#ദിനസരികള്‍ 281 ||ഒറ്റക്കവിതാപഠനങ്ങള്‍||

||ശ്രീകുമാറിന്റെ ദുഖങ്ങള്‍ - കുരീപ്പുഴ ശ്രീകുമാര്‍||
            നാലുവരിയില്‍ തീരേണ്ടത് നാല്പതുവരിയിലേക്ക് പരത്തുന്നത് ദുശ്ശീലമാണ്, പ്രത്യേകിച്ചും കവിതയില്‍. ഭാഷയുടെ മുന കൂര്‍പ്പിച്ചെടുക്കുകയും കൊള്ളേണ്ടിടത്ത് കൃത്യമായി കൊള്ളിക്കുകയും ചെയ്യുക എന്നത് കവിതയെ സംബന്ധിച്ച വലിയ വെല്ലുവിളിയാണ്.ആ വെല്ലുവിളിയെ സ്വീകരിക്കുകയും സമര്‍ത്ഥമായി മറി കടക്കുകയും ചെയ്യുമ്പോഴാണ് കവിത കാലത്തെ അതിജീവിക്കുന്നത്. മറ്റുള്ളതെല്ലാം ചെറുകാറ്റില്‍ത്തന്നെ പാറിപ്പോകുന്ന കരിയിലകളാകും .അതുകൊണ്ട് ചുരുക്കിപ്പറയുകയും ആ പറച്ചിലില്‍ തീത്തുള്ളികളെ പേറുകയും ചെയ്യുന്ന കവിതകളെ കാലം തേടുന്നതും കാത്തുവെക്കുന്നതുമെന്ന് കാവ്യമര്‍മ്മജ്ഞന്മാര്‍ പറയുന്നു.അതുകൊണ്ടാണ് തദദോഷൌ ശബ്ദാര്‍‌ത്ഥൌ സഗുണാവനലംകൃതീ പുന: ക്വാപിയെന്നും രമണീയാര്‍ഥപ്രതിപാദക: ശബ്ദ: കാവ്യമെന്നുമൊക്കെ നാം നിരൂപിച്ചുവെച്ചിരിക്കുന്നത്.
                        അരിവെപ്പോന്റെ തീയില്‍‍‌ച്ചെ
                        ന്നീയ്യമ്പാറ്റ പതിക്കയാല്‍
                        പിറ്റേന്നിടവഴിക്കുണ്ടില്‍
                        കാണ്മൂ ശിശു ശവങ്ങളെ എന്നെഴുതുന്നത് അതാതുകാല ലോകങ്ങളുടെ ലോപങ്ങളെ എത്ര സമര്‍ത്ഥമായി ആവിഷ്കരിക്കുന്നില്ല? ചരിത്രത്തിന്റെ വര്‍ത്തമാനത്തിന്റെ ഭാവിയുടെ അസാമാന്യമായ ഒരു ചുരുക്കെഴുത്താണ് ഈ വരികള്‍. അതല്ലാതെ ഓരോന്നിനേയും പരത്തിപ്പറഞ്ഞ് അനുഭവിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഈ നാലുവരികളോളം മൂര്‍ച്ച അതിനുണ്ടാകുമോ?
            ഈയൊരു മൂര്‍ച്ചയാണ് ശ്രീകുമാറിന്റെ ദുഖങ്ങള്‍ എന്ന കവിതയില്‍ കണ്ടെടുക്കാന്‍ കഴിയാത്തത്.തന്റെ വേപഥുക്കള്‍ വിശാലമായിത്തന്നെ കവി പറയുന്നുണ്ട്.എന്നാല്‍ ഒരു വ്യഥിതന്റെ അനുതാപമര്‍ഹിക്കുന്ന  ജല്പനങ്ങള്‍ എന്നതിനപ്പുറം ഒരു കവിയുടെ എല്ലുറപ്പിനെ അവിടെ തേടുന്നത് നിരാശ ജനിപ്പിക്കും.എത്രമാത്രം വിട്ടുവീഴ്ചയില്‍ ചിന്തിച്ചാലും
                        വരുവാന്‍ നമുക്കിനി
                        വിരുന്നുകാരില്ലെന്നു
                        മറിയുക നീ പ്രിയേ
                        നിന്റെ കവിളിണ നനഞ്ഞതും
                        അതു തുടയ്ക്കാനുള്ള
                        വിരലുകള്‍ മുറിഞ്ഞതും
                        ശ്രീകുമാറിന്റെ ദുഖങ്ങള്‍ - എന്ന ആറുവരിയിലേക്ക് ഈ കവിത ചുരുക്കിയെടുക്കാന്‍ കഴിയും.ബാക്കിയെല്ലാം കണ്ണുനീരു തൊട്ടുതേച്ചു വെച്ചിരിക്കുന്നുവെങ്കിലും അതിന്റെ ഉപ്പനുഭവിപ്പിക്കാന്‍ കഴിയാത്ത തുത്തനാകം മാത്രമാണ്.വെറുതെ കരഞ്ഞുകൊണ്ടേയിരിക്കുകയെന്നതല്ല കവിതയുടെ ധര്‍മ്മം.താല്കാലികമായ ശ്രദ്ധനേടലുകള്‍ക്ക് അതുപകരിച്ചേക്കാമെങ്കിലും അതിനുമപ്പുറമുള്ള ഒരു രണ്ടാംവായനയില്‍ കരച്ചിലിന്റെ കാമ്പെന്ത് എന്ന ചോദ്യത്തിന്റെ മറുപടിയിലാണ് കാര്യമിരിക്കുന്നത്. കവിത വിതച്ചിരിക്കുന്നത് ഊഷരമായ പാറപ്പുറത്താണോ അല്ലയോയെന്ന് നിശ്ചയിക്കപ്പെടുന്നതപ്പോഴാണ്.
            ഈ വിഴുപ്പീക്കരിപ്പാത്രം , പുകയടു
            പ്പീ മെഴുക്കാര്‍ന്ന പായ് , ഈ മുലക്കുപ്പി നിന്‍
            വീതമായ് ജംഗമം, സ്ഥാവരമിയെട്ടു    
            കാലികള്‍ താരകളായോരു പിന്‍തളം
            ജാലകം താഴ്തരുതേ ! നിത്യനാദിത്യ

            നായിരം കൈയ്യാല്‍ വിളിക്കുന്നു നമ്മളെ (സച്ചിദാനന്ദന്‍ , മലകളില്‍ വീണ്ടും ) എന്നു വായിക്കുമ്പോള്‍ നമ്മെ വന്നു തൊടുന്ന മുനകളുണ്ടല്ലോ , ആ മുനകളെ അനുഭവിപ്പിക്കാന്‍ കഴിയാതെ പാറപ്പുറത്തു വിതച്ചുപോയ വിത്തായി പരിണമിക്കുന്നു , ശ്രീകുമാറിന്റെ ദുഖങ്ങള്‍ .

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1