#ദിനസരികള്‍ 562
സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ മതേതര മനസ്സിനെ ഭയപ്പെടുത്തിക്കൊണ്ട് നിശബ്ദമാക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ആലോചനകളൊന്നും വേണ്ട. സംഘപരിവാരത്തിന്റെ കൃത്യമായ അജണ്ട ഈ ആക്രമണത്തിനു പുറകിലുണ്ട്.ഇത്തരത്തില്‍ തങ്ങള്‍ക്കെതിരെയുയരുന്ന ഒരു ശബ്ദത്തേയും അംഗീകരിക്കില്ല എന്ന അസഹിഷ്ണുതക്ക് മറുപടി പറയേണ്ടത് സന്ദീപാനന്ദ ഗിരി എന്ന വ്യക്തിയല്ല , മറിച്ച് മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പരമപ്രാധാന്യമുണ്ടെന്ന് ഭാവിക്കുന്ന പൊതുസമൂഹമാണ്. പറയേണ്ട മറുപടി , ഹിന്ദുവെന്നാല്‍ സംഘിയല്ല, സംഘി ഹിന്ദുവുമല്ല എന്നുമാണ്. കാലം ഇരുണ്ടതാണെന്നു ഭയന്ന് മാളത്തിലൊളിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ ചേരുകയെന്നത് എളുപ്പമാണ്.മരിക്കുന്നതുവരെ ഇരുട്ടിലെ തണുപ്പില്‍ മയക്കംകൊള്ളാം. എന്നാല്‍ കടുത്ത വേനലിലും വഴിവെട്ടുന്നവന്റെ കൂടെ വിയര്‍പ്പൊഴുക്കുകയെന്നതാണ് ഇക്കാലത്തിന്റെ വെല്ലുവിളി. ജാതിമതസംഘനകളുടെ മുദ്രാവാക്യം പേറുന്ന അസുരക്കൂട്ടം , എല്ലാ വെളിച്ചങ്ങളേയും തല്ലിക്കെടുത്തിക്കൊണ്ട് വേദികളിലേക്ക് ചീറിയടുക്കുമ്പോള്‍ വേണ്ടത് ഓരോരുത്തരും പ്രകാശത്തിന്റെ ഗോപ...