#ദിനസരികള് 1265 നൂറു ദിവസം നൂറു പുസ്തകം ||നാലാം ദിവസം - ദന്തഗോപുരം ||
( മാരാര്‍ കൃതികളിലൂടെ )
മണ്ണില്‍ ചവിട്ടി നില്ക്കാത്ത
,മണ്ണിന്റെ മണമേല്ക്കാത്ത ദന്തഗോപുരവാസിയായ വിമര്‍ശകന്‍ എന്നൊരു ആക്ഷേപം മാരാര്‍ക്കെതിരെ
ഉന്നയിക്കപ്പെട്ടപ്പോള്‍ എങ്കില്‍ അങ്ങനെതന്നെയാകട്ടെ എന്നാണ് അദ്ദേഹം
ചിന്തിച്ചത്. ആ ചിന്തയുടെ ബഹിര്‍സ്ഫുരണമാണ് ദന്തഗോപുരം എന്നു തന്നെ
പേരിട്ടിരിക്കുന്ന ലേഖനസമാഹാരം. ഒരു പക്ഷേ അദ്ദേഹത്തിന്റെ പിന്നാലെ നടന്ന്
പ്രകോപനമുണ്ടാക്കാതിരുന്നെങ്കില്‍ കല
ജീവിതം തന്നെ എന്ന ചിന്തയില്‍ നിന്ന്
ജീവിതത്തിനു വേണ്ടിയാണ് കല എന്ന വസ്തുതയിലേക്ക് മാരാര്‍ എത്തുമായിരുന്നു.
അതുരണ്ടും തമ്മില്‍ വളരെ നേര്‍ത്ത ഒരതിരേ
ഉണ്ടായിരുന്നുള്ളുവെങ്കിലും മാരാരെ അപ്പുറത്ത് നിറുത്തുവാന്‍ ഉത്സാഹിച്ചവരെ
തൃപ്തിപ്പെടുത്തിക്കൊണ്ട് പ്രാകോപിതനായ മാരാര്‍ ജീവിതം കലയ്ക്കു വേണ്ടി എന്ന
തുരുത്തില്‍ നിന്നും കല ജീവിതം തന്നെ എന്ന
വഞ്ചിയെ ഏറെ ദൂരത്തിലേക്ക് തള്ളിയകറ്റുകയാണുണ്ടായത്. ഫലമോ? കല ജീവിതത്തിനു വേണ്ടി എന്ന
ചിന്തയ്ക്ക് ലഭിക്കുമായിരുന്ന ഏറ്റവും സമര്‍ത്ഥനായ ഒരു പോരാളിയെ നഷ്ടപ്പെടുകയും
അയാള്‍ തന്റേതായ ദന്തഗോപുരത്തിലേക്ക്
ചെന്നു കയറുകയും ചെയ്തു എന്നതാണ്.
എതിര്‍പ്പുകളെ മാരാര്‍ ഏറെയിഷ്ടപ്പെട്ടിരുന്നു.എതിര്‍ക്കപ്പെടണം
എന്ന ചിന്തയോടെതന്നെ അദ്ദേഹം ചില കടന്നാക്രമണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഈ
പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലേഖനമായ ‘ആശാന്റെ ലീല’ തന്നെ അത്തരമൊരു നിലപാടില്‍ നിന്നുമുണ്ടായതാണ്.
അദ്ദേഹം എഴുതുന്നു :- “കഴിഞ്ഞാണ്ടില്‍ തലശ്ശേരി
ബ്രണ്ണന്‍ കോളേജ് കലോത്സവത്തിലെ ചര്‍ച്ചാ യോഗത്തില്‍ വെച്ചാണ് ഞാന്‍ ആ അഭിപ്രായം (ലീല പതിഘാതിനിയാണ് എന്നാണ് അഭിപ്രായം )
ആവിഷ്കരിച്ചത്.അവിടെ വെച്ചു തന്നെ അതിനു ധാരാളം എതിര്‍പ്പുകളുമുണ്ടായി. പുരോഗമന
പ്രസ്ഥാനക്കാരില്‍ നിന്നുപോലും! എങ്കില്‍ എല്ലാം പുറത്തുവരട്ടെ എന്നു വെച്ച് ഞാനൊരു
പ്രസംഗസംഗ്രഹം പ്രസിദ്ധീകരിച്ചു.ഫലം പ്രതീക്ഷിച്ചതുതന്നെ. ആ എതിര്‍പ്പുകളെയെല്ലാം
വെച്ചുകൊണ്ട് പലപ്പോഴായി എഴുതിയൊരുക്കിയതാണ് ഈ നിരൂപണം.” എങ്കില്‍ എല്ലാം
പുറത്തുവരട്ടെ എന്ന പ്രയോഗം ശ്രദ്ധിക്കുക. അതിലൊരു വെല്ലുവിളിയും
നിഗ്രഹോത്സുകതയുമുണ്ട്. എതിരാളിയെ കാണുമ്പോള്‍ വന്യമൃഗങ്ങളില്‍ ചുരകുത്തിയുണരുന്ന മൃഗീയതയുണ്ട്. അവിടെ നേര്
എന്നതിനെക്കാള്‍ താന്‍ ചിന്തിക്കുന്നതാണ്
ശരി എന്ന വാശിയുണ്ട്. മാരാരിലും അത്തരമൊരു വാശി പ്രകടമാകുന്നുമുണ്ട്. ആ വാശിയാണ്
ലീല തന്നെയാണ് സ്വഭര്‍ത്താവിനെ കൊന്നത് എന്നു വാദിക്കുമ്പോഴും മാരാര്‍
പ്രകടിപ്പിക്കുന്നത്.
വള്ളത്തോള്‍ ഗ്രന്ഥവിഹാരത്തില്‍ ‘നായികയെ സ്വതന്ത്രയാക്കുവാന്‍
വേണ്ടി കവി രണ്ടു കൊലപാതകങ്ങള്‍ ചെയ്തതായാണ് തോന്നുക’ എന്നു പറഞ്ഞതിനെ മാരാര്‍ എഴുതി
വിപുലപ്പെടുത്തിയതാണ് ലീല പതിഘാതിനിയാണ് എന്ന വാദം. ഒരു പക്ഷേ ആ വാദത്തിലെ
പോരായ്മകളെക്കുറിച്ച് മറ്റാരെയുംകാള്‍ അദ്ദേഹത്തിന്
തന്നെ തീര്‍ച്ചയുണ്ടായിരിക്കണം. ജോസഫ് മുണ്ടശേരിയും സുകുമാര്‍ അഴീക്കോടുമൊക്കെ
മാരാരുടെ പ്രസ്തുത നിലപാടിനോട് വിരുദ്ധമായ ചേരിയിലായിരുന്നുവെങ്കിലും താന്‍
പിടിച്ചതാണ് ശരിയെന്ന് സ്ഥാപിക്കുവാന്‍ മാരാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്നത് ഈ
ലേഖനത്തില്‍ കാണാം.ദന്തഗോപുരത്തിന് ആമുഖമായ
സുകുമാര്‍ അഴീക്കോട് എഴുതിയ വിമര്‍ശനത്തില്‍ ഒരു ഗോപുരം എന്ന ലേഖനം , ലീല പതി
ഘാതിനിയല്ല എന്ന സ്ഥാപിക്കുന്നുണ്ട്. മാരാരുടെ ലേഖനവും അഴിക്കോടിന്റെ ലേഖനവും
മനസ്സിരുത്തി വായിച്ചാല്‍ മാരാരുടെ വാദങ്ങള്‍ എത്രമാത്രം ദുര്‍ബലമാണെന്ന്
കാണാം. സത്തര്‍ക്കഴലിലഥവാ തുണയ്ക്കുവാ -
നെത്തും
നിയതിയോരോ വടിവില്‍ എന്നു വിശ്വസിക്കുന്ന ആശാന്‍ , -
ഒരു പിഴ ചെയ്‌വതിനോർക്ക ശക്തയാകാ എന്നു തുറന്നു പറയുന്ന നായികയെക്കൊണ്ട്
ഒരു കൊലപാതകം ചെയ്യിച്ചുവെന്നു പറഞ്ഞാല്‍ അതത്ര വിശ്വസനീയമല്ല എന്ന് സുകുമാര്‍ അഴീക്കോട് പറയുന്നതിനോട് തന്നെയാണ് ഏതൊരാളും
യോജിക്കുക,മാരാരൊഴിച്ച്.
ബോധപൂര്‍വ്വം
മനസ്സിലാക്കാതിരിക്കുകയാണ് മാരാര്‍ പലപ്പോഴും ചെയ്യുന്നതെന്ന് തോന്നിപ്പോകും
അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കണ്ടാല്‍ . അതിലൊന്നാണ് ഞാന്‍ ഈ കുറിപ്പിന്റെ
ആദ്യമേ സൂചിപ്പിച്ചത്. പുരോഗമന പക്ഷക്കാര്‍ പറയുന്നതിനെ
മാരാര്‍ വ്യക്തമായി മനസ്സിലാക്കിയിരുന്നു.
എന്നാല്‍ കൂട്ടത്തില്‍ പോകുന്നതിനോട് യോജിപ്പില്ലാത്ത സ്വഭാവക്കാരനായിരുന്ന
അദ്ദേഹം വഴി പിരിഞ്ഞു. പിന്നീട് ആ വഴി പിരിയലിനെ ന്യായീകരിച്ചു കൊണ്ട് ശക്തിയുക്തം
ഇടപെടുന്ന മാരാരെയാണ് നാം കാണുന്നത്. ”വ്യക്തിയാണ് പ്രധാനം” എന്ന ലേഖനവും അത്തരമൊരു ന്യായീകരണത്തിന്റെ ഫലമാണ്.
ചരിത്രത്തില്‍ വ്യക്തികള്‍ക്കുള്ള പ്രസക്തിയെ പുരോഗമന പക്ഷം
ഒരിക്കലും കണ്ണടച്ച് എതിര്‍ത്തിട്ടില്ല. എന്നാല്‍ സാഹചര്യങ്ങളാണ് ചരിത്രത്തിലെ
വ്യക്തികളെ സൃഷ്ടിക്കുന്നതെന്ന വാദത്തില്‍ നിന്നും അവര്‍
പിന്നോട്ടു പോകാറുമില്ല.മാരാരാകട്ടെ നേരെ വിരുദ്ധമായ ധ്രുവത്തിലേക്ക് ചേര്‍ന്നു
നില്ക്കുന്നു. വ്യക്തികളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ശഠിക്കുന്നു.അതുകൊണ്ടുതന്നെ
എഴുത്തുകാരനാണ് കൂടുതല്‍ പ്രസക്തം എന്ന് അദ്ദേഹം വാദിക്കുന്നു. തൊട്ടുകൂടായ്മയെക്കുറിച്ച്
എഴുതുന്നയാളിനാണ് അങ്ങനെ എഴുതാന്‍ കാരണമായ സാമൂഹ്യവ്യവസ്ഥയെക്കാള്‍ പ്രസക്തി എന്നാണ്
അദ്ദേഹം ചിന്തിക്കുന്നത്. അതുകൊണ്ടാണ് ‘മുതലാളിയുടെ അന്നദാനമെന്ന സാമൂഹ്യപശ്ചാത്തലമല്ല , അതിന്റെ നാനാ
വശങ്ങളെ നോക്കിക്കാണുന്ന ഇടശേരിയുടേയും മുഹമ്മദിന്റേയും വ്യക്തിത്വമാണ് പ്രധാനം ‘എന്നെഴുതുന്നത്. സാഹചര്യമാണ്
അവരെക്കൊണ്ട് എഴുതിച്ചതെന്ന് മാരാര്‍ സമ്മതിച്ചു തരില്ലെന്ന് മാത്രം.
സാഹിത്യത്തിന്റെ
പുരോഗതിയെന്നുവെച്ചാല്‍ അത് സമൂഹത്തിന്റെ പുരോഗതിയെക്കൂടി അടയാളപ്പെടുത്തുന്നുവെന്ന് ചിന്തിക്കാന്‍
മാരാര്‍ ശ്രമിച്ചിരുന്നില്ലെന്ന് ‘സാഹിത്യവിചാരം’ എന്ന ലേഖനം വായിച്ചാല്‍ നമുക്കു
തോന്നിയേക്കാം. പുരോഗമന പക്ഷത്തോടുള്ള വിരോധം മാരാരിലുണ്ടാക്കിയ പക്ഷപാതമാണ് ഈ
നിലപാടിന് ആധാരമായിരിക്കുന്നതെന്ന് സുവ്യക്തമാണ്. കമ്യൂണിസ്റ്റ് കക്ഷിയുടെ
സാഹിത്യതാല്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു സംഘത്തോടും മാരാര്‍
കലഹിക്കാതിരുന്നിട്ടില്ല. എം പി പോളിലുണ്ടായ വ്യതിചലനങ്ങളേയും അതുകൊണ്ടുതന്നെ
മാരാര്‍ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. പോള്‍ എഴുതിയ “ കവിതയില്ലെങ്കിലും മനുഷ്യന് ജീവിക്കാം,
പക്ഷേ കവിതയും മാര്‍ക്സിസവും തമ്മില്‍ ഇങ്ങനെ പഞ്ചസാരയും
ഉപ്പുംപോലെ കൂട്ടിക്കുഴയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനമാണ് മനസ്സിലാക്കുവാന്‍ പണി “ എന്ന പ്രസ്താവനയെ അമിതാഹ്ലാദത്തോടെയാണ് മാരാര്‍ ഉദ്ധരിക്കുന്നത്.
പുരോഗമന
സംഘടനകളോട് മാരാര്‍ക്കുണ്ടായിരുന്ന സമീപനം ഇതായിരുന്നുവെങ്കിലും പുരോഗമനമെന്ന
ആശയത്തോടും അതു വഴി സമൂഹത്തിലുണ്ടാകേണ്ടിയിരിക്കുന്ന മുന്നേറ്റങ്ങളോടും മാരാര്‍ക്ക്
വിപ്രതിപത്തിയുണ്ടായിരുന്നില്ലെന്ന് നാം അടിവരയിട്ടു മനസ്സിലാക്കണം. അല്ലെങ്കില്‍ പുരോമന
സാഹിത്യ പ്രസ്ഥാനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചുവെന്നതിന്റെ
പേരില്‍ അദ്ദേഹത്തെ അഗണ്യകോടിയിലേക്ക്
തള്ളിമാറ്റുന്ന നിലയുണ്ടായേക്കാം. അത് മലയാളവിമര്‍ശന സാഹിത്യത്തോട് ചെയ്യുന്ന
പാതകമായിരിക്കും എന്നുമാത്രം.
(ചിത്രത്തിന്
കടപ്പാട്)
മനോജ്
പട്ടേട്ട് || 2020 സെപ്തംബര് 04 , 07.15 AM ||
Comments