#ദിനസരികള്‍ 560


            ടിപ്പുസുല്‍ത്താനെ വര്‍ഗ്ഗീയ വാദിയായും ഹിന്ദുമത ധ്വംസകനായും പ്രചരിപ്പിക്കുന്നതിനു പിന്നില്‍ രണ്ടു തരം താല്പര്യങ്ങളാണ് ഉള്ളത്. ഒന്ന്, കൊളോണിയല്‍ പക്ഷപാതിത്വം, രണ്ട് വര്‍ഗ്ഗീയ ധ്രുവീകരണം.ബ്രിട്ടീഷുകാരാണ് ഹിന്ദുക്കളെ സംരക്ഷിച്ചുപോന്നതെന്നും അതുകൊണ്ട് അവരോട് വിധേയത്വം കാണിക്കേണ്ടത് ജനതയുടെ സുരക്ഷയ്ക്കും സുഖ ജീവിതത്തിനും അനിവാര്യമാണെന്നുമായിരുന്നു കൊളോണിയല്‍ താല്പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വാദിച്ചിരുന്നത്. മാര്‍ക് വില്‍സ് , ജയിംസ് മില്‍ മുതലായ സാമ്രാജ്യത്വ പക്ഷപാതികളായ ചരിത്രകാരന്മാരെ മുന്‍നിറുത്തി ഇത്തരത്തിലുള്ള നിലപാടുകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്ന് ഡോ. കെ കെ എന്‍ കുറുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്.ടിപ്പു തങ്ങളുടെ ശത്രുവാണെന്നും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്‍ കീഴില്‍ മാത്രമേ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും സ്ഥാപിച്ചെടുക്കാന്‍ കൊളോണിയല്‍ ഭരണ നേതൃത്വത്തിന് കഴിഞ്ഞിരുന്നു.ടിപ്പുവിന്റെ ചില പരിഷ്കാരങ്ങള്‍ അദ്ദേഹത്തെ ജനങ്ങളുടെ കണ്ണില്‍ ഹിന്ദുവിരുദ്ധനായി ചിത്രീകരിക്കാന്‍ കാരണമായിട്ടുണ്ട്.1788 ല്‍ ബഹുഭര്‍തൃത്വസമ്പ്രദായമെന്ന അനാചാരത്തെ നിരോധിക്കാന്‍ ശ്രമിച്ചത് ഹിന്ദുക്കളുടെ ഇടയില്‍ വ്യാപകമായ എതിര്‍പ്പിനിടയാക്കിയെന്നത് ഒരു ഉദാഹരണമാണ്. മധ്യവര്‍ത്തികളെ ഒഴിവാക്കി നികുതിപിരിവിലും മറ്റും കൃഷിക്കാരനുമായി നേരിട്ട് ഇടപെടാന്‍ ടിപ്പു ശ്രമിച്ചതോടെ തങ്ങളുടെ വരുമാനത്തില്‍ ഗണ്യമായ ഇടവുണ്ടായ മേല്‍ജാതി സവര്‍ണര്‍ അസഹിഷ്ണുരാകുകയും അവര്‍ ടിപ്പുവിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തുവെന്ന് പി കെ ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടിപ്പുവിനെ എതിര്‍ത്തു നില്ക്കേണ്ടത് അത്യാവശ്യമാണെന്ന കൊളോണിയല്‍ വാദഗതികളോട് യോജിക്കുവാന്‍ ഇതെല്ലാം ജനങ്ങളെ പ്രേരിപ്പിച്ചു.
            ടിപ്പുവാകട്ടെ മലബാറിലെ പല ക്ഷേത്രങ്ങള്‍ക്കും നികുതിയിളവ് അനുവദിച്ചുകൊടുക്കുകയും ശൃംഗേരി മഠം പോലെയുള്ള ഹൈന്ദവസ്ഥാപനങ്ങളെ സാമ്പത്തികമായി സഹായാക്കുകയും ചെയ്തിട്ടുണ്ട്.കെ കെ എന്‍ കുറുപ്പ് പറയുന്നതുപോലെ തകര്‍ന്നു കിടക്കുന്ന ഏതൊരു ക്ഷേത്രവും ടിപ്പുവുമായി ബന്ധപ്പെടുത്തിക്കാണുന്നത് ജനങ്ങളുടെ ഒരു ശീലമായിരിക്കുന്ന ഘട്ടത്തില്‍ അദ്ദേഹം ഹിന്ദുമതത്തിന് അനുകൂലമായെടുത്ത നിലപാടുകള്‍ തമസ്കരിക്കപ്പെടേണ്ടത് സങ്കുചിതതാല്പര്യക്കാരുടെ ആവശ്യംകൂടിയാണ്. ഇക്കാലങ്ങളിലാകട്ടെ ടിപ്പുവിനെ വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ മുസ്ലിംസ്വത്വത്തെ മുന്‍നിറുത്തിയാണ്. ഹിന്ദുത്വവാദികള്‍ക്ക് ഹിന്ദുവിനെ നശിപ്പിക്കുവാന്‍ ശ്രമിച്ച മുസ്ലിംരാജാവു മാത്രമായി ടിപ്പുവിനെ ചുരുക്കിയെടുക്കേണ്ടതിന്റെ ആവശ്യകത പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ലല്ലോ.ടിപ്പുവിനെതിരെയുള്ള ആയുധപ്പുരകളാക്കി ക്ഷേത്രങ്ങളെ ഭരണാധികാരികള്‍ മാറ്റിയപ്പോള്‍ സൈനികമായ നീക്കത്തിന്റെ ഭാഗമെന്ന നിലയിലല്ലാതെ ക്ഷേത്രങ്ങളെ മതത്തിന്റെ പേരില്‍ ടിപ്പു ആക്രമിച്ചുവെന്ന വാദത്തിന് വസ്തുതകളുടെ പിന്‍ബലമില്ല.എന്നാല്‍ പടയോട്ടത്തിന്റേതായ ഒരു കാലഘട്ടത്തിലെ അരാജകത്വങ്ങളും മുതലെടുപ്പുകാരുടെ ഇടപെടലുകളുമൊക്കെ ടിപ്പുവിന്റെ പേരിലായിരുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.എന്നിരുന്നാല്‍ത്തന്നെയും ടിപ്പു ഒരു മതവാദിയായിരുന്നുവെന്നതിനും ഹിന്ദുവിരോധിയായിരുന്നുവെന്നതിനും ചരിത്രത്തില്‍ വിശ്വസനീയമായ വേരുകളില്ല.
             

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1