#ദിനസരികള്‍ 777




          ബാലചന്ദ്രന്ചുള്ളിക്കാട് , അവശ നിലയില്വഴിവക്കില്കണ്ടെത്തിയ തന്റെ സഹോദരനെ ഏറ്റെടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് നടത്തിയ പ്രസ്താവന വായിക്കുക :- “വളരെ ചെറുപ്പത്തിലേ വീട് വിട്ടു പോന്ന ആളാണു ഞാന്‍. എനിക്ക് കുടുംബാംഗങ്ങളുമായി യാതൊരു ബന്ധവുമില്ല. യാതൊരു തരത്തിലുള്ള മാനസിക അടുപ്പവുമില്ല. ഈ പറയുന്ന വ്യക്തിയെ കണ്ടിട്ടു തന്നെ വര്‍ഷങ്ങളായി. ഞാനനുഭവിച്ചത് അറിയാത്ത ലോകമല്ലേ എന്നെ വിമര്‍ശിക്കുന്നത്. എത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും കുഴപ്പമില്ല. ഈ സഹോദരന്‍ എന്ന് പറയുന്ന ആളുള്‍പ്പെടെ എന്നോട് ചെയ്തത് എനിക്ക് മാത്രമല്ലേ അറിയൂ. സഹോദരന്‍റെ കാര്യത്തില്‍ ഞാന്‍ ഇടപെടുന്നില്ല, ഏറ്റെടുക്കുന്നില്ല എന്ന വിമര്‍ശനമുണ്ടെങ്കില്‍ അത് ശരിയാണ്. സത്യവും അസത്യവുമായ എന്ത് വിമര്‍ശനവും എനിക്കെതിരെയാകാം. ഞാനൊരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഉദ്ദേശിക്കുന്ന ആളല്ല. പണിയെടുത്താണ് ജീവിക്കുന്നത്. ഇയാളില്‍ നിന്നുള്‍പ്പെടെ എനിക്കുണ്ടായ അനുഭവങ്ങള്‍ ലോകത്തിനറിയില്ല. ഇയാള്‍ ഇന്ന് ഈ അവസ്ഥയിലെത്താന്‍ ഉണ്ടായ കാരണവും എനിക്കറിയില്ല. ഞങ്ങള്‍ രണ്ടു പേരുടെ ഭാഗത്ത് നിന്നും കോണ്‍ടാക്ട് ചെയ്യല്‍ ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കണ്ടിട്ട് തന്നെ അനേകം വര്‍ഷങ്ങളായി.പുറത്ത് നിന്ന് നോക്കുന്ന ഒരാള്‍ക്ക് സഹോദരന്‍ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ഞാന്‍ ഏറ്റെടുക്കേണ്ടതാണ്, നോക്കേണ്ടതാണ് എന്ന് തോന്നാം. പക്ഷേ ഞാനത് ചെയ്യില്ല, എനിക്കതിന് എന്‍റേതായ കാരണങ്ങളുണ്ട്
          ബാലചന്ദ്രന്‍ ചുള്ളിക്കാട് ആരെയെങ്കിലും സഹായിക്കണമെന്ന് പറയാന്‍ നമുക്ക് പ്രത്യേകിച്ചെന്തെങ്കിലും അധികാരാവകാശങ്ങളില്‍ ഇല്ലാത്തതുകൊണ്ട് ഈക്കളിയില്‍ നാം , മാലോകര്‍ , വെറും കാഴ്ചക്കാര്‍ മാത്രമാകുന്നു.കരയ്ക്കിരുന്ന് കളി കാണുന്നവര്‍. അതിനുമപ്പുറം ഒരു വിസിലുമെടുത്തുകൊണ്ട് കളി നിയന്ത്രിച്ചു കളയാം എന്ന ഭാവത്തില്‍ കളത്തിലേക്കിറങ്ങാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവരെയാണ് ആദ്യമേ പുറത്താക്കേണ്ടത്. അതുകൊണ്ട് ബാലചന്ദ്രനേയും അദ്ദേഹത്തിന്റെ തീരുമാനങ്ങളേയും ആ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച അദ്ദേഹത്തിന്റേതായ കാരണങ്ങളേയും നാം മാനിക്കുക!
