#ദിനസരികള് 462 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയഞ്ചാം ദിവസം.‌







||ഫാസിസ്റ്റ് വിരുദ്ധ കവിതകള്‍   എഡിറ്റര്‍ എം ജീവേഷ് ||

            കെ ഇ എന്‍ ഈ പുസ്തകത്തിനെഴുതിയ സമമല്ല സമരം എന്ന ആമുഖത്തില്‍ നിന്ന് കുറച്ചേറെ ഉദ്ധരിക്കട്ടെ.ഇന്ത്യന്‍ ഫാസിസം ഇന്നതിന്റെ ബന്ധുക്കളെക്കാള്‍ ബന്ധുക്കളല്ലാത്തവരെ സ്നേഹിക്കുന്നഅവസ്ഥയിലാണ്.ബന്ധുക്കളേയും ശത്രുക്കളേയും വേര്‍തിരിച്ചറിയുന്നതില്‍ കണിശത പുലര്‍ത്തുന്ന ഫാസിസത്തിന്  സംഭവിച്ച ഒരാശയത്തെറ്റിന്റെ ഭാഗമായല്ല ഈയവസ്ഥ രൂപം കൊണ്ടത്.മറിച്ച് ഒരു വിധേനയും മറച്ചു വെക്കാന്‍ കഴിയാത്ത വിധം തങ്ങളുടെ അസ്സല്‍ മുഖം നിരന്തരം ജനങ്ങള്‍ക്കുമുമ്പില്‍ തുറക്കപ്പെടുമ്പോള്‍ ഇവര്‍ മാത്രമല്ല ഫാസിസ്റ്റുകള്‍ ഇവരോളമോ ഇവരെക്കാളോ ഭീകരരായ ഫാസിസ്റ്റുകള്‍ ഇന്ത്യയില്‍ വേറെയുണ്ടെന്ന് മതേതര ധൈഷണികര്‍ പറയുന്നത് തങ്ങള്‍ നേരിടുന്ന വിമര്‍ശനത്തിന്റെ വെയിലില്‍ വിയര്‍ത്ത് നില്ക്കുന്ന ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കുളിര്‍ മഴ തന്നെയാണ്.ബന്ധുക്കള്‍ക്കുപോലും പകരനാകാത്ത കുളിര്‍ ചുംബനങ്ങളാല്‍ ഫാസിസ്റ്റ് കവിളുകള്‍ കോരിത്തരിക്കുന്ന ചേതോഹര കാഴ്ചകളാണ് പൊതുവേ മുഖ്യധാരാ മാധ്യമങ്ങളിലുള്ളത്.വെള്ളം കലങ്ങിയിരുന്നില്ലെങ്കില്‍ ചെന്നായ ആട്ടിന്‍ കുട്ടിയെ കൊല്ലുകയില്ലായിരുന്നുവെന്നാണ് വംശഹത്യകള്‍ക്കു ശേഷവും നമ്മുടെ ലിബറല്‍  ധൈഷണികര്‍ മാധ്യമങ്ങളിലിരുന്ന് പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. നാലുകാലുള്ളതെല്ലാം നാല്കാലികളാണ്, തീയില്ലാതെ പുകയുണ്ടാകുമോ?, രണ്ടു കൈ കൂട്ടിയടിക്കാതെ ഒച്ചയുണ്ടാകുമോ?, ആ ഭികരവാദമുള്ളതുകൊണ്ടല്ലേ ഈ ഭീകരവാദമുണ്ടാകുന്നത് തുടങ്ങിയവ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

            ഈ പുസ്തകത്തിന്റെ ആമുഖമായി എനിക്കു പറയാനുള്ളത് അതിലും  മനോഹരമായ രീതിയില്‍ കെ ഇ എന്‍ പറഞ്ഞു കഴിഞ്ഞു. ഒന്നിനെ ചൂണ്ടി മറ്റൊന്നിനെ ന്യായീകരിക്കുന്ന നമ്മുടെ നിലപാടുകളിലെ ശരിയില്ലായ്മകളെക്കുറിച്ച് നാമിനിയും ബോധവാന്മാരായിട്ടില്ലെന്നത് ഖേദകരം തന്നെയാണ്.എല്ലാ മതാത്മക ഫാസിസ്റ്റ്  തീവ്രവാദങ്ങളേയും പരാജയപ്പെടുത്തുക എന്നതാണ് ആധുനിക ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്.അവര്‍ നമ്മുടെ മതത്തിലോ വിശ്വാസത്തിലോ ഇടപെടുന്നില്ലല്ലോ പിന്നെ എന്തിനാണ് നാം അവരുടെ കാര്യത്തില്‍ ഇത്ര ഉത്കണ്ഠ കാണിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നത് കേള്‍ക്കാറില്ലേ ? അവരുടേതായ മതത്തിന്റെ അനുശാസനങ്ങളെന്ന പേരില്‍ നടപ്പാക്കുന്ന ഏതൊന്നിനേയും നമുക്ക് ഈ വിധത്തില്‍ ന്യായീകരിക്കാവുന്നതാണ്. പ്രത്യക്ഷമായിത്തന്നെ വര്‍ഗ്ഗീയതയെ ന്യായീകരിക്കുന്ന ഒരു നിലപാടാണത്. മതത്തിന്റെ പേരില്‍ ആര്‍ക്കും എന്തും ചെയ്യാനുള്ള അവകാശവും ആരും ചോദ്യം ചെയ്യാതിരിക്കുക എന്ന കീഴ്വഴക്കവും സൃഷ്ടിച്ചെടുക്കുക എന്നതുതന്നെയാണ് ഇത്തരം ന്യായങ്ങള്‍ തൊടുത്തു വിടുന്നവരുടെ മുഖ്യമാ ഉദ്ദേശം.നാം ഈ കുഴികളെ കരുതിയിരിക്കുക തന്നെ വേണം.

