#ദിനസരികള്‍ 429
നൂറു ദിവസം നൂറു പുസ്തകം – രണ്ടാം ദിവസം.
||മാര്‍ക്സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ - എം വി ഗോവിന്ദന്‍ മാസ്റ്റര്‍||
മാര്‍ക്സിസം സജീവമായ ഒരു പ്രയോഗശാസ്ത്രം എന്ന നിലയില്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്ന ഉദ്ദേശത്തോടുകൂടി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എഴുതിയ പുസ്തകമാണ് ‘മാര്‍ക്സിസ്റ്റ് ദര്‍ശനം ഇന്ത്യന്‍ പശ്ചാത്തലത്തില്‍’. ആയിരത്താണ്ടുകള്‍ക്കപ്പുറത്തേക്ക് വേരുകള്‍ പായുന്ന ജാതീയതയും സവര്‍ണമതസങ്കല്പങ്ങളും ഇപ്പോഴും നിലനിന്നു പോരുന്ന ഒരു സമൂഹത്തില്‍ വര്‍ഗ്ഗചിന്തക്ക് പ്രാധാന്യം നല്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗവത്കരണം നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കൂടി ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ മതപരമായ ഇടപെടലുകള്‍ ഏറ്റവും സജീവമായി നിലനില്ക്കുന്ന ഈ സാഹചര്യത്തില്‍ ഇത്തരമൊരു ചിന്തയ്ക്ക് പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുന്നുവെന്നതാണ് വസ്തുത.
നിലനില്ക്കുന്ന സാഹചര്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് സവിശേഷമായ ഒരു പുതിയ പന്ഥാവ് പൊടുന്നനെ വെട്ടിത്തുറക്കുക എന്ന രീതിയിലല്ല ഏതൊരു സമൂഹത്തിലും മാര്‍ക്സിസം പ്രവര്‍ത്തിക്കുന്നത്.നിലനില്ക്കുന്ന ഓരോ അവസ്ഥയേയും സമൂഹം ത്യജിച്ചുകൊണ്ടു മുന്നേറുന്നതിന് അതാതു സമൂഹത്തിന്റെ തന്നെ പരിതോവസ്ഥകളില്‍ സംജാതമായി വരുന്ന ഓരോരോ കാരണങ്ങളുണ്ട്. മനുഷ്യന്റെ മുന്നോട്ടുള്ള പ്രയാണം ഏതു കാലത്തും ഇത്തരത്തിലുള്ള കാരണങ്ങളെ പിന്‍പറ്റിക്കൊണ്ടായിരുന്നു.പ്രാകൃത കമ്യൂണിസം , അടിമത്തം , ഫ്യൂഡലിസം, മുതലാളിത്തം, സോഷ്യലിസം എന്നിങ്ങനെ വിവിധ രൂപങ്ങളിലൂടെയുള്ള പ്രയാണത്തിന്റെ ചരിത്രം മാനവസമൂഹത്തിലുണ്ട്.ഈ പിന്നിട്ടൂപോകലുകള്‍ സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന ധാരണ തെറ്റാണ്. മനുഷ്യശേഷിയുടെ ഇടപെടലുകള്‍ ഓരോ ഘട്ടത്തിലുമുണ്ടാകുന്നുണ്ട്. തൊട്ടുമുന്നിലുള്ളവരുടെ സങ്കല്പങ്ങളേയും നീതിബോധങ്ങളേയും നിഷേധിച്ചുകൊണ്ടാണ് അടുത്ത സമൂഹവും അവരുടെ ധാരണശേഷിയും കടന്നുവരുന്നത്.പഴയതും പുതിയതും എന്ന അധ്യായത്തില്‍ ഗ്രന്ഥകാരന്‍ ഇങ്ങനെ എഴുതുന്നു :- “രാമായണവും മഹാഭാരതവും അഗ്നിക്കിരയാക്കണം എന്നൊരാഹ്വാനം പി കേശവദേവിന്റെ ഭാഗത്തുനിന്നും അമ്പതുകളില്‍ കേരളത്തില്‍ ഉയര്‍ന്നുവന്നെങ്കിലും അന്നത്തെ പുരോഗമന സാഹിത്യപ്രസ്ഥാനമോ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയോ അതേറ്റുപിടിക്കാന്‍ തയ്യാറായില്ലെന്ന് നമുക്കറിയാം.