#ദിനസരികള്‍ 429
നൂറു ദിവസം നൂറു പുസ്തകം – രണ്ടാം ദിവസം. ||മാര്‍ക്സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ - എം വി ഗോവിന്ദന്‍ മാസ്റ്റര്‍|| മാര്‍ക്സിസം സജീവമായ ഒരു പ്രയോഗശാസ്ത്രം എന്ന നിലയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതിയ പുസ്തകമാണ് ‘മാര്‍ക്സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍’. ആയിരത്താണ്ടുകള്‍ക്കപ്പുറത്തേക്ക് വേരുകള്‍ പായുന്ന ജാതീയതയും സവര്‍ണമതസങ്കല്പങ്ങളും ഇപ്പോഴും നിലനിന്നു പോരുന്ന ഒരു സമൂഹത്തില്‍ വര്‍ഗ്ഗചിന്തക്ക് പ്രാധാന്യം നല്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവത്കരണം നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കൂടി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ മതപരമായ ഇടപെടലുകള്‍ ഏറ്റവും സജീവമായി നിലനില്ക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചിന്തയ്ക്ക് പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുന്നുവെന്നതാണ് വസ്തുത. നിലനില്ക്കുന്ന സാഹചര്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് സവിശേഷമായ ഒരു പുതിയ പന്ഥാവ് പൊടുന്നനെ വെട്ടിത്തുറക്കുക എന്ന രീതിയിലല...