#ദിനസരികള്‍ 1278 - ജനാധിപത്യത്തിലെ അഭ്യാസങ്ങള്‍

 

അരാഷ്ട്രീയ സ്വഭാവമുള്ള ഒരു കൂട്ടം കൈയ്യടികള്‍ക്കുവേണ്ടി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ ഒരു പാലം തുറക്കല്‍ പരിപാടി വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണല്ലോ. ആ നീക്കത്തെ സത്യത്തില്‍ തെമ്മാടിത്തരമെന്ന് വിളിച്ച് തള്ളിക്കളയേണ്ടതായിരുന്നുവെങ്കിലും നമ്മുടെ മാധ്യമങ്ങളും ജ്ഞാനസ്വരൂപങ്ങളെന്ന് നാം കരുതിപ്പോയ ചിലരും കൂടി ജനകീയ മുന്നേറ്റത്തിന്റെ മാതൃകയായി വാഴ്ത്തിക്കൊള്ളുന്നതാണ്  നാം കണ്ടത്. കാഴ്ചക്കാരെ കേള്‍വിക്കാരേയും കൂട്ടുവാന്‍ അസംബന്ധങ്ങള്‍ക്ക് കൈയ്യടിക്കുന്ന ശീലമുള്ള മാധ്യമങ്ങളെ മാറ്റി നിറുത്തുക. എന്നാല്‍ ജനാധിപത്യത്തിന്റെ ഘടനാപരതകളെ അടുത്തുനിന്ന് അറിഞ്ഞവരെന്ന് നാം കരുതിയിരുന്ന ചിലര്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൈയ്യടിച്ചു കൊടുക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ അര്‍ത്ഥാന്തരങ്ങളെക്കുറിച്ച് സാധാരണക്കാരായവര്‍ ചിന്തിച്ചു തുടങ്ങുക.

          ഏറെ ഇലാസ്തികതയുള്ള ഒരു ഭരണക്രമമാണ് ജനാധിപത്യം. ഒരുപക്ഷേ അത്രയ്ക്ക് ഇലാസ്തികതയുണ്ട് എന്നതുതന്നെയാണ് നമ്മെ ജനാധിപത്യത്തിലേക്ക് വലിച്ചടുപ്പിക്കുന്ന പ്രധാനമായ സവിശേഷത. എന്നാല്‍ ഇത്രയധികം വഴങ്ങിക്കൊടുക്കലുകള്‍ക്ക് ഇടമുണ്ടെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ എല്ലാത്തരം ഇലാസ്തികതയും അവസാനിച്ചുപോകുമെന്നതുകൂടി നാം അറിയണം. ആ തിരിച്ചറിയലിന് ജനാധിപത്യത്തില്‍ വലിയ സ്ഥാനമുണ്ട്. അതായത് വ്യക്തി എന്ന പോലെതന്നെ സ്ഥാപനങ്ങളും സംഘടനകളുമൊക്കെ അതാതിടങ്ങളില്‍ നിലയുറപ്പിക്കുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. അതിര്‍ത്തികളെ പരസ്പരം ബഹുമാനിക്കുകയും മുറിച്ചു കടക്കാന്‍ മുതിരാതിരിക്കുകയും ചെയ്യുക എന്നതിലാണ് ജനാധിപത്യത്തിന്റെ ഉള്‍ബലം ചേര്‍ന്നിരിക്കുന്നത്.അങ്ങനെയല്ലാതെ പരസ്പരമുള്ള കേറിയിറങ്ങലുകള്‍ സംഭവിക്കുമ്പോള്‍ സ്ഥാപനങ്ങളും സംഘടനകളും മാത്രമല്ല ജനാധിപത്യമെന്ന മഹത്തായ സങ്കല്പം കൂടിയാണ് പരാജയപ്പെടുന്നത്.

          വി ഫോര്‍ കൊച്ചിക്കാരും ഒരു മുതലാളി നീട്ടുന്ന അപ്പത്തിനുവേണ്ടി കൈനീട്ടി നീല്ക്കുന്ന കിഴക്കമ്പലംകാരുമെല്ലാം ഇത്തരത്തില്‍ ദുര്‍ബലപ്പെടുത്തുന്നത് ജനാധിപത്യത്തേയും അതിന്റെ ഘടകസ്ഥാപനങ്ങളേയും തന്നെയാണ് എന്ന് തിരിച്ചറിയുന്നത് ചില്ലറ കാര്യമല്ല. ഒരു തരത്തിലും ഇത്തരത്തിലുള്ള അരാഷ്ട്രീയ കൂട്ടങ്ങളെ അഭിനന്ദിക്കുവാന്‍ ജനാധിപത്യത്തിന്റെ അകംപുറങ്ങളെ അടുത്തറിഞ്ഞവര്‍ മുതിരുകയില്ല എന്നതാണ് വസ്തുത. അതുകൊണ്ടാണ് ജ്ഞാനസ്വരൂപങ്ങളെന്ന് നാം കരുതിപ്പോരുന്ന ചിലര്‍ വിടുവായത്തങ്ങളില്‍ അഭിരമിക്കുമ്പോള്‍ അത് തെറ്റാണെന്ന് ചിലര്‍‌ക്കെങ്കിലും ചൂണ്ടിക്കാണിക്കേണ്ടിവരുന്നത്.

          ബഹുജനമുന്നേറ്റമെന്നോ ജനങ്ങളുടെ പരമാധികാരത്തിന്റെ പ്രയോഗമെന്നോ ഒക്കെയുള്ള വര്‍ണാഭമായ പേരുകളില്‍ ഇത്തരം കടന്നു കയറ്റങ്ങള്‍ വ്യഖ്യാനിച്ചെടുക്കുന്നവര്‍ അന്ധരാണെന്ന് തന്നെ പറയേണ്ടിവരും. ജനാധിപത്യം സോഷ്യലിസം എന്ന ലേഖനത്തില്‍ എം ഗോവിന്ദന്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു :- ബലപ്രയോഗം ന്യായീകരിക്കുന്നതിനുവേണ്ടി ബഹുജനംഎന്ന പദം ഫാഷിസ്റ്റുകള്‍ സുലഭമായി എടുത്തു പെരുമാറിയിട്ടുണ്ട്. സാമൂഹികമായി വംശമഹത്വത്തിലേക്കും രാഷ്ട്രീയമായി ദേശീയാഹന്തയിലേക്കും അവര്‍ ബഹുജനങ്ങളെ വലിച്ചിഴച്ചു. ഗോവിന്ദന്റെ ഈ ചൂണ്ടിക്കാണിക്കലിന്റെ ആഴം മനസ്സിലാക്കിയാല്‍ തെമ്മാടിത്തരങ്ങളെ ജനാധിപത്യസമരങ്ങളായി കണ്ട് കൈയ്യടിച്ചുകൊടുക്കുവാന്‍ ഒരാള്‍ക്കും കഴിയുകയില്ല തന്നെ.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം