തുണ്ടീ നാണംകെട്ട ജഗത്തില്‍ ചെയ്യാന്‍

- നാം ആടിക്കൊണ്ടേയിരിക്കുന്നു. കക്കാടിന് നന്ദി.

Tuesday, May 2, 2017

#ദിനസരികള്‍ 20


ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ എന്ന നിലയില്‍ നമ്മുടെ കോടതികളെക്കുറിച്ച് നാം അഭിമാനം കൊള്ളാറുണ്ട്. പരമാധികാരസ്വഭാവമുള്ള നിയമവ്യാഖ്യാതാക്കളായ  നീതിന്യായവിഭാഗത്തിന് പലപ്പോഴും ആ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാറുമുണ്ട് എന്നതാണ് വസ്തുത.കോടതികളെ ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന ഒരു നടപടിയേയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സംരക്ഷകര്‍ വച്ചുപൊറുപ്പിക്കാറില്ല. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്ഥാവനയുടെ പേരില്‍ - കുടവയറും ധാടിയും മോടിയുമുള്ള ഒരാള്‍ക്കും മെലിഞ്ഞൊട്ടി വരണ്ടുണങ്ങിയ ഒരാള്‍ക്കും അനുവദിക്കുന്ന നീതിയുടെ തൂക്കത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന അര്‍ത്ഥത്തില്‍ - ആയിരം രൂപ പിഴ വിധിക്കുകയും ഇ എം എസിനെ മാര്‍ക്സിസം പഠിപ്പിക്കുകയും ചെയ്ത കോടതികളുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ തങ്ങള്‍‌ക്കെതിരെ ഉയരുന്ന ഏതൊന്നിനേയും വരുതിക്കു നിറുത്തി നിയമവാഴ്ച നടപ്പിലാക്കാന്‍ നമ്മുടെ നീതിന്യായ സംവിധാനം പ്രതിജ്ഞാബദ്ധമാണ്.തങ്ങളുടെ അന്തസ്സും മാന്യതയും സംരക്ഷിക്കാന്‍ ഏതറ്റംവരേയും പോകുന്ന കോടതികള്‍ , ജനാധിപത്യസമൂഹത്തിലെ അംഗങ്ങളുടെ പ്രതികരണങ്ങളെപ്പോലും വളരെ സൂക്ഷ്മമായി വിലയിരുത്തി നേര്‍വഴിക്ക് നടത്താറുണ്ട്. എല്ലാം നല്ലതുതന്നെ.
            എന്നാല്‍ ഏറ്റവും ഗൌരവതരമായി നമ്മുടെ നിയമസംവിധാനത്തെ മുന്നോട്ടു നയിക്കാന്‍ പ്രതിജ്ഞാബദ്ധരായ കോടതികള്‍ തന്നെ ജനങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്തുകൊണ്ട് തെരുവുയുദ്ധം നടത്തിയാലോ ? ദയനീയമായിരിക്കും എന്നു മാത്രമല്ല , നാം പോറ്റിപ്പുലര്‍ത്തിപ്പോരുന്ന എല്ലാ ജനാധിപത്യ മൂല്യങ്ങളേയും അധിക്ഷേപിക്കുക കൂടിയായിരിക്കും ചെയ്യുന്നത്.സൂചിപ്പിക്കുന്നത് ജസ്റ്റീസ് കര്‍ണനും സുപ്രീംകോടതിയും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങളെക്കുറിച്ചാണ്. പ്രസ്തുത വിവാദം എല്ലാ സീമകളും കടന്നുകഴിഞ്ഞിരിക്കുന്നു. ഭരണഘടനാദത്തമായ അവകാശങ്ങളുടെ പരിവേഷമുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത എന്നു പറയുന്നത് സര്‍വ്വപ്രധാനമായ ഒരു സംവിധാനത്തില്‍ ഈ വിവാദമുണ്ടാക്കുന്ന കളങ്കം എത്രയോ വലുതായിരിക്കുമെന്ന് അധികാരികള്‍ തിരിച്ചറിയണം.പരസ്പരം വാരിയെറിയുന്ന ചെളി നിങ്ങളുടെ മുഖത്തല്ല , മറിച്ച് ഈ അധികാരം തന്ന് നിങ്ങളെ അവരോധിച്ച ജനങ്ങളുടെ മുഖത്താണ് വന്നു വീഴുന്നത് എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം.പൂച്ചയ്ക്കാര് മണികെട്ടും എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടെങ്കിലും മണികെട്ടിയേ തീരൂ എന്ന അവസ്ഥയില്‍ അതിന് അമാന്തമുണ്ടാകരുത്.

