#ദിനസരികള്‍ 755
കൊല്ലേണ്ടതെങ്ങനെ ? എങ്ങനെയാണ് സ്വന്തം മകളെ കൊല്ലുക ? ഒരമ്മയും ഒരിക്കലും നേരിടാന്‍ ഇഷ്ടപ്പെടാത്ത ഒരു ചോദ്യമാണത്. അതല്ലെങ്കില്‍ മക്കളെ കൊല്ലുന്നതിനെക്കുറിച്ച് സങ്കല്പിക്കാന്‍ പോലും ഒരമ്മയ്ക്കും ഒരിക്കലും കഴിയില്ല എന്നതല്ലേ വസ്തുത ? ഇനി അഥവാ ഏതെങ്കിലും ഒരമ്മ അങ്ങനെ ചിന്തിക്കുന്ന അതേ നിമിഷത്തില്‍ അവര്‍ അമ്മ എന്ന പദവി നല്കുന്ന വിശുദ്ധമായ വിതാനങ്ങളില്‍ നിന്നും കീഴോട്ടു തള്ളപ്പെടുന്നു. മക്കളെ ജീവിതത്തിന്റെ വര്‍ണമനോഹരങ്ങളായ രാജവീഥികളിലേക്ക് കൈപിടിച്ചു നടത്തുകയെന്നല്ലാതെ മരണത്തിന്റെ വേതാളലോകങ്ങളിലേക്ക് ആനയിക്കുന്നതെങ്ങനെ ? എന്നാല്‍ എങ്ങനെയാണ് ഒരമ്മ തന്റെ മകളെ മുലയൂട്ടി താരാട്ടിന്റെ നനുത്ത താളത്തില്‍ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് , അതുപോലെ ഒട്ടും ആയാസപ്പെടാതെ , വേദനിക്കാതെ അവളെ എങ്ങനെയാണ് മരണത്തിലേക്ക് കൊണ്ടുപോകുക എന്ന് ആലോചിക്കുന്ന ഒരമ്മയെയാണ് സുഗതകുമാരി കൊല്ലേണ്ടതെങ്ങനെ എന്ന കവിതയില്‍ അവതരിപ്പിക്കുന്നത്.ആ അമ്മയോട് , മകളെ കൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരതയോട് നമുക്ക് സ്വാഭാവ...