#ദിനസരികള്‍ 781
ഗാന്ധിയാണ് മതത്തെ രാഷ്ട്രീയവുമായി ഏറ്റവും സമര്‍ത്ഥമായി കൂട്ടിക്കെട്ടിയതും ആ കൂട്ടുക്കെട്ടല്‍ അനിവാര്യമാണെന്ന് ശഠിച്ചതും. മതത്തിന്റെ കരുതലില്ലാത്ത രാഷ്ട്രീയത്തെ ജീവനില്ലാത്ത ഒന്നായാണ് അദ്ദേഹം കണ്ടത്.അതുകൊണ്ടാണ് മതത്തിന്റെ പിന്തുണയില്ലാത്തെ രാഷ്ട്രീയം എല്ലാവര്‍ക്കും ദോഷകരമാണ് എന്ന് അദ്ദേഹം വാദിച്ചത്.അതൊരു മൂല്യബോധത്തിന്റെ പ്രശ്നം കൂടിയായിരുന്നു.മതത്തിലുണ്ടെന്ന് ഗാന്ധി കരുതിയിരുന്ന ഉദാത്തമായ മൂല്യങ്ങളുമായി സഹവര്‍ത്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയം ഉന്നതമായ മാനുഷികതയോട് ചേര്‍ന്നു നില്ക്കുന്നതായിരിക്കും എന്നായിരുന്നു അദ്ദേഹം ചിന്തിച്ചു പോയത്. ഗാന്ധി മതത്തെ കണ്ടിരുന്നത് ധര്‍മ്മം എന്ന അര്‍ത്ഥത്തിലായിരുന്നല്ലോ.അതുകൊണ്ടുതന്നെ ഗാന്ധിയുടെ മതത്തില്‍ എല്ലാതരം ജനവിഭാഗങ്ങള്‍ക്കും അതാതിടങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മത സങ്കല്പം അത്രയും വിശാലമായതുകൊണ്ട് ആ വിശാലത രാഷ്ട്രീയത്തിലേക്കും പകര്‍ന്നുകൊള്ളും എന്നായിരിക്കണം ഉദ്ദേശിച്ചത് . എന്നാല്‍ ഗാന്ധി കണ്ടതിനപ്പുറം , വിശാലവും മൂല്യവത്തുമായ സങ്കല്പങ്ങള്‍ പുറത്തു നില്ക്കുകയും സങ്കുചിതവും അപകടകരവും അപ...