#ദിനസരികള്‍ 1272 - മകനെ പീഡിപ്പിച്ച അമ്മ
അമ്മ മകനെ ലൈംഗികമായി ഉപദ്രവിച്ചു എന്ന വാര്‍ത്ത വായിച്ചിട്ട് ദിവസങ്ങളായിരിക്കുന്നു. എങ്കിലും അതുണ്ടാക്കിയ ഞെട്ടല്‍ ഇതുവരെ വിട്ടുമാറിയിട്ടില്ല. പോലീസ് ആ സ്ത്രീക്കെതിരെ കേസ് എടുക്കുകയും അവര്‍ റിമാന്റ് ചെയ്യപ്പെടുകയും ചെയ്തതോടെ മറക്കാനാഗ്രഹിക്കുന്നവയുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഈ വാര്‍ത്ത എത്തി. എന്നാല്‍ നാം മറക്കാന്‍ ശ്രമിക്കുന്നവ കൂടുതല്‍ ശക്തിയോടെ മനസ്സിലേക്ക് കടന്നുവരുമെന്ന് പറയുന്നതുപോലെ ഈ വാര്‍ത്ത എന്നെ വിടാതെ പിന്തുടര്‍ന്ന് അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. പണ്ട് ഗ്രീക്ക് പുരാണകഥകളില്‍ ഈഡിപ്പസ് രാജാവ് തന്റെ മാതാവായ ജൊകോസ്തയെ മാതാവെന്ന് അറിയാതെ വിവാഹം കഴിച്ചുപോയ ഒരു കഥ പറയുന്നുണ്ട്. സ്വന്തം പിതാവായ ലെയ്സിനെ കൊന്നതിന് ശേഷമാണ് ഈഡിപ്പസ് അമ്മയെ സ്വീകരിക്കുന്നത്. കഥയുടെ അവസാനം കാര്യം മനസ്സിലായ ജൊകോസ്ത ആത്മഹത്യ ചെയ്യുകയും മകന്‍ രണ്ടു കണ്ണും കുത്തിപ്പൊട്ടിച്ച് ഓടിപ്പോകുകയും ചെയ്തതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അറിയാതെ സംഭവിച്ചുപോയ ഈ അത്യാഹിതമല്ലാതെ അമ്മ – മകന്‍ ബന്ധത്തിന്റെ ഊഷ്മളതയെ നിഹനിക്കുന്ന വ...