#ദിനസരികള്‍ 107
ചങ്ങലയേയും പര്‍ദ്ദയേയും താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ടും അടിമയെ
തളച്ചിടാനും നിയന്ത്രിക്കാനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണെന്ന
നിരീക്ഷണത്തോടെയാണ് ഹമീദ് ചേന്ദമംഗലൂര്‍ , പര്‍ദ്ദ ഒരു വിചാരം എന്ന ലേഖനം
ആരംഭിക്കുന്നത്.അദ്ദേഹം എഴുതുന്നു. “അടിമയുടെ മനസ്സില്‍ ചങ്ങല എന്ന ആശയം
ഉദിക്കാത്തതുപോലെ സ്ത്രീയുടെ മനസ്സില്‍ ഒരിക്കലും പര്‍ദ്ദ എന്ന ആശയം
ഉദിച്ചിരിക്കില്ല.സ്ത്രീയെ തളക്കാനും നിയന്ത്രിക്കാനും ഉത്കടമായി ഇച്ഛിച്ച
പുരുഷന്റെ കണ്ടുപിടുത്തമാണ് പര്‍ദ്ദ എന്നോ ബുര്‍ഖ എന്നോ അറിയപ്പെടുന്ന ഈ
വേഷവിധാനം.“
തങ്ങളെത്തന്നെ ബന്ധിയാക്കിയിടുന്ന പര്‍ദ്ദ എന്ന ആശയം സ്ത്രീകളുടെ മനസ്സില്‍
ഉണ്ടായതല്ല എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം കണിശവും നിശിതവുമാണ്.പിതൃമേധാവിത്വ
സാമൂഹികക്രമം അനുവര്‍ത്തിച്ചു പോന്നിരുന്ന ഒരു ഒരു മൂല്യവ്യവസ്ഥിതിയുടെ ചിന്തയില്‍
നിന്ന് രൂപം കൊണ്ട പര്‍ദ്ദ എന്ന പെണ്‍ വസ്ത്രത്തിന് പില്ക്കാലത്ത് ചില സമൂഹങ്ങളില്‍
മതത്തിന്റെ പരിവേഷം ചാര്‍ത്തപ്പെടുകയും മതമുദ്ര കൈവരികയും ചെയ്തു എന്ന ആശയം കൂടി
അദ്ദേഹം പങ്കുവെക്കുന്നുണ്ട്.
സ്ത്രീയുടെ മേല്‍ പുരുഷന് സര്‍വ്വാധികാരങ്ങളുമുണ്ടെന്നുള്ള
ഒരു കാഴ്ചപ്പാടിനെ ഉപജീവിച്ചാണ് മറ്റു സ്വത്തുക്കളെപ്പോലെതന്നെ സ്ത്രീയും ഒരു
സ്വകാര്യസമ്പാദ്യമാണെന്ന സങ്കല്പം ഉരുത്തിരിഞ്ഞു വരുന്നത്.എന്നാല്‍
മറ്റുസ്വത്തുക്കളെക്കാള്‍ എളുപ്പത്തില്‍ കളങ്കപ്പെടാന്‍ (എന്താണീ കളങ്കപ്പെടല്‍
എന്നത് കുലങ്കഷമായി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്.) സാധ്യതയുള്ള ഒന്നാണ്
സ്ത്രീ എന്ന ചിന്ത പിതൃമേധാവിത്തസമൂഹത്തില്‍ രൂഢമൂലമായതിനെത്തുടര്‍ന്ന് സ്ത്രീയെ
നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ പല രീതികളും ഉടലെടുത്തു. നെറ്റിയിലെ കുങ്കുമപ്പൊട്ടുമുതല്‍
പര്‍ദ്ദവരെയുള്ള നിയന്ത്രണോപാധികള്‍ മതത്തിന്റേയും മറ്റ് അനുശാസനങ്ങളുടേയും
പിന്തുണയോടെ രംഗത്തു വരുന്നത് ഇങ്ങനെയാണ്.സ്ത്രീ അനുഭവിക്കേണ്ടുന്ന
സ്വാതന്ത്ര്യങ്ങള്‍ക്ക് പരിധികള്‍ സൃഷ്ടിക്കപ്പെട്ടു. സ്വന്തം ഇഷ്ടങ്ങള്‍
എന്നതിലുപരി പുരുഷന്റെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക എന്നത് ഒരു
ഉത്തരവാദിത്തമായി അടിച്ചേല്പിക്കപ്പെട്ടു.എല്ലാ നീക്കങ്ങള്‍ക്കും മതപരമായ ഒരു
പരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ മതങ്ങള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി
വന്നില്ല.
ആരും നിര്ബന്ധിക്കുന്നില്ല എന്നും സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പര്ദ്ദ ധരിക്കുന്നത് എന്നുമുള്ള വാദമുഖങ്ങള്‍ ധാരാളമായി ഉന്നയിച്ചു കേള്ക്കാറുണ്ട്.
സ്ത്രീകളില് പലരും സ്വന്തം ഇഷ്ടപ്രകാരംതന്നെയാണ് പര്ദ്ദ ധരിക്കുന്നത് എന്നത് ഭാഗികമായി സത്യവുമാണ്. പക്ഷേ സ്ത്രീകളുടെ
ഇഷ്ടം രൂപപ്പെടുത്തിയെടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുശാഗ്രബുദ്ധികളുടെ ഇടപെടലുകളെക്കുറിച്ചു കൂടി നാം ചര്ച്ച ചെയ്യേണ്ടതുണ്ട്. ആ ഇടപെടല്‍ ഏതൊക്കെ തരത്തിലും തലത്തിലുമാണ് നടപ്പിലാക്കി എടുത്തത് എന്നറിയണമെങ്കില്‍ സ്ത്രീ പുരുഷ ബാന്ധവം ആരംഭിച്ച കാലത്തോളം നാം കുഴിച്ചു ചെല്ലേണ്ടതുണ്ട്.പുരുഷന് ദൈവത്തിന്റെ കല്പനകളെന്ന പേരില്‍ നിര്‍മ്മിച്ചു വെച്ചിരിക്കുന്ന നിയമാവലികളെ അഭൌതികമായി കരുതുകയും അത് നടപ്പിലാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ചിന്തിക്കുകയും
ഏറ്റെടുക്കുകയും ചെയ്യുന്ന കാലത്തോളം സ്ത്രീകള്‍ അടിമകളായിത്തന്നെ തുടരുകതന്നെ
ചെയ്യും.
Comments