#ദിനസരികള് 460 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിമൂന്നാം ദിവസം.‌








||നഷ്ടജാതകം   ഡോ . പുനത്തില്‍ കുഞ്ഞബ്ദുള്ള ||
            തീരത്തുള്ള സര്‍വതിനേയും ആഹരിച്ചുകൊണ്ട് കുലംകുത്തിയൊഴുകുന്ന നദിയെപ്പോലെ ഒരു  കാലത്ത് നാം വെപ്രാളം കൊള്ളുന്നു. തട്ടിത്തെറിപ്പിച്ചും തല്ലിപ്പറിച്ചും മുന്നേറുന്നു.അപരങ്ങളെ അതിര്‍ത്തികള്‍ വരച്ച് അടയാളപ്പെടുത്തുന്നു. അവ നശിക്കേണ്ടതാണെന്ന് വാശി പിടിക്കുന്നു.അതിനുവേണ്ടി നിരന്തരം നിതാന്തം പരിശ്രമിക്കുന്നു.സ്വാഭാവികമായും തിരിച്ചടികളുണ്ടാകുന്നു. ചുവടുതന്നെ പിഴുതെറിയപ്പെട്ട് അനാഥനായി നാം തെരുവിലേക്ക് വലിച്ചെറിയപ്പെടുന്നു. നമ്മുടെ ആലഭാരങ്ങളും ആമാടപ്പെട്ടികളും അന്യന്റെ പൂമുഖത്ത് വിശ്രമം കൊള്ളുന്നു.അഹങ്കാരത്തിന്റെ വെണ്‍‍കൊറ്റക്കുടയ്ക്കു കീഴില്‍ നാം പണിതെടുത്ത സിംഹാസനങ്ങള്‍ക്കു കീഴില്‍  അപരനായി നാം സ്ഥാപിച്ചവന്‍ ആധിപത്യമുറപ്പിക്കുന്നു. ജീവിതം അങ്ങനെയൊക്കെയാണ്. കുതറിമാറിയും തട്ടിവീഴ്ത്തിയും നുകങ്ങള്‍ക്കിടയില്‍ കഴുത്തു കുടുങ്ങിയ നാല്ക്കാലികള്‍ രക്ഷപ്പെടാന്‍ ഉഴറുന്നതുപോലെ നമ്മളും ചില കുടുക്കുകളില്‍ നിന്ന്  വിമോചിതരാകന്‍ കുതികൊള്ളുന്നു. പരാക്രമങ്ങള്‍ തീര്‍ക്കുന്നു. എത്ര കുടഞ്ഞെറിഞ്ഞാലും കാലം കയറ്റിയ നുകങ്ങളെ വകഞ്ഞുമാറ്റാനാകില്ലെന്ന തിരിച്ചറിവില്‍ നാം പതിയെപ്പതിയെ വിശ്വസിച്ചു തുടങ്ങുന്നു. ഒരിക്കല്‍ തള്ളി മാറ്റിയതൊക്കെ നമ്മെ ഭരിക്കാനും അനുസരിപ്പിക്കാനും മത്സരിക്കുന്നു. ക്ഷീണമേറിയ മിഴികളെ പാടുപെട്ട് തുറന്ന് നാം അവരെനോക്കി ചിരിക്കുന്നു. നിരാനനന്ദത്തിന്റെ ചിരി.
            പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നഷ്ടജാതകം എന്ന ആത്മകഥയെക്കുറിച്ച് എഴുതുമ്പോള്‍ ഞാനെന്തിനാണിത്ര വാചാലനാകുന്നത് ? എവിടെ നിന്നാണ് ഒരു കവിമനസ്സ് എന്നില്‍ രൂപപ്പെട്ടുവന്നത് ? ജീവിതത്തിന്റെ ഓരോ നിമിഷങ്ങളോടും സജീവമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്ത ഒരു മനുഷ്യനെക്കുറിച്ച് ഞാനെന്തിനാണിങ്ങനെ വിഷാദം പുരട്ടിയ വാക്കുകള്‍ എയ്തുവിടുന്നത് ? എനിക്കറിയില്ല. പക്ഷേ നഷ്ടജാതകം എന്ന ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍  സ്വജീവിതത്തിന്റെ ഗതിവിഗതികളില്‍ അതിരുകളില്ലാതെ ആനന്ദിക്കുന്ന ഒരു കുഞ്ഞബ്ദുള്ളക്കപ്പുറം, ഏതൊക്കെയോ മുറിവുകളുടെ വടുക്കളില്‍ മനസ്സുടക്കി തനിച്ചു നില്ക്കുന്ന നമുക്കൊക്കെ തീര്‍ത്തും അപരിചിതനായ ഒരു കുഞ്ഞബ്ദുള്ളയെയാണ് എനിക്ക് കാണാനാകുന്നത്.അയാള്‍ ആത്മാവില്‍ ഒറ്റയായിരുന്നു.ആ ഒറ്റയാന്റെ ചിരി നിരാനന്ദത്തിന്റേതായിരുന്നു.
