#ദിനസരികള് 1264 ||മൂന്നാം ദിവസം - പൂജ്യപൂജ ||
നൂറു
ദിവസം നൂറു പുസ്തകം
||മൂന്നാം
ദിവസം -
പൂജ്യപൂജ ||
( മാരാര്‍ കൃതികളിലൂടെ
)
'നാഥുറാം
വിനായക് ഗോഡ്‌സേ ഒരുണ്ട മാത്രമാണെന്നും അതുപായിച്ച തോക്കും അതു പിടിച്ച
കയ്യുമെല്ലാം നമ്മളാ'ണെന്നും 1948 മാര്‍ച്ചില്‍ , ഗാന്ധി വധത്തിനു ശേഷം എഴുതിയ ഹരേ റാം ഹരേ
റാം എന്ന ലേഖനത്തില്‍ മാരാര്‍ രേഖപ്പെടുത്തുന്നുണ്ട്. അതായത് ഗോഡ്സേ
എന്ന മതഭ്രാന്തന്‍ കേവലം ഒരു വ്യക്തിമാത്രമല്ലെന്നും അയാളെ
സൃഷ്ടിച്ചെടുത്തതില്‍ ഓരോ ഹിന്ദുക്കള്‍ക്കും പങ്കുണ്ടെന്നുമാണ് മാരാര്‍ വിവക്ഷിക്കുന്നത്.
"ഗോഡ്സേ ഒരു ഭ്രാന്തനല്ല , ഒരു മൂഢനല്ല അവിവേകിയുമല്ല. തികച്ചും ബോധപൂര്‍വ്വം
ഉപായാപായ ചിന്ത ചെയ്ത് ഏര്‍പ്പാടു ചെയ്തതാണ് ഈ ഗാന്ധിഹത്യ.അയാളും അയാളുടെ
കൂട്ടുകാരും ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമാണെന്ന് വിശ്വസിക്കുന്നു.മുസ്ലീങ്ങള്‍ വിദേശീയരും
പതിതരും ഹിന്ദുക്കളുടെ നിത്യശത്രുക്കളുമാണെന്ന് വിശ്വസിക്കുന്നു.അവരെ ഇന്ത്യയില്‍ നിന്നും
വേരറുക്കുകയാണ് തങ്ങളുടെ പരമധര്‍മ്മമെന്ന് ഉറപ്പിച്ചിരിക്കുന്നു.ഈ ധര്‍മ്മ
ചിന്തയുടെ ഏതെങ്കിലും ഒരംശത്തെ സ്വന്തം അന്തകരണത്തിന്റെ നിഗൂഢതയില്‍ വെച്ച്
ഓമനിച്ചിട്ടില്ലാത്ത എത്ര ഹിന്ദുക്കളുണ്ട്? നാം ഒരു
നിമിഷമെങ്കിലും അതിനെ മനസ്സാ ആശീര്‍വദിച്ചിട്ടുണ്ടെങ്കില്‍ ആ ഘാതക സംഘത്തിനുള്ള
നമ്മുടെ വരി കൊടുത്തു കഴിഞ്ഞിരിക്കുന്നു.അങ്ങിനെ നാമെല്ലാമുള്‍പ്പെട്ട ഹിന്ദു
ലക്ഷങ്ങളുടെ വിചാരഗതികള്‍ ഉരുക്കൂടിയതാണ് ആ നാഥുറാം വിനായക് ഗോഡ്സേ എന്ന
ആഭിചാരമൂര്‍ത്തി"
എത്ര കര്‍ശനമായിട്ടാണ് മാരാര്‍ സാഹചര്യങ്ങളെ
വിലയിരുത്തുന്നതെന്ന് നോക്കുക. മേല്‍ചൂണ്ടിക്കാണിച്ച അന്യമതദ്വേഷങ്ങള്‍ പതിയെപ്പതിയെ
ആള്‍രൂപം പൂണ്ട് ഗോഡ്സേ ആയിത്തീരാനാവശ്യമായ വെള്ളവും വളവും കൊടുത്തത് നാം
തന്നെയാണ് അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം അദ്ദേഹം 1948 ല്‍ തന്നെ പറഞ്ഞു വെച്ചു.
