#ദിനസരികള്‍ 556
ബൈബിള്‍
കത്തിച്ച ചരിത്രമുണ്ട് കേരളത്തിന്. ഇന്നാണെങ്കില്‍ ആ സംഭവത്തെ
ഏതൊക്കെ കോലുകള്‍ കൊണ്ടായിരിക്കും
ആധുനികരെന്ന് വാഴ്ത്തപ്പെടുന്ന കേരള സമൂഹം അളന്നെടുക്കുക? അനുകൂലിക്കുന്നവരെക്കാള്‍ പ്രതികൂലിക്കുന്നവരാകും
കൂടുതലെന്ന് സംശയലേശമെന്യേ സമകാലിക സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തും.അവരുടെ മതത്തിന്റേയും
വിശ്വാസത്തിന്റേയും കാര്യമല്ലേ ,
നാമെന്തിനാണ് അതിലിടപെടുന്നതെന്ന സാമാന്യവത്കരണത്തിനായിക്കും കൂടുതല്‍ പ്രസക്തി.തങ്ങളുടെ
മതത്തിലും ഇത്തരം മാനവികേതരമായ ആശയങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അതിനെതിരെ എന്നെങ്കിലും
ആരോപണമുയര്‍ന്നാല്‍ മറ്റു
മതക്കാരും സഹായിച്ചുകൊള്ളുമെന്ന പ്രതീക്ഷയാണ് പരസ്പരമുള്ള ഈ സംരക്ഷണവ്യഗ്രതകളുടെ ആധാരമായിരിക്കുന്നത്. മതത്തെക്കുറിച്ച്
ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരും മതം ആക്രമിക്കപ്പെടുന്നു എന്ന ഭീതിക്കുപിന്നാലെ
അക്രമാസക്തരാകുന്നത് നാം കാണാറുണ്ട്.വിശ്വാസത്തിന്റെ പേരിലാണെങ്കില്‍ എന്തു
തെമ്മാടിത്തരവും നടത്തിയെടുക്കാം എന്ന അവസ്ഥയിലേക്ക് കേരളം വന്നെത്തിയിരിക്കുന്നു.
മതജാതി സംഘടനകളുടെ ഇടപെടലുകള്‍
ഏതു സിംഹാസനത്തേയും പിടിച്ചുകുലുക്കാന്‍ പോന്ന
വിധത്തില്‍ ശക്തമായിരിക്കുന്നു.മതപ്രീണനം
രാഷ്ട്രീയത്തിലെ മുഖ്യഅജണ്ടയായി മാറിയിരിക്കുന്നു.
ജാതിയുടെ പേക്കൂത്തുകളില്‌പ്പെട്ട് ഗതികെട്ടാണ് കേരളത്തിലെ ദളിതുവര്ഗ്ഗം ഒരു
കാലത്ത് ക്രിസ്ത്യന്‍ മതത്തിനു
പിന്നാലെ പോയത്.മതംമാറി കൃസ്ത്യാനിയായാല്‍ ജാതിയുടെ വേലിക്കട്ടില് നിന്നും
ഒരു പരിധി വരെ രക്ഷപ്പെടാമെന്ന ആശ്വാസമായിരുന്നു അയിത്തജനതയുടെ ആ നീക്കത്തിനു കാരണം.എന്നാല്‍ മതംമാറിവന്നവരെ
യാഥാസ്ഥിതികരായ കൃസ്ത്യാനികള്‍
രണ്ടാംതരം വിശ്വാസികളായാണ് പരിഗണിച്ചത്.സവര്ണ കൃസ്ത്ര്യാനികളും
ദളിതുകൃസ്ത്യാനികളും എന്ന വേര്തിരിവ്
രൂപംകൊള്ളുകയും അയിത്തജാതിക്കാര്ക്ക്
മതംമാറിയാലും അയിത്തം തന്നെ എന്ന നില വരുകയും ചെയ്തു. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകനും
വ്യാപകമായി പുലയരേയും പറയരേയും കൃസ്ത്യാന്‍ മതത്തിലേക്ക് ആകര്ഷിച്ചയാളുമായ
പൊയ്കയില്‍ കുമാരഗുരുവിനെ
ഇരുത്തിച്ചിന്തിപ്പിച്ച ഒന്നായിരുന്നു സഭക്കുള്ളില്‍ തന്നെ നിലനില്ക്കുന്ന ഈ ജാതിവ്യത്യാസം.ബൈബിള്‍ കത്തിക്കുന്ന
തരത്തിലേക്ക് ആ പ്രതിഷേധം വളര്‌ന്നെത്തിയ
സാഹചര്യമുണ്ടായത് 1899
ലാണ്.മാര്‌ത്തോമ
സഭയുടെ സെമിത്തേരിയില്‍ അടക്കിയ
ഒരു പുലയന്റെ ശവം സുറിയാനി കൃസ്ത്യാനികളെല്ലാവരും കൂടി മാന്തിയെടുത്ത് പുറമ്പോക്കില്‍ കുഴിച്ചിട്ട
സംഭവത്തോടെ കുമാരഗുരുവിന്റെ എതിര്പ്പ്
പരമകാഷ്ഠയിലേക്കെത്തി.അയിത്ത ജനതക്ക് എവിടെ ചെന്നാലും രക്ഷയില്ലെന്ന് അദ്ദേഹം പരിതപിച്ചു.എന്തൊക്കെ
മൂല്യങ്ങള്‍ പുരപ്പുറത്തുകയറി
നിന്നുകൊണ്ട് നാം പ്രസംഗിച്ചാലും ഉള്ളില്‍ കടുത്ത യാഥാസ്തികരായിരിക്കുന്നിടത്തോളം കാലം
ഒരു മാറ്റവുമുണ്ടാകാന്‍ പോകുന്നില്ലെന്നും
അതുകൊണ്ടുതന്നെ ബൈബിള്‍ രക്ഷാകവചമാകുന്നില്ലെന്നും
അദ്ദേഹം പ്രഖ്യാപിച്ചു.അങ്ങനെയാണ് മാനവികേതരമായ ജാതീയതയോടുള്ള പ്രതിഷേധമായി അദ്ദേഹത്തിന്റെ
നേതൃത്വത്തില്‍ ബൈബിള്‍ കത്തിച്ചുകൊണ്ടുള്ള
പ്രതിഷേധമുണ്ടായത്.
നമ്മുടെ ചരിത്രത്തില്‍ ഇത്തരം നിരവധി ചരിത്രപരമായ നീക്കങ്ങള്‍ നടന്നിട്ടുണ്ട്.
(മനുസ്മൃതി കത്തിച്ചതും അനുബന്ധമായി സ്മരിക്കാവുന്നതാണ് ). ഇന്നു നാം കാണുന്ന പല മാറ്റങ്ങളും
ഈ സമൂഹത്തില്‍ ഉണ്ടായിട്ടുള്ളത്
ചോര ഒഴുക്കിയും അധികാരികളുടേയും ജാതിവാദികളുടേയും ക്രൂരമായ മര്ദ്ദനങ്ങളോട്
എതിരിട്ടു നിന്നുമൊക്കെയാണ്. അതുകൊണ്ട് ചരിത്രം വെറും കഥകളുടെ ശേഖരമല്ലെന്ന് തിരിച്ചറിയേണ്ട
ഒരു ഘട്ടത്തെയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.
Comments