#ദിനസരികള് 680
ആര്‍ത്തവ സമരാനന്തര കേരളം – ചില മുന്നറിയിപ്പുകള്‍ .
തലയില്‍ തേങ്ങയെറിഞ്ഞും ആത്മഹത്യ ചെയ്തയാളെ ബലിദാനിയാക്കി ഹര്‍ത്താലുകള്‍ നടത്തിയും
മാധ്യമപ്രവര്ത്തകരേയും പൊതുജനങ്ങളേയും ഉടുമുണ്ടു
പൊക്കിക്കാണിച്ചും സുപ്രിംകോടതിയുടെ ശബരിമല യുവതിപ്രവേശനത്തിനെതിരെ യുദ്ധം
പ്രഖ്യാപിച്ച് വിശ്വാസസംരക്ഷണത്തിനിറങ്ങിയ ഒരു കൂട്ടം ജാതിഭ്രാന്തന്മാര്‍
കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ നാം
കണ്ടതാണല്ലോ. അയ്യപ്പനെ മുന്നില്‍ നിറുത്തി
നിഷ്കളങ്കരായ വിശ്വാസികളെ സംഘടിപ്പിച്ച് ഇടതുപക്ഷത്തിനെതിരെ തീര്‍ത്ത സമരകോലാഹലങ്ങള്‍ വിമോചനസമരകാലങ്ങളെ ഓര്‍മ്മിപ്പിച്ചു. കേരളം
നാളിതുവരെ നേടിയെന്ന് നാം അഭിമാനിച്ചിരുന്ന മൂല്യങ്ങളെയാണ് ആ സംഘം
വെല്ലുവിളിച്ചത്. കേവലം ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ടു മാത്രമായിരുന്നില്ല
ആ വെല്ലുവിളി, മറിച്ച് ദീര്‍ഘകാലത്തെ
പോരാട്ടം കൊണ്ട് നാം നേടിയെടുത്ത എല്ലാവിധ മതേതര മൂല്യങ്ങളോടുമായിരുന്നു.
വിശ്വാസ സംരക്ഷണത്തി്നറെ മറവില്‍
ജാതീയതയേയും വര്‍ണവ്യവസ്ഥയേയും കടത്തിക്കൊണ്ടുവരാന്‍ സംരക്ഷണ സമിതികളുടെ ബുദ്ധി
കേന്ദ്രങ്ങള്‍ക്കു കഴിഞ്ഞു.ദളിത് ജനവിഭാഗത്തേയും സവര്‍ണരേയും ഒന്നുപോലെ
തൃപ്തിപ്പെടുത്താനും തങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്കു പിന്നില്‍ അണിനിരത്താനും ഒരു
പരിധിവരെ സാധിച്ചത് ഒരു ചെറിയ കാര്യമല്ല. ആറെസ്സെസ്സിന്റെ ബൌദ്ധികപ്രവര്‍ത്തനത്തിന്റെ
അന്തസ്സത്തയെ വേണ്ട വിധം മനസ്സിലാക്കി പ്രതിപ്രവര്‍ത്തിക്കാന്‍ കഴിയാത്ത ബി ജെ പിയുടെ സംസ്ഥാന നേതൃത്വം അമ്പേ
പരാജയമായിപ്പോയത് ആ മുന്നേറ്റത്തിനേറ്റ തിരിച്ചടികളില്‍ പ്രധാനപ്പെട്ടതായിരുന്നു.അവരുടെ
നീക്കങ്ങള്‍ പാളുകയും ഇടതുപക്ഷം പതിയെപ്പതിയെ അപ്രതിരോധ്യമായ ഒരു കോട്ട പോലെ
നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷകരായി മാറുകയും ചെയ്തതോടെ വിശ്വാസ സംരക്ഷണമെന്ന പേരില്‍
സംഘപരിവാരം ആടിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് തിരശ്ശീല വീണു. തങ്ങളുണ്ടാക്കിയ ഓരോ
അബദ്ധങ്ങളെക്കുറിച്ചും ബി ജെ പിയുടെ നേതൃത്വം പരിതപിക്കുന്നുണ്ടാകുമെന്ന
കാര്യത്തില്‍ സംശയമില്ല.
