#ദിനസരികള് 463 - നൂറു ദിവസം നൂറു പുസ്തകം – മുപ്പത്തിയാറാം ദിവസം.‌








||കുഞ്ഞാലി മരയ്ക്കാര്‍   കെ സി വിജയരാഘവന്‍ , കെ എം ശ്രീദേവി ||
            എ.ഡി ആയിരത്തിയഞ്ഞൂറുമുതല്‍ ആയിരത്തിയറുനൂറുവരെയുള്ള കാലഘട്ടത്തില്‍ സാമൂതിരിയുടെ കടല്‍പ്പടയുടെ സാര്യഥ്യം വഹിച്ചവരായിരുന്നു പേര്‍ കൊണ്ട കുഞ്ഞാലിമരയ്ക്കാര്‍മാര്‍. നാടിനെ വൈദേശികാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാന്‍  കച്ചകെട്ടിയിറങ്ങിയ ഈ നാലു കുഞ്ഞാലി മരയ്ക്കാര്‍മാരുടെ വീരേതിഹാസങ്ങള്‍ നമുക്ക് എന്നും പാടിപ്പുകഴ്ത്താനുള്ള ഈടുവെപ്പാണെങ്കിലും വസ്തുതകളെ അടിസ്ഥാനപ്പെടുത്തി ആധികാരികവും സമഗ്രവുമായ ഒരു ചരിത്ര ഗ്രന്ഥം ഇനിയുമുണ്ടാകേണ്ടിയിരിക്കുന്നു. ഈ പുസ്തകം അത്തരത്തിലുള്ള സമഗ്രത അവകാശപ്പെടുന്നില്ലെങ്കിലും പല പുസ്തകങ്ങളിലായി ചിതറിക്കിടക്കുന്ന വിവരങ്ങളെ ക്രോഡീകരിക്കുക എന്ന ദൌത്യം നിര്‍വ്വഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്രന്ഥകാരന്മാരുടെ ഈ പ്രയത്നത്തെ നാം ശ്ലാഖിക്കുക തന്നെ വേണം.അതുകൊണ്ടായിരിക്കണം പാഠപുസ്തകത്തിലെ ചെറിയ വിവരണത്തിനപ്പുറത്തേക്ക് കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജീവിതകഥകള്‍ എത്തിയിട്ടില്ലഎന്ന ഗ്രന്ഥപരമ്പരയുടെ എഡിറ്റര്‍ പതംപറയുന്നത് നാം കാണാതെ പോകരുത്.
            കടല്‍ വാണിജ്യത്തിന്റെ കോട്ടയ്ക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍മാരുടെ കഥ പറയുമ്പോള്‍ കോഴിക്കോട്ടുതുറയും അതിന്റെ അധിപന്മാരായ സാമൂതിരിയും അവരുടെ വാണിജ്യ ബന്ധങ്ങളുമെല്ലാം വിഷയമാകും.ഈ പുസ്തകത്തിന്റെ ആഖ്യാന വിഷയം രൂപപ്പെടുന്നത് ആ വഴിക്കത്രേ.! സമകാലികരായ നാവികരുടേയും യാത്രികരുടേയും വിവരണങ്ങളെ ആവശ്യത്തിനുപയോഗിച്ചുകൊണ്ടാണ് ഇതിന്റെ രചന നിര്‍വ്വഹിച്ചത് എന്ന് ഡോ എം ആര്‍ രാഘവവാരിയര്‍ പറയുന്നതു പ്രത്യക്ഷത്തില്‍ അനുകൂലമായി തോന്നാമെങ്കിലും സ്വന്തം നെറ്റിയിലെ വിയര്‍‌പ്പൊഴുക്കാന്‍ ഗ്രന്ഥരചയിതാക്കള്‍ കുറച്ചൂകൂടി മെയ്യനങ്ങി പണിയെടുക്കണമായിരുന്നുവെന്നുകൂടി സൂചിപ്പിക്കുന്നുണ്ട്.അടിസ്ഥാനപ്പെടുത്തിയ രേഖകളുടെ ഒരു പട്ടിക അവസാനമായി ചേര്‍ത്തിരിക്കുന്നത് നന്നായിട്ടുണ്ടെന്ന് മാത്രം പറയട്ടെ !.
            ഭരണാധികാരിയായ സാമൂതിരി നല്കിയ കുഞ്ഞാലി മരയ്ക്കാര്‍ എന്ന സ്ഥാനപ്പേരോടുകൂടി നാലുപേരാണ് അദ്ദേഹത്തിന്റെ നാവിക സേനയെ നയിച്ചത്. കുട്ട്യാലി മരയ്ക്കാര്‍ എന്നറിയപ്പെടുന്ന ഒന്നാം കുഞ്ഞാലിമരയ്ക്കാരുടെ കാലഘട്ടം 1524 മുതല്‍ 1539 വരെയായിരുന്നുവെന്ന് ലേഖകര്‍ ചൂണ്ടിക്കാണിക്കുന്നു.അടിച്ചിട്ടോടുക എന്ന തന്ത്രം അവംലംബിച്ചുകൊണ്ട് യുദ്ധത്തിലേര്‍‌പ്പെട്ട ഇദ്ദേഹം പോര്‍ച്ചൂഗീസിന്റെ കപ്പല്‍പ്പടയെ കുറച്ചൊന്നുമല്ല ഉഷ്ണിപ്പിച്ചത്.1539 ല്‍ പോര്‍ച്ചൂഗീസിന്റെ സൈനിക മേധാവിയായ മെഗല്‍ പെരേരയുമായുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. പിന്നീട് അദ്ദേഹത്തിന്റെ പുത്രന്‍ രണ്ടാം കുഞ്ഞാലി മരയ്ക്കാറായി സ്ഥാനമേറ്റു.