#ദിനസരികള്‍ 1260 മരണവ്യാപാരികളുടെ പിന്‍വാങ്ങല്‍
മരണവ്യാപാരികളെന്ന പ്രയോഗമാണ് കേരളത്തിലെ പ്രതിപക്ഷത്തിനെതിരെ അടുത്ത കാലത്തുണ്ടായ ഏറ്റവും രൂക്ഷമായ വിമര്‍ശനമെന്ന് പറയാം. സംസ്ഥാന സര്‍ക്കാറിന്റെ നിയന്ത്രണങ്ങളേയും നിര്‍ദ്ദേശങ്ങളേയും തെല്ലും മാനിക്കാതെ തെരുവിലിറങ്ങി സമരം നടത്തി കൊവിഡ് വ്യാപിക്കാന്‍ ഇടയാക്കിയതിന്റെ പേരിലാണ് പ്രതിപക്ഷത്തിനെതിരെ ഇത്രയും കടുത്ത ഒരാരോപണമുണ്ടായത്. സമ്മതിക്കുയാണ് പ്രത്യക്ഷ സമരത്തില്‍ നിന്നും യു ഡി എഫ് പിന്‍വാങ്ങുകയാണ് എന്ന പ്രഖ്യാപനത്തിലൂടെ ആ ആരോപണം ശരിയാണെന്ന് സമ്മതിക്കുകയാണ്.
കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തില്‍ ജനങ്ങളുടെയിടയില്‍ ഇത്രയും
വിശ്വാസ്യതയില്ലാത്ത ഒരു പ്രതിപക്ഷമുണ്ടായിട്ടില്ല. ഒരു പക്ഷേ ഇക്കൂട്ടരെ
താരതമ്യപ്പെടുത്താവുന്നത് വിമോചനസമരകാലത്തിലെ പ്രതിപക്ഷ കൂട്ടായ്മയോട് മാത്രമാണ്.
വസ്തുതകളുമായി പുലബന്ധമില്ലാത്തെ ആരോപണങ്ങളുമായ രംഗത്തു വന്ന്, ജാതി മത
സംഘടനകളെയെല്ലാം കൂട്ടുപിടിച്ച് അഴിഞ്ഞാടിയ വിമോചന സമരക്കാരെപ്പോലെ ഇന്നത്തെ
പ്രതിപക്ഷവും അസത്യങ്ങള്‍ കൊണ്ടാണ് അമ്മാനമാടുവാന്‍ ശ്രമിക്കുന്നത്. സര്‍ക്കാറിനെതിരെ
ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാപരമാണെന്ന് ജനങ്ങളെയെങ്കിലും ബോധ്യപ്പെടുത്താന്‍ കഴിയേണ്ടതല്ലേ ? മറിച്ച് തങ്ങളെ പന്‍പറ്റുന്നവരെപ്പോലും നിരാശപ്പെടുത്തുന്ന
നിലപാടാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
തികച്ചും
അനാവശ്യമായുണ്ടാക്കിയ ഡാറ്റാ വിവാദം മുതല്‍ ഒരടിസ്ഥാനവുമില്ലാതെ മന്ത്രി കെ ടി ജലീലിനെ
പ്രതിസ്ഥാനത്തു നിറുത്തുവാനുള്ള ശ്രമം വരെ പ്രതിപക്ഷം കൊടിപിടിച്ച ഏതൊരു
സമരത്തേയുമെടുത്തു നോക്കിയാല്‍ ഞാന്‍ മേല്‍ സൂചിപ്പിച്ച അവസ്ഥ കാണാം. കിട്ടുന്ന എന്തിനേയും
സര്‍ക്കാറിനെതിരെ തിരിച്ചു വിട്ടുകൊണ്ട് കാണിച്ചൂകൂട്ടുന്ന ഈ വെപ്രാളങ്ങള്‍ക്ക്
പിണറായി വിജയന്‍ നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാറിന് തുടര്‍ഭരണം കിട്ടുമോയെന്നെ
ചിന്ത മാത്രമാണ് കാരണം.