            പക്ഷേ , പ്രസ്തുത വിഷയത്തില്‍ സഹായിക്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനു തന്നെയാണെങ്കിലും താനെന്തുകൊണ്ട് സഹായിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒരാളേയും ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്ന് ചുള്ളിക്കാട് പറയുമ്പോഴും ഈ വ്യക്തമാക്കലിലൂടെ അദ്ദേഹം ഒരു പ്രതിയെ സൃഷ്ടിക്കുകയായിരുന്നു എന്നതാണ് വാസ്തവം . ആ പ്രതി താനല്ല എന്നും തന്റെ സഹോദരനാണെന്നാണ് ഈ പ്രതികരണത്തിലൂടെ ബാലചന്ദ്രന്‍ ചുള്ളിക്കാട് വാദിക്കുന്നത്. തന്റെ സഹോദരന്‍ തന്നോട് അത്രയും വലിയ ക്രൂരതകള്‍ ചെയ്തിരിക്കുന്നുവെന്നും മറ്റാരൊക്കെ അതു മറന്നാലും തനിക്കതു മറക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ ആരെന്തു പറഞ്ഞാലും ചിന്തിച്ചാലും തനിക്ക് അയാളെ സ്വീകരിക്കാനാകില്ലെന്നുമാണ് ചുള്ളിക്കാടിന്റെ വിശദീകരണം. താന്‍ നിരപരാധിയും സത്യസന്ധനുമാണെന്നും മറ്റേയാള്‍ അപരാധിയും കള്ളനുമാണെന്നുമാണെന്നു കൂടിയാണ് ചുള്ളിക്കാട് അവകാശപ്പെടുന്നത്.
          ബാലചന്ദ്രന്റെ നിലപാട് വായിക്കുന്ന ജനത്തിന് രണ്ടായി പിരിഞ്ഞുകൊണ്ട് അഭിപ്രായങ്ങള്‍ പറയാം.ബാലചന്ദ്രനാണ് ശരി എന്നു പറായം, അല്ല അപ്പുറത്താണ് ശരിയെന്നും ശഠിക്കാം. അതൊക്കെ ന്യായാന്യായങ്ങളെ തിരിച്ചറിയാനുള്ള അവനവന്റെ ശേഷികള്‍ക്കു വിടുന്നു. ധര്‍മ്മസ്യ തത്വം നിഹിതം ഗുഹായാം എന്നല്ലേ പ്രമാണം? അതനുസരിക്കുക.
          പക്ഷേ മനുഷ്യന്റെ മനസ്സിനെപ്പറ്റി ആലോചിക്കാന്‍ ഈ സംഭവം നമുക്ക് അവസരമൊരുക്കുന്നു. ഏതൊക്കെ രീതികളില്‍ ഏതൊക്കെ വിതാനങ്ങളില്‍ നിന്നുകൊണ്ടാണ് ഓരോ മനുഷ്യരും താന്താങ്ങളുടേതായ ന്യായങ്ങളെ കണ്ടെത്തി അതില്‍ അഭിരമിച്ചു രസിക്കുന്നതെന്ന് കാണുമ്പോള്‍ നാം അത്ഭുതപ്പെടാതിരിക്കുന്നതെങ്ങനെ?
            ഇവിടെത്തന്നെ നോക്കുക. താന്‍ വളരെ ചെറുപ്പത്തിലേ വീടുവിട്ടിറങ്ങിയ ഒരാളാണ് എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാടുതന്നെ പറയുന്നു.അനേകം കൊല്ലങ്ങള്‍ക്കു മുമ്പുതന്നെ ബന്ധുമിത്രാദികളുമായി യാതൊരു ബന്ധവുമില്ലാത്ത തനിക്ക് ഈ സഹോദരനോട് എന്നല്ല കുടുംബത്തിലെ മറ്റാരോടും തന്നെ ഒരു തരത്തിലുള്ള ഇഷ്ടങ്ങളും നിലനില്ക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാത്രവുമല്ല താന്‍ പണിയെടുത്താണ് ജീവിക്കുന്നതെന്നും ഒരിലക്ഷനിലും മത്സരിക്കാനോ വോട്ടുതേടാനോ ഉദ്ദേശിക്കുന്നില്ലെന്നു അദ്ദേഹം ആണയിടുന്നു.
          എത്ര അല്പത്തരങ്ങള്‍ നിറഞ്ഞതാണ് അദ്ദേഹം ഉന്നയിക്കുന്ന ഓരോ വാദങ്ങളുമെന്ന് കാണുക!
            നന്നേ ചെറുപ്പത്തില്‍ വീടുവിട്ടവനാണ് താന്‍ എന്നാണ് ഒന്നാമത്തെ വാദം. നന്നേ ചെറുപ്പത്തില്‍ ഒരു സഹോദരന്‍ മറ്റൊരു സഹോദരനോട് ചെയ്തു പോയ ഒരു കുന്നായ്മയുടെ പേരില്‍ ഒരു ജീവിത കാലം മുഴുവന്‍ അയാളെ വെറുക്കുകയും അകറ്റി നിറുത്തുകയും ചെയ്യുകയാണെങ്കില്‍ എത്ര നികൃഷ്ടമായിരിക്കും ആ മനസ്സ് ? ഇരുപതോ ഇരുപത്തഞ്ചോ വയസ്സാണെങ്കില്‍‌പ്പോലും നന്നേ ചെറുപ്പമെന്ന് പറയാനാവില്ല. അപ്പോള്‍ അതിലും മുന്നേയാണെന്നോര്‍ക്കണം. അക്കാലങ്ങളില്‍ എത്രയൊക്കെ രൂക്ഷത നിറഞ്ഞതാണെങ്കിലും ഒരു സഹോദരന്റെ പെരുമാറ്റം ഇത്രമാത്രം വെറുപ്പുണ്ടാക്കുന്നതായെങ്കില്‍ അത് ഒരു ക്രൂരമായ ക്രിമിനല്‍ കുറ്റമായിരിക്കണം. അത്രത്തോളം തെമ്മാടിത്തരം ചെയ്ത ഒരാളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയാണ് നമ്മുടെ പരമപരിശുദ്ധനായ മഹാകവി ചെയ്യേണ്ടത്. അതല്ലാതെ അയാളെ വെറും വാക്കുകള്‍ കൊണ്ട് തെമ്മാടിയാക്കി മാറ്റുകയല്ല വേണ്ടത്.
