#ദിനസരികള്‍ 108
ഇന്നലെ വൈകുന്നേരം പലസ്തീന്‍ ഐക്യദാര്‍ഡ്യസമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സഖാവ് പി എ മുഹമ്മദ് , സന്ദര്‍ഭവശാല്‍ സദ്ദാംഹുസൈനെക്കുറിച്ച് പറയുകയുണ്ടായി. തൂക്കുമരത്തിലേക്ക് നിര്‍ഭയം നടന്നു കയറിയ ആ ഭരണാധികാരിയെ കൊന്നുകളയുന്നതിനുവേണ്ടി അമേരിക്ക പ്രചരിപ്പിച്ച നുണക്കൂമ്പാരങ്ങളൊന്നാകെ ഇടിഞ്ഞുപൊളിഞ്ഞുപോയിയെന്നും അദ്ദേഹത്തിനെ തിരെ ഉന്നയിക്കപ്പെട്ട ഒരാക്ഷേപം പോലും അമേരിക്കക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും പി എ മുഹമ്മദ് ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു ഭരണാധികാരി തങ്ങളുടെ ഇച്ഛക്കു വഴങ്ങുന്നില്ലെങ്കില്‍ ഏതുവിധേനയും അയാളെ ഇല്ലാതാക്കുന്ന അമേരിക്കയുടെ താല്പര്യങ്ങളാണ് ഇറാക്കിലും സംഭവിച്ചത്. സദ്ദാം ഹുസൈന്റെ കൊലപാതകത്തെ ന്യായീകരിക്കുവാന്‍ അമേരിക്ക നിരത്തുന്ന ഓരോ കാരണങ്ങളും അസംബന്ധവും അസത്യവും അപലപനീയവുമാണെന്ന് സിസെക്ക് , Iraq : The Borrowed Kettle എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി , തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഒരു നേതാവിനെ ഉന്മൂലനം ചെയ്തുകഴിഞ്ഞെങ്കിലും തക്കതായ ഒരു കാരണം ലോകമനസാക്ഷിക്കുമുമ്പില്‍ വെക്കുവാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല എന്നു കൂടി സിസെക്ക് ചൂണ്ടിക്കാട്ടുന്നു. ...