ആയതുകൊണ്ട് , ടോം ആന്റ് ജെറിക്കളി ഞങ്ങള്‍ ടി വിയില്‍ കണ്ടുരസിച്ചു കൊള്ളാം സര്‍ .

Monday, May 1, 2017

#ദിനസരികള്‍ 19


ഒട്ടേറെ പ്രതീക്ഷകള്‍ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ച് രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടി , ജനങ്ങളുടെ ആശ്രയകേന്ദ്രമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. പ്രമുഖ ഗാന്ധിയനായ അണ്ണാ ഹസാരേയുടെ ക്യാമ്പില്‍ നിന്ന് വിട്ടു പിരിഞ്ഞ് സാധാരണക്കാരനായ മനുഷ്യനുവേണ്ടി 2012 ല്‍ ഇന്ത്യന്‍ റവന്യു വകുപ്പിലെ അരവിന്ദ് കെജ്രിവാള്‍ എന്ന ബ്യൂറോക്രാറ്റ് , ആം ആദ്മി പാര്‍ട്ടി എന്ന പേരില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അഴിമതി വിരുദ്ധതയായിരുന്നു അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുഖമുദ്രയായി ഉയര്‍ത്തിപ്പിടിച്ചത്. ഹസാരേയുടെ കൂടെ ജന ലോക്പാല്‍ ബില്ല് കൊണ്ടുവരുന്നതിന് വേണ്ടി നടത്തിയ സമരങ്ങളും ഇടപെടലുകളും അദ്ദേഹത്തിനുണ്ടാക്കിക്കൊടുത്ത പ്രതിച്ഛായയുടെ തണലില്‍ നിന്നു കൊണ്ടായിരുന്നു പാര്‍ട്ടി കെട്ടിപ്പടുത്തത്. ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് വലഞ്ഞിരുന്ന ജനങ്ങള്‍ക്ക് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളും സ്വപ്നസദൃശമായ വികസനനിര്‍‌ദ്ദേശങ്ങളും പ്രതീക്ഷയായി.രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു പുതിയ ഭാഷ്യമായിപ്പോലും ആം ആദ്മി പാര്‍ട്ടിയുടെ ഉദയം ചര്‍ച്ച ചെയ്യപ്പെട്ടു. പരമ്പരാഗത രാഷ്ട്രീയകക്ഷികളെപ്പോലും അത്ഭുതപ്പെടുത്തുന്നതും ഇരുത്തിച്ചിന്തിപ്പിക്കുന്ന തുമായിരുന്നു കെജ്രിവാളിന്റെ മുന്നേറ്റങ്ങള്‍.2013 ലെ ഡല്‍ഹി നിയമസഭാ ഇലക്ഷനില്‍ 70 സീറ്റുകളില്‍ 28 എണ്ണം നേടിയതോടെ പാര്‍ട്ടി തങ്ങളുടെ സ്വാധീനം തെളിയിച്ചു.2015 ല്‍ ആകയുള്ള എഴുപതു സീറ്റുകളില്‍ മൂന്നെണ്ണം മാത്രം വിട്ടുകൊടുത്തുകൊണ്ട് 67 സീറ്റും ആം ആദ്മി പാര്‍ട്ടി നേടിയത് സ്വപ്നസദൃശമായിരുന്നു. ലോകസഭയിലേക്കും പ്രാതിനിധ്യമുണ്ടാക്കുവാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതുകൂടി ഇത്തരുണത്തില്‍ സൂചിപ്പിക്കട്ടെ.
