#ദിനസരികള്‍ 20
ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍
എന്ന നിലയില്‍ നമ്മുടെ കോടതികളെക്കുറിച്ച് നാം അഭിമാനം കൊള്ളാറുണ്ട്.
പരമാധികാരസ്വഭാവമുള്ള നിയമവ്യാഖ്യാതാക്കളായ നീതിന്യായവിഭാഗത്തിന് പലപ്പോഴും ആ
പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയാറുമുണ്ട് എന്നതാണ് വസ്തുത.കോടതികളെ ആക്ഷേപിക്കുകയോ
അപമാനിക്കുകയോ ചെയ്യുന്ന ഒരു നടപടിയേയും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ സംരക്ഷകര്‍
വച്ചുപൊറുപ്പിക്കാറില്ല. കേരളത്തിന്റെ ആദ്യമുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്ഥാവനയുടെ
പേരില്‍ - കുടവയറും ധാടിയും മോടിയുമുള്ള ഒരാള്‍ക്കും മെലിഞ്ഞൊട്ടി വരണ്ടുണങ്ങിയ
ഒരാള്‍ക്കും അനുവദിക്കുന്ന നീതിയുടെ തൂക്കത്തില്‍ വ്യത്യാസമുണ്ടായിരിക്കും എന്ന
അര്‍ത്ഥത്തില്‍ - ആയിരം രൂപ പിഴ വിധിക്കുകയും ഇ എം എസിനെ മാര്‍ക്സിസം
പഠിപ്പിക്കുകയും ചെയ്ത കോടതികളുടെ പിന്‍ഗാമികള്‍ എന്ന നിലയില്‍ തങ്ങള്‍ക്കെതിരെ
ഉയരുന്ന ഏതൊന്നിനേയും വരുതിക്കു നിറുത്തി നിയമവാഴ്ച നടപ്പിലാക്കാന്‍ നമ്മുടെ
നീതിന്യായ സംവിധാനം പ്രതിജ്ഞാബദ്ധമാണ്.തങ്ങളുടെ അന്തസ്സും മാന്യതയും സംരക്ഷിക്കാന്‍
ഏതറ്റംവരേയും പോകുന്ന കോടതികള്‍ , ജനാധിപത്യസമൂഹത്തിലെ അംഗങ്ങളുടെ
പ്രതികരണങ്ങളെപ്പോലും വളരെ സൂക്ഷ്മമായി വിലയിരുത്തി നേര്‍വഴിക്ക് നടത്താറുണ്ട്. എല്ലാം
നല്ലതുതന്നെ.
എന്നാല്‍
ഏറ്റവും ഗൌരവതരമായി നമ്മുടെ നിയമസംവിധാനത്തെ മുന്നോട്ടു നയിക്കാന്‍
പ്രതിജ്ഞാബദ്ധരായ കോടതികള്‍ തന്നെ ജനങ്ങളുടെ എല്ലാ പ്രതീക്ഷകളേയും തകര്‍ത്തുകൊണ്ട്
തെരുവുയുദ്ധം നടത്തിയാലോ ?
ദയനീയമായിരിക്കും എന്നു മാത്രമല്ല , നാം പോറ്റിപ്പുലര്‍ത്തിപ്പോരുന്ന
എല്ലാ ജനാധിപത്യ മൂല്യങ്ങളേയും അധിക്ഷേപിക്കുക കൂടിയായിരിക്കും
ചെയ്യുന്നത്.സൂചിപ്പിക്കുന്നത് ജസ്റ്റീസ് കര്‍ണനും സുപ്രീംകോടതിയും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങളെക്കുറിച്ചാണ്.
പ്രസ്തുത വിവാദം എല്ലാ സീമകളും കടന്നുകഴിഞ്ഞിരിക്കുന്നു. ഭരണഘടനാദത്തമായ
അവകാശങ്ങളുടെ പരിവേഷമുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത എന്നു പറയുന്നത് സര്‍വ്വപ്രധാനമായ
ഒരു സംവിധാനത്തില്‍ ഈ വിവാദമുണ്ടാക്കുന്ന കളങ്കം എത്രയോ വലുതായിരിക്കുമെന്ന്
അധികാരികള്‍ തിരിച്ചറിയണം.പരസ്പരം വാരിയെറിയുന്ന ചെളി നിങ്ങളുടെ മുഖത്തല്ല ,
മറിച്ച് ഈ അധികാരം തന്ന് നിങ്ങളെ അവരോധിച്ച ജനങ്ങളുടെ മുഖത്താണ് വന്നു വീഴുന്നത്
എന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകണം.പൂച്ചയ്ക്കാര് മണികെട്ടും എന്ന
ചോദ്യത്തിന് പ്രസക്തിയുണ്ടെങ്കിലും മണികെട്ടിയേ തീരൂ എന്ന അവസ്ഥയില്‍ അതിന്
അമാന്തമുണ്ടാകരുത്.
ആയതുകൊണ്ട്
, ടോം ആന്റ് ജെറിക്കളി ഞങ്ങള്‍ ടി വിയില്‍ കണ്ടുരസിച്ചു കൊള്ളാം സര്‍ .
Comments