കുഞ്ഞാലി മരയ്ക്കാര്‍ രണ്ടാമന്‍  തന്റെ ആക്രമണം പോര്‍ച്ചൂഗീസ് അധീനപ്രദേശങ്ങളായ പൂര്‍വ്വ തീരത്തിലേക്കും സിലോണിലേക്കും ആക്രമണം വ്യാപിപ്പിച്ചതിനാല്‍ അവരുടെ വ്യാപാരം നഷ്ടത്തിലായി.തന്റെ സേനയെ ശക്തിപ്പെടുത്തി വിദേശികളോട് സന്ധിയില്ലാത്ത സമരം ചെയ്ത രണ്ടാമനു ശേഷം 1569 ല്‍ മൂന്നാമന്‍ സാമൂതിരിയുടെ നാവിക സേനയുടെ അധിപനായി. തന്റെ മുന്‍ഗാമികള്‍ക്കു ചേര്‍ന്ന വിധത്തില്‍ ധീരതയും കൂറും പ്രദര്‍ശിപ്പിച്ച കുഞ്ഞാലിയുടെ എതിര്‍പ്പിനെ മറടന്നുകൊണ്ട് പൊന്നാനിയില്‍ ഒരു കോട്ടയും ഫാക്ടറിയും പണിയാനുള്ള അനുമതി സാമൂതിരി നല്കിയത് കുഞ്ഞാലിയെ വേദനിപ്പിച്ചു.പോര്‍ച്ചൂഗീസുകാരുടെ തന്ത്രപ്രധാനമായ ആ നീക്കത്തിന്റെ അപകടം മുന്‍കൂട്ടി കണ്ട കുഞ്ഞാലി കോട്ടപ്പുഴയില്‍ ഒരു കോട്ട സാമൂതിരിയുടെ അനുമതിയോടെ പണിതുയര്‍ത്തി.പടയില്‍  തോല്‍വി അറിയാത്തവന്‍ എന്ന അര്‍ത്ഥത്തില്‍ അദ്ദേഹത്തെ പടെ മരയ്ക്കാര്‍ എന്നാണ് നാട്ടുകാര്‍ വിളിച്ചിരുന്നത്. കുഞ്ഞാലി നാലാമന്റെ കാലമായപ്പോഴേക്കും നില്ക്കക്കള്ളിയില്ലാതായ വൈദേശിക ശക്തികള്‍  കുഞ്ഞാലിയേയും സാമൂതിരിയേയും തമ്മില്‍ തെറ്റിദ്ധരിപ്പിച്ച് തെറ്റിക്കാനായി ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. താനും തന്റെ വംശവും ആരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടിയാണോ , ആരില്‍ നിന്ന് തന്റെ നാടിനേയും നാട്ടരചനേയും സംരക്ഷിക്കുന്നതിനായി ക്ലേശിച്ചത് അതേ സാമൂതിരിയും കൂട്ടരും തങ്ങളുടെ ശത്രുക്കളായ പോര്‍ച്ചൂഗീസുകാരെ കൂട്ടുപിടിച്ച് കുഞ്ഞാലിയെ നശിപ്പിക്കാനിറങ്ങി.സാമൂതിരിയുടെ മുന്നില്‍ ഉടവാളര്‍പ്പിച്ച് കീഴടങ്ങാന്‍ തയ്യാറായ കുഞ്ഞാലിയേയും കൂട്ടരേയും ചതിയില്‍ പിടിച്ച് ഗോവയിലേക്ക് കൊണ്ടുപോയി പരസ്യമായി കഴുത്തുവെട്ടി ശരീരം നാലു ഭാഗങ്ങളാക്കി പൊതുഇടങ്ങളില്‍ കെട്ടിത്തൂക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ തലയാകട്ടെ ഗോവയില്‍ നിന്നും മലബാറില്‍ കൊണ്ടുവന്ന് പരസ്യമായി കുത്തിനിറുത്തി പ്രദര്‍ശിപ്പിച്ചു. കുഞ്ഞാലിമാരുടെ തിരോധാനത്തോടെ സാമൂതിരി വംശത്തിന്റെ പ്രതാപകാലത്തിനും ഇടിവുകള്‍ സംഭവിച്ചു.
            കുഞ്ഞാലിമരയ്ക്കാര്‍മാരെക്കുറിച്ചുള്ള നാടന്‍ പാട്ടുകളെ പരിചയപ്പെടുത്തുന്ന ആറാമത്തെ അധ്യായം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.അവരുടെ ധീരതയും ദേശ സ്നേഹവും പാടിപ്പുകഴ്തത്തി വരുംകാലത്തിനു വേണ്ടി കാത്തുവെച്ച പാണന്മാരോട് നാം നന്ദി പറയുക.തച്ചോളി ഒതേനനും കുഞ്ഞാലിയം തമ്മിലുള്ള  ദൃഢബന്ധം സൂചിപ്പിക്കുന്ന ഒരു കഥയും ഇവിടെ ചേര്‍ത്തിരിക്കുന്നു.
           
                                                                       
പ്രസാധകര്‍- ചിന്ത പബ്ലിഷേഴ്സ്    , വില 95 രൂപ, ഒന്നാം പതിപ്പ് ഒക്ടോബര്‍ 2016


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1