#ദിനസരികള് 684
സീതാവിചാരങ്ങള്‍ : പ്രതി രാമന്‍ തന്നെ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ , അതു പ്രസിദ്ധീകരിക്കപ്പെട്ട അന്നുമുതല്‍ നാം അനുകൂലിച്ചും പ്രതികൂലിച്ചും പഠനത്തിനെടുത്തിട്ടുണ്ട്. ഇപ്പോള്‍ ആ കൃതിക്ക് നൂറുവയസ്സ് തികയുന്നുവെന്നതുകൊണ്ട് പലരും വീണ്ടും വീണ്ടും സീതയെ വായിക്കാനും വിലയിരുത്താനും ശ്രമിച്ചു കാണുന്നു.എന്നിരുന്നാലും എത്രക്കെത്രക്ക് നാം അടുക്കാന്‍ ശ്രമിക്കുന്നുവോ അത്രക്കത്രക്ക് സീത നമ്മില്‍ നിന്നും അകന്നു നില്ക്കുന്നുവെന്നതാണ് ആ കൃതിയോട് നമുക്കുള്ള അസക്തിക്ക് ഒരു കാരണം. മലയാളത്തിലെ മിക്ക നിരൂപകരും തന്നിഷ്ടം പോലെ സീതയുടെ മനസ്സിനെ തുറന്നു കാണിക്കാന്‍ ശ്രമിക്കാതിരുന്നിട്ടില്ല. മുണ്ടശേരിയും കുട്ടികൃഷ്ണമാരാരും അഴീക്കോടുമൊക്കെ ആ പട്ടികയിലെ പ്രധാനികളാണ്.അവരെല്ലാവരും തന്നെ സീതയുടെ രഹസ്യം തേടിയവരാണെങ്കിലും കൈപ്പിടിയിലൊതുങ്ങിയോയെന്നത് വ്യക്തമായിട്ടില്ലയെന്നതാണ് വസ്തുത. സീതയെ ഒന്ന് വിളക്കുവെച്ച് പഠിച്ചു നോക്കാന്‍ ഞാനും ശ്രമിച്ചിട്...