വിധി വരുന്നതുവരെ യുവതി പ്രവേശനമടക്കമുള്ള
വിഷയങ്ങളില്‍ അനുകൂലമായ നിലപാടെടുത്തിരുന്നവര്‍ വിധി പ്രതികൂലമായ ഉടനെ
നിലപാടുമാറ്റി വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ തെരുവിലിറങ്ങിയപ്പോള്‍ കേരള സമൂഹം
ഒന്നുലഞ്ഞുവെന്നത് നാം കാണാതിരുന്നുകൂട. ബി ജെ പി മാത്രമല്ല , വലതുപക്ഷ കക്ഷികളും
കൂടെ രാഷ്ട്രീയ ഉദ്ദേശങ്ങളോടെ മീന്‍പിടിക്കാനിറങ്ങിയപ്പോള്‍ കേരള സമൂഹത്തില്‍
പൊതുവേ ഒരു നിശ്ചലത സൃഷ്ടിക്കപ്പെട്ടു. താഴത്തട്ടുതുടങ്ങി മേല്‍ത്തട്ടുവരെയുള്ള ഇടതുപക്ഷത്തിന്റെ വിശിഷ്യാ സി പി ഐ എമ്മിന്റെ
അണികളില്‍ ആ നീക്കങ്ങള്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു.താന്താങ്ങളുടെ ബോധ്യങ്ങളെ
അടിസ്ഥാനത്തില്‍ അവര്‍ വിവിധങ്ങളായ അഭിപ്രായങ്ങളിലേക്ക് സ്വയം ചെന്നു ചേരുകയും
പുനരാലോചന , വിശ്വാസം, സംരക്ഷണം, തിടുക്കം എന്നിങ്ങനെ ചില പദങ്ങളെ തങ്ങളുടെ
സംഭാഷണത്തില്‍ നിരന്തരം ഉള്‍പ്പെടുത്തുകയും
ചെയ്തു. പൊതുവേ ഇനിയെന്ത് എന്ന തരത്തിലുള്ള ഒരാശയക്കുഴപ്പം
സൃഷ്ടിക്കപ്പെട്ടുവെന്നതാണ് വസ്തുത.
പുരോഗമന പരമായ ആശയങ്ങളെ പ്രതിനിധാനം
ചെയ്യുന്നുവെന്നതുകൊണ്ട് ജനങ്ങള്‍ അധികാരത്തിലേറ്റിയ ഇടതുപക്ഷത്തിന്റെ സര്‍ക്കാര്‍
സമര്‍ത്ഥമായി ഇടപെട്ടത് ഈ സാഹചര്യത്തിലാണ്. സമൂഹത്തെ പിന്നോട്ടടിക്കുന്ന ഒരു
സാഹചര്യത്തേയും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നു പ്രഖ്യാപിക്കപ്പെട്ടു.
അക്കാര്യത്തില്‍ നാലു വോട്ടല്ല , നാടിന്റെ നിലനില്പാണ് വലുത് എന്ന വ്യക്തമാക്കപ്പെട്ടു.പുന
പരിശോധനാഹരജി എന്ന ആശയം നിരസിക്കപ്പെട്ടു. ഭരണഘടന പ്രദാനം ചെയ്യുന്ന തുല്യത എന്ന
അവകാശത്തിനു വേണ്ടി ഏതറ്റംവരെയും തങ്ങള്‍ മുന്നോട്ടുപോകും എന്ന് വീണ്ടും വീണ്ടും
മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ നേതൃത്വം ശക്തമായി പ്രഖ്യാപിച്ചു.