പുരോഗമനപരമായ ഏതു മുന്നേറ്റത്തിലും അന്തര്‍ലീനമായിട്ടുള്ള ഒരു വിഷമപ്രശ്നമാണ് പുതിയതും പഴയതും തമ്മിലുള്ള ബന്ധം .പഴയതിനെ പൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ടല്ല പുതിയത് വളര്‍ന്നു വരുന്നത്.പുതിയതില്‍ പഴയതിന്റെ അംശങ്ങളുണ്ടാകുക എന്നത് സ്വാഭാവികമാണ്.രാമായണത്തിലേയും മഹാഭാരതത്തിലേയും നിഷേധാത്മകവശങ്ങളെ എതിര്‍ക്കുന്നതിനോടൊപ്പംതന്നെ അതിലെ ക്രിയാത്മകവശങ്ങളെ അംഗീകരിക്കുകയും വേണം എന്ന നിലപാട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി എടുക്കുന്നതിനുള്ള കാരണമിതാണ്.” നിഷേധാത്മകവശങ്ങളെ എതിര്‍ക്കുക എന്ന മര്‍മ്മപ്രധാനമായ പദത്തിനായിരിക്കണം ഊന്നല്‍ എന്നാണ് ഉദ്ധരിക്കപ്പെട്ട ഖണ്ഡിക പ്രഖ്യാപിക്കുക. അതെത്രമാത്രം ആഴത്തില്‍ ജനങ്ങളുടെ ഇടയില്‍ വേരൂന്നിയതാണെങ്കിലും ശരി, സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വിഘാതമാകുമെങ്കില്‍ എതിര്‍ക്കുക തന്നെ വേണം.എന്നാല്‍ ആ എതിര്‍പ്പ് കേവലം എതിര്‍പ്പിനുവേണ്ടി മാത്രമുള്ളതായിരിക്കുക എന്നതു മാര്‍ക്സിസ്റ്റ് രീതിയല്ല , കേവലമായ യുക്തിവാദത്തിന്റെ രീതിയാണ്.
ഈ തലത്തില്‍ നിന്നുകൊണ്ടുവേണം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്സിസത്തിന്റെ പ്രയോഗരീതികളെക്കുറിച്ച് നാം ചര്‍ച്ച നടത്തുവാന്‍. അതാതു സാഹചര്യങ്ങള്‍ക്ക് അനുരൂപമാകുന്ന ഉത്പാദനോപാധികളുടെ വിന്യാസക്രമമേത് എന്ന് നിശ്ചയിക്കേണ്ടത് അതാത് പ്രദേശത്തെ ഗുണഭോക്താക്കളായ ജനങ്ങളാണ്. അതുകൊണ്ടാണ് തങ്ങളുടെ സവിശേഷമായ സാഹചര്യങ്ങള്‍ അനുസൃതമായ രീതിയില്‍ ചൈനീസ് കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ നയിക്കാന്‍ അവിടുത്തെ ജനതയെ ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനം അനുവദിച്ചത്. ”മനുഷ്യന്‍ അവരുടെ സ്വന്തം ചരിത്രം സ്വയം നിര്‍മ്മിക്കുന്നു.പക്ഷേ ഇതവര്‍ കേവലം തങ്ങളുടെ ഇഷ്ടം പോലെയല്ല ചെയ്യുന്നത്.അവര്‍ ഇഷ്ടംപോലെ സ്വയം തിരഞ്ഞെടുക്കുന്ന സാഹചര്യങ്ങളിലുമല്ല.മറിച്ച് പ്രത്യക്ഷത്തില്‍ തങ്ങളുടെ കണ്‍മുന്നില്‍ കാണുന്നതും തങ്ങളെ അഭിമുഖീകരിക്കുന്നതും ഭൂതകാലത്തില്‍ നിന്നും പകര്‍ന്നു കിട്ടിയതുമായ സാഹചര്യങ്ങളിലാണ് തങ്ങളുടെ ചരിത്രം നിര്‍മ്മിക്കുന്നത് ” എന്ന് മാര്‍ക്സ് പറയുന്നതിന് സവിശേഷമായ അര്‍ത്ഥതലങ്ങളുണ്ട്.അതേയര്‍ത്ഥത്തില്‍ ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തിയെടുക്കേണ്ട പുരോഗമനോന്മുഖമായ ആശയങ്ങളെക്കുറിച്ച് ഇനിയും കുലങ്കഷമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അത്യധികം സങ്കീര്‍ണമായ ഇന്ത്യയുടെ സാമൂഹികാന്തരിക്ഷത്തിന്റെ ബഹുസ്വരത ഈ ചര്‍ച്ചയെ എളുപ്പം അവസാനിക്കുന്ന ഒന്നായി മാറ്റുകയില്ല എന്ന വസ്തുത നാം മറക്കരുതെന്ന് മാത്രം.