റംസാന്‍ കാലത്ത് പുലര്‍‌ച്ചേയുള്ള അത്താഴം കഴിക്കുകയായിരുന്നു കുട്ടി.അത്താഴത്തിന്റെ ഏറ്റവും നല്ല വിഭവം ചൂടുള്ള പാലില്‍ ഭേനി ചേര്‍ത്തു വെച്ച മധുരപലഹാരമാണ്.അപ്പോഴേക്കും ബാങ്കുവിളി കേട്ടു.ബാങ്ക് വിളിച്ചാല്‍ പിന്നെ ഭക്ഷണം നിര്‍ത്തണം.കുട്ടിയും വിട്ടുകൊടുത്തില്ല.പക്ഷേ കുട്ടിയും വിട്ടുകൊടുത്തില്ല.ഫോണ്‍ ഡയല്‍ ചെയ്യുന്ന ആംഗ്യം കാണിച്ച് അയാള്‍ ഹലോ ഹലോ എന്നു പറഞ്ഞു.എന്നിട്ടു പറഞ്ഞു പറഞ്ഞു എക്സ്റ്റെന്‍ഷന്‍  പ്ലീസ്. കുട്ടി ഇപ്പോള്‍ ദൈവത്തോടാണ് എക്സ്റ്റെന്‍ഷന്‍ ആവശ്യപ്പെട്ടത്.ആ മധുരപലഹാരം കഴിച്ചുതീര്‍ക്കാന്‍ പരമ്പരാഗതമായ വിശ്വാസങ്ങളോടുള്ള വിപ്രതിപത്തി പ്രതിഫലിക്കുന്ന ഒരു ചിരി ഇവിടെ നിറഞ്ഞു തൂവുന്നില്ലേ ?
പ്രയര്‍ മോണിട്ടറുടെ ലോട്ട മോഷ്ടിച്ചതു കണ്ടു പിടിച്ചപ്പോള്‍ കടുത്ത വിശ്വാസിയായ അദ്ദേഹം ദൈവത്തെപ്പിടിച്ച് സത്യമിടാന്‍ ആവശ്യപ്പെട്ടു.ഒരു നിമിഷം പോലും ഞാന്‍ ആലോചിച്ചു നിന്നില്ല.ദൈവത്തെപ്പിടിച്ച് ആണയിട്ടു.ദൈവത്തെ എനിക്കെന്തു പേടി.പുഞ്ചിരിച്ചു കൊണ്ടു എനിക്ക് കൈതന്ന് അദ്ദേഹം പോയി.ദൈവത്തെ പിടിച്ച് ഞാന്‍ ആണിയിട്ടപ്പോള്‍ തന്റെ പേരു കോമ്പസുകൊണ്ടു കോറിയിട്ടതുപോലും അപ്രസക്തമായി.അത്രയും കടുത്തായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അന്ന് പ്രയര്‍ മോണിട്ടറിന്റെ  മുഖത്തു വിരിഞ്ഞ ചിരിയെ നിങ്ങളെങ്ങനെയാണ് വിലയിരുത്തുക? ഞാന്‍ പറയും ആ ചിരി നിരാനന്ദത്തിന്റേതായിരുന്നവെന്ന്.
