#ദിനസരികള് 1263 നൂറു ദിവസം നൂറു പുസ്തകം || രണ്ടാം ദിവസം - കൈവിളക്ക് ||

 



( മാരാര്കൃതികളിലൂടെ )

"ലഘു നിരൂപണങ്ങളുടെ സമാഹാരമായ കൈവിളക്ക് കാടുകയറിപ്പോയ സാഹിത്യാസ്വാദകരോട് 'ഇതിലേ ഇതിലേ' എന്ന് വിരല്‍ചൂണ്ടുന്ന ഒരു ഭദ്രദീപമാണെ"ന്നാണ് തായാട്ട് ശങ്കരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  ലഘു നിരൂപണങ്ങള്‍ എന്ന വിശേഷണം കേള്‍ക്കുമ്പോള്‍ വിഷയവും അതുപോലെതന്നെ ലഘുവായിരിക്കും എന്നു നാം ചിന്തിച്ചു പോകരുത്. മറ്റൊരാളായിരുന്നുവെങ്കില്‍ ദീര്‍ഘദീര്‍ഘങ്ങളായ പ്രബന്ധങ്ങളില്‍ അവതരിപ്പിച്ചെടുക്കേണ്ടി വരുമായിരുന്ന ചിന്തകളെയാണ് ചില പുസ്തകങ്ങളെ മുന്‍നിറുത്തി മാരാര്‍ സംക്ഷേപിച്ചെടുത്തിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ രൂപംകൊണ്ട് ലേഖനങ്ങള്‍ ലഘുവായിരിക്കുന്നുവെങ്കിലും അടിമുടി കാതല്‍ മാത്രമാണെന്ന് പറയാതെ വയ്യ.

            ഈ പുസ്തകം , ഒന്ന് നിരൂപണ പ്രപഞ്ചം : സങ്കേതങ്ങള്‍ , രണ്ട് രസനിഷ്പത്തി : ഭാവശില്പം , മൂന്ന് പ്രതിപാദ്യം : ഇല്ലായ്മയും വല്ലായ്മയും, നാല് അര്‍ത്ഥ സംവിധാനം രൂപശില്പം , അഞ്ച് പ്രതിപാദനം : അലങ്കാരം എന്നിങ്ങനെ  അഞ്ചു ഭാഗങ്ങളിലായിട്ടാണ് വിന്യസിച്ചിരിക്കുന്നത്.

            മുണ്ടശേരിയുടെ വിഖ്യാതമായ കാവ്യപീഠികയെക്കുറിച്ചുള്ള ഒരു പഠനമാണ് ഒന്നാം ഭാഗത്തില്‍ നാം വായിക്കുക.പാശ്ചാത്യവും പൌരസ്ത്യവുമായ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന സാഹിത്യ ചര്‍ച്ചകളൊക്കെ പരസ്പരം ഇകഴ്ത്താനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നതെന്ന് ഖേദിക്കുന്ന മാരാര്‍ , എന്നാല്‍ മുണ്ടശേരിയുടെ പ്രസ്തുത കൃതി അതില്‍ നിന്നൊരു മാറ്റത്തെയാണ് നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നതെന്ന പക്ഷക്കാരനാണ്. "പരസ്പരം മത്സരിച്ച് തഴച്ചിഴകുന്ന സാഹിത്യാന്തരീക്ഷത്തിലേക്ക് ശക്തമത്തായ ഒരു വെയില്‍ നാളത്തിന്റെ പ്രവേശത്തെയാണ് ഞാന്‍ ഈ കാവ്യപീഠികയില്‍ കാണുന്നത്.കവികളും സഹൃദയന്മാരും -നിര്‍മ്മാതാക്കളും ആസ്വദകന്മാരും - സാഹിത്യത്തെ ഏതു നിലയില്‍ സമീപിക്കണമെന്ന് വേണ്ട വിധത്തില്‍ വിശദീകരിക്കുന്ന ഒരു പുസ്തകമാണിത്. സാഹിത്യ കല , പ്രതിഭ, സൌന്ദര്യം , രസം , കരുണം, പാത്രം , ധ്വനി , ഔചിത്യം , രീതി , അലങ്കാരം, വൃത്തം , ഭാഷ - എന്നിങ്ങനെ പന്ത്രണ്ടു വിഭാഗങ്ങളാണ് ഇതിലുള്ളത്. സാഹിത്യകലയുടെ അങ്ങേത്തല മുതല്‍ ഇങ്ങേത്തലവരെയുള്ള ഓരോ ഉപാധിയേയും സ്പര്‍ശിക്കുന്ന ഈ ഓരോ അധ്യായത്തിലും ഗ്രന്ഥകര്‍ത്താവ് പാശ്ചാത്യ പൌരസ്ത്യ സാഹിത്യനിരൂപകരുടെ അഭിപ്രായങ്ങള്‍ തമ്മിലുള്ള രഞ്ജിപ്പിനെ ഉദ്ധാരണ വിവരണങ്ങളെക്കൊണ്ട് സംശയത്തിന് പഴുതില്ലാതെ തെളിയിച്ചു കാണിച്ചിട്ടുണ്ട്. "  കാവ്യപീഠിക ഒരു വട്ടമെങ്കിലും വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം , കുട്ടികൃഷ്ണമാരാര്‍ ഇത് വെറുതെ പറഞ്ഞതല്ലെന്ന്, കാവ്യപീഠിക വായിച്ചിട്ടില്ലാത്തവരാകട്ടെ കുട്ടികൃഷ്ണമാരാര്‍ വെറുതെ പറയുന്ന ഒരാളല്ലെന്നും മനസ്സിലാക്കുക. പലപ്പോഴും വിരുദ്ധ ധ്രുവങ്ങളിലായിരുന്നുവെങ്കിലും തന്റെ സമകാലികനായ മുണ്ടശേരിക്കുവേണ്ടി വാളെടുത്തിരിക്കുന്ന മാരാരെ കാണണമെങ്കില്‍ ഈ ലേഖനം വായിക്കുക.

