#ദിനസരികള് 464 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയേഴാം ദിവസം.
|| ചങ്ങമ്പുഴ കൃഷ്ണപിള്ള : നക്ഷത്രങ്ങളുടെ സ്നേഹഭാജനം – എം കെ സാനു || സാഹിത്യത്തെ സംബന്ധിച്ച് ചങ്ങമ്പുഴയുടെ നിലപാടെന്തായിരുന്നു എന്ന അന്വേഷണത്തിന് മുണ്ടശ്ശേരി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “ സാഹിത്യത്തെ സംബന്ധിച്ച് അയാള്‍ക്കു വ്യക്തമായ നിലപാടുണ്ടായിരുന്നു.നമ്മെയെല്ലാം പോലെ മാനവസംസ്കാര വികാസത്തിന് സാഹിത്യം പരിപോഷകമാകണമെന്ന നിലപാടില്‍ അയാള്‍ എപ്പോഴും ഉറച്ചു നിന്നിരുന്നു.പിന്നെ വഴക്കുണ്ടാക്കുണ്ടാക്കുമ്പോള്‍ നാമെല്ലാവരും പല കാര്യങ്ങളും കടത്തിപ്പറയില്ലേ ? അയാള്‍ നമ്മെക്കാള്‍ അല്പം കൂടി കടത്തിപ്പറയുമായിരുന്നു. അത്രമാത്രം ” ഈ മറുപടിയില്‍ ചങ്ങമ്പുഴയുടെ സ്വഭാവത്തലെ വൈചിത്ര്യങ്ങളെല്ലാം ഒരു പരിധിവരെ അടങ്ങിയിരിക്കുന്നു. മുണ്ടശ്ശേരി സൂചിപ്പിച്ച ചങ്ങമ്പുഴയുടെ കടത്തിപ്പറച്ചിലുകള്‍ മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. അത് അവരെ ഒരേ സമയം ആനന്ദത്തിലാറാടിക്കുകയും അതേ സമയം തന്നെ ആശങ്കാകുലരാക്കുകയും ചെയ്തു.ലോകത്തെ മുഴുവന്‍ എതിര്‍പക്ഷത്തു നിറുത്തിക്കൊണ്ട് അവരോടു ഏകനായി ഏറ്റുമുട്ടുന്നവനായി താന്‍...