എന്നു മാത്രവുമല്ല , ഈ മതഭ്രാന്ത് ഗാന്ധിയുടെ ചോര കൊണ്ടുണ്ടാക്കിയെടുത്ത ഈ നാടിനെ
മുച്ചൂടും മുടിക്കുമെന്നും മാരാര്‍ അടിവരയിട്ടു. ആ ലേഖനം ഇപ്പോള്‍ വായിക്കുമ്പോള്‍ എന്തൊരു
ക്രാന്തദര്‍ശിത്വമാണ് മാരാര്‍ പ്രകടിപ്പിച്ചതെന്ന് ആരാണ്
അത്ഭുതപ്പെടാതിരിക്കുക ? "രാഷ്ട്രീയ സ്വയം സേവക സംഘത്തെ
നിരോധിച്ചാലും പിരിച്ചു വിട്ടാലും അതിന്റെ നേതാക്കളെ വധിച്ചാല്‍ തന്നെയും അതു
ലക്ഷം ലക്ഷം ഹിന്ദു ഹൃദയങ്ങളില്‍ പാകിവെച്ച വിഷബീജം കിളര്‍ന്നു പടര്‍ന്നു
വളരാന്‍ ധാരാളം ഇടയുണ്ട്. അതിന്റെ തരിമ്പുപോലും ബാക്കിവെയ്ക്കാതെ ചുട്ടുകളയുക
എന്നത് ഒരെളുപ്പപ്പണിയല്ല." അതൊരു എളുപ്പപ്പണിയല്ലെന്ന് ഇന്ന് നമുക്ക്
കൂടുതല്‍ക്കൂടുതല്‍ കൂടുതലായി ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മാരാര്‍ ചൂണ്ടിക്കാണിച്ച
രാക്ഷസീയ സംഘടന അതിന്റെ എല്ലാ മൂര്‍ച്ചകളോടും കൂടി അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്
നാം നേരിട്ടു കാണുന്നു. നമുക്ക് മുന്നേ നടന്നവര്‍ എത്രയോ കാലത്തിനു മുമ്പേ
ചൂണ്ടിക്കാണിച്ചു തന്നിട്ടും നാം ഒന്നും പഠിച്ചില്ലല്ലോ എന്ന് തലക്കടിക്കുക.
കണ്ടതൊന്നുമല്ലല്ലോ
ഈ വിദ്വാന്‍ എന്ന് നമ്മെക്കൊണ്ട് വീണ്ടും പറയിപ്പിക്കുന്ന മറ്റൊരു ലേഖനം
കൂടിയുണ്ട് ഈ പുസ്തകത്തില്‍. 1947 ആഗസ്ത് പതിനഞ്ചിന് , അതായത് ഇന്ത്യാ മഹാരാജ്യം
സ്വതന്ത്രമായ ആ സുദിനത്തില്‍ , അദ്ദേഹം എഴുതിയ "ഭാരത സ്വാതന്ത്ര്യ
കീ ജയ് " എന്ന ലേഖനം. മാരാരുമായി ബന്ധപ്പെട്ട
സാഹിത്യ സംബന്ധിയായ വിവാദങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ചു പോന്നിരുന്ന അതേ വീറും
വാശിയും തന്നെ രാഷ്ട്രസംബന്ധിയായ വിഷയങ്ങളിലും പുലര്‍ത്തിപ്പോന്നിരുന്നുവെന്ന് ഈ
ലേഖനം വ്യക്തമാക്കുന്നു. മാരാരുടെ ഭാഷയില്‍ ഇന്നത്തെ തലമുറ ഈ ലേഖനവും 'വിളക്കു വെച്ച് വായിക്കേണ്ട' തുതന്നെയാണ്.
