#ദിനസരികള്‍ 303
ടി. പത്മനാഭന്റെ കഥകളില്‍ ഏറ്റവും
ഇഷ്ടം ഏതാണെന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് സംശയിക്കാതെ ഞാന്‍ വനസ്ഥലി എന്ന പേരു
പറയും.കാലഭൈരവനും , ഗൌരിയും മഖന്‍സിംഗിന്റെ മരണവും നളിനകാന്തിയും പ്രകാശം
പരത്തുന്ന പെണ്‍കുട്ടിയും പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്കും പോലെയുള്ള വിഖ്യാതമായ
കഥകളെ മറന്നുകൊണ്ടല്ല ഞാനിതു പറയുന്നത്.വനസ്ഥലിക്ക് പക്ഷേ ഇക്കഥകളില്‍ നിന്നൊക്കെ
ഭിന്നമായ ഒരു സവിശേഷഭാവമുണ്ടെന്ന് ഞാന്‍ കരുതുന്നു.സംഭവങ്ങളെ ആവിഷ്കരിച്ച്
വൈകാരികമുഹൂര്‍ത്തങ്ങളെ സൃഷ്ടിച്ചെടുക്കുകയല്ല ടി പത്മനാഭന്‍ ചെയ്യുന്നത് ,
മറിച്ച് വികാരങ്ങളെ അനുവാചകനിലേക്ക് നേരിട്ട് കടത്തിവിടുകയാണ്.ജീവിതത്തിലെ ചില നനുത്ത
നിമിഷങ്ങള്‍ , കണ്ണുനീരിലേക്കലിഞ്ഞു തീരുന്ന ആകസ്മികമായ ദുരന്തങ്ങള്‍ -
ഇവയൊക്കെയും നാം അനുഭവിക്കുന്നത് രേഖീയമായ ഒരു ഗതിയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ഒരു
കഥയുടെ ഭാഗമായിട്ടല്ല. ഇത് ടി പത്മനാഭന്റെ പൊതുവായ ഒരു സ്വഭാവമായിപ്പോലും
വിലയിരുത്തപ്പെടാവുന്നതാണ്.
അതുതന്നെയാണ് വനസ്ഥലി എന്ന ഈ കഥയിലും
സംഭവിക്കുന്നത്.ഉദ്യോഗസ്ഥനായ ‘എന്നെ’ തേടി ഒരു ദിവസം ചെറുപ്പക്കാരനായ യുവകവി വരുന്നു.തനിക്ക്
ഏറ്റവും ഇഷ്ടക്കാരനാണ് ആ കവി. താന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടും അറിഞ്ഞതായി
ഭാവിക്കുന്നില്ല. കവിയുടെ ആവശ്യം നിസ്സാരമാണ്. ഒരു പാട്ടു കേള്‍ക്കണം. ഭീംസെന്‍
ജോഷിയുടെ ജയ് ജയ് വന്തി.ആ പാട്ടുകേള്‍ക്കാനാണ് ഇത്രയും ദൂരം താണ്ടി എന്നെ തേടി
വന്നത്. എന്റെ കൈയ്യില്‍ അതുണ്ടെന്ന് ആരോ പറഞ്ഞു കേട്ടതാണ്.പാട്ടു കേള്‍ക്കാനുള്ള
അക്ഷമ അയാളുടെ ഓരോ വാചകങ്ങളിലും ചലനങ്ങളിലും മുഴച്ചു നിന്നിരുന്നു.പാട്ടു കേള്‍പ്പിച്ചു.
ഒരു തവണ കൂടി കേള്‍ക്കേണമോ എന്ന ചോദ്യത്തിന് “വേണ്ട , ഇതുതന്നെ ധാരാളം “
എന്നായിരുന്നു യുവാവിന്റെ മറുപടി.നന്ദി പറഞ്ഞു യുവാവ്
പിരിയാന്‍ തുടങ്ങവേ ഇന്നു രാത്രി ഇവിടെ തങ്ങിയിട്ടുപോകാം എന്ന ക്ഷണം യുവാവ് നിരസിക്കുന്നു.
ഇത് എങ്ങനെയാണ് ഒരു കഥയാകുന്നതെന്നോ
നമ്മെ അനുഭവിപ്പിക്കുന്നതെന്നോ കൃത്യമായി പറയുക വയ്യ.പക്ഷേ വായിച്ചു തുടങ്ങുമ്പോഴേ
നാം അനിര്‍വചനീയമായ ഒരൊഴുക്കിലേക്ക് തെന്നിവീഴുകയാണ് , എത്രനേരം നാമങ്ങനെ ഒഴുകി
നടന്നു എന്ന ബോധമില്ലാതെ.മാസ്മരികമായ ആ നിമിഷങ്ങളെ സാമ്പ്രദായികമായ നമ്മുടെ അളവുകോലുകള്‍
കൊണ്ട് അളന്നെടുക്കാന്‍ ശ്രമിക്കുന്നത് മൌഢ്യമായിരിക്കും. അതല്ലെങ്കില്‍ അത്തരത്തിലുള്ള
ബോധപൂര്‍വ്വമായ എല്ലാ ശ്രമങ്ങളും അവസാനിപ്പിച്ച് വീണു കിടക്കുന്ന പൂമെത്തയോട്
ഒന്നു കൂടി ചേര്‍ന്നു പറ്റാനായിരിക്കും നാം ശ്രമിച്ചു പോകുക. അതാണ് ഇക്കഥ
അനുഭവിപ്പിക്കുന്ന വൈകാരികമായ നിമിഷങ്ങളുടെ മനോഹാരിത.
Comments