            വിവേകപൂര്‍വ്വം കലാപഠനം നടത്തുന്ന ഒരാള്‍ എന്നാണ് എം പി പോളിനെക്കുറിച്ച് മാരാര്‍ പരിചയപ്പെടുത്തുക.ആ വിശേഷണത്തെ എന്തുകൊണ്ടും പിന്തുണയ്ക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ സൌന്ദര്യനിരീക്ഷണം എന്ന ഗ്രന്ഥമെന്നും ആ പുസ്തകം വായിച്ചപ്പോള്‍ ഒരു പുസ്തകം വായിച്ചതായി തോന്നിയെന്നും അത് വല്ലേടത്തും വലിച്ചിടേണ്ട ഒന്നല്ലയെന്നും  മാരാര്‍ രേഖപ്പെടുത്തുന്നു. അദ്ദേഹത്തെ രണ്ടുതവണ വായിക്കാന്‍ പ്രേരിപ്പിച്ച പ്രസ്തുത ഗ്രന്ഥത്തെപ്പറ്റിയാണ്  ഈ പുസ്തകത്തിലെ രണ്ടാമത്തെ കുറിപ്പ്. "കലാസൌന്ദര്യമെന്നാല്‍ എന്ത് ? അതെവിടെയാണ് കുടികൊള്ളുന്നത് ? എന്നീ ചോദ്യങ്ങളുടെ നാനാമുഖങ്ങളെപ്പറ്റി പാശ്ചാത്യ ലോകത്ത് അഭിജ്ഞന്മാരുടെ ഇടയില്‍ നടന്ന വിവാദങ്ങളുടെ യഥാക്രമമായ ഒരു സംക്ഷേപവും അതിനെ സംബന്ധിച്ച് ഗ്രന്ഥകാരന്റെ നിഗമനവുമാണ് ഇതിലെ ഉള്ളടക്കം. വിദഗ്ദനായ ഒരധ്യാപകന്‍ പറഞ്ഞു കൊടുത്ത ക്ലാസുനോട്ടു പോലെ അത് സുവിശദവും സാരസംക്ഷേപവുമായിട്ടുണ്ട്. - ക്ലാസ് നോട്ടിനുള്ള ചീത്ത അര്‍ത്ഥത്തിലല്ല , നല്ല അര്‍ത്ഥത്തില്‍ " എന്നാണ് മാരാര്‍ ഈ പുസ്തകത്തെക്കുറിച്ച് എഴുതുന്നത്.