സ്വാതന്ത്ര്യപ്രാപ്തിയില്‍ ആഹ്ലാദിക്കുന്ന
മഹാഭാരതത്തിലെ ജനതയോട് അദ്ദേഹം പറയുന്നത് കേള്‍ക്കുക :- “ ഇംഗ്ലണ്ടില്‍ നിന്നും
സ്വാതന്ത്ര്യത്തിന്റെ ഒരു ഭാണ്ഡം ബോംബെയിലോ കറാച്ചിയിലോ
കപ്പലിറക്കപ്പെട്ടിട്ടില്ല. നമ്മുടെ മേലുള്ള വിദേശക്കോയ്മ പിന്‍വലിക്കപ്പെടുകയേ
ഉണ്ടായിട്ടുള്ളു.അടിമത്തം പോയിട്ടേയുള്ളു ; സ്വാതന്ത്ര്യം വാസ്തവത്തില്‍ ഇനി നമ്മളില്‍ നിന്നും
കിളിര്‍ത്തിട്ടുവേണം.സ്വാതന്ത്ര്യം അടിമത്തത്തിന്റെ വെറും അഭാവമല്ല. അത് മഹത്തായ
ഒരു ഭാവം തന്നെയാണ്.അതു ക്ഷണത്തിലങ്ങു കിളര്‍ന്നു വരുന്ന നിസ്സാരവസ്തുവുമല്ല. ശ്രദ്ധവെച്ച് പണിപ്പെട്ട്
പതുക്കെപ്പതുക്കെ കിളര്‍ത്തിക്കൊണ്ടു വരേണ്ട ഒരു മഹിമാവണത്. “ സ്വാതന്ത്ര്യം കിട്ടിയിട്ട്
മുക്കാല്‍ നൂറ്റാണ്ടോളമെത്തുന്ന
ഇക്കാലത്തും നാം ഇനിയും മാരാര്‍ സൂചിപ്പിക്കുന്ന
വഴികളിലുടെ നടക്കാന്‍ ആലോചിച്ചിട്ടുപോലുമില്ല. പലരും പറയാറുള്ളതുപോലെ വെളുത്ത
സായിപ്പിനു പകരം കറുത്ത സായിപ്പു വന്നു എന്നൊരു മാറ്റമല്ലാതെ അടിസ്ഥാന
ജനവിഭാഗത്തിന്റെ അല്ലലുകള്‍ക്കൊപ്പം നിന്ന് അവരെക്കൂടി പങ്കാളികളാക്കിക്കൊണ്ട്
രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഒരു ശേഷിയും നാമിനിയും കൈക്കലാക്കിയിട്ടുമില്ല.
അതേ ലേഖനത്തില്‍ തന്നെ ഹിന്ദുക്കളെ അഭിവാദ്യം ചെയ്തുകൊണ്ട്
പാകിസ്താന്‍ ഉണ്ടാകുവാന്‍ ഇന്നാട്ടിലെ ഹിന്ദുക്കളുടെ വക്താക്കളെന്ന് കേള്‍വിപ്പെട്ടവര്‍ സ്വീകരിച്ച തെറ്റായ നിലപാടാണ് കാരണമെന്നും മാരാര്‍ ഊന്നിപ്പറയുന്നുണ്ട്. അതിന് കാരണമായി വര്‍ത്തിച്ചതാകട്ടെ
ഇതരമതാവജ്ഞയാണെന്നും അദ്ദേഹം അടിവരയിടുന്നു. വരാനുള്ള കാലത്തും നിങ്ങളുടെ മനസ്സില്‍ അതേ അവജ്ഞ തന്നെയാണ്
കൊടികുത്തിവാഴാന്‍ പോകുന്നതെങ്കില്‍ ഇനിയൊരിക്കലും ഈ നാട് ശാന്തിയും സമാധാനവും എന്താണെന്ന് അറിയുവാന്‍ പോകുന്നില്ലെന്നും
മാരാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ആ ദീര്‍ഘദര്‍ശിയുടെ
വാക്കുകള്‍ എത്ര സാരവത്തായിരുന്നുവെന്ന്
നാമിപ്പോള്‍ അനുഭവിച്ചറിയുന്നു.
അത്രകൊണ്ടും അദ്ദേഹം അവസാനിപ്പിക്കുന്നില്ല. അദ്ദേഹം
എഴുതുന്നു :- “ഹിന്ദുമാന്യന്മാരേ,
സ്വന്തം മതത്തില്‍ വിശ്വസിക്കുന്ന
കീഴ്ജാതിക്കാരെപ്പോലും സഹോദരന്മാരായി കരുതുവാന്‍ ഇന്നുവരെ നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല.കേരളത്തില്‍ ക്ഷേത്രപ്രവേശന നിയമം വന്നിട്ടുകൂടി പല
ആഭിജാതമാന്യന്മാരും ആ ഈശ്വരന്മാര്‍ക്ക് ഭ്രഷ്ട് പറ്റിയവരായി ഉപേക്ഷിക്കുകയല്ലാതെ
അയിത്തക്കാരെ സഹോദരന്മാരായി എടുത്തിട്ടില്ല.അങ്ങനെയുള്ള നിങ്ങളാണോ മറ്റു മതക്കാരെ
സഹോദരന്മാരേ എന്നു വിളിക്കുന്നത് ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹം
ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു :- ഇന്ത്യയുടെ പക്കല്‍ ഭൂമണ്ഡലത്തിന്
സമ്മാനിക്കത്തക്ക ഒരു സന്ദേശമിരിപ്പുണ്ടെന്ന് നിങ്ങളെപ്പോലെ ഞാനും
വിശ്വസിക്കുന്നു.പക്ഷേ ആ സന്ദേശം ആര്‍ഷ സംസ്കാരമെന്ന പേരില്‍ നിങ്ങള്‍
കെട്ടിച്ചമച്ചു വെച്ച പേക്കോലമല്ല.മനുഷ്യരുടെ ദേഹത്തിലെ നിറമെന്തായാലും ആത്മാവിലെ
വിശ്വാസമെന്തായാലും അവര്‍ക്കു മനുഷ്യരെന്ന നിലയില്‍ പരസ്പരം ഊനാതിരിക്തഭാവനാ സ്പര്‍ശമില്ലാതെ തികഞ്ഞ
സഹോദരബുദ്ധിയോടെ ജീവിക്കാമെന്ന് കാണിച്ചുകൊടുക്കുക മാത്രമാണ് ആ സന്ദേശം.” ആര്‍ഷ ഭാരത സംസ്കാരമെന്ന ലേബലില്‍ ഇന്നും വിതരണം ചെയ്യപ്പെടുന്ന വിഷത്തെ എത്രയോ കാലത്തിനു
മുന്നേ തന്നെ മാരാര്‍ കണ്ടറിയുകയും നമുക്കത്
ചൂണ്ടിക്കാണിച്ചു തരികയും ചെയ്തിരിക്കുന്നു. എങ്കിലും കണ്ണില്‍ ചതമൂടിപ്പോയ എത്രയോ തലമുറകള്‍ ആ കാഴ്ചയെ
കാണാതിരിക്കാന്‍ മുഖം വെട്ടിച്ചു കടന്നു പോയി? അത്തരം കെട്ട സമീപനങ്ങളുടെ
ആകെത്തുകയാണ് നാമിന്ന് അനുഭവിക്കുന്നതെന്നതല്ലേ വാസ്തവം ? ഏതായാലും
1947 ല്‍ എഴുതപ്പെട്ട ഈ ലേഖനം ഇന്നും ഏറെ പ്രസക്തമായിരിക്കുന്നുവെങ്കില്‍ നാം
ചരിത്രത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ലെന്നതുമാത്രമല്ല , പിന്നിലുപേക്ഷിച്ചു
പോന്ന അടിമത്തത്തിന്റെ വഴികളിലേക്ക് തിരിഞ്ഞു ചെന്നു കയറുക കൂടി ചെയ്യുന്നുവെന്നതാണ്
പേടിപ്പിക്കുന്ന വസ്തുത.
മൂന്നാശ്രമങ്ങളിലൂടെയും കടന്ന് നാലാമത്തെ ആശ്രമത്തില്‍
വെച്ച് ജീവിതം അവസാനിപ്പിച്ചയാളാണ് ശ്രീ കുട്ടികൃഷ്ണമാരാര്‍. സ്വാമി
വിവേകാനന്ദന്റെ കൃതികള്‍ ശ്രീരാമ കൃഷ്ണാശ്രമത്തിനു
വേണ്ടി മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്യാന്‍ കഴിഞ്ഞത് ജീവിതത്തിലെ
മഹാഭാഗ്യമായിട്ടാണ് അദ്ദേഹം കരുതിപ്പോന്നത്. അവസാന കാലത്ത് ഒരു സന്യാസിക്കൊത്ത
ജീവിതം നയിച്ച അദ്ദേഹത്തിന് ഭാരതീയ തത്വചിന്തയില്‍ ആഴമുള്ള
ജ്ഞാനമുണ്ടായിരുന്നുവെന്ന് ഋഷിപ്രസാദം സാഹിത്യ ശേഷം , ഗീതാപരിക്രമണം പോലെയുള്ള
കൃതികള്‍ വ്യക്തമാക്കുന്നു.അദ്ദേഹത്തിന്റെ ചിന്തകള്‍ ഹിന്ദുത്വയുടെ
വക്താക്കളെപ്പോലെ ഒരിക്കലും സങ്കുചിതമായിരുന്നില്ലെന്നു മാത്രവുമല്ല അത്രതന്നെ
വിശാലവുമായിരുന്നു.സായി ഭക്തനായി മാറുമ്പോഴും പരമതവിദ്വേഷം ഒരാശയമായി
അദ്ദേഹത്തിലുണ്ടായിരുന്നില്ല. ഭാരതീയത എന്തെന്ന് അടുത്തറിഞ്ഞ ആ മഹാമനീഷി, പക്ഷേ
ആര്‍ഷ ഭാരത സംസ്കാരമെന്ന പേരില്‍ നാട്ടിലാകെ
വിളമ്പിക്കൊടുക്കുന്ന കള്ളനാണയങ്ങള്‍ക്കെതിരെ ജാഗരൂകരാകുവാന്‍ ജനതയോട്
ആവശ്യപ്പെട്ടു. അതല്ലെങ്കില്‍ സര്‍വ്വ
നാശമായിരിക്കും ഫലമെന്ന് അദ്ദേഹം കടന്നു കണ്ടത് നാമിപ്പോള്‍ നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന് മാത്രം..
ഈ പുസ്തകത്തില്‍ തനിക്ക്
പൂജ്യരായ ചിലരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി
അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. വള്ളത്തോള്‍ ഗോപാലമേനോന്‍ , ഉള്ളൂര്‍ , കിട്ടുണ്ണിമാസ്റ്റര്‍ , ചങ്ങമ്പുഴ , സഞ്ജയന്‍ , ഇടപ്പള്ളി രാഘവന്‍ പിള്ള എന്നിങ്ങനെ അവരില്‍ പലരും മലയാളത്തിന്
ചിരപരിചിതരാണ്.അവയില്‍ മൂന്നു
ലേഖനങ്ങള്‍ - ഒന്ന് സഞ്ജയനെക്കുറിച്ച്
,മറ്റൊന്ന് ചങ്ങമ്പുഴയെക്കുറിച്ച് , മൂന്നാമത്തേത് ഇടപ്പള്ളിയെക്കുറിച്ച് – നാം തീര്‍ച്ചയായും
വായിച്ചിരിക്കേണ്ടവ തന്നെയാണ്. ആ കൂട്ടത്തില്‍ ചങ്ങമ്പുഴയോട് മാരാര്‍ക്ക് ഒരു
മമതയുമുണ്ടായിരുന്നില്ല. വൃഥാസ്ഥൂലതകൊണ്ട് ഊതിവീര്‍പ്പിച്ചതാണ് അദ്ദേഹത്തിന്റെ
കൃതികള്‍ എന്നാണ് മാരാര്‍ പറയുക.
വാഴക്കുലയില്‍ നിന്നൊക്കെ പകുതിയിലേറെ വരികള്‍ വെട്ടിക്കളഞ്ഞാളും കാവ്യശരീരത്തിന് ഒരു കോട്ടവും
സംഭവിക്കുന്നില്ലെന്ന് അദ്ദേഹം തെളിവുസഹിതം ചൂണ്ടിക്കാണിക്കുന്നു.
സഞ്ജയനെക്കുറിച്ചാകട്ടെ പ്രീതിയോടെയാണ് അദ്ദേഹം സംസാരിക്കുക.വിദൂഷക വേഷം കെട്ടിയ ആ
മഹാപണ്ഡിതന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള മധുരോദാരമായ വിലയിരുത്തലുകള്‍ നമുക്ക് വായിക്കാം. നമ്മെയാകമാനം ചിരിപ്പിച്ച ശ്രീ
സഞ്ജയന്‍ കേരളത്തെ കണ്ണീരില്‍ താഴ്ത്തിക്കൊണ്ടാണ് കടന്നുപോയതെന്ന് മാരാര്‍ രേഖപ്പെടുത്തുന്നു.
മൂന്നാമത്തേത് ഇടപ്പള്ളിയാണ്. കേരളത്തിന്റെ തെക്കും വടക്കുമുള്ള ജനതയ്ക്ക് താന്‍
മരിക്കാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് നല്കിയിട്ടും നാം വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല
എന്ന പരിഭവത്തോടെയാണ് ഇടപ്പള്ളിയെക്കുറിച്ചുള്ള അനുസ്മരണം ആരംഭിക്കുന്നത് തന്നെ.
ഇരുളിലാരുമറിയാതെയെത്രനാള്‍
കരളുനൊന്തു ഞാന്‍ കേഴുമനര്‍ഗ്ഗളം – എന്ന വിലാപത്തിലെ
ഉള്ളുകള്ളികള്‍ കേള്‍ക്കുവാനുള്ള ശേഷി സാംസ്കാരിക കേരളത്തിന്
ഇല്ലാതെയായിപ്പോയല്ലോ എന്ന് മാരാരോടൊപ്പം വായനക്കാരനും പരിതപിച്ചുപോകും.
(ചിത്രത്തിന്
കടപ്പാട്)
#ദിനസരികള് 1264
മനോജ്
പട്ടേട്ട് || 2020 സെപ്തംബര് 03 , 07.15 AM ||
Comments