കേരളത്തിന്
ദിശാബോധം നല്കിയ നിലപാടുകളായിരുന്നു അവ. കുഴങ്ങി നിന്ന സന്ദര്‍ഭങ്ങളില്‍ നിന്നും ഉജ്ജ്വലമായ ഒരു പുതിയ
മുദ്രാവാക്യത്തിന്റെ തിളക്കം കേരളത്തിന്റെ നെഞ്ചിലേക്ക് വന്നു വീണു. അതുവെറുതെ
നീറിക്കിടക്കുകയല്ല ആളിക്കത്തുകയാണ് ചെയ്തത്. ആ കത്തലില്‍ ജാതിമത വര്‍ഗീയ
കൂട്ടായ്മകള്‍ ചുട്ടുകരിക്കപ്പെട്ടു. അവരുയര്‍ത്തിയ പ്രതിലോമകരമായ നിലപാടുകള്‍
റദ്ദു ചെയ്യപ്പെട്ടു.ജനത പതിയെപ്പതിയെ വസ്തുതകള്‍ മനസ്സിലാക്കുകയും തങ്ങളെ
വിശ്വാസത്തിന്റെ പേരില്‍ വഴിതെറ്റിച്ചു കൊണ്ടുകെട്ടാനുദ്ദേശിച്ച
തൊഴുത്തിനെക്കുറിച്ച് ബോധവാന്മാരാകുകയും ചെയ്തതോടെ സംഘപരിവാരത്തിന്റെ നിലപാടുകള്‍ രാഷ്ട്രീയജീര്‍ണതക്ക് ഉദാഹരണങ്ങളായി മാറി. വീണുകിട്ടിയ ഒരവസരത്തെ സുവര്‍ണാവസരമായി മാറ്റി
തങ്ങളുടെ രാഷ്ട്രീയാധിപത്യം ഉറപ്പിച്ചെടുക്കാന്‍ തുനിഞ്ഞിറങ്ങിയ പരിവാരത്തിന്
വലിയ തിരിച്ചടികളുണ്ടായി.ദിശ തെറ്റിയ കപ്പല്‍ പോലെ ബിജെപിയും കൂട്ടരും കുഴങ്ങി.അവനാഴിയിലെ
അവസാന അസ്ത്രവും വിനിയോഗിച്ചു കഴിഞ്ഞവനെപ്പോലെ അക്കൂട്ടര്‍ നിസ്തേജരായി.
എന്നാല്‍ സംഘപരിവാരം കേരളത്തില്‍ ഇങ്ങിനി
വരാത്തവണ്ണം ഒടുങ്ങിക്കഴിഞ്ഞുവെന്നും ഈ മണ്ണില്‍ അവരുടെ ജാതിരാഷ്ട്രീയം
വിലപ്പോകില്ലെന്നും നാം ചിന്തിക്കുന്നുവെങ്കില്‍ നമുക്ക് തെറ്റുപറ്റൂം. അങ്ങനെയൊരു
ജാഗ്രതക്കുറവുണ്ടാകരുത് എന്ന മുന്നറിയിപ്പാണ് ഈ കുറിപ്പ് ലക്ഷ്യം വെക്കുന്നത്.