            കരുതിയിരിക്കുക എന്നുതന്നെയാണ് ഈ പുസ്തകവും മുന്നോട്ടു വെക്കുന്ന ആശയം. ഫാസിസം നമ്മുടെ പടിപ്പുരകള്‍ കടന്ന് പൂമുഖത്തു കസേര  വലിച്ചിട്ടിരിക്കുന്ന ഈ വൈകിയ വേളയിലും കരുതലുകള്‍ക്ക് ഒട്ടൊക്കെ ഇടം ഇനിയും അവശേഷിക്കുന്നുണ്ടെന്നുതന്നെയാണ് സമകാലികരായ ഒരു പറ്റം കവികള്‍ ഈ ലോകത്തോടു വിളിച്ചു പറയുന്നത്.പ്രതീക്ഷാ നിര്‍ഭരമായ അവരുടെ വാക്കുകളെ അടുക്കിയെടുത്ത് നമുക്കു സമ്മാനിച്ച എം ജീവേഷ്  എന്ന എഡിറ്റര്‍ക്ക് നന്ദി പറയുക.

            കടമ്മനിട്ടയുടെ ക്യാ എന്ന കവിതയോടെയാണ് പുസ്തകം ആരംഭിക്കുന്നത്. ഫാസിസമെന്ന ആശയത്തിന്റെ അലകും പിടിയും  ഇത്രയും ശക്തമായി അവതരിപ്പിച്ച മറ്റൊരു കവിത മലയാളത്തില്‍ കണ്ടെത്തുക അസാധ്യമാണ്.പുറംവടിവുകള്‍ക്കപ്പുറം അകത്തൊളിപ്പിച്ചു വെച്ചിരിക്കുന്ന ദംഷ്ട്രകളെ ഈ കവിത നമുക്കു കാണിച്ചുതരുന്നു.കവിത വായിക്കുക
ഗുജറാത്തില്നിന്നും മടങ്ങുമ്പോള്‍
കൊച്ചിയില്കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനില്വെച്ച് ഞാന്പരിചയപ്പെട്ടു
താങ്കളുടെ ശുഭനാമമെന്താകുന്നു?” അയാള്ചോദിച്ചു

രാമകൃഷ്ണന് ഞാന്പറഞ്ഞു

റാം കിശന്‍! റാം കിശന്‍! റാം റാം

എന്നഭിനന്ദിച്ചു കൊണ്ട് അയാള്‍
എന്നിലേക്ക് ഏറെ അടുത്തിരുന്നു 
താങ്കള്മാംസഭുക്കാണോ?” അയാള്ചോദിച്ചു

അങ്ങിനെയൊന്നുമില്ലഞാന്പറഞ്ഞു

താങ്കളോ?” ഞാന്ചോദിച്ചു

ഞങ്ങള്വൈഷ്ണവ ജനത ശുദ്ധ സസ്യഭുക്കുകളാണ്”-

തെല്ലഭിമാനത്തോടെ അയാള്പറഞ്ഞു
നിങ്ങളില്ചില പുല്ലുതീനികള്പൂര്ണ്ണഗര്ഭിണിയുടെ 

വയറു കീറി കുട്ടിയെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും?”- ഞാന്പെട്ടെന്ന് ചോദിച്ചു പോയി
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്കാട്ടി പുരികത്തില്വില്ലു കുലച്ചുകൊണ്ട് 
എന്റെ നേരെ മുരണ്ടു ക്യാ?”

സച്ചിദാനന്ദന്റെ അവര്‍, റഫീക്ക് അഹമ്മദിന്റെ പുതിയ മാഷന്മാര്‍, എം ബി മനോജിന്റെ രാ* മായണ മാസങ്ങള്‍  മുതലായ കവിതകള്‍ എടുത്തു പറയേണ്ടവയാണ്. നാമൊരിക്കലും എന്തായിത്തീരരുതെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ സമാഹാരം അതുകൊണ്ടുതന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
                       
പ്രസാധകര്‍- ബ്ലാക്ക് ലൈന്‍   , വില 120 രൂപ, ഒന്നാം പതിപ്പ് ജനവരി 2015


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1