            പിന്നീട് വരുന്ന ഓരോ ഭാഗത്തും മലയാളത്തിലെ ചില കാവ്യങ്ങളേയും കഥകളേയും നാടകങ്ങളേയും കുറിച്ചാണ് മാരാര്‍ എഴുതുന്നത്. ഈ പഠനങ്ങളെല്ലാം തന്നെ എങ്ങനെയാണ് ഓരോ കൃതികളുടേയും ഉള്ളിലേക്ക് കടന്നു ചെല്ലേണ്ടത് എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരങ്ങളാണന്ന് തുറന്ന മനസ്സോടെ വായിക്കുന്ന ഒരാള്‍ക്ക് മനസ്സിലാകാതിരിക്കില്ല. പ്രത്യേകിച്ചും പുഷ്പവൃഷ്ടി എന്ന സമാഹാരത്തെക്കുറിച്ച് എഴുതിയത് നോക്കുക . എന്തിനാണ് കവിതയെന്ന പേരില്‍ , കവിത അനുഭവിപ്പിക്കാത്ത ഒരു കൂട്ടം വരികളുമായി കവി ഇറങ്ങിയത് എന്നാണ് മാരാര്‍ ഈ സമാഹാരത്തെ മുന്‍നിറുത്തി ചോദിക്കുന്നത്. എന്നുമാത്രവുമല്ല , ചെവിയില്‍ വീണ് ചെവിയില്‍ തന്നെ വറ്റിപ്പോകുന്ന , ഒരിക്കലും വീണ്ടുമൊന്ന് വായിക്കണമെന്ന് ആഗ്രഹിച്ചുപോകാത്തവയാണ് അവയിലെ പല കവിതകളുമെന്നും അദ്ദേഹം വിലയിരുത്തുന്നു.എന്നാല്‍ വെറുതെ ഒരു നിര ചീത്ത വിളിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. എന്തുകൊണ്ടാണ് ആ കവിതകളെല്ലാം തന്നെ ആത്മാവില്‍ ചെന്നു തൊടാതെ വിരസമായിരിക്കുന്നതെന്ന് ആഴത്തില്‍ ആലോചിക്കുകയും ചെയ്യുന്നു.പുസ്തകമാകെ വായിച്ചിട്ടും മൊത്തത്തില്‍ ഒരു ജീവനില്ലായ്ക തോന്നിപ്പോകുന്നു.ഓരോ കവിതയും സുഖമായി വായിച്ചു പോകാമെങ്കിലും വായിച്ചു കഴിഞ്ഞാല്‍ ഒന്നുമില്ല. ഒരിക്കല്‍ വായിച്ച കവിത രണ്ടാമതൊന്ന് എടുത്തു നോക്കുമ്പോള്‍ എന്താണതില്‍ പറഞ്ഞതെന്നുപോലും ഓര്‍ക്കാന്‍ സാധിക്കുന്നില്ലഎന്നാണ് അദ്ദേഹം ഖേദിക്കുന്നത്.

            എന്നാല്‍ മാരാരിലെ വിമര്‍ശകന്‍ അവിടംകൊണ്ട് അവസാനിപ്പിക്കുന്നില്ല. അദ്ദേഹം തുടര്‍ന്നു ചോദിക്കുന്നു. എന്തുകൊണ്ടാണ് ആ കവിതകള്‍ അത്രമാത്രം വിരസമായിരിക്കുന്നത് ? “രസഭാവധ്വനികളില്ലായ്മയാണോ കാരണം? ആണെന്നു പറയാന്‍ വിഷമമുണ്ട്.ജീവിതം പ്രതിബിംബിക്കായ്കയാണോ? അല്ല , സാമാന്യ ജീവിതത്തിലെ ചില വശങ്ങളെക്കൊണ്ടുതന്നെയാണ് ഇദ്ദേഹവും കൈകാര്യം ചെയ്യുന്നത്.ദാരുണങ്ങളും ദയനീയങ്ങളുമല്ല , പ്രായേണ സുന്ദരങ്ങളും സുകുമാരങ്ങളുമാണെന്ന് മാത്രം. ആദര്‍ശങ്ങള്‍ക്ക് വല്ല ക്ഷതിയും പറ്റിപ്പോയിട്ടുണ്ടോ ? ഒന്നുമില്ല, എല്ലാം ഭദ്രം.എന്നിട്ടും അവയില്‍ ഒന്നും ഉള്ളില്‍ തങ്ങാത്തതെന്തേ ?” എന്ന അന്വേഷണം കാവ്യരചനയുടെ മര്‍മ്മങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

            എഴുത്തിന്റെ ലോകത്തിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ മാരാരുടെ ഈ കൈവിളിക്കിനെ കൈയ്യിലെടുത്താല്‍ ഏതു കൂരിരുട്ടിലും അണഞ്ഞുപോകാതെ വഴികാട്ടിക്കൊണ്ടേയിരിക്കും എന്നുമാത്രമാണ് എനിക്കു പറയാനുള്ളത്.

 

 

                                                                                                        

(ചിത്രത്തിന് കടപ്പാട്)


മനോജ് പട്ടേട്ട് || 2020 സെപ്തംബര് 02 , 08.15 AM ||

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1