#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം


കം
തകം
പാതകം
വാഴക്കൊലപാതകം
അന്തര്‌നേത്രവാഴക്കൊലപാതകം
ജഗദന്തര്‌നേത്രവാഴക്കൊലപാതകം
അന്തര്നേത്രവാഴക്കൊലപാതകം
വാഴക്കൊലപാതകം
പാതകം
തകം
കം
ഈ കവിത എഴുതിയതിനു ശേഷം ഒരിക്കല് അയ്യപ്പപ്പണിക്കര് എം എം ബഷീറിനോട് പറഞ്ഞു :- “ബഷീറേ അത് വെറുമൊരു നേരംപോക്കിന് എഴുതിയതല്ല.ഞാന് അമേരിക്കയില് പോയി വന്നപ്പോള് ചിലരെന്ന് ഭീഷണിപ്പെടുത്തി.ഞാന് അമേരിക്കന് ചാരനാണ്.അമേരിക്കന് പണംകൊണ്ടാണ് കേരള കവിത നടത്തുന്നത്.എനിക്ക് ഭീഷണിക്കത്തുകള് കിട്ടിക്കൊണ്ടിരുന്നു.കൊന്നുകളയും.കൊലപാതകം മരണം ഇവയൊക്കെ ആലോചിച്ചാണ് ഞാന് കുറേക്കാലം നടന്നത്.മരണത്തെക്കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടി.അങ്ങനെയാണ് ഞാന് വാഴക്കൊലപാതകത്തില് എത്തിയത്.”
കാര്ട്ടൂണ് കവിതയെന്നാണ് പലരും ഈ കവിതയെ വിശേഷിപ്പിക്കാറുള്ളത്. എന്നാല് അയ്യപ്പപ്പണിക്കരുടെ വിശദീകരണം , കാര്ട്ടൂണ് എന്ന് കേള്‌ക്കുമ്പോള് നമുക്ക് പെട്ടെന്ന് തോന്നുന്ന ഒരു അര്ത്ഥപരിസരത്തില് നിന്നും ഈ കവിതയെ അടര്ത്തിമാറ്റുന്നു.എന്നുമാത്രവുമല്ല അതോടെ തികച്ചും വ്യക്തിപരമായ മറ്റൊരു മാനം കൈവരിക്കുകയും ചെയ്യുന്നു. താനനുഭവിക്കുന്ന വേദനകളെ ആവിഷ്കരിക്കുവാന് ഭാഷയുടെ നിയതമായ ചട്ടക്കൂടുകള് അപര്യാപ്തമാണെന്ന് തിരിച്ചറിയുന്ന കവി , അസാധാരണമായ ഒരു മാര്ഗ്ഗത്തെ അവലംബിച്ചാണ് തന്റെ വിചാരങ്ങളെ പ്രതിഫലിപ്പിക്കുവാന് ശ്രമിക്കുന്നത്. ഭാഷാപരമെന്നതു പോലെത്തന്നെ അത് രൂപപരവുമാകുന്നു.
മുത്തുസ്വാമി ദീക്ഷിതരുടെ ത്യാഗരാജ യോഗവൈഭവം എന്നു തുടങ്ങുന്ന കീര്ത്തനം അയ്യപ്പപ്പണിക്കര്ക്ക് മാതൃകയായിരുന്നുവെന്ന് അദ്ദേഹം തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആനന്ദഭൈരവിലിയുള്ള ആ കീര്ത്തനമാകട്ടെ ലോകത്തില് നിന്നും തന്നിലേക്കും, തന്നിലൂടെ സൂക്ഷ്മത്തിലേക്കും സഞ്ചരിച്ചെത്തുന്ന ഒരു ആത്മീയ മനസ്സിനെ അടയാളപ്പെടുത്തുന്നു. അതായത് സ്ഥൂലത്തില് നിന്നും സൂക്ഷ്മത്തിലേക്ക് നടത്തുന്ന ആത്മാന്വേഷണത്തിന്റെ രൂപപരമായ ആഖ്യാനം കൂടിയാണ് മുത്തുസ്വാമി ദീക്ഷിതരുടെ ആ കീര്ത്തനം. ആ വാഗ്ഗേയകാരന്റെ കൃതി താനൊരു മാതൃകയാക്കിയിരുന്നുവെന്നും പണിക്കര് സമ്മതിക്കുന്നുണ്ട്.
അപ്പോള് ഒറ്റനോട്ടത്തില് അര്ത്ഥശൂന്യമെന്ന് - എം എം ബഷീര് അയ്യപ്പപ്പണിക്കരോട് അതൊരു പൊട്ടക്കവിതയാണെന്നുതന്നെ പറയുന്നുണ്ട് - നാം കരുതിപ്പോയേക്കാവുന്ന പല കവിതകളുടെ പിന്നിലും ഉരുകിയൊലിക്കുന്ന ഒരു മനസ്സുണ്ടാകും. ആ വെപ്രാളം ഭാഷയിലൂടെ എന്നതുപോലെതന്നെ രൂപപരമായും അവതരിപ്പിക്കപ്പെടുമ്പോഴാണ് കവിയ്ക്ക് തൃപ്തിയാകുക. അപ്പോള് ഭാഷ അപൂര്ണമാകുന്നിടത്ത് രൂപം തത്സ്ഥാനമെറ്റെടുക്കുക തന്നെ ചെയ്യും. അയ്യപ്പപ്പണിക്കരുടെ കം തകം എന്ന കവിത അത്തരമൊരു ആഖ്യാനചാതുരിക്ക് ഉദാഹരണമാണ്.
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 28 , 10.15 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്