ഇന്ത്യയെ സംബന്ധിക്കുന്ന ചര്‍ച്ചകളിലൊക്കെ മുന്നിട്ടു നില്ക്കുന്നതു വേദങ്ങളും ഉപനിഷത്തുകളും പകരുന്ന വെളിച്ചത്തിന്റെ അന്തരീക്ഷത്തില്‍ അദ്വൈത ദര്‍ശനമാണ്.അഥവാ അദ്വൈതമാണ് ഇന്ത്യയുടെ ദര്‍ശനമെന്ന തലത്തിലേക്കുപോലും അതെത്തിച്ചേര്‍ന്നിരിക്കുന്നുവെന്നതാണ് വസ്തുത. ശങ്കരന്റെ വാഗ്വിലാസങ്ങള്‍ക്കു ശേഷമാണ് അദ്വൈതത്തിന്റെ ഇത്ര പ്രസക്തിയും പ്രാധാന്യവും കൈവന്നതെന്നത് നാം ബോധപൂര്‍വ്വം വിസ്മരിക്കുന്നു.അദ്വൈതത്തിന് എത്രയോ മുമ്പുതന്നെ ഇവിടെ ശക്തമായ വേരുകളുണ്ടായിരുന്ന നാസ്തികമായ ദര്‍ശനങ്ങളെ നാം അവഗണിച്ചു.അധികാരവര്‍ഗ്ഗത്തിന്റെ ആശിസുകളോടെ തഴച്ചു വളര്‍ന്ന ബ്രാഹ്മണികമായ മേല്‍ക്കോയ്മകള്‍ , വര്‍ണപരമായ ചൂഷണസാധ്യതകളെ സമൂഹത്തില്‍ നിലനിറുത്തുന്നതിന് വേണ്ടി ഔപനിഷദികമായ കാഴ്ചപ്പാടുകളേയും അദ്വൈതത്തേയും സമര്‍ത്ഥമായി വിനിയോഗിച്ചു.ലോകമാകെ ഒരാത്മാവിന്റെ വിവര്‍ത്തമാണെന്ന വാദങ്ങളെയൊക്കെ നാം അതിലെ അഭൌമികമായ മനസിലാകായ്കകള്‍ കൊണ്ട് അംഗീകരിച്ചുകൊടുത്തു. സമര്‍ത്ഥമായി വ്യാഖ്യാനിച്ചുകൊണ്ട് മധ്യവര്‍ഗ്ഗത്തെ കൂടെനിറുത്താന്‍ കഴിഞ്ഞു എന്നത് ശങ്കരന്റേയും ബ്രാഹ്മണസമൂഹത്തിന്റേയും വലിയ നേട്ടങ്ങളായി.പിന്നീടു സ്വതന്ത്രരെന്നും ഉത്പതിഷ്ണുക്കളെന്നും കരുതിപ്പോന്ന ചിന്തകന്മാര്‍കൂടി അദ്വൈതത്തിന് സാഷ്ടാംഗനമസ്കാരം പറയുന്നതും നാം കണ്ടു. ലോകത്തിലെ മഹത്തായ ദര്‍ശനമെന്ന തലത്തിലേക്ക് അദ്വൈതത്തെ വ്യാഖ്യാനിച്ചെത്തിച്ചപ്പോള്‍ ആ ദര്‍ശനത്തിന് പിന്നില്‍ തഴച്ചു നില്ക്കുന്ന ജാതീയമായ പ്രയോഗസാധ്യതകളെ കാണാന്‍ നാം തയ്യാറായില്ല.ഇന്ന് അദ്വൈതത്തിന്റ പിന്നിലെ രഹസ്യ അജണ്ടകളിലേക്ക് നാം കടന്നുചെല്ലുമ്പോള്‍ സ്വാഭാവികമായും അതിന്റെ ആനുകൂല്യമനുഭവിക്കുന്നവരില്‍ അസ്വസ്ഥതകളുണ്ടാകും.എന്നാല്‍ രാജവീഥികളില്‍ നിന്ന് ആട്ടിയകറ്റപ്പെട്ട നാസ്തികദര്‍ശനങ്ങളുടെ പുനസ്ഥാപനം ഇന്ത്യന്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായിക്കുന്ന ഭാരതീയമായ പ്രതിവിധിയാണ്. ഭാരതീയതയെത്തന്നെ മുന്‍നിറുത്തി വികലമായി വിന്യസിക്കപ്പെട്ട സമകാലിക ഭാരതീയതയെ എതിര്‍ക്കുക എന്ന വെല്ലുവിളി മാര്‍ക്സിസ്റ്റുകള്‍ ഏറ്റെടുക്കുക തന്നെ വേണം.ആ തലത്തിലേക്ക് ഗോവിന്ദന്‍ മാസ്റ്റര്‍ എത്തിച്ചേരുന്നില്ലെങ്കിലും അതിലേക്കുള്ള കൈചൂണ്ടിയായി ഈ പുസ്തകം മാറുന്നുണ്ട്.
പ്രസാധകര്‍- ചിന്ത പബ്ലിഷേഴ്സ് , വില 85 രൂപ, സെക്കന്റ് എഡിഷന്‍ ഫെബ്രുവരി 2014
Comments