ഒരു പക്ഷേ കുറച്ചു കൂടി നിര്‍മാണാത്മകമായ
, ക്രിയാത്മകമായ ഒരു പ്രതിപക്ഷമാണ് കേരളത്തിലുണ്ടായിരുന്നതെങ്കില്‍ എന്നൊന്ന്
ആലോചിച്ചു നോക്കുക. സര്‍ക്കാറിന് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ വസ്തുതകളുടെ
അടിസ്ഥാനത്തില്‍ ചൂണ്ടിക്കാണിക്കുവാനും തിരുത്തുവാന്‍ തയ്യാറായില്ലെ ങ്കില്‍ ജനങ്ങളെ അണി
നിരത്തി പ്രത്യക്ഷ സമരപരിപാടികള്‍ തന്നെ ആവിഷ്കരിക്കുവാനും ആര്‍ജ്ജവമുള്ള ഒരു
പ്രതിപക്ഷമായിരുന്നു ഇവിടെയുണ്ടായിരുന്നതെങ്കില്‍ അതിന്റെ ഗുണം
കേരളത്തിലെ സാധാരണക്കാരായ ജനതയ്ക്കാകുകമായിരുന്നു. അതിനു പകരം പാവപ്പെട്ട
ജനങ്ങളുടെ സ്വപ്നങ്ങളെപ്പോലും നിഷേധിച്ചുകൊണ്ട് സര്‍ക്കാറിന്റെ ഉപകാരപ്രദങ്ങളായ
പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന ഒരു പരിപാടിയാണ് പ്രതിപക്ഷം നടത്തുന്നത്. ലൈഫ്
മിഷന്‍ പദ്ധതിയ്ക്കെതിരെ ബി ജെ പിയുമായി ചേര്‍ന്ന് സി ബി ഐ യെ
കൊണ്ടുവന്നത് പ്രത്യക്ഷ ഉദാഹരണമാണ്.
എല്ലാ
സമരങ്ങളും മുനയൊടിഞ്ഞ് തങ്ങളിലേക്ക് തന്നെ തിരിഞ്ഞപ്പോഴാണ് നാട്ടില്‍ പരമാവധി കൊവീഡ് പരത്തുകയെന്ന
കുടിലബുദ്ധിയുമായി പ്രതിപക്ഷം സമരരംഗത്തേക്ക് പാഞ്ഞിറങ്ങിയത്. ബാക്കിയെല്ലാം
അസ്ഥാനത്തായെങ്കിലും കൊവീഡ് പരത്തുക എന്ന ലക്ഷ്യത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നുവെന്ന്
പറയാതെ വയ്യ. സമരാഭാസങ്ങളിലൂടെ കേരളത്തിലെ എല്ലാ ജില്ലയിലും കൊവീഡ് വ്യാപകമായി
പരന്നിരിക്കുന്നു. ലോകം പ്രശംസിച്ച കേരളത്തിന്റെ തനതുപ്രതിരോധമെല്ലാം
അട്ടിമറിയ്ക്കപ്പെട്ടിരിക്കുന്നു. അതോടെയാണ് ഇനി തങ്ങളൊന്നും ചെയ്തില്ലെങ്കിലും
കൊവീഡ് പരന്നോളുമെന്ന് ഉറപ്പായതോടെ യു ഡി എഫും കൂട്ടരും പ്രത്യക്ഷ സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന്
പ്രഖ്യാപിച്ചത്. പ്രതിപക്ഷം മരണമാണ് നാട്ടില്‍ വിതച്ചത്. അതിനി
എവിടെയത്തുമെന്ന് പറയുവാന്‍ ആര്‍ക്കും കഴിയില്ല. പിന്‍വാങ്ങുന്നുവെന്ന
പ്രഖ്യാപിച്ചാല്‍ ചെയ്ത തെമ്മാടിത്തരത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും
ഒഴിവാകാം എന്ന പ്രതിപക്ഷ നേതൃനിരയുടെ പ്രതീക്ഷ തീര്‍ത്തും അസ്ഥാനത്താണ്. അവര്‍ നാട്ടിലെ പട്ടിണിപ്പാവങ്ങളോട് ചെയ്ത ഈ കൊടുംക്രൂരതയ്ക്ക് മറുപടി പറഞ്ഞേ
തീരൂ.
മനോജ് പട്ടേട്ട് || 2020 സെപ്തംബര് 29 , 08.15 AM ||
Comments