#ദിനസരികള്‍ 425



||മഴ കെ ജി എസ് ||

            കെ ജി ശങ്കരപ്പിള്ള മഴ എന്ന പേരില്‍ ഒരു കവിത എഴുതിയിട്ടുണ്ട്. സൂചകങ്ങളുടെ അസാമാന്യമായ വിന്യാസംകൊണ്ട് അദ്ദേഹം വരച്ചെടുക്കുന്ന മഴ , നാം നാളിതുവരെ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പോന്ന ഒന്നല്ല. മഴയുടേതായ എല്ലാവിധ ചമത്കാരങ്ങളേയും അതിലംഘിച്ചുകൊണ്ട് നമ്മുടെയൊക്കെ വര്‍ത്തമാനകാല ജീവിതത്തിനുമുകളിലേക്ക് അദ്ദേഹത്തിന്റെ മഴ ചെരിഞ്ഞു വീഴുന്നു.വീട്ടിനകത്തെ ചൂടില്‍ സുരക്ഷിതരായി കഴിയുകയാണെന്ന് അഭിമാനം കൊള്ളുന്ന നാം മുറ്റത്താണെന്നും മഴ നനഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുമ്പോള്‍ കെ ജി എസ്സിന്റെ മഴ നാളിതുവരെ നമ്മുടെ പരിഗണനക്കു വന്നിട്ടില്ലാത്ത ഏതൊക്കെയോ  ആശയപരിസരങ്ങളെ തൊട്ടുണര്‍ത്താന്‍ ശക്തമാകുന്നുവെന്ന് നാം തിരിച്ചറിയുന്നു.
മഴ പെയ്യുന്നു
മദ്ദളം കൊട്ടുന്നു
മഴ പെയ്യുന്നു
പാന്റ് മുറ്റത്ത്
സാരി മുറ്റത്ത്
ഷര്‍ട്ട് മുറ്റത്ത്
മഴ പെയ്യുന്നു
മഴ പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു

മുത്തച്ഛന്‍ മുറ്റത്ത്
കണ്ണട മുറ്റത്ത്
ഭാരതം മുറ്റത്ത്
കോണകം മുറ്റത്ത്
മഴ പെയ്യുന്നു
മഴ പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു
പെയ്യുന്നു പെയ്യുന്നു

ഞാനും മുറ്റത്ത്
വീടും മുറ്റത്ത്
നാടും മുറ്റത്ത്
മഴ പെയ്യുന്നു
മഴ മഴ മഴ മഴ മഴ
ഴ ഴ ഴ ഴ ഴ ഴ ഴ
            മഴയുടെ തുടക്കം വെറും മഴ മാത്രമായിട്ടാണ്.പാന്റിനേയും സാരിയേയും ഷര്‍ട്ടിനേയും നനയ്ക്കുന്ന വെറും മഴ.അസ്വാഭാവികതയൊന്നുമില്ലാത്ത ഈ മഴ എന്തുമഴയാണ് എന്നു വെറുതെ ആലോചിക്കുമ്പോഴേക്കും ചിന്തിക്കുമ്പോഴേക്കും നമ്മുടെ എല്ലാ വിധ ചിന്തകളേയും ഭാവസങ്കല്പങ്ങളേയും ഒറ്റയടിക്ക് അസാധുവാക്കിക്കൊണ്ട് , അതേ മഴ മുന കൂര്‍ത്ത ലോഹച്ചീളുകളായി രൂപംമാറുന്നു. മുത്തച്ഛനേയും മുത്തച്ഛന്റെ കണ്ണടയേയും എന്തിന് ഭാരതത്തെ തന്നെയും മുറ്റത്തു കിടത്തി നനച്ചുകൊണ്ട് പെയ്തിറങ്ങുന്ന മഴയുടെ വിവിധങ്ങളായ മാനങ്ങളില്‍ നാം സ്തബ്ദരാകുന്നു.എല്ലാ വിധ മൂല്യങ്ങളേയും മഴയത്തു കിടത്തുന്ന കിരാതത്വം അതിന് കൈവരുന്നു.വെറുതെ മൂല്യങ്ങളെ മുറ്റത്തിട്ടു നനക്കുക എന്നതിനപ്പുറം ഒരു മൂല്യവും കൈപ്പിടിയില്‍ അവശേഷിക്കാത്ത ഒരു ജനതകൂടിയാണ് നാം എന്ന് പ്രഖ്യാപനമാണ് ഈ കവിത നിര്‍വഹിക്കുന്നത്.അതുകൊണ്ടുതന്നെയാണ് ഞാനും എന്റെ വീടും നാടും മുറ്റത്തു കിടക്കുന്നതും നനയുന്നതും.
            മൂല്യങ്ങളില്ലാത്ത ജനത എന്ന ആരോപണത്തെ ഒന്നുകൂടി ഇഴവിടര്‍ത്തി പരിശോധിക്കേണ്ടതുണ്ടെന്നു തോന്നുന്നു.വര്‍ഗ്ഗപരമാകേണ്ടതിനു പകരം വര്‍ണപരമാകുന്ന രാഷ്ട്രീയ വ്യവഹാരങ്ങളെ സ്വാഗതം ചെയ്ത ഒരു ജനത നിലനില്ക്കന്ന രാഷ്ട്രത്തില്‍ മൂല്യരാഹിത്യം സ്വാഭാവികമാണ്. മുത്തച്ഛനും കണ്ണടയും കോണകവുമൊക്കെ രാഷ്ട്രീയമായ വായനക്ക് സാധ്യമാകുന്നതും വഴങ്ങുന്നതുമായ ബിംബാവലികളാണല്ലോ.ആ പ്രയോഗങ്ങളുടെ സാധ്യതകളെക്കുറിച്ച് പരത്തിപ്പറഞ്ഞ് മുനയൊടിക്കേണ്ടതില്ലെന്നു കരുതുന്നു.ഈ മഴനനഞ്ഞ് എത്രകാലം മുത്തച്ഛന്‍ മുറ്റത്തുകിടക്കേണ്ടിവരും എന്നതാണ് ചോദ്യം. ഉത്തരം പറയാതെ വഴുതിക്കളിക്കുവാന്‍ ഈ കവിത നമ്മെ അനുവദിക്കുന്നില്ല എന്നതാണ് കവിതയുടെ പ്രത്യേകത. 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം