#ദിനസരികള്‍ 283 ||നിരത്തുകളിലെ കൊലപാതകങ്ങള്‍||
ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിലെ “ വേണം, പുതിയൊരു റോഡു സംസ്കാരം ” എന്ന മുഖപ്രസംഗം, നമ്മുടെ നിരത്തുകളില്‍ നടക്കുന്ന കൊള്ളരുതായ്മകളേയും അക്രമങ്ങളേയും ചര്‍ച്ച ചെയ്യുകയും ഒരു പുതിയ ഡ്രൈവിംഗ് സംസ്കാരം നാം ശീലിച്ചെടുക്കേണ്ടത് അനുപേക്ഷണിയമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. നിരത്തിലെ അപകടങ്ങളില്‍ ഏറെയുമുണ്ടാകുന്നത് അശ്രദ്ധമായി വാഹനമോടിക്കുകയും അനാവശ്യമായ തിരക്കുകള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ്.മാതൃഭൂമി പറയുന്നതുപോലെ “ റോഡില്‍ മറ്റുള്ളവരെ മാനിക്കുന്ന ഒര ഡ്രൈവിംഗ് സംസ്കാരം ഇപ്പോഴും നമുക്കില്ല.തന്റെ വാഹനം മാത്രം തടസ്സമില്ലാതെ മുന്നോട്ടുപോയാല്‍ മതി എന്ന മനോഭാവമാണ് മലയാളി പൊതുവേ റോഡില്‍ കാണിക്കുന്നത്. വളവ് കയറ്റം ഇറക്കം ഇടുങ്ങിയ പാലം തുടങ്ങിയ അപകടമേഖലകളിലുള്ള അലക്ഷ്യമായ മറികടക്കലുകളും സിഗ്നലില്‍ കാത്തുകിടക്കാനുള്ള ക്ഷമകുറവുമാണ് നിരത്തുകളിലെ ഭൂരിഭാഗം അപകടങ്ങളുടേയും കാരണം . ” കൃത്യമായ പരിശീലനത്തിന്റെ അഭാവം എടുത്തുപറയേണ്ടതാണ്. എട്ടും എച്ചും എടുത്ത് എങ്ങനേയും വണ്ടിയോടിക്കാനുള്ള ലൈസന്‍സ് കൈക്കലാക്കുക എന്നതിനപ്പുറം പ...