#ദിനസരികള്‍ 304
കേരളത്തിലെ പോലീസ് ഹിന്ദു പുനരുത്ഥാനവാദികളുടെ പിണിയാളുകളായും ദളിത് വിരുദ്ധരായും മാറിയിരിക്കുന്നുവെന്ന് പ്രശസ്തദളിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. വടയമ്പാടി സംഭവത്തെ മുന്‍ നിറുത്തി അദ്ദേഹം ഉന്നയിക്കുന്ന ഈ ആരോപണം , കേരളം സത്യസന്ധമായും വസ്തുതാപരമായും ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയണ്. പോലീസിനെ സംശയത്തിന്റെ മുനയില്‍ നിറുത്തുകയും അവരുടെ ആത്മവിശ്വാസത്തെ കെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള തെറ്റായ ആക്ഷേപങ്ങള്‍ നിയമവാഴ്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ബോധ്യത്തില്‍ നിന്നുകൊണ്ടുവേണം സണ്ണി എം കപിക്കാടിന്റെ ആരോപണം ചര്‍ച്ച ചെയ്യേണ്ടത്. കേരളം പൊതുവേ ചിന്തിക്കുന്നത് ഒരു മധ്യവര്‍ഗ്ഗത്തിന്റെ സവര്‍ണമായ നിലയില്‍ നിന്നുകൊണ്ടാണ്. ജാതിശ്രേണിയുടെ ഉപരിഘടനയോട് പൂര്‍ണമായും പിന്തുണക്കാതെ നില്ക്കുകയും എന്നാല്‍ കീഴ്ഘടകത്തോട് ചേരാതിരിക്കുകയും ചെയ്തുകൊണ്ട് മധ്യവര്‍ത്തിയായ ഒരു നയം സ്വീകരിക്കുക വഴി , മലയാളി സ്വത്വം , തങ്ങള്‍ സവര്‍ണരുടെ ചിന്തകളെ തീണ്ടാത്തവരാണെന്നും അതുകൊണ്ടുതന്നെ താഴെത്തട്ടിലുള്ള...