          അടുത്ത വാദമാണ് അതിലും രസം. താനൊരു തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പണിയെടുത്താണ് ജീവിക്കുന്നതെന്നുമാണ് ആ വാദം. അവശത അനുഭവിക്കുന്ന ആരെയെങ്കിലും സഹായിക്കുന്നവരെക്കൂടി കളിയാക്കുന്ന നിലപാടാണ് അത്. മറ്റുള്ളവരെ സഹായിക്കുന്നവരൊക്കെ ഇത്തരത്തിലുള്ള എന്തെങ്കിലും ലക്ഷ്യം വെച്ചാണ് ചെയ്യുന്നതെന്നാണോ കവി കരുതുന്നത് ? എങ്കില്‍ ആ ധാരണ എത്രത്തോളം അബദ്ധമാണെന്ന് ഇനിയെങ്കിലും അദ്ദേഹം മനസ്സിലാക്കണം. താന്‍ ഒരാളെ സഹായിക്കുന്നില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്.എന്നാല്‍ മറ്റുള്ളവര്‍ സഹായിക്കുന്നത് എന്തെങ്കിലും ലക്ഷ്യം വെച്ചുകൊണ്ടാണെന്ന് ആക്ഷേപിക്കുവാന്‍ ഇദ്ദേഹത്തിന് എന്താണ് അവകാശം.  വെറും അല്പനായ ഒരുത്തന്‍ ഒരുത്തന്റെ കള്ളത്തരം കണ്ടുപിടിക്കപ്പെടുമ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞ കുതറുന്നതുപോലെ മാത്രമുള്ള ന്യായങ്ങളാണ് ഇവയെല്ലാം തന്നെ.
          ഇത്രയും നികൃഷ്ടചിന്തകള്‍ പേറുന്ന ഒരാളെക്കുറിച്ച് എഴുതി സമയം കളയുന്നില്ല. ഇത്രയും തന്നെ എഴുതിയത് , താന്‍ വിശുദ്ധനാണെന്നും കുറ്റവാളി മറ്റേയാളാണെന്നും സ്ഥാപിച്ചെടുക്കുന്ന തരത്തിലുള്ള ഒരു തത്രപ്പാട് കവിയില്‍ നിന്നും ഉണ്ടായതുകൊണ്ടാണ്. തനിക്ക് അയാളെ സംരക്ഷിക്കാന്‍ മനസ്സില്ല എന്ന ഒറ്റ വാചകമായിരുന്നു ചുള്ളിക്കാടിന്റെ പ്രതികരണമെങ്കില്‍ എനിക്ക് ഇതെഴുതാന്‍ അവസരവുമുണ്ടാകുമായിരുന്നില്ല.
          എന്തായാലും മനുഷ്യന്‍ മനുഷ്യനെ സ്നേഹിച്ചും സാന്ത്വനപ്പെടുത്തിയും പരസ്പരം മുറിവുകളാറ്റിയും തന്നെയാണ് മുന്നോട്ടു പോകേണ്ടത്. അങ്ങനെയല്ലാത്തവരെ മനുഷ്യരെന്ന് വിളിക്കുന്നത് അപരാധമാകുന്നു. എത്ര മനോഹരമായ വാക്കുകളില്‍ മാനുഷ്യകത്തെക്കുറിച്ച് കവിത എഴുതിയാലും വീണു കിടക്കുന്നവന്റെ കൈയ്ക്കു പിടിച്ച് ഒന്നെഴുന്നേല്പിക്കാന്‍ ശ്രമിക്കാത്തവനെ മനുഷ്യനെന്ന് വിളിക്കുക വയ്യ. അപ്പോള്‍ അങ്ങനെ വീണു കിടക്കുന്നവനെ ഒന്നു കൂടി ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നവനെ നാം എന്താണ് വിളിക്കുക?
            മറ്റുള്ളവരെ സഹായിക്കാന്‍ സ്വജീവിതം ഉഴിഞ്ഞു വെച്ച മദര്‍ തെരേസയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ തന്റെ നാലു വരികളില്‍ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.
മഹാപരിത്യാഗം
മറന്ന ഭാരതം
മദര്‍ തെരേസയെ
മറക്കുമെങ്കിലും
മദര്‍ തെരേസയ്ക്കു
മരണമുണ്ടെങ്കില്‍
മരണമല്ലയോ
മഹിത ജീവിതം ?

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1