പത്തൊമ്പതാം
നൂറ്റാണ്ടിന്റെ ആദ്യപാദങ്ങള്‍ മുതല്‍ കേരള ജനത നടപ്പിലാക്കാന്‍ ശ്രമിച്ചു പോന്ന നവോത്ഥാനമൂല്യങ്ങളില്‍ ഉറച്ച മുന്നേറ്റങ്ങളെ സംരക്ഷിക്കുന്നതിനും കാലികമായി
പരിഷ്കരിക്കുന്നതിനും ഇടക്കാലത്ത് നാം
വലിയ അലംഭാവം കാണിച്ചു. പ്രത്യേകമായി പറഞ്ഞാല്‍ ക്ഷേത്രപ്രവേശനങ്ങളോടു കൂടിയാണ്
ആ ജാഗ്രതക്കുറവുണ്ടായതെന്ന് കാണാം. ഒരിക്കല്‍ സര്‍വ്വസന്നാഹങ്ങളോടെയും നാം എതിര്‍ത്തു
തോല്പിച്ച ജാതീയത സമൂഹത്തില്‍ നിന്നും പൂര്‍ണമായി വിട്ടുപോയില്ലെന്നു മാത്രമല്ല പതിയെപ്പതിയെ
ശക്തിയാര്‍ജ്ജിച്ചു വരികയമുണ്ടായി.ക്ഷേത്രത്തിലേക്ക് നാം എത്തിച്ച ജനതയെ
ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് ആനയിക്കേണ്ടതിനു പകരം ബ്രാഹ്മണ്യത്തിന്റെ കാല്‍ച്ചുവട്ടിലേക്ക്
ഇട്ടുകൊടുക്കുകയാണ് നാം ചെയ്തത്. ക്ഷേത്രത്തില്‍ അവര്‍ണന്‍ കടന്നാല്‍ അല്ലെങ്കില്‍
വഴി നടന്നാല്‍ തീരുന്നതുമാത്രമായിരുന്നില്ല
മലയാളിയുടെ മനസ്സില്‍ കുടികൊണ്ടു നിന്ന ജാതി ചിന്ത. അത് തൊഴിലിടങ്ങളിലും
സ്ത്രീപുരുഷ ഇടപെടലുകളിലും മറ്റും മറ്റും വ്യാപിച്ചു നിന്നു.അവയെ നാം
നിസ്സാരമാക്കിയെടുത്തുകൊണ്ട് ബോധപൂര്‍വ്വം അവഗണിക്കുകയാണ് ചെയ്തത്. ജാതിയേയും
അതുണ്ടാക്കുന്ന കെടുതികളേയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നതിനു പകരം അവ
കുറച്ചൊക്കെ സമൂഹത്തില്‍ കാണുമെന്നു പ്രോത്സാഹിപ്പിച്ചു.ആ കണ്ണടയ്ക്കലില്‍
പതിയെപ്പതിയെ കരുത്താര്‍ജ്ജിച്ച് നമ്മെത്തന്നെ വിഴുങ്ങാനെത്തിയപ്പോഴാണ് നമ്മുടെ
അലസത എത്ര അപകടമാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് ബോധ്യപ്പെട്ടത്.
ഇനിയും ഇത്തരം അലസതകളെ പിന്‍പറ്റി
സമൂഹത്തെ സവര്‍ണ ജാതി രാഷ്ട്രീയത്തിലേക്ക് കൂട്ടിക്കെട്ടുന്ന നടപടികള്‍
ഇവിടെയുണ്ടാകും.ഇനിയും പല പല പേരുകളില്‍ അത്തരക്കാര്‍ നമ്മുടെ പൊതുസമൂഹത്തെ
ആക്രമിച്ചുകൊണ്ടേയിരിക്കും. നവോത്ഥാന പ്രക്രിയയെ തുടര്‍ച്ചയായി വീഴ്ചയില്ലാത്തെ
പിന്തുടര്‍ന്നുകൊണ്ടു വേണം നാം അത്തരക്കാരെ നേരിടാന്‍ . അതുകൊണ്ട് ഇടവേളകള്‍ വിശ്രമിക്കുവാനുള്ളതല്ല,
പഴുതുകളടച്ച് ശക്തിപ്പെടുത്തി അടുത്തൊരു യുദ്ധത്തിനു വേണ്ടി
കരുതിവെയ്ക്കാനുള്ളതാണ് എന്ന ചിന്തയാണ് നവോത്ഥാന കേരളത്തിന് ഇനിയെങ്കിലും
ഉണ്ടാകേണ്ടത്.
Comments