എന്നാല്‍ പ്രസ്തുത പാര്‍ട്ടിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്ത് ചരിത്രത്തിലേക്ക് പിന്‍വാങ്ങുന്നതിന്റെ ലക്ഷണങ്ങളാണോ ഈ അടുത്ത കാലത്തുണ്ടാവുന്ന പരാജയങ്ങള്‍ എന്ന് സംശയിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജനങ്ങളുടെ മനസ്സില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിയിരുന്ന മുദ്രാവാക്യങ്ങള്‍ നല്കുന്ന പ്രതീക്ഷ അസ്തമിക്കുകയാണോ ? പാര്‍ട്ടി രൂപീകരിച്ച കാലത്ത് ഇത് വെറുമൊരു പ്രതിഭാസം മാത്രമാണെന്നും താല്ക്കാലികമായ ഓളങ്ങള്‍ക്കപ്പുറം മറ്റൊന്നും ചെയ്യാന്‍ ആ പാര്‍ട്ടിക്ക് കഴിയില്ലെന്നുമായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. പുറംപൂച്ചുകളാല്‍ കെട്ടിപ്പടുത്തിരിക്കുന്ന , ബാബേല്‍ ഗോപുരമോഡല്‍ പൊളിറ്റിക്സ് ആന്തരികമായി ബലമില്ലാത്തതും നിലനില്ക്കാത്തതുമാണെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാണിക്കുന്നു.എടുത്തു പറയേണ്ട ഒന്ന് കെജ്രിവാളിനെപ്പോലെ ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍‌ കഴിഞ്ഞ നേതാക്കന്മാരുടെ അഭാവവും തുടരെത്തുടരെയുണ്ടാകുന്ന വിവാദങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ ധാര്‍മിക അടിത്തറയില്‍ ചോര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട് എന്ന് വ്യക്തമാണ്.
ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കെജ്രിവാള്‍ എല്ലാം പുനപരിശോധിക്കുവാന്‍ സമയമായി എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധന നല്ലതുതന്നെ. അത് സത്യസന്ധമായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞാല്‍ ചിലപ്പോള്‍ തിരിച്ചു വന്നേക്കാം. എന്നാല്‍ അതിനുവേണ്ടി ഉള്ളുപൊള്ളയായ , പുറംമോടികളാല്‍ അലംകൃതമായ വാചാടോപങ്ങളല്ല കെജ്രിവാള്‍ കണ്ടെത്തേണ്ടത്. ഉറച്ച ആശയാടിത്തറയില്‍ നിന്നുകൊണ്ടുള്ള ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങള്‍ മുന്‍കാലങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആവിഷ്ക്കരിക്കുവാന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞാല്‍ പ്രതീക്ഷക്കു വകയുണ്ട്. അഴിമതിക്കെതിരേയും ജാതി മത സങ്കുചിതത്വങ്ങള്‍ക്കെതിരേയും നിലപാടെടുക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ AAP തുടരണം എന്നുതന്നെയാണ് ജനാധിപത്യവാദികളുടെ ആവശ്യം എന്ന് നേതൃത്വം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Sunday, April 30, 2017

