#ദിനസരികള്‍ 108
ഇന്നലെ വൈകുന്നേരം
പലസ്തീന്‍ ഐക്യദാര്‍ഡ്യസമ്മേളനം ഉത്ഘാടനം ചെയ്തുകൊണ്ട് സഖാവ് പി എ മുഹമ്മദ് ,
സന്ദര്‍ഭവശാല്‍ സദ്ദാംഹുസൈനെക്കുറിച്ച് പറയുകയുണ്ടായി. തൂക്കുമരത്തിലേക്ക് നിര്‍ഭയം
നടന്നു കയറിയ ആ ഭരണാധികാരിയെ കൊന്നുകളയുന്നതിനുവേണ്ടി അമേരിക്ക പ്രചരിപ്പിച്ച
നുണക്കൂമ്പാരങ്ങളൊന്നാകെ ഇടിഞ്ഞുപൊളിഞ്ഞുപോയിയെന്നും അദ്ദേഹത്തിനെ തിരെ
ഉന്നയിക്കപ്പെട്ട ഒരാക്ഷേപം പോലും അമേരിക്കക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല
എന്നും പി എ മുഹമ്മദ് ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു ഭരണാധികാരി തങ്ങളുടെ ഇച്ഛക്കു
വഴങ്ങുന്നില്ലെങ്കില്‍ ഏതുവിധേനയും അയാളെ ഇല്ലാതാക്കുന്ന അമേരിക്കയുടെ
താല്പര്യങ്ങളാണ് ഇറാക്കിലും സംഭവിച്ചത്. സദ്ദാം ഹുസൈന്റെ കൊലപാതകത്തെ
ന്യായീകരിക്കുവാന്‍ അമേരിക്ക നിരത്തുന്ന ഓരോ കാരണങ്ങളും അസംബന്ധവും അസത്യവും
അപലപനീയവുമാണെന്ന് സിസെക്ക് , Iraq : The Borrowed Kettle എന്ന
പുസ്തകത്തില്‍ പറയുന്നുണ്ട്. ഇല്ലാത്ത ആരോപണങ്ങള്‍ നിരത്തി , തങ്ങള്‍ക്ക്
ഭീഷണിയാകുന്ന ഒരു നേതാവിനെ ഉന്മൂലനം ചെയ്തുകഴിഞ്ഞെങ്കിലും തക്കതായ ഒരു കാരണം
ലോകമനസാക്ഷിക്കുമുമ്പില്‍ വെക്കുവാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല എന്നു കൂടി
സിസെക്ക് ചൂണ്ടിക്കാട്ടുന്നു. ആദ്യം അമേരിക്ക വാദിച്ചത് , സദ്ദാംഹുസൈന്റെ
കൈവശം വിനാശകാരികളായ ആയുധങ്ങളുണ്ടെന്നാണ്. പിന്നീടത് രാസായുധങ്ങളാണെന്ന്
വാദിക്കപ്പെട്ടു. രാസായുധങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അമേരിക്ക അടുത്ത
നുണക്കുടുക്ക പൊട്ടിച്ചു. അത് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട്
അല്‍ഖൈദയെ സദ്ദാം സഹായിച്ചു എന്നായിരുന്നു. പക്ഷേ രണ്ടായിരത്തമൂന്ന്
സെപ്റ്റംബറില്‍ , പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന് , ഇക്കാര്യത്തിലും സദ്ദാമിന്
ബന്ധമൊന്നുമില്ല എന്ന് സമ്മതിക്കേണ്ടിവന്നുവെന്ന് സിസെക്ക് ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിലെ എഴുപതുശതമാനം ജനങ്ങളേയും ട്രേഡ് സെന്റര്‍ ആക്രമണവുമായി സദ്ദാമിന്
ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച അതേ ഭരണകൂടം തന്നെയാണ് തിരിച്ചും പ്രഖ്യാപിച്ചത്
എന്നോര്‍ക്കണം. പിന്നീട് ഉന്നയിച്ച ആരോപണം
, ഇങ്ങനെയൊക്കെയാണെങ്കിലും സദ്ദാമിന്റെ ഇറാക്ക് , അയല്‍രാജ്യങ്ങള്‍ക്കൊക്കെ വലിയ
ഭീഷണിയാണെന്നും അവരുടെ സുരക്ഷ ഇറാക്കുമൂലം അസ്ഥിരപ്പെടുന്നുവെന്നുമായി. ഇങ്ങനെ ലോകമനസ്സാക്ഷിക്കുമുന്നില്‍
സദ്ദാംവധത്തെ ന്യായീകരിക്കുന്നതിന് കൃത്യമായ ഒരു കാരണവും നിരത്താനായില്ല എങ്കിലും സദ്ദാമിനെ
തൂക്കിലേറ്റുക എന്ന ഉദ്ദേശം അമേരിക്ക നടപ്പിലാക്കുക തന്നെ ചെയ്തു.
അന്ന് , ആ അധിനിവേശത്തിന് ഒത്താശ പാടിയവരൊക്കെ പിന്നീട്
സദ്ദാമിനെതിരെയുള്ള നീക്കങ്ങള്‍ തെറ്റായിപ്പോയിയെന്ന് സമ്മതിക്കുകയുണ്ടായി. അധിനിവേശത്തിനെതിരെ
തന്റെ ജീവിതംതന്നെ പകരം കൊടുത്ത് സമരം ചെയ്ത സദ്ദാംഹുസൈന്‍ എന്ന ഭരണാധികാരിയുടെ
ഓര്‍മകള്‍ പോലും നമ്മെ ആവേശഭരിതരാക്കും.
Comments