തലയോട്ടിയുടെ അനാട്ടമി പഠിപ്പിക്കുമ്പോള്‍  ഡോ. ഡി കുമാര്‍ പറയും നോക്കൂ ഡോക്ടേഴ്സ് ഈ മനുഷ്യന്‍ ഇപ്പോള്‍ ചിന്തിക്കാതെയായി.പക്ഷേ ഒരു കാലത്ത് ഇദ്ദേഹം ചിന്തിച്ചിരുന്നു.നിര്‍ത്താതെ നിരന്തരമായി ചിന്തിച്ചിരുന്നു.തമാശയില്‍ പൊതിഞ്ഞ ആ പറച്ചിലിനു പിന്നിലെ ചിരിയെ നാം ഏതു ഗണത്തിലേക്കാണ് തള്ളിയിടുക? പോസ്റ്റുമോര്‍ട്ടം ടേബിളില്‍ വെച്ച് കുട്ടികളോട് മക്കളേ നാടകം തുടങ്ങാന്‍ പോകുകയാണ്.അല്ലെങ്കില്‍ത്തന്നെ ഇതിലെന്തിരിക്കുന്നു.ശരീരത്തിന്റെ കാറ്റു പോയാന്‍ ശവം ദുര്‍മരണമായാല്‍ പിന്നെ കീറിമുറിക്കല്‍ പിന്നേയും.ഇതിലൊന്നും ഒരര്‍ത്ഥവുമില്ല.പക്ഷേ നല്ലവണ്ണം കണ്ടോളൂ.എന്നു പറഞ്ഞുകൊണ്ട് ചിരിച്ച പ്രൊഫസറുടെ ചിരി ആനന്ദത്തിന്റേതായിരുന്നുവോ?
എനിക്കു മൂന്നു സൂറത്തുകളേ അറിയുമായിരുന്നുള്ളു.കാരണം നിത്യനമസ്കാരത്തിന് ആ മൂന്നെണ്ണം മതിയാകുമായിരുന്നു.ഞാന്‍ എന്റെ ഓരോ ഊഴത്തിലും ആ മൂന്നെണ്ണത്തില്‍ കടിച്ചു തൂങ്ങി നിന്നു.കമാല്‍ഹാജിക്ക് സംഗതി പിടികിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടുകളില്‍ വേദനിക്കുന്ന ഒരു രഹസ്യം പോലെ പുഞ്ചിരി പടര്‍ന്നു.കമാല്‍ ഹാജിയുടെ ചിരി നിരാനന്ദത്തിന്റേതായിരുന്നില്ലേ ?പെരട്ട സാധനങ്ങള്‍ ഇവിടെ ഇറക്കി ഞങ്ങളുടെ ജനങ്ങളെ രോഗികളാക്കരുത്.ഞങ്ങളിപ്പോള്‍ രോഗവിമുക്തരാണ്.എന്നു പറഞ്ഞുകൊണ്ട് അച്ചാറുകുപ്പികളെ ട്രാഷ് കാനിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ അത് ഏറ്റിക്കൊണ്ടു ദുബായി വരെ എത്തിയ അമ്മിണിയുടെ മുഖത്ത് വിരിഞ്ഞ ചിരി എന്തിന്റേതായിരുന്നു.?
ഈ പുസ്തകം ഇത്തരം നിരാനന്ദങ്ങളെ അന്വേഷിക്കുകയും ഒരുവന്റെ ആത്മകഥയായിട്ടാണ് എനിക്ക് വായിക്കാന്‍ കഴിയുന്നത്. ആ നിരാനന്ദങ്ങള്‍ നമ്മുടെ അല്പത്തരങ്ങളോടു മുഖത്തോടു മുഖം നില്ക്കുമ്പോള്‍ ഒടിഞ്ഞു മറിഞ്ഞു വീഴുന്നത് നമ്മുടേതായി നാളിതുവരെ പരിപാലിച്ചു പോന്നിരുന്ന വിണ്ണിനെത്തൊട്ടു നില്ക്കുന്ന ചില ഉയരങ്ങളാണ്. അതൊക്കെ അത്രയേയുള്ളു എന്നാണ് നഷ്ടജാതകം എന്നോടു പറയുന്നത്.

           
പ്രസാധകര്‍- ഡി സി ബുക്സ്   , വില 175 രൂപ, അഞ്ചാം പതിപ്പ് ജൂലൈ 2014


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1