#ദിനസരികള്‍ 18
പണ്ട് ജോര്‍ജ്ജ് ബര്‍ണാഡ് ഷാ പ്രസംഗിച്ചുകൊണ്ടിരിക്കേ വേദി തകര്‍ന്നു വീണു. ദേഹത്താകമാനം പറ്റിയ പൊടിയും ചെളിയും തുടച്ചു കളഞ്ഞുകൊണ്ടിരിക്കേ ഷാ തന്റെ ചുറ്റും കൂടിയവരോടായി ഇങ്ങനെ പറഞ്ഞു ഞാന്‍ അരങ്ങുതകര്‍ക്കുന്ന ഒരു പ്രാസംഗികനല്ലെന്ന് ഇനിയാരും പറയില്ലല്ലോ”. ഇന്നലെ നമ്മുടെ ബഹുമാന്യനും സര്‍വ്വാദരണീയനുമായ പ്രധാനമന്ത്രിയും ഇതുപോലെ അരങ്ങുതകര്‍ത്ത ഒരു തമാശ ഇന്ത്യയിലെ ജനങ്ങളുമായി പങ്കുവെച്ചു. ഷായുടെ അരങ്ങുതകരല്‍ ഒരു അബദ്ധമായിരുന്നുവെങ്കില്‍ മോഡി അറിഞ്ഞുകൊണ്ടുതന്നെ തകര്‍ത്ത അരങ്ങിന്നു മുന്നില്‍ നിന്നുകൊണ്ടായിരുന്നു ഇന്ത്യയില്‍ ഇനിമുതല്‍  വിഐപി ഇല്ല, 'ഇപിഐ' മാത്രം എന്ന തമാശ മന്‍കി ബാത്തിലൂടെ പങ്കുവെച്ചത്. ഇ പി ഐ എന്നു പറഞ്ഞാല്‍ എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ് എന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഒറ്റ നോട്ടത്തില്‍ ആരേയും സന്തോഷിപ്പിക്കുന്നതും എല്ലാവരും സ്വാഗതം ചെയ്യുന്നതുമായ ഒരു  പ്രസ്താവനയാണ് ഇത്. രാജ്യത്തിലെ പൌരന്മാരെ വേര്‍തിരിവുകളില്ലാതെ കാണുകയും പരിഗണിക്കുകയും ചെയ്യുന്നത്  ജനാധിപത്യബോധത്തിന്റെ വര്‍ദ്ധിച്ച സ്വാധീനത്തിന്റെ ഫലമാണെന്ന് നമുക്ക് അവകാശപ്പെടാം. ജനങ്ങളെ തുല്യരായി പരിഗണിക്കുന്ന പ്രധാനമന്ത്രി എന്ന് മോഡിയെ വാഴ്ത്തിപ്പാടാം.
            എന്നാല്‍ ജാതികൊണ്ടും മതംകൊണ്ടും വര്‍ഗ്ഗം കൊണ്ടും വര്‍ണം കൊണ്ടും ദേശം കൊണ്ടും  ഇന്ത്യയിലെ ജനങ്ങളെ വെട്ടിമുറിക്കുകയും പരസ്പരം തമ്മിലടിപ്പിച്ച് അധികാരസ്ഥാനത്തേക്കുള്ള വഴി വെട്ടിത്തുറക്കുകയും ചെയ്ത ഒരാള്‍ ഈ പ്രഖ്യാപനം നടത്തുമ്പോള്‍ അതൊരു ജനാധിപത്യബോധത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടാണെന്ന് നാം വിശ്വസിക്കണമോ എന്നതാണ് ചോദ്യം.താന്‍ പ്രധാനമന്ത്രിയായി വിരാജിക്കുന്ന സ്വന്തം രാജ്യത്ത് പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നതിനെ നാളിതുവരെ ഒരു തവണ പോലും അപലപിക്കാന്‍ സമയം കണ്ടെത്താത്ത ഈ പ്രധാനമന്ത്രിയെ നാം എങ്ങനെ വിശ്വാസത്തിലെടുക്കും എന്നതാണ് ചോദ്യം. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍‌ക്കെതിരെ ഉയരുന്ന അസഹിഷ്ണുതയെ ഫലപ്രദമായി തടയാന്‍ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാത്ത നരേന്ദ്രമോഡിയുടെ ഈ മുഖം മിനുക്കല്‍ പ്രസ്ഥാവനയെ നാം  എങ്ങനെ വിശ്വാസിക്കും എന്നതാണ് ചോദ്യം.
            ചുവന്ന ബീക്കണ്‍ ലൈറ്റ് ബ്രിട്ടീഷ് രാജിനെ ഓര്‍മിപ്പിക്കുന്നതാണ് എന്ന പ്രതികൂലമായ പരാമര്‍ശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും 2013 ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഈ ലൈറ്റുകള്‍ മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ഇത്ര കാലത്തിന് ശേഷമാണെങ്കിലും നിര്‍ബന്ധിതരായത്. കോടതിയുടെ ഈ പരാമര്‍ശം ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും ഈ ബീക്കണ്‍‌ലൈറ്റ് അധികാരത്തിന്റെ സുവര്‍ണസിംഹാസനങ്ങള്‍ക്കു മുകളില്‍ കത്തിനില്ക്കുമായിരുന്നുവെന്നത് വസ്തുതയായിരിക്കേ , പ്രിയപ്പെട്ട പ്രധാനമന്ത്രീ , താങ്കളെ സംശയിക്കേണ്ടിവന്നതില്‍ ഖേദമുണ്ട്. അങ്ങയുടെ വാക്കുകളിലെ ആശയപരമായ ഗാംഭീര്യത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും അന്തസ്സാരശൂന്യമായ ഇത്തരം പ്രഖ്യാപനങ്ങളല്ല ഞങ്ങള്‍ക്കു വേണ്ടതെന്നും , ഇന്ത്യയുടെ മക്കളെ ഒന്നിപ്പിക്കുന്ന , പരസ്പരം സ്നേഹിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രവര്‍ത്തികളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അങ്ങയെ വിനയപുരസ്സരം , സബഹുമാനം ഓര്‍മിപ്പിക്കട്ടെ.