#ദിനസരികള്‍ 279

||മനുഷ്യന്റെ നാനാര്‍ത്ഥങ്ങള്‍‌||

മലപ്പുറത്തെ ഒരു പൊതുയോഗത്തില്‍ ജി സുധാകരന്‍ പ്രസംഗിക്കുകയാണ്.പ്രസംഗം അവസാനഘട്ടത്തിലേക്ക് എത്തിയപ്പോള്‍ ചുവപ്പുകുപ്പായമൊക്കെയിട്ട് സുന്ദരനായി മൂന്നുവയസ്സുകാരന്‍ ഹാദി എന്ന കുഞ്ഞ് പ്രസംഗിച്ചുകൊണ്ടിരുന്ന സുധാകരന്റെ സമീപമെത്തി ഉച്ചത്തില്‍ സംസാരിക്കുവാന്‍ തുടങ്ങി.തന്റെ കൂട്ടുകാരെക്കൂടി മൈക്കിനടുത്തേക്ക് വിളിച്ചും മറ്റും ഹാദി സുധാകരന്റെ പ്രസംഗത്തില്‍ ഇടപെട്ടുതുടങ്ങി.ഹാദിയുടെ ബഹളം കാരണം പ്രസംഗം തുടരാനാകില്ലെന്ന ഘട്ടമെത്തിയപ്പോള്‍ സഖാവ് സുധാകരന്‍ പതുക്കെ അവന്റെ താടിയിലൊന്നുതൊട്ടു.താലോലിക്കാന്‍ ശ്രമിച്ചു. എന്നിട്ടും വഴങ്ങാതിരുന്ന ഹാദിയെ എടുത്തുയര്‍ത്തി മൈക്കിലൂടെ പ്രസംഗിപ്പിക്കാന്‍ ശ്രമിച്ചു.കാണികളിലാകെ ചിരി പടര്‍ത്തി ഹാദി അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും ഊര്‍ന്നിറങ്ങി ചിരിച്ചുകൊണ്ട് ഓടി മാറി.പക്ഷേ വീഡിയോക്കാരന്‍ എന്നിട്ടും ഹാദിയെ വിട്ടില്ല.അദ്ദേഹം മൈക്കുമായി പിന്തുടര്‍ന്നു പിടിച്ച് ഊര്‍ജ്ജ്വസ്വലനായി ഈന്‍ക്വിലാബ് സിന്ദാബാദ് എന്നു വിളിക്കുന്ന ഹാദിയെ നമുക്കു കാണിച്ചു തന്നിട്ടേ അടങ്ങിയിള്ളു.ഒരു കുഞ്ഞിന്റെ മനസ്സിലേക്ക് കമ്യൂണിസത്തോടുള്ള , കമ്യൂണിസ്റ്റുകാരോടുള്ള സ്നേഹം അറിയാതെ കയറിപ്പറ്റുന്ന നിമിഷങ്ങളായിരുന്നു അവ.സുധാകരന് വേണമായിരുന്നുവെങ്കില്‍ ആ കുഞ്ഞിനെ കണ്ണുരുട്ടി വിരട്ടി പേടിപ്പിച്ച്  ഓടിക്കാമായിരുന്നു. കുഞ്ഞ് ഓടുമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ അപ്പുറത്ത് മാറിനിന്ന് നിറഞ്ഞ മനസ്സോടെ ഈന്‍ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കുമായിരുന്നില്ല, അടുത്തുണ്ടായിരുന്ന അച്ഛന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങുമായിരുന്നില്ല. അതു കണ്ടുനിന്നിരുന്നവരില്‍ ചിരിയുടെ അലയൊലികള്‍ ഉയരുമായിരുന്നില്ല.

യാന്ത്രികമാകുക എന്നു പറഞ്ഞാല്‍ തെറ്റു പറ്റാതിരിക്കുക എന്നുകൂടി അര്‍ത്ഥമുണ്ടല്ലോ. ഘടിപ്പിച്ചു വെച്ചിരിക്കുന്ന രീതിവിധാനങ്ങളെപ്പോലെതന്നെ യാതൊരു കൂട്ടലും കുറക്കലും  കൂടാതെ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക എന്നതാണ് യന്ത്രത്തിന്റെ സ്വഭാവം.അവിടെ തെറ്റുപറ്റില്ല. യന്ത്രത്തപ്പോലെ തെറ്റുപറ്റാതെ മനുഷ്യന്‍ പ്രവര്‍ത്തിക്കുക എന്നത് വലിയ കാര്യമൊന്നുമല്ല.എന്നുമാത്രവുമല്ല യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‍ എന്ന പദത്തിന്റെ അന്തസ്സത്തയെ ചോര്‍ത്തിക്കളഞ്ഞുകൊണ്ട് ജൈവികമായ ഉണര്‍വ്വുകളില്‍ നിന്നും ധാരകളില്‍ നിന്നും അവനെ അകറ്റി നിറുത്തുന്നു എന്ന വലിയ അപകടം വരുത്തിവെക്കുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ പൂക്കളെക്കണ്ടാല്‍ പുഞ്ചിരിക്കൊള്ളാനും കുഞ്ഞുങ്ങളെക്കണ്ടാല്‍ ഓമനിക്കാനുമുള്ള മനസ്സ് ഇല്ലാതെയാകുന്നു.യന്ത്രസദൃശമായ ഒരു മനസ്സില്‍ മനുഷ്യന്റെ മൃദുലഭാവങ്ങള്‍ മുളക്കുന്നതെങ്ങനെ?

യന്ത്രമാകണോ മനുഷ്യനാകണോ എന്നതാണ് ചോദ്യം.യന്ത്രമാകുക എളുപ്പമാണ്.മാനുഷികമായ ലോലഭാവങ്ങളെ ചുട്ടെരിച്ചാല്‍ മാത്രം മതി. പക്ഷേ മനുഷ്യനാകാനോ? മനുഷ്യനാകാന്‍ ഈ പ്രപഞ്ചത്തിന്റെ സാരസര്‍വ്വസ്വങ്ങളെ മുഴുവന്‍ തന്നിലേക്ക് ആവാഹിക്കേണ്ടതുണ്ട്.അപരന്റെ കണ്ണുനീരു തുടക്കാന്‍ കൈലേസെടുത്തുനീട്ടിയതുകൊണ്ടായില്ല , ആ കൈലേസ് എടുക്കേണ്ടത് ആത്മാവില്‍‌ നിന്നായിരിക്കണം.അതുകൊണ്ട് തെറ്റു പറ്റുകയും തിരുത്തുകയും വീണ്ടും തെറ്റുകയും തിരുത്തുകയും ചെയ്യുന്ന പാവം മനുഷ്യനായി മാറണേ എന്നുവേണം നാമൊക്കെ ആഗ്രഹിക്കുവാന്‍. ചിരിയും കരച്ചിലും കോപവും താപവുമൊക്കെ ഇടകലര്‍ന്ന് വരുന്ന ഒരു പാവം മനുഷ്യനാകുവാന്‍.      
            യാന്ത്രികപരിഷ്കാരഹുങ്കാര
            ഭ്രാന്തിലെന്‍ സ്വരം ചേര്‍ന്നരയാതെ
            പാടലേ ദേവപാതയില്‍ പാടി

            പ്പാടിയങ്ങനെ പാറലേ കാമ്യം - എന്ന് വൈലോപ്പിള്ളി പാടുന്നത് ആ അര്‍